Followers

Friday, March 11, 2016

കുട്ടിയും കീരിയും (കുട്ടിക്കവിത)

 [ പ്രശസ്തമായ ഒരു പഞ്ചതന്ത്ര കഥയെ  അവലംബിച്ച് കുട്ടികൾക്കായി എഴുതിയത് ]


പണ്ടൊരു ദേശത്തിലുത്തമനാം 
വിപ്രൻ തൻ പത്നിയുമൊത്തു വാണു 
ഉല്ലാസചിത്തരായ് വാഴും കാലം   
പൂവുപോലുണ്ണി മകൻ പിറന്നു 

നാളുകൾ മെല്ലെക്കടന്നുപോകെ 
വിപ്രനു മോഹമുദിച്ചു നെഞ്ചിൽ 
കുഞ്ഞുമകനു കളിക്കുവാനായ് 
വേണമൊരു കളിക്കൂട്ടുകാരൻ 

ചിന്തിച്ചുനോക്കി ദ്വിജനനിശം 
മെച്ചം വളർത്തുമൃഗമതുതാൻ 
നാടുകൾ നീളെയലഞ്ഞൊരുനാൾ 
നല്ലൊരു കീരിയെക്കൊണ്ടുവന്നു 

"കുഞ്ഞിൻറെകൂടെക്കളിക്കുവാനീ 
കീരിയോ?!" പത്നി മുഖം ചുളിച്ചു  
ആപത്തു കുഞ്ഞിനു വന്നിടുമെ -
ന്നമ്മതന്നുള്ളിൽ ഭയം നിറഞ്ഞു 


കീരിയെ നോക്കി വാൽസല്യമോടെ 
വിപ്രനോയിപ്രകാരം മൊഴിഞ്ഞു,
"മർത്ത്യനേക്കാളിവനെന്തുകൊണ്ടും 
കൂറു പുലർത്തുവാനുത്തമൻതാൻ "

അമ്മയോ അർദ്ധമനസ്സിനാലെ 
സമ്മതം മൂളി, വിഷണ്ണയായി 
കീരിയും കുട്ടിയും കേളിയാടും 
നേരമെല്ലാമമ്മ കാവൽ നിന്നു 

കാലം കടന്നുപോയ് ബാലകനും 
കീരിയുമുറ്റ ചങ്ങാതിമാരായ് 
വിപ്രനും ഭാര്യയ്ക്കുമന്നൊരുനാൾ 
ദൂരെയെങ്ങോ പോകേണ്ടതായ് ഭവിച്ചു

മറ്റുപായങ്ങളും തോന്നിടാതെ
അമ്മയാ  കുഞ്ഞിനെയിണ്ടലോടെ
കീരിതൻ  ചാരത്തു വിട്ടുകൊണ്ടേ 
വിപ്രനോടൊപ്പം നടന്നകന്നു.

ഒട്ടും ഭയം തൊട്ടുതീണ്ടിടാതെ 
കീരിയോടൊപ്പമുല്ലാസമോടെ 
കെട്ടിമറിഞ്ഞു കളിച്ചു ബാലൻ 
നേരവുമൊട്ടു കടന്നുപോയി 

ബാലകൻ മെല്ലേ മയക്കമായി 
കീരിയരികിലോ കാവലായി, 
പെട്ടന്നു കേട്ടു സീൽക്കാരമെങ്ങോ, 
പാമ്പെന്നു കീരി തിരിച്ചറിഞ്ഞു!

കുട്ടിക്കരികിലേയ്ക്കൂറ്റമോടെ 
ചീറ്റിയടുക്കുമാ സർപ്പത്തിനെ 
ഒറ്റയ്ക്കുനിന്നു തടുത്തു കീരി 
മൽപ്പിടുത്തം നേരമൊട്ടു നീണ്ടു 


തമ്മിൽപ്പൊരിഞ്ഞൊരാപ്പോരു മൂക്കെ 
ദേഹം മുഴുവൻ പടർന്നു രക്തം 
യുദ്ധത്തിനന്ത്യത്തിൽ നാഗത്തിനെ 
കൊന്നിട്ടു കീരി തളർന്നിരുന്നു... 

മുറ്റത്തു കാൽപ്പെരുമാറ്റപ്പോൾ 
കേൾക്കവേ കീരിയാമോദമൊടെ 
ഉണ്ടായതൊക്കെയും ചൊല്ലുവാനായ്‌ 
വിപ്രനും പത്നിക്കും മുന്നിലെത്തി 

"അയ്യോ!", വിലപിച്ചു വിപ്രപത്നി 
കൊന്നുവോ നീയെന്‍റെ പൊൻമകനെ?
അന്നേ പറഞ്ഞതാണെൻ  പതിയോ-
ടെൻ മകനാപത്തിവനെന്നു ഞാൻ... 

തെറ്റിദ്ധരിച്ചുവാ ക്രുദ്ധയാം സ്ത്രീ 
കീരിതൻ മേലുള്ള ചോര കാൺകെ  
ക്രോധം കെടുത്തിയ ബോധത്തിനാൽ 
താഢിച്ചവനെയവശനാക്കി 

വീണ്ടുവിചാരം വെടിഞ്ഞ സ്ത്രീതൻ 
ആരോപണങ്ങളെക്കേട്ടുകൊണ്ടേ 
മറ്റൊന്നു ചൊല്ലുവാൻ പറ്റിടാതെ 
ജീവൻ വെടിഞ്ഞുവാ സാധുജീവി... 

അന്നേരമുണ്ണിക്കരച്ചിൽകേട്ടു 
പാഞ്ഞങ്ങിരുവരും ചെന്നുനോക്കേ
നിദ്രവിട്ടുണ്ണിയുണർന്നു മെല്ലേ
തൊട്ടിലിലാടുന്നു താളമോടെ! 

കീഴെക്കിടക്കുന്നു പന്നഗൻ, തൻ 
ദേഹം നിണത്തിൽ കുളിച്ചു കൊണ്ടും. 
"അയ്യോ മഹാപാപം ചെയ്തുപോയ് ഞാൻ" 
എന്നു വിലപിച്ചു വിപ്രപത്നി; 

"കോപാതിരേകത്തിലിന്‍റെ ബോധം 
പാടേ മറഞ്ഞു, ഞാനെന്തു ചെയ്‌വൂ?"
വിപ്രനപ്പോൾ പത്നിയോടു ചൊല്ലി,
"ക്രോധമാപത്തു താനെന്നുമാർക്കും. 


പെട്ടെന്നെടുത്തുചാടും കുഴിയിൽ 
നിന്നു കയറ്റം കഠിനമാകും 
അക്ഷമകൊണ്ടു നാം ജീവിതത്തിൻ 
സ്വസ്ഥതയല്ലോ കളഞ്ഞിടുന്നൂ."  

പലമാത്ര ചിന്തിച്ചു ചെയ്തിടേണം 
ലഘുവെന്നു തോന്നിടും കാര്യങ്ങളും 
കർമ്മം പിഴയ്ക്കാതിരിക്കുമെന്നാൽ 
ധർമ്മം നില നിന്നു പോകുമെന്നും. 

12 comments:

  1. റ്റീച്ചറേ!!!

    നല്ല കവിത.ഗുണപാഠവുമുണ്ട്‌.

    ReplyDelete
  2. പഞ്ചതന്ത്രകഥ വായിച്ചിട്ടുണ്ട്
    നല്ല സന്ദേശമുളള "കുട്ടിയുംകീരിയും"എന്നകഥ,കുട്ടികള്‍ക്കുവേണ്ടി ലളിതസുന്ദരമായി എഴുതിയത് നന്നായി ടീച്ചര്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇതുപോലെ ഗുണപാഠങ്ങളുടെ രത്നഖനികൾ നിറഞ്ഞ പഞ്ചതന്ത്രം കഥകൾ കുട്ടികൾ നിശ്ചയമായും വായിക്കേണ്ടത് തന്നെ.

      Delete
  3. നല്ല ഗുണപാഠ കഥ. കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റിയ കഥ.
    എടുത്തുചാട്ടം ഒന്നിനും നന്നല്ല.... പിന്നീട് ദുഖിച്ചിട്ടു ഫലമില്ല എന്ന സന്ദേശം ഉൾക്കൊള്ളുന്ന കഥ നന്നായിരുന്നു. ആശംസകൾ ടീച്ചർ.

    ReplyDelete
    Replies
    1. Thank you for your encouragement. കഥ എന്റെയല്ലാത്തതുകൊണ്ട് എനിക്കിതിൽ ക്രെഡിറ്റ് ഒന്നുമില്ല ഗീത. ഒരു കവിതാരൂപത്തിൽ അതേ കഥ എഴുതി നോക്കാമെന്ന് തോന്നി എന്ന് മാത്രം

      Delete
  4. Nannayi paadi patikkaam..
    Congrats Teacher.Vincent(Ente lokam)

    ReplyDelete
  5. ആഖ്യാനം ലളിതം
    ആശയം സുതാര്യം
    കവിത സുന്ദരം

    ReplyDelete
  6. ഇതൊക്കെയല്ലേ കുഞ്ഞുങ്ങൾ (വലിയവരും) വായിച്ചുവളരേണ്ടത്

    ReplyDelete
    Replies
    1. അതെ, ചെറുതിലേ വലുതാവുന്ന ഇന്നത്തെ കുട്ടികൾ തീർച്ചയായും വായിക്കണം പഞ്ചതന്ത്രം കഥകൾ

      Delete