പട്ടിക്കും വരുമൊരു ദിനമെന്നൊരു
ചൊല്ലു ഫലിച്ചൊരു കാലത്തിങ്കൽ
ഭാരതമാകെ പെരുകും പട്ടികൾ
തെരുവുകൾ തോറും വാണരുളുന്നു
പലവഴി പോകാനുള്ളവർ, കാൽനട
യെന്നൊരു ശരണം തണലായുള്ളവർ
എതിരെ വരുന്നൊരു ശ്വാനൻ തന്നുടെ
കടി കൊണ്ടയ്യോ പല വഴിയായി
ഇന്നലെയീവഴി പോയൊരു കുഞ്ഞിൻ
ദേഹം ശ്വാനൻ പിച്ചിച്ചീന്തി
കുട്ടികൾ പേടിച്ചകമേയൊളിച്ചിനി
യെങ്ങിനെ വിദ്യാലയമെത്തീടും ?
കൊട്ടാരങ്ങൾ തന്നുടെയകമേ
വാഴും മണ്ണു തൊടാ മന്നന്മാർ
പട്ടികൾ തന്നുടെ വീര ചരിത്രം
പാടിപ്പാടിക്കരളുരുകുന്നു
നാൽച്ചക്രത്തിൻ മേലെയിരുന്നു
സവാരി നടത്തും നായ് സ്നേഹികളോ
ചൊല്ലുന്നൂവൊരു "പട്ടി കടിച്ചൊരു
കുട്ടി മരിച്ചാലെന്തിനു ബഹളം?
നാട്ടുനടപ്പതു, നായ്ക്കൾക്കിവിടെ
ചോദിക്കാനാൾക്കാരുണ്ടല്ലോ "
പൊതുജനമെന്നൊരു കഴുതയുമൊരു മൃഗ-
മെങ്കിലുമവനൊരു വിലയില്ലല്ലോ!!
കുട്ടികൾ തന്നുടെയുന്നമനത്തിനു
കെട്ടിയൊരുങ്ങിയൊരായമ്മക്കോ
ഇക്ഷിതി തന്നിലെ പട്ടികളോടാ-
ണിത്തിരിയധികം പക്ഷാഭേദം !
പട്ടി കടിക്കാനോടിക്കുമ്പോൾ
കയറേണം പോൽ വൃക്ഷത്തിൻ മേൽ!
ഒട്ടുമമാന്തിക്കരുതിനി കഴുതകൾ
ശീലിച്ചിടുക മരം കേറ്റമുടൻ!
മൃഗസംരക്ഷണമെന്നൊരു പേരിൽ
നടവഴി നായ്ക്കു പതിച്ചു കൊടുക്കും
നടപടി ശരിയോ ചൊല്ലൂ, നായ്ക്കും
ഗുണമില്ലാതെ ഭരിക്കുന്നവരേ?
ഉള്ളം കയ്യിൽ അധികാരത്തിൻ
തണ്ടു മുറുക്കിയിരിക്കുന്നവരേ
കണ്ടിട്ടിങ്ങനെ മിണ്ടാതയ്യോ
കണ്ണും മൂടിയിരിക്കുവതെങ്ങിനെ?
കണ്ടില്ലെന്നു നടിച്ചും കൊണ്ടിനി
യിങ്ങനെ ഭരണം തുടരുന്നെങ്കിൽ
ശ്വാനന്മാർക്കും വോട്ടവകാശം
നൽകുക നാളെ ജയിക്കണമെങ്കിൽ!!
കാലികപ്രസക്തിയുള്ള വിഷയം വളരെ രസകരമായി മനസ്സില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteആലോചനാമൃതമായ വരികള്‍
ആശംസകള്‍ ടീച്ചര്‍
തട്ടേണ്ടവരുടെ മനസ്സിൽ തട്ടിക്കാനെന്തൊരു പോംവഴി?!
Deleteമനുഷ്യനെക്കാള്‍ നായകള്‍ക്ക് അവകാാശം കൂടുതലുള്ള ഒരേയൊരു രാജ്യം ഇന്‍ഡ്യ ആയിരിക്കാം.
ReplyDeleteനന്നായി എഴുതി
അതെ. മറ്റുള്ള രാജ്യങ്ങൾ ഇത്തരം വിഷയങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് അറിയണമെന്നുണ്ട്. നമ്മളേക്കാൾ പകൃതിസ്നേഹികൾ ആണല്ലോ അവരിൽ പലരും. ഇവിടെ ഇത്തരമൊരു വിഷയത്തിനു പോലും നമ്മുടെ നാട്ടിൽ രണ്ടഭിപ്രായം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അത്ഭുതം തോന്നുന്നു. എല്ലാ ജീവജാലങ്ങളെയും ഭൂമിയുടെ അവകാശികൾ ആയി തന്നെയാണ് സ്രഷ്ടാവ് പറഞ്ഞുവിട്ടിരിക്കുന്നത്എന്ന് അംഗീകരിക്കുന്നു. പക്ഷെ കൂട്ടത്തിൽ അതിജീവനത്തിനുള്ള പകൃതി പാഠങ്ങൾ കൂടി പറഞ്ഞു കൊടുത്തിട്ടുണ്ട്. സ്വന്തം ജീവന് ഭീഷണിയാകുന്ന ഒന്നിനെ ചെറുത്ത് നിൽക്കാൻ ഉള്ള അവകാശം എതൊരു ജീവിക്കും തമ്പുരാൻ കൊടുത്തിട്ടുണ്ടെന്ന് കരുതുന്നു. പിഞ്ചുകുട്ടികളെ അടക്കം കടിച്ചു കീറുന്നതു കണ്ടിട്ടും നായ്ക്കളോട് മാത്രം സഹതാപം കാണിക്കുന്നവർ ഈ തെരുവുനായ്ക്കളെ സ്വന്തം ചിലവിൽ സംരക്ഷിക്കാൻ തയ്യാറാവാത്തതെന്താണ്? പേപ്പട്ടി കടിച്ച് മരിക്കാൻ വിരോധമില്ലാത്തവർ ആരെങ്കിലും ഈ പട്ടിസ്നേഹികളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ മുന്നോട്ടു വരട്ടെ. കുരക്കുന്ന പട്ടി കടിക്കില്ല എന്ന് കേട്ടിട്ടുണ്ട്. എന്നാൽ കുരക്കുന്ന പട്ടിസ്നേഹികൾ കടി കൊള്ളാൻ നിൽക്കുകയുമില്ല എന്ന് ഇപ്പോഴാണ് അറിഞ്ഞത്. അവർ മണിമാളികയിൽ ഇരുന്നു സ്നേഹം ചൊരിയുകയേ ഉള്ളൂ. കടി കൊള്ളാൻ വിധിച്ചവർ നാട്ടിൽ വേറെയുണ്ടല്ലോ.
Delete"പൊതുജനമെന്നൊരു കഴുതയുമൊരു മൃഗ-
ReplyDeleteമെങ്കിലുമവനൊരു വിലയില്ലല്ലോ"
നർമ്മഭാവനയിൽ ഒരു നല്ല കർമ്മം നടത്തി ....മനോഹരമായി കൊള്ളേണ്ടടത്തു കൊള്ളിച്ചു എഴുതി .
അഭിനന്ദനങ്ങൾ ......
കവിത എഴുതിയതു കൊണ്ടൊന്നും കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് തോന്നുന്നില്ല. എങ്കിലും അമർഷം തീർക്കാൻ എഴുതുന്നു എന്നു മാത്രം. തെരുവുനായ്ക്കളുടെ നടുക്ക് പെട്ട് കടി കൊണ്ട് തോലുരിഞ്ഞ് നെട്ടോട്ടമോടാൻ ഇട വന്നാൽ ഒരു പക്ഷേ ഇക്കൂട്ടരുടെ 'മൃഗീയ സ്നേഹ'മെന്ന രോഗത്തിന് കുറച്ച് കുറവ് വന്നേക്കും. അതല്ലാതെ മറ്റൊരു പോംവഴിയും ഇല്ല.
Deleteവായനക്കും അഭിപ്രായത്തിനും നന്ദി.
"പട്ടി കടിക്കാനോടിക്കുമ്പോൾ
ReplyDeleteകയറേണം പോൽ വൃക്ഷത്തിൻ മേൽ!"
പിന്നെയതിന്റൊരു സെല്‍ഫിയെടുത്ത്
മേനകഗാന്ധിക്കയച്ചുകൊടുത്താല്‍
മൃഗസ്നേഹിക്കുള്ളോരു സപ്രിട്ടിക്കറ്റ് ,
മുക്കാല്‍ കിലോ പട്ടി ബിസ്ക്കറ്റ്
തപാല്‍ വഴിയിനി നിങ്ങളിലെത്തും
പിന്നെ പട്ടി കടിക്കാൻ വരുമ്പോൾ ആ 'സപ്രിട്ടിക്കറ്റ്' അങ്ങോട്ട് കൊടുക്കാം. അതും കൊണ്ട് പട്ടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ ഒരു ജോലിക്കപേക്ഷിക്കട്ടെ ! പൊതുജനങ്ങൾക്കു പണി കൊടുത്തുകൊണ്ടിരിക്കുന്ന ആയമ്മ തന്ന 'സപ്രിട്ടിക്കറ്റ്' ആണെന്ന് പറഞ്ഞാൽ പെട്ടന്ന് പണി കിട്ടും. ചിലപ്പോൾ മന്ത്രിപ്പണി തന്നെ കിട്ടും!! അതാവുമ്പോൾ പിന്നെ കടിയൊക്കെ നിർത്തി കോഴ വാങ്ങി ജീവിച്ചോളും!!
Deleteസമകാലിക ഹാസ്യ കവിത.
ReplyDeleteനമുക്ക് ഹാസ്യം! അനുഭവിക്കുന്നവർക്ക് ഭയാനകം!! ഹാസ്യത്തിൽ അവതരിപ്പിച്ചെങ്കിലും ഈ പ്രശ്നം നിത്യജീവിതത്തെ ബാധിക്കുന്നവരുടെ അവസ്ഥയോർത്ത് പേടി തോന്നുന്നു.
Deleteപട്ടിയും പശുവ്മൊക്കെയാണ;ല്ലൊ ഇന്നത്തെ മുഖ്യ പ്രശ്നങ്ങൾ അല്ലേ
ReplyDelete