Followers

Friday, October 16, 2015

ആഗോളപതനം

 

സത്യങ്ങളൊക്കെയും പേടിച്ചരണ്ടൊരു 
മൂലയ്ക്കിരുന്നു  വിറച്ചിടുന്നു 
നൂതന മാദ്ധ്യമാധർമിഷ്ഠരാം തീവ്ര -
വാദികൾ തൻ നിഴൽ തട്ടിടാതെ 

സത്യം വളച്ചൊടിച്ചേതു രൂപത്തി ലും 
തൂക്കി വിൽക്കും പുതു മാദ്ധ്യമങ്ങൾ 
സത്യമൊഴിച്ചുള്ളതൊക്കെയും മേമ്പൊടി 
ചേർക്കും കലികാല  സഞ്ജയന്മാർ*!

സത്യം വെടിയാതെ സഞ്ജയനന്നു
കുരുടൻറെ കണ്ണിൻ വെളിച്ചമായി 
ഇന്നുള്ള സഞ്ജയർ കണ്ണിൽ പൊടിയിട്ട-
ണയ്ക്കുന്നു നാടിൻ  വെളിച്ചമെല്ലാം

കാലത്തെഴുന്നേറ്റുണർന്നാൽ പൊതുജന-
മൊക്കെയും പത്രപ്രവർത്തകന്മാർ! 
തന്തയെ തല്ലാനും തള്ളയെ കൊല്ലാനു-
മാഹാ! യീ സ്വാതന്ത്ര്യ സോഷ്യലിസം!!

തെക്കോട്ട് ചാഞ്ഞവൻ തെക്കിനെ വാഴ്ത്തിടും 
ഉത്തരം ചാഞ്ഞവൻ  വാഴ്ത്തും വടക്കിനെ 
തെക്കും വടക്കും വളയാത്ത സത്യ -
മടിച്ചുമുടച്ചുമവർ ഞെളിയും 

നാട് വാഴുന്നവർ കട്ടുമുടിക്കവേ  
നാറിയ തന്ത്രങ്ങൾക്കെന്തു പാപം?
മേലാകെ മുള്ളുമുരുക്ക് വളർന്നാ-
ലതും ചൊറിയാനുള്ളൊരായുധം താൻ!

എന്തൊരു സ്വാതന്ത്ര്യമെന്തു കുതന്ത്രവും 
കാട്ടുവാൻ പറ്റിയ കാലമത്രേ!
പരദൂഷണാർത്ഥമീ നാക്കെന്നു ചിന്തിച്ച് 
നാടു നീളെ വിഷം ചീറ്റിടുന്നു  

സ്വാര്‍ഥമോഹങ്ങളെ സാക്ഷാത്ക്കരിക്കുവാൻ 
പേക്കോലമാടുന്നു  പേയ് പിടിച്ചോർ 
ഇത്രമേൽ വേണമോ സ്വാതന്ത്ര്യമാരെയും
വ്യക്തിഹത്യക്കിരയാക്കിടുവാൻ?"അന്യൻറെ നാസികത്തുമ്പിൽ നിലയ്ക്കു-
ന്നപരൻറെ സ്വാതന്ത്ര്യസീമയെല്ലാം"
ഈയുള്ളൊരാപ്തവാക്യം പഠിച്ചീടുകിൽ
തീരുന്നു മാലോക വൈരമെല്ലാം. 

ബുദ്ധിയെന്നുള്ളതലങ്കാരമാക്കിടാ -
തൊന്നുണർന്നീടാം നമുക്കിനിമേൽ 
കാകോള വാർത്തകൾ ചുട്ടെരിച്ചീടുവാൻ 
പ്രജ്ഞ തൻ ചൂട്ട് കത്തിച്ചു നിർത്താം.


(*കണ്ണുകാണാത്ത ധൃതരാഷ്ട്രർക്ക്‌ വേണ്ടി  മഹാഭാരതയുദ്ധം തത്സമയ സംപ്രേക്ഷണം നടത്തിയ വ്യക്തിയാണല്ലോ സഞ്ജയൻ!) 

3 comments:

 1. സത്യം!
  കാലികപ്രസക്തിയുള്ള വിഷയം വളരെ നന്നായി എഴുതിയിട്ടുണ്ട് ടീച്ചര്‍.
  ഏതു വിശ്വസിക്കണം,ഏതു വിശ്വാസിക്കാതിരിക്കണം എന്ന ചിന്താക്കുഴപ്പത്തിലാവുന്നു,പത്രങ്ങള്‍ വായിക്കുമ്പോഴും,ചാനല്‍വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴും.....
  ആശംസകള്‍

  ReplyDelete
  Replies
  1. പരസ്പരവിരുദ്ധവും, വിശ്വസിക്കാൻ കൊള്ളാത്തതുമായ ഇത്തരം കോടാനുകോടി രേഖകളായിരിക്കുമല്ലോ നാളത്തെ കുട്ടികൾ ചരിത്രം എന്ന പേരിൽ പഠിക്കുവാൻ പോകുന്നത്! നമ്മുടെയൊക്കെ തലമുറകൾക്ക് ലഭിച്ച അത്രയെങ്കിലും ആധികാരികമായ ചരിത്ര രേഖകൾ ഇനിയുള്ളവർക്ക് ഇന്നിനെ കുറിച്ച് ലഭിക്കുമോ? പക്ഷപാതപരവും കെട്ടിച്ചമച്ചതുമായ നുണകളും ഊഹങ്ങളും അല്ലാതെ. വളരെ അപകടകരമായ വിഷമവൃത്തത്തിലൂടെയാണ് നാളത്തെ ചരിത്രമാകേണ്ട ഇന്നത്തെ സത്യം കടന്നുപോകുന്നത്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സർ.

   Delete
 2. വാര്‍ത്താപ്രളയമാണ് ചുറ്റിലും
  പക്ഷെ എല്ലാം അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നിക്ഷിപ്തതാല്പര്യപ്രകാരം വളച്ചൊടിക്കപ്പ്പെട്ടതും.
  ഇതിനിടയില്‍ സത്യമായ വാര്‍ത്തകള്‍ വല്ലതും കണ്ടാല്‍ ഭാഗ്യം

  ReplyDelete