Followers

Sunday, February 14, 2016

ഭൂമിയുടെ പാട്ട്

[നമ്മോടൊപ്പം ഇതുവരെ ഈ മണ്ണിൽ ജീവിച്ചിരുന്ന,  മഹാകവി ഇന്നലെ നമ്മെ വിട്ടു പോയിരിക്കുന്നു. അദ്ദേഹം ഇപ്പോൾ മരിച്ചു കിടക്കുകയാണ് എന്ന ചിന്ത മനസ്സിൽ ഭാരം നിറയ്ക്കുന്നു. ഒരിക്കലെങ്കിലും എന്റെ പ്രിയ കവിയെ നേരിൽ കാണണമെന്ന് ഇതുവരെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹം ഞാൻ ഇവിടെ ഇറക്കി വയ്ക്കുന്നു.  ഇന്നാണ്  അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടക്കുക. ഇത് അദ്ദേഹത്തിനുള്ള എൻറെ എളിയ ആദരാഞ്ജലി...]




ഭൂമിയുടെ പാട്ട് 

മകനേയെനിക്കു നീ   മകനായ് പിറന്നതിൻ 
മേലെയെനിക്കു മറ്റെന്തു വേണ്ടൂ!
വിടയെന്നു ചൊല്ലുവാനാകില്ല നീയെൻറെ-
യുദരത്തിലേയ്ക്കു  മടങ്ങിടുമ്പോൾ! 

ഒരു ധന്യ ജന്മമെൻ മടിയിൽ കഴിഞ്ഞു  നീ- 
യൊരു കാവ്യ സന്ധ്യയായ് മാഞ്ഞു പോകെ 
അറിയുന്നു ഞാൻ, നിൻറെ കൂടപ്പിറപ്പുകൾ -
ക്കുള്ളിലെ നേരാർന്ന തേങ്ങലുകൾ 

അടവികൾക്കുള്ളിലെ തെളിനീരു പോലവേ -
യമൃതം തളിച്ചുവെൻ മുറിവാകവേ 
നിൻ തൂലികത്തുമ്പിൽ നിന്നൂർന്നൊരാ 
ഭൂമി ഗീതങ്ങളെൻ ജീവ സ്പന്ദനങ്ങൾ 

ഇതുപോലൊരു മകനിനിയെനിക്കുപജാത-
നാകുവാൻ ഭാഗ്യം കനിഞ്ഞിടുമോ!
ഊർദ്ധ്വശ്വാസം വലിച്ചീടുമെന്നുദകവു-
മീ മകനെന്നേ പകർന്നുവെന്നോ!

എൻ മുറിപ്പാടിൽ നീയിത്ര നാൾ പൂശിയോ-
രക്ഷര  ചന്ദന ലേപനങ്ങൾ 
തൻ കുളിരോലും മൃദുവിരലിൻ പരി-
ലാളനമിന്നു നിലച്ചു പോയോ ?

ഇനിയാരു വരുവാനിതു വഴിയിത്രമേ- 
ലിനിമയോലും കാവ്യമെഴുതി വയ്ക്കാൻ? 
കിളികൾ തൻ, പൂക്കൾ തൻ, പൂന്തേനരുവി തൻ 
ഹൃദയ താളങ്ങൾ  പകർത്തി വയ്ക്കാൻ ?

ഭൂമി തൻ പാട്ടുകാരാ, നിൻറെ വാക്കിലെൻ  
വേദന യെന്നും നിറഞ്ഞിരുന്നു 
നീതിയ്ക്ക് നേർക്കുള്ളൊരമ്പുകൾ നിൻ വാക്കിൻ 
മൂർച്ചയാൽ  മുനയറ്റു വീണിരുന്നു 

ഗുരുവെന്ന വാക്കിൻറെ തനിമായായ് ജീവിതം 
തപസ്സു പോലർപ്പിച്ച ശ്യാമസൂര്യാ! 
മറ്റൊരു സൂര്യനായുജ്ജ്വല താരമായ്  
മിന്നിടും നീ വിണ്ണിലെന്നുമെന്നും 

എൻ  മകനാകിലു മൂഴിയാമീയമ്മ
യുദകം പകർന്നിടട്ടെ നിനക്കായ്! 
എൻ കാലശേഷവുമിപ്രപഞ്ചത്തിൽ നിൻ 
പാട്ടല തല്ലുമനാദി കാലം !

എൻ കാലശേഷവുമിപ്രപഞ്ചത്തിൽ നിൻ 
പാട്ടല തല്ലുമനാദി കാലം... 

6 comments:

  1. മഹാകവിയ്ക്ക്‌ ആദരാഞ്ജലികൾ!!

    ReplyDelete
  2. മങ്ങാത്ത കാവ്യ തേജസ്സ്
    പ്രണാമം

    ReplyDelete
  3. മൊഴികളില്‍ സംഗീതവും,മിഴികളില്‍ സൌമ്യവുമായി....
    ഒളിമങ്ങാത്ത കാവ്യ തേജസ്സ്
    പ്രണാമം

    ReplyDelete
  4. അനാദികാലം നിലനിൽക്കും ആ അക്ഷരങ്ങളും വാക്കുകളും വരികളും!
    വാസ്തവം

    ReplyDelete
  5. This comment has been removed by the author.

    ReplyDelete