Followers

Wednesday, December 18, 2024

കൃഷ്ണരസം

 















ചേലതൻ ചേലിൽ കുചേലനില്ലാ പ്രിയം, 

ചേലിലാ ശ്രീകൃഷ്ണമൗലിയിൽച്ചേർന്നൊരു 

പീലിതൻ ഭാഗ്യം നിനച്ചാലഹോ പ്രിയം!


ധർമ്മദാരങ്ങൾതൻ വാക്കാലെയെങ്കിലും 

മിത്രസമാഗമന്നിച്ഛിച്ചൊരന്തണൻ

ദ്വാരകാനാഥസ്മരണാശ്രുപൂർണ്ണനായ്!  


കല്ലും പതിരും നിറഞ്ഞതാം ജീവ-

പൃഥുകോപഹാരമാ ചേലെഴാച്ചേലയിൽ 

ലജ്ജിതനെങ്കിലും  ഞാത്തിയരുമയായ്!


കൃഷ്ണരസത്തെ നുണഞ്ഞുനുണഞ്ഞുകൊ-

ണ്ടാത്മസുഖാർത്ഥം ഗമിക്കും കുചേലനെ 

ചിത്തേ സ്മരിക്കുന്നു കൃഷ്ണാ ഹരേ ജയ!


#കുചേലദിനം 

Wednesday, November 20, 2024

പ്രദോഷം

വേല കഴിഞ്ഞു മടങ്ങുന്നരുണൻ 
വിടരുന്നിരുളിൻ ലോലദലങ്ങൾ, 
ഇരുളിൻ മൗനസമാധിയിലാഴും   
ഹൃദയമവിദ്യാലോകം താണ്ടും. 
ഉലകാമുടലിൻ ക്ഷണഭംഗുരമാ-
മാശാപൂർത്തിയ്ക്കപ്പുറമുള്ളൊരു 
വെളിവായുളവായ് തെളിയുമകംപൊരു-  
ളുഷസ്സാമക്ഷരകിരണാവലിയായ്!
വിടരും വിദ്യാഭാതിയിലകലും
മായാനിർമ്മിത കാലം, ദേശം...
പൂർണ്ണം പൂർണ്ണമിതേവമൊരത്ഭുത-
ചൈത്യന്യാത്മകബോധമുദിപ്പൂ!
തത്വമസിപ്പൊരുളുള്ളിലുണർന്നാ-
ലഖിലം സുഖദം, മുദിതം ഹൃദയം!



Wednesday, January 24, 2024

ധർമ്മപാദുകം
























രാമനെക്കാണുവാൻ പോകണം വൈകാ-
തയോദ്ധ്യാപുരിയ്ക്കു പോയീടണം
സാകേതബാലനെക്കണ്ടുവണങ്ങുവാൻ
കോസലത്തിൽച്ചെന്നുചേരണം.

എണ്ണക്കറുപ്പാർന്നൊരഞ്ജനക്കല്ലിലെ-
യത്ഭുതമൂർത്തിയെക്കാണണം,
തൃക്കാൽക്കലാനന്ദബാഷ്പമുതിർത്തിടു-
മഞ്ജനാപുത്രനെക്കാണണം!

കാഞ്ചനസായകം, പൊൻധനുസ്സെന്നിവ -
യേന്തിയ ബാഹുക്കൾ കാണണം,
ശംഖുചക്രഗദപത്മങ്ങളാർന്നൊരാ
വിഷ്ണുസ്വരൂപനെക്കാണണം!

വെള്ളിപ്പളുങ്കൊത്ത കൺകൾ ചൊരിയു-
മാനന്ദതീർത്ഥത്തിലാറാടണം!
പുണ്യസരയുവിന്നോളങ്ങളോടൊത്തു
രാമനാമം ജപിക്കേണം.

മുത്തു,പവിഴ,മാണിക്യ,വജ്രങ്ങളാൽ
മിന്നും സുവർണ്ണമുകുടം,
പച്ചമരതകമുത്തുമണിക -
ളിളകിയാടും ഹേമഹാരം, 

മിന്നുമരപ്പട്ട, മഞ്ഞപ്പുടവയും 
ചാർത്തിനിൽക്കും ബാലരൂപം!
കാണുമാറാകണം, പോകണം വൈകാതെ - 
യെൻ രാമലല്ലയെക്കാണാൻ!

ത്രേതായുഗാരംഭമായ് വീണ്ടു -
മീ മണ്ണിലാനന്ദരാമനണഞ്ഞു,
സ്വാമിയെക്കണ്ടു ഭരതനും നന്നായ്
നിറഞ്ഞു മിഴിയും മനസ്സും!

നല്ല ഭരതർഷഭൻമാരിനിയുമീ
ഭാരതദേശം ഭരിക്കാൻ,
ധർമ്മം പുലർന്നിടാൻ ശ്രീരാമപാദുകം
ചിത്തത്തിൽ നിത്യം സ്മരിപ്പൂ!

ശ്രീരാമ രാമ ജയ രാമ രാമ
ഹരേ രാമ രാമ ശരണം!

പ്രാണപ്രതിഷ്ഠ














സൗരയൂഥങ്ങളും ക്ഷീരപഥങ്ങളു-
മീരേഴുലോകങ്ങളുമതിൽ വാഴുന്ന
നാനാചരാചരജീവജാലങ്ങളും
ആചന്ദ്രതാരകസൂര്യാദിദേവതാ -
മണ്ഡലമാകുമീ മായാപ്രകൃതിയും
വാഴ്ത്തുന്നു ശ്രീരാമചന്ദ്രനെ മോദേന
ഐശ്വര്യമംഗലദീപങ്ങളും പുഷ്പ-
വൃഷ്ടിയും കൊണ്ടു മഹീതലമഞ്ചിതം!
ധന്യമീ വേളയിലെന്നുടെ നാവുകൊ-
ണ്ടാനന്ദരാമൻ്റെ നാമം ജപിക്കുവാൻ
കൈവന്നു ഭാഗ്യമെനിക്കുമിന്നിങ്ങനെ,
മറ്റെന്തു വൈഭവമെന്നുടെ നാവിതിൽ !

ഭഗവാൻ ശ്രീരാമചന്ദ്രനെ വരവേൽക്കുവാൻ പ്രാർത്ഥനയോടെ...🙏






 

January 22, 2024 - 12.25pm

Sunday, January 21, 2024

അയോദ്ധ്യയിലേയ്ക്ക്...


2024 ജനുവരി ഇരുപത്തിരണ്ട്. 
അയോദ്ധ്യ ശ്രീരാമജൻമഭൂമിയിൽ രഘുകുലോത്തമൻ ശ്രീരാമചന്ദ്രനിന്നു പ്രാണപ്രതിഷ്ഠ. 
തദവസരത്തിൽ ലോകമെമ്പാടുമുള്ള ഭക്തരുടെ ശുഭസങ്കല്പത്തേടുകൂടിയ പ്രാർത്ഥനയോടൊപ്പം എൻ്റെ പ്രാർത്ഥനകൂടി ചേർത്തുവയ്ക്കുന്നു. രാഷ്ടം മേൽക്കുമേൽ ശക്തവും മൂല്യവത്തുമായിത്തീരട്ടെ! 🙏

  **********************************

അയോദ്ധ്യയിലേയ്ക്ക്
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീരാമനാമമുഖരിതമെങ്ങുമെൻ
നാടാകെ ദീപപ്രഭാപരിപൂരിതം
ആരണ്യവാസം കഴിഞ്ഞിന്നു ശ്രീരാമ -
ചന്ദ്രനയോദ്ധ്യയ്ക്കെഴുന്നള്ളിടും ദിനം!
വീരേതിഹാസപുരുഷനാം കോദണ്ഡ -
പാണിയ്ക്കിതാ പുനഃപട്ടാഭിഷേകമായ് !

പഞ്ചശതോപരി സംവത്സരങ്ങളായ്
കാനനവാസനായ് മേവിയ രാഘവൻ
വീണ്ടുമയോദ്ധ്യാപുരി പൂകിടുന്ന നാ-
ളെന്നുടെ ഗേഹവും പ്രാസാദതുല്യമായ് !
കൊട്ടും കുരവയും വാദ്യഘോഷങ്ങളും
കേൾക്കുന്നിതെന്നുടെയന്തപ്പുരത്തിലും.
നിത്യവും ശ്രീരാമനാമം ജപിച്ചിടും
വീടുകൾതോറുമിന്നുത്സവമായിതാ !

ധർമ്മമാണെന്നുമീ നാടിൻ്റെ വൈഭവം,
രാമനെന്നും ധർമ്മവിഗ്രഹം, നിശ്ചയം!
പാദുകംവച്ചു ഭരിച്ച ഭരതനും
ഭാരതധർമ്മമറിഞ്ഞ മഹാരഥൻ!
ധർമ്മം വെടിയാത്ത രാജർഷികൾ വാണ
ഭാരതനാടിതു സത്യം! സനാതനം!

നീറിപ്പുകയും കലികാലമെങ്കിലും
രാമപ്രഭാവം വിളങ്ങുന്നു ഭൂമിയിൽ !
ത്രേതായുഗം കടന്നെത്തുന്നു രാഘവൻ
ഭാരതധർമ്മം പുനരെടുത്തീടുവാൻ
രാമരാജ്യത്തിന്നു വേദികയാകുവാൻ
ഭാരതമല്ലാതെയേതുള്ളു സ്ഥാനവും!

ധർമ്മമൂർത്തിയ്ക്കിന്നു പ്രാണപ്രതിഷ്ഠയായ്,
ശ്രീരാമമന്ത്രം ജപിക്കയായേവരും
ശ്രീരാമ രാമേതി മന്ത്രാർപ്പണങ്ങളാ-
ലൂഴിയും വാനവും ഭക്തിസാന്ദ്രാത്മകം!
സത്യയുഗത്തിൻ്റെയാരംഭമോയിതെൻ
സദ്സംഗകർമ്മഫലമോ ഹരേ! ഹരേ!

സത്യപരാക്രമമുള്ള നാഥ ജയ!
നിത്യവും സത്യം ജയിക്കാൻ നമിച്ചിടാം.
എന്നുള്ളിലാനന്ദചിന്മയ! സർവ്വദാ
ആത്മാഭിരാമനായ് വാഴ്ക  ഹരേ ജയ!
ശ്രീരാമ രാമ ഹരേ ജനകാത്മജ!
സീതാപതേ! ഹരിരൂപ! മനോഹര!
ഭക്തഹനുമദ്പ്രിയ! പദ്മനാഭനാം
പട്ടാഭിരാമ! ജയ! രാവണാന്തക!


Wednesday, December 20, 2023

കുചേലഗതം









നിർമ്മലഭക്തിയാമവൽ -

പ്പൊതിയുമായ് നിൽക്കയാ -

ണയുതമയുതം കുചേലർ 

വരിയായ് ഗുരുപവനപുരിയിൽ ...


അകത്താദ്യമെത്തിയ്ക്കാ -

മയുതം പണം കൊടുത്തൊരു 

നെയ് വിളക്കാക്കുകിൽ,

വിളിയ്ക്കയാണമ്പലംവിഴുങ്ങികൾ!


പുലരുംമുമ്പിടം പിടിച്ചുവീ

വരിയിലെന്നാകിലുമാകില്ല

കണി കാണുവാനിക്കുചേലനു 

നിൻ നിർമ്മാല്യരൂപം, ഹരേ!


"പത്രം പുഷ്പം ഫലം തോയം"

ഭക്തിയുതമർച്ചനം ചെയ്തിടാം,

 കുചേലമിത്രമാം കൃഷ്ണ! നീ -

യറുതി വരുത്തുകീ ദുർഭരണം.

*******************************

#കുചേലദിനം

(ധനുമാസത്തിലെ ആദ്യബുധനാഴ്ച)

Friday, December 8, 2023

ദുഃശകടവിഡംബനം

 







നാടു ഭരിക്കും നവകൗരവസഭ 

നാടു വിറപ്പിച്ചോട്ടം തന്നെ!    

മുന്നിൽപ്പെട്ടൊരു പാവം പ്രജകൾ 

ജീവൻ പണയം വച്ചതു പോലായ്.


കൗരവമുഖ്യൻതന്നുടെ ദുർമദ-

മേറും നോട്ടം തീണ്ടീടാതെ

ഓടിയൊളിക്കാൻ  വെമ്പുന്നോരെ 

ഓടിച്ചിട്ടുപിടിക്കുന്നണികൾ. 


പോയീടരുതാരാരും മുഖ്യൻ 

ചൊല്ലും പൊളികൾ കേട്ടീടാതെ, 

കൂച്ചുവിലങ്ങിൽപ്പെട്ടൊരു പൂച്ചക-

ളെന്നതുപോലെ  നിന്നൂവണികൾ. 

 

മിണ്ടിപ്പോകരുതാരും വീടിൻ 

വെളിയിലിറങ്ങരുതുത്തരവുണ്ടേ, 

തീനും കുടിയും നിർത്തണമിനിയറി-

യിപ്പൊന്നുണ്ടാകുന്നതുവരെയും. 


തീയിൽ പാചകമരുതവനിതുവഴി 

പോകുംനേരം വേണം കരുതൽ, 

ഗ്യാസുസിലിണ്ടർ പൂട്ടണമവനുടെ 

ഗ്യാസിനു നമ്മൾ കാവലുവേണം! 


കടുകു  വറുക്കരുതാരും കറിയി-

ലിരട്ടച്ചങ്കൻ ഞെട്ടിവിറയ്ക്കും,  

പേടിത്തൊണ്ടൻ നാടു ഭരിച്ചാൽ 

നാട്ടാർക്കെന്തൊരു തൊന്തരവമ്പോ!


കൊമ്പുകുലുക്കിപ്പോകും വണ്ടി-

യ്ക്കുള്ളിലിരിയ്ക്കും രാജനു 'കീ ജയ് '

ചൊല്ലാനൊത്തിരി  കുട്ടികൾ വേണം  

കുട്ടിക,ളവരിലടക്കോം  വേണം.  


വേദിയ്ക്കരികിലിറങ്ങണമതിനായ്  

മലയും മരവും സ്‌കൂളിൻ മതിലും  

തച്ചുതകർക്കണ,മാരവിടെ!യെൻ  

ദുഃശകടത്തിനു പാതയൊരുക്കിൻ! 


ഓടണ വണ്ടിയിലേറീടാനായ് 

പൊക്കണ യന്ത്രം വച്ചിട്ടുണ്ടേ, 

മൂന്നടി കേറാൻ വേണം കോടികൾ,

പോറ്റണമിവനെ പാവം പ്രജകൾ!


തമ്പ്രാൻ പോകുന്നേഴയലത്തായ് 

കണ്ടേക്കരുതു കറുപ്പിൻ രാശി, 

അയ്യപ്പന്മാർ മെയ്യിലുടുക്കും 

വസ്ത്രത്തിൻ നിറമരചനു ദ്വേഷം.   


കലി ബാധിച്ചു മെതിച്ചുനടക്കും

കനിവില്ലാത്തൊരു തസ്ക്കരവർഗ്ഗം,

ആക്രോശിക്കും തസ്‌ക്കരരാജനു   

വിടുപണി ചെയ്തിടുമുദ്യോഗസ്ഥർ.


മെച്ചത്തിൽപ്പങ്കിത്തിരി വല്ലതു-

മരചൻ  നൽകും പ്രതിഫലമായി,

പിൻ വാതിൽ വഴി വന്നാലണികൾ-

ക്കെല്ലാം മെച്ചം നൽകും സർക്കാർ. 

  

വാല്യക്കാരാം പ്രജകൾ മിണ്ടാ- 

തോച്ചാനിച്ചു വളഞ്ഞേപറ്റൂ, 

അല്ലാത്തോരുടെ രക്ഷയ്ക്കായ് -

'പ്പൂച്ചട്ടിപ്പദ്ധതി'യുണ്ടീ നാട്ടിൽ! 


പൗരപ്രമുഖൻമാരാണെങ്കിൽ   

കൗരവസദസ്സിൽ കേറിപ്പറ്റാം, 

അല്ലാത്തവരെങ്ങാനും വന്നാൽ    

മുഖ്യനു മൂക്കത്തരിശം മൂക്കും.


കൃപയില്ലാത്തൊരു നൃപനെ  പോറ്റി-

പ്പോറ്റി ജനങ്ങൾ പെരുവഴിയായി,  

ഓസ്സിനു തിന്നുകൊഴുക്കാനരചൻ, 

മുണ്ടു മുറുക്കിയുടുക്കാൻ പ്രജകൾ. 


നെയ് സേവിച്ചൊരു ഗർഭിണിയെ-  

പ്പരിചാരകർ സേവിക്കുന്നതുപോലെ, 

തന്നെ നടക്കാൻ കെല്പില്ലാത്തോൻ 

ചുമലിൽക്കേറിത്തിന്നു ലസിപ്പൂ! 


ഭരണത്തിൻറെ സിരാകേന്ദ്രത്തി-

ലിരുന്നുതടിച്ചൊരു  ചാഴികൾ മൊത്തം  

ഇരതേടാനായ് വെളിയിലിറങ്ങിയി-

താന മദിച്ചു വരുന്നതുപോലെ! 

 

കാട്ടിലെയരചൻ കുക്ഷി നിറയ്ക്കാൻ 

മൃഗയോഗം ചേരുന്നതുപോലെ 

തള്ളും  വണ്ടിയിലേറിവരുന്നു

ക്കൊള്ളത്തലവൻ! കൊള്ളാത്തലവൻ!! 


കണ്ടാൽ മിണ്ടാൻ നിൽക്കണ്ടാരും  

നന്നാക്കാനും നോക്കണ്ടാരും 

ജീവൻ വേണേൽ മാറിപ്പോണം 

നാട്ടാരെല്ലാം സൂക്ഷിക്കേണം!



Thursday, November 23, 2023

അമൃതേത്ത്

 






















ഗുരുവായൂരപ്പാ നിൻ കരുണാകടാക്ഷങ്ങൾ 

അളവില്ലാതെന്നും നീയരുളേണമേ,

ഉണരുമ്പോഴുഷസ്സായെന്നിരുൾ നീക്കും നഭസ്സായെൻ 

ഹൃദയത്തിൽ പ്രഭയായ് നീ തെളിയേണമേ.  (ഗുരുവായൂരപ്പാ നിൻ)


നിൻ പാദം പുണരും നൽതുളസിപ്പൂവിതൾ പോലെൻ 

വചസ്സിൽനിന്നമൃതം വന്നുതിരേണമേ,

കറ  തെല്ലും കലരാതെ ഭവസാരനടനത്തിൻ 

കര കാണാൻ തുഴയുമ്പോൾ തുണയാകണേ,   

പലതും വന്നടിയുന്നോരടിയൻ്റെ മനസിങ്കൽ 

വിഷമേതും തീണ്ടാതെ സുഖമേകണേ, 

വ്യഥകൾ കൊണ്ടുഴറുമ്പോഴൊരുവേള പതറുമ്പോ-

ഴകമേ വന്നൊരു നല്ല വഴി കാട്ടണേ. (ഗുരുവായൂരപ്പാ നിൻ )

എന്നന്തക്കരണങ്ങൾ കലി മൂടാതതിനുള്ളിൽ   

കനകത്തിൻ കതിരായ്  നീ കളിയാടണേ,  

അവിടുത്തെ കളികൾ കണ്ടവിരാമം തളരാതെ-

യതിനൊപ്പം കളിയാടാനറിവേകണേ! 

നിറയുന്ന മിഴി രണ്ടും നിൻ നേർക്കു നീളുമ്പോ-

ഴളവില്ലാതാനന്ദം കവിയേണമേ,

അതിൽമീതെ സുഖമില്ലെന്നറിയുമ്പോഴെന്നുള്ളം 

പ്രളയംപോൽ നിന്നിൽ ചേർന്നലിയേണമേ! (ഗുരുവായൂരപ്പാ നിൻ)


ഗുരുവായൂരപ്പാ നീ ഗുരുവാതാലയമൊന്നെൻ 

ഹൃദയാന്തർഗഗനത്തിൽ പണിയേണമേ,

അവിടെ  നിൻ തിരുനാമാവലികൾകൊണ്ടെന്നെന്നും 

ഉണ്ണാമമൃതേത്തുണ്ണിക്കണ്ണാ വരൂ!

ഗുരുവായൂരപ്പായെന്നുൾക്കാടിന്നിരുൾ നീങ്ങാൻ

നിത്യം തൃപ്പുകയാലുഴിയേണം ഹരേ!

സാരഥിയായ് സദ്ഗുരുവായ് സന്തതമെൻ  സ്നേഹിതനായ് 

കൃഷ്ണ! ശ്രീകൃഷ്ണാ  നീ വഴി കാട്ടണം! (ഗുരുവായൂരപ്പാ നിൻ)


#ഗുരുവായൂർഏകാദശി2023 

Sunday, October 22, 2023

വസതു മമ മാനസേ ( ദേവീസ്തുതി)




മഹാദേവി! മഹാമാത്രേ!

പരാപരാശക്തിരൂപിണി !

മഹാദേവി! ജഗത്ധാത്രീ! 

വസതു മമ മാനസേ!

പ്രസീദസ്മേ സദാ ദേവി!

പ്രസീദേ! പരമാത്മികേ!


നവദുർഗ്ഗേ! സ്വധാസർഗ്ഗേ!

സർവ്വമംഗലദായിനി!

അനായാസസുഗതിദ്ദാത്രീ!

ധർമ്മസംരക്ഷണാത്മികേ!

മഹാദേവി! മഹാദുർഗ്ഗേ!

വസതു മമ മാനസേ!


ശ്രീമഹാരുദ്രാർദ്ധാംഗിനി!

ലോകബന്ധുത്വകാരിണി!

സുകുടുംബൈക്ക്യദായിനി!

അവിദ്യാനർത്ഥനാശിനി!

മഹാദേവി! മഹാഗൗരി!

വസതു മമ മാനസേ!


മാതൃരൂപേ! ദയാപൂർണ്ണേ!

ഭക്തിസമ്പദ്പ്രചോദിനി!

നിശ്രേയസ്സപ്രദേ! പത്മേ!

സർവ്വസദ്സംഗദായിനി!

മഹാദേവി! മഹാലക്ഷ്മി!

വസതു മമ മാനസേ!


ദൃശ്യരൂപേ! മഹാമായേ!

അദൃശ്യേ! മാർഗ്ഗദർശ്ശിനി!

തുരീയേ! ജഗദംബികേ! വിദ്യേ!

അതീതേ! സർവ്വകാലികേ!

മഹാദേവി! ശ്രീസരസ്വതി!

വസതു മമ മാനസേ!


കാലകാരണകാരിണി!

കാളികേ! ശക്തിരൂപിണി!

അക്ഷരാക്ഷരഭ്രാമരി!

സർവ്വതന്ത്രസ്സ്വതന്ത്രിണി!

മഹാദേവി! മഹാകാളി!

വസതു മമ മാനസേ!


മഹാദേവി! മഹാമാത്രേ!

പരാപരാശക്തിരൂപിണി !

മഹാദേവി! ജഗത്ധാത്രീ! 

വസതു മമ മാനസേ!

പ്രസീദസ്മേ സദാ ദേവി!

പ്രസീദേ! പരമാത്മികേ!

🙏

ഓം മഹാ ദേവ്യൈ നമഃ 🙏


Friday, August 25, 2023

തിങ്കൾമൊഴികൾ

ചന്ദ്രയാൻ മൂന്ന് ദൗത്യം സാർത്ഥകമാക്കിയ ISRO യിലെ  ശാസ്ത്രജ്ഞന്മാർക്കു വന്ദനം! 

ഭാരതത്തിൻറെ ചന്ദ്രായനപേടകം  ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ചെന്നുതൊട്ടപ്പോൾ സന്തോഷവാനായ  ആതിഥേയചന്ദ്രൻ ഭാരതത്തിനായി ഇപ്രകാരം  സ്വാഗതഗീതമർപ്പിച്ചിരിക്കാം! 


ഭാഗ്യ!മന്നു ഞാൻ ചന്ദ്രശേഖരൻ-

തൻ്റെ മൗലിയിൽ ചേർന്നനാൾ

ചേർത്തുവച്ചതാണെന്‍റെ നെഞ്ചിലും 

ഭാരതാംബയെ ഗാഢമായ് !


ദക്ഷിണാമൂർത്തിയായ ശംഭുവെൻ 

രക്ഷയെ ചെയ്തതോർക്കവേ

ഭാരതത്തിനിന്നേകിടുന്നുവെൻ

സ്വാഗതം സാമോദമായ് !


ദക്ഷിണാർദ്ധവാതായനങ്ങളി-

ന്നാദ്യമായ് തുറക്കുന്നു ഞാൻ

സാദരം മഹാഭാരതത്തെ-

യെതിരേറ്റിടാനതികേമമായ് !


ഭാനുവിൻ കരമേറ്റിടാതിരു-

ളാഴുമെൻ്റെ നിഗൂഢമാം 

ദക്ഷിണാനനമാകെ ഭാരത-

ചിത്പ്രകാശം വീശുവിൻ!


ഭാസിലാണ്ടു രമിയ്ക്ക ഭാരത-

ഭൂമി! ഹൈമവതീ! സതീ!

പാറിടട്ടെനിൻ വൈജയന്തികാ-

കാന്തിയെൻ കുളിർമേനിയിൽ!

Tuesday, August 15, 2023

ജയ! ജയ! ജൻമഭൂമി



 
സ്വത്ത്വമാം സംജ്ഞകൾ ഹൃത്തിൽ വളർത്തിടും
ഭക്തിയും യുക്തിയും ബുദ്ധിയും സിദ്ധിയും,
ചിത്തത്തിൻ വൃത്തിയെ യജ്ഞമായ് മാറ്റുമൊ -
രുത്തമപൗരവൃന്ദത്തെ വാർത്തും സദാ
സംസ്ക്കാരവിത്തിൽനിന്നും മഹാവൃക്ഷമായ്
പൊന്തിപ്പടർന്നുവളർന്നു ജഗദ്ഗുരു -
സ്ഥാനമായ് നിസ്തുലം വാഴുന്നു ഭാരതം!
വന്ദേ ജനനി! വാണീടുകനാരതം!
പുണ്യപുരാതനപൈതൃകപൂർവ്വകം!


Saturday, July 29, 2023

സംമൂഢചിത്തശാന്തിസ്തോത്രം

പരമ്പരാഗതങ്ങളായ ആത്മീയചര്യകളിലൂടെയും ഭാരതീയരായ പൂർവ്വമനീഷികൾ  വിഭാവനം ചെയ്തുതന്നിട്ടുള്ള  വിവിധങ്ങളായ ആരാധനാപദ്ധതികളിലൂടെയും  മനഃശാന്തിയും സന്തോഷവും ഉള്ളതും അത്യാഗ്രഹങ്ങൾ ഇല്ലാത്തതുമായ ധാർമ്മികജീവിതം നയിക്കുന്ന ഒരു വലിയ  ജനസമൂഹത്തിനോടുള്ള വെറുപ്പ് പ്രകടമാകുംവിധം   തൻ്റെ എല്ലില്ലാത്ത നാക്കുകൊണ്ട്‌ എന്തും പറയാമെന്നു ധരിച്ചിട്ടുള്ള സംസ്ഥാനനിയമസഭാസ്പീക്കറായ എ. എം. ഷംസീറിൻ്റെയും  അയാളെ പിന്തുണയ്ക്കുന്നവരുടെയും അധിക്ഷേപകരമായ പ്രസ്താവനകളോട് തികഞ്ഞ അവജ്ഞയും രോഷവും രേഖപ്പെടുത്തുന്നു. 

ഒപ്പം എന്താണു  ഗണപതിതത്ത്വത്തിൻ്റെ അന്തരാർത്ഥം  എന്ന് ഇതേക്കുറിച്ച്  ആധികാരികമായ അറിവുള്ള  ആചാര്യന്മാരുടെ  വാക്കുകളിലൂടെയും എൻ്റെ പരിമിതമായ  സ്വാദ്ധ്യായ,മനന,അനുഭവങ്ങളിലൂടെയും    മനസ്സിലാക്കിയിട്ടുള്ള പരിമിതമായ ബോദ്ധ്യങ്ങൾ  ഇവിടെ എനിയ്ക്കറിയാവുന്ന ഭാഷയിൽ താല്പര്യമുള്ളവർക്കു  വായിക്കാനായി പങ്കു വയ്ക്കുന്നു.   





















പ്രാരംഭപ്രാർത്ഥന

തത്ത്വം  പഠിക്കുവാൻ  സത്വമതികൾക്കു

വ്യക്തമാം ലിംഗങ്ങളുണ്ടതിയുത്തമം  

കേവലം മൂർഖത്വവുമസത് ഭാഷണ -

വാസനയും നശിച്ചർത്ഥം ഗ്രഹിക്കുവാൻ,

സങ്കല്പശുദ്ധി കൈവന്നീടുവാനുള്ള

കാലവിളംബവിഘ്നങ്ങളെ നീക്കുവാൻ

സത്തിനെ "മിത്തെ"ന്നികഴ്ത്തുന്നവറ്റകൾ-

ക്കത്തലും നീങ്ങിയിട്ടുള്ളം തെളിയുവാൻ

വക്രതുണ്ഡമഹാകായൻ തുണയ്ക്കണം!

ബുദ്ധിതൻ വക്രതയൊക്കെയും നീക്കണം!

ആയതിനോംകാരമൂർത്തിയെ ധ്യാനിച്ചു 

പത്തി കുനിച്ചു വണങ്ങണമാദ്യമേ!

  

തത്ത്വസംഗ്രഹം 

പക്ഷപാതിത്തമില്ലമ്മയ്ക്കു മക്കൾത-

ന്നാൾത്തലതന്നിലുമാനത്തലയിലും!

ഉത്തമന്മാരിലുമുത്തമരാകുവാൻ 

ബന്ധമില്ലാകൃതിയെന്തെന്നിരിക്കിലും! 

മർത്ത്യശിരസ്സുപോയ്, ശേഷം ലഭിച്ചൊരു 

സത്ത്വരജസ്തമസ്സറ്റ കരിമുഖം,

മർത്ത്യൻ ത്രിഗുണങ്ങളെ ജയിച്ചീടുകെ-

ന്നുള്ളൊരു തത്ത്വമരുളും ഗജാനനം! 

ഹസ്തിതൻ മസ്തകം ബുദ്ധിതൻ വൈഭവം 

വ്യക്തമാക്കീടുന്ന ലിംഗാർത്ഥസൂചകം. 

വിത്തിബ്രഹ്‌മാകാരമായിരിക്കുന്ന സത്-

ചിത്തസ്വരൂപൻ, ദ്വിജൻ, പ്രണവാത്മകൻ! 

 

ഭക്തർ വിളിക്കവേ വിഘ്‌നമകറ്റുവാ-

നെത്തും ചെവിയാട്ടി ശീഘ്രം ഗണേശ്വരൻ! 

ശ്രോത്രങ്ങൾതൻ ധർമ്മമാകുന്നതുത്തമ-    

ശ്രദ്ധയെന്നോതിടുന്നാനച്ചെവികളാൽ   

ഏറ്റം വിശാലമാം കർണ്ണങ്ങൾ വേണമീ 

നാനാജഗത്തിൽനിന്നും പുറപ്പെട്ടിടും

ഭദ്രമാം ശബ്ദങ്ങളൊക്കെ ശ്രവിക്കുവാ-

നെന്നുള്ള സൂക്ഷ്മമമാർത്ഥം ഗ്രഹിക്കുവിൻ!

ഭദ്രമല്ലാത്തതാം മൂർഖോക്തികൾ സദാ 

ത്യക്തങ്ങളെന്നതുമൊപ്പമറിയണം.

ക്ഷിപ്രവരപ്രദൻ താൻ  പ്രസാദിക്കണം 

വിത്തും പതിരും തിരിച്ചറിഞ്ഞീടുവാൻ!


ബാഹ്യവിഷയങ്ങളെ വിവേകത്തോടെ      

ഘ്രാണിച്ചവലോകനം ചെയ്തറിയുവാൻ 

പ്രജ്ഞ വളർന്നവർന്നവർക്കാപത്തകന്നുപോ-

മെന്നു സൂചിപ്പിക്കുമാ   വളർനാസിക!    

എന്തും മണത്തറിയാനുള്ള വിത്തിയെ-

ക്കാട്ടുന്നു തുമ്പിക്കരത്താൽ ഗണേശ്വരൻ, 

വക്രസ്ഥാനത്തൊളിപ്പിച്ച  വിപത്തുമാ   

വക്രതുണ്ഡംകൊണ്ടു നീക്കുമയത്നമായ്! 

കാഴ്ചകൾക്കപ്പുറം കാണേണ്ട കാഴ്ചയാ-

മുൾക്കാഴ്ചയെക്കുറിച്ചീടുന്ന ദൃക്കുകൾ 

ഏറ്റവും സൂക്ഷ്മതരമായിരിക്കണം 

തന്മാത്രയെയും തുളച്ചകത്തെത്തുവാൻ 

നാനാസുഖദുഃഖഭോജ്യങ്ങളും സമം 

സ്വീകരിക്കും മഹാകുക്ഷിയെക്കാണുവിൻ!  

ലംബോദരംകൊണ്ടു നന്നായ് ദഹിപ്പിച്ചു 

സത്തെടുത്താഹാരിക്കുന്നാത്മഭോജനം! 

കൊമ്പൊന്നൊടിഞ്ഞുപോയൊപ്പം വികല്പവും, 

ശേഷിച്ച കൊമ്പിലുണ്ടദ്വൈതദർശനം!


മൂഷികനോ! പെരുംകായൻ്റെ വാഹനം?!

നിന്ദയോടെച്ചിരിക്കുന്നുവജ്ഞാനികൾ...    

ആശയാകുന്നിതു മൂഷികനെന്നതു-    

മാശയ്ക്കു വേണം നിയന്ത്രണമെന്നതും- 

കാട്ടിത്തരും  വിഘ്‌നേശ്വരൻ്റെ  കാൽക്കീഴി-

ലിരിക്കുന്ന പൂർണ്ണവിധേയനാം മൂഷികൻ! 

ആശകൾ കൊണ്ടു ചലിക്കുന്ന ജീവിത- 

വാഹനമേറിപ്പറക്കുമ്പൊഴൊക്കെയും  

വേണമതിൻ  കടിഞ്ഞാൺ സദാ നമ്മുടെ 

കൈപ്പിടിയ്ക്കുള്ളി,ലാ വ്യംഗ്യമറിയണം!

കീർത്തനനാമപ്രിയൻ ക്ഷിപ്രസന്തുഷ്ട-    

നർത്തനവാദ്യാദിസത്ക്കലാവല്ലഭൻ

ഭൂതഗണനായകൻ, ശിവപാർവ്വതീ-

പുത്രൻ  മഹാതത്ത്വവാഹകൻ വാഴുക! 


നിര്‍ണ്ണയം 

ഈ വിധം ഭക്തിയും യുക്തിയും  ബുദ്ധിയും 

ഋദ്ധിയും സിദ്ധിയും ജ്ഞാനവും മുക്തിയു- 

മൊന്നിച്ചുചേരുന്ന സമ്പൂർണ്ണവിഗ്രഹ-

തത്ത്വങ്ങളെത്തന്നുപോയ ഋഷീശ്വര-

ശ്രേഷ്ഠരനേകം യുഗങ്ങൾ തപം ചെയ്ത-

റിഞ്ഞു  വിഭാവനം ചെയ്ത ശാസ്ത്രങ്ങളെ 

ഖണ്ഡിച്ചിടാനുള്ള യോഗ്യതയിന്നലെ 

പ്പെയ്ത മഴയ്ക്കു കുരുത്തവർക്കെന്തെടോ?!


എത്രയും ദ്വന്ദ്വങ്ങളെത്രയും ഭിന്നങ്ങ-

ളത്രയുമത്രയും സൂക്ഷ്മതതത്ത്വങ്ങളും!

നിർമ്മലഭക്തിയന്യേയില്ലുപാധികൾ

തത്ത്വബോധംകൊണ്ടു സത്തമരാകുവാൻ.  

ശാസ്ത്രമൊന്നെങ്കിലും നിത്യസ്വാദ്ധ്യായവും

ചെയ്‌തതിൻ   സോമരസാമൃതസാരവു-

മുള്ളിൽത്തെളിയുവാൻ കർമ്മം തുണയ്ക്കണം,

ഭക്തിയും നിർമ്മലചിത്തവുമൊക്കണം. 


മംഗളം 

സംസ്ഥാനശ്രീകോവിൽ തന്നുച്ചഭാഷിണി-

'മിത്തായി' മാറാതിരിക്കുവാൻ നല്ലൊരു 

നാളികേരമുടച്ചീടുവാൻ ശ്രീപഴ-

വങ്ങാടിനാഥൻ  തുണയ്‌ക്കട്ടെ സന്തതം!!

Wednesday, July 26, 2023

മൈക്കിന്റെ മൊഴി 🎤













"വെറുമൊരു മൈക്കാമെന്നെയുമിങ്ങനെ

ഭീതിയോടെന്തിനു നോക്കീടുന്നു?

നിങ്ങടെ നാക്കിൽ നിന്നുതിരുന്നൊരു

കല്ലൻനുണകൾക്കെല്ലാം വർദ്ധിത -

ശബ് ദം   നൽകാൻ ദുർഗ്ഗതി വന്നൊരു

പാവം ജഡമാമെൻ്റെ  നിയോഗം,

നോക്കുകയെന്തൊരു പരിതാപകരം!

മനസ്സാ വാചാ ഞാനറിയാതൊരു

കൂവൽ വന്നുഭവിച്ചതിനിപ്പോൾ

കാരണമെന്തെന്നറിയുകയില്ല.

പശ്ചാത്താപവുമില്ലതു ബധിരിത -

കർണ്ണങ്ങൾക്കൊരു തുണയാകട്ടെ!" 🎤


ഇത്തരമൊരു മൊഴി വീഥികൾ തോറും

വായുവിലങ്ങനെയൊഴുകി വരുന്നു !🔊🎶


News in connection with the topic of the poem



Friday, July 14, 2023

ഇഴജീവി

നിണമെല്ലാമൊഴികിപ്പോയ്

പണവും പോയ്, പണിയും പോയ്; 

തണലില്ലാതൊടുവിൽ കൈ-

ത്തുണയറ്റോനിണയും പോയ്; 

അണ വാർന്നലമൊഴുകിപ്പോയ്,

തണവാർന്നൊരു ഭവനം പോയ്... 

ഗുണമെന്തിനി? പടുനീതിയി-

തണയുന്നിഴജീവി! 😥🙏






 

News links 

https://www.manoramanews.com/news/breaking-news/2023/07/12/professor-tj-josephs-response-on-court-verdict-amputation-case.html

https://www.mathrubhumi.com/news/kerala/tj-jpseph-hand-chopping-case-amputation-1.8727023


Tuesday, July 4, 2023

വിവേകാമൃതം

 


നിർഭയത്വമുടലാർന്നെഴും

സ്വത്വസുന്ദരമൂർത്തിയായ്

സദ്മതിയ്ക്കവലംബമാ -

മവിവേകനാശനഭാഷിയായ്

ഭാതിയോടു വിവേകവും

ചേരുമുത്തമജ്ഞാനിയായ്

ധൈര്യമൊത്തു സ്വധർമ്മവും

ചേർന്നു ബുദ്ധിസമേതനായ്

വേദസാരവിശാരദം

വിശ്വസമ്മതനായ് ചിരം

വാണ വീരസുകർമ്മിണേ

തവ ഖ്യാതി നാടിനു കാന്തിയായ്!

വാഴ്ക വാഴ്ക മഹാരഥ!

ഭാരതത്തിനു കീർത്തിയായ്

ശ്രീ വിവേകശിഖാമണേ!

നരേന്ദ്രനാഥ! സദാസ്മൃത!🙏

#VivekanandaSamadhi

Wednesday, May 31, 2023

പള്ളിപ്പാട്ടുകാവിലമ്മ

 ആലുവയിൽ ദേശം എന്ന പ്രദേശത്താണു പുരാതനമായ പള്ളിപ്പാട്ടുകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  രക്തേശ്വരിയായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ചന്ദനം ചാർത്തി ശ്രീയാർന്ന, ദംഷ്ട്രങ്ങളോടുകൂടിയ വദനത്തിൽ  സദാ  കരുണാമയമായ പുഞ്ചിരിയോടെ  വർത്തിയ്ക്കുന്ന ദേവിയുടെ വിഗ്രഹം ഒന്നു കാണുന്ന മാത്രയിൽത്തന്നെ  എത്ര കൊടിയ ദുഃഖം പേറിവരുന്ന ഭക്തരായാലും  ഹൃദയത്തിൽ  ഒരു കുളിർസ്പർശം അനുഭവപ്പെടും!  ജീവിതത്തിന്‍റെ ഓരോ ഏടു മറിയുമ്പോഴും പള്ളിപ്പാട്ടുഭഗവതിയെ പ്രത്യേകം  സ്മരിയ്ക്കാതെ കടന്നുപോയിട്ടില്ല. ആ  പള്ളിപ്പാട്ടുകാവിലമ്മ  തോന്നിച്ചതാണ്  ഈ വരികൾ. 

Audio - Youtube Link




ഓം
 

 
ഉള്ളിൽത്തട്ടി വിളിക്കുവോർ -
ക്കല്ലൽ നീക്കീടുമംബികേ,
പള്ളിപ്പാട്ടുകാവിൽ വാഴും
ജഗദംബികേ!

കൊടുങ്ങല്ലൂരമരുന്ന
മഹാഭദ്രയിവിടേയ്ക്കു
കുടയേറിയെഴുന്നള്ളി -
ക്കുടികൊള്ളുന്നേൻ!

തിങ്കൾക്കല ചൂടുന്നോന്‍റെ -
പാതി മെയ്യാം സതിതന്‍റെ
കോപത്തീയാം ഭദ്രകാളി!
ച്യുതിനാശിനി! 

ദേശമിതിലൈശ്വര്യമാ -
യനുദിനം ജനങ്ങൾക്കു
കുലരക്ഷയരുളീടും
ശ്രീമഹാമാത്രേ !

കളമാകെ നിറയുന്ന
പ്രപഞ്ചത്തൃക്കൈകളോടെ-
യെഴും മൂലപ്രകൃതിയാം
വരദേ ! ശിവേ!

കള്ളമെല്ലാം കളഞ്ഞു സത്-
സംഗഭാഗ്യം തരും ദേവി!
ഭദ്രേ! രക്തേശ്വരി! കാളി!
നമിച്ചിടുന്നേൻ !

അനുദിനമവിടുത്തെ
സ്മരണയാം കവചവും
തവപാദഭജനവും
തുണച്ചിടുന്നേൻ !

പള്ളിപ്പാട്ടുഭഗവതി -
യുള്ളിൽ വന്നെൻ വല്ലായ്മയെ 
ഉൺമ കാട്ടിയകറ്റുവാൻ
വണങ്ങിടുന്നേൻ !

അമ്മേ മഹാമായേ! ഭദ്രേ!
ത്രിപുരാന്തകയാം കാളി!
വന്ദേ ! പരാപരാശക്തി!
പരമേശ്വരി!

Sunday, March 12, 2023

നീലപാദദീക്ഷ

 


വൃന്ദാവനത്തിലെ പൊൻപുലരി 

കണ്ടെൻ മനം മയിലായിളകി, 

ഗോരോചനത്തിൻ്റെ ഹൃദ്യഗന്ധം 

ചോരുന്ന കാറ്റുമ്മ വച്ച നേരം 

ഏകാകിയായിമ പൂട്ടി മെല്ലെ 

ചുണ്ടിൽ  ഹരേകൃഷ്‌ണമന്ത്രമോടെ  

ശാന്തമായേകാഗ്രചിത്തമോടെ 

ഗോവിന്ദരൂപം നിനച്ചിരുന്നേൻ, 

കണ്ടേനൊരു മാത്ര മിന്നൽ പോലെ 

മാധവാ, നിൻ വാമപാദപദ്‌മം!

നീലാരവിന്ദദലാംഗുലികൾ , 

ചിപ്പിത്തിളക്കമോലും നഖങ്ങൾ,

മേലെ നീലാംബരചാരുവർണ്ണം, 

പാടലമാം കാലടിപ്രഭയും...!

കണ്ടുകൊതിതീർന്നതില്ല, മാഞ്ഞേൻ 

ചിത്തേ തെളിഞ്ഞ നിൻ ദിവ്യപാദം!


നിൻ രമണീയത്രിഭംഗരൂപം

നിത്യവുമുള്ളിൽത്തെളിഞ്ഞുകാണാൻ  

കൃഷ്ണാ! ഹരേ! സച്ചിദാനന്ദമേ!

നിൻ ചരണാഗതിയ്ക്കായണഞ്ഞേൻ!


Saturday, March 4, 2023

ഗുരുസന്നിധിയില്‍

 26-03-2023















ഇന്ന് ആലുവായയിലെ അദ്വൈതാശ്രമത്തില്‍ പോകുവാന്‍ യോഗമുണ്ടായി. പഠിക്കുന്ന കാലത്തോ മറ്റോ ഒന്നുരണ്ടു തവണ പോയിട്ടുള്ള ഓര്‍മ്മയേയുള്ളൂ ആലുവാ അദ്വൈതാശ്രമത്തെക്കുറിച്ച്. എന്നാല്‍ അവയൊന്നും  ഗുരുദേവന്‍റെ മാഹാത്മ്യത്തെക്കുറിച്ചു മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലുള്ള സന്ദര്‍ശനങ്ങളൊന്നുമായിരുന്നില്ല. ബാഹ്യമായ കണ്ണുകള്‍ കൊണ്ടുള്ള വെറും സ്ഥലം കാണല്‍ മാത്രമായിരുന്നു അവയെല്ലാം. 

ഈ പ്രപഞ്ചത്തിനു മുഴുവന്‍ നിദാനമായ ശാശ്വതസത്യത്തിന്‍റെ അന്തസത്തയെ ആത്മാവില്‍ അറിഞ്ഞ മന്ത്രദൃഷ്ടാക്കളായ ഭാരതത്തിലെ മഹാഋഷികളുടെ പരമ്പരയുടെ തുടര്‍ച്ചയായ ശ്രീനാരായണഗുരുദേവനെന്ന മഹായോഗി പിറന്ന കേരളത്തിന്‍റെ മണ്ണില്‍ പിറക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടും ആ മഹാഗുരുവിന്‍റെ ജീവിതത്തെയോ ദര്‍ശനങ്ങളെയോ കൃതികളെയോ സാമൂഹ്യപ്രവര്‍ത്തനങ്ങളെയോ കുറിച്ചൊന്നും മനസ്സിലാക്കുവാനുള്ള ആഗ്രഹമോ അവസരമോ ചെറുപ്പത്തില്‍ ഉണ്ടായിട്ടില്ല. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന അദ്ദേഹത്തിന്‍റെ ആപ്തവാക്യം നല്‍കിയ സദ്‌ധാരണയുടെ ഒരു കണിക മാത്രമാണ് അദ്ദേഹത്തെക്കുറിച്ചു വിദ്യാഭ്യാസകാലത്ത് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ആകെ അറിവ്. അതും പാഠപുസ്തകങ്ങളില്‍ നിന്നൊന്നും ലഭിച്ചതല്ലെന്നോര്‍ക്കുമ്പോഴാണ് അവനവനെ ശുദ്ധീകരിക്കുന്ന യാതൊന്നും അറിയുവാനുള്ളതല്ലല്ലോ നമ്മുടെ വിദ്യാഭ്യാസം എന്ന നിരാശ തോന്നുന്നത്.   എന്നും സ്കൂള്‍വിട്ടു കൂട്ടുകാരുമൊത്ത് നടന്നുവന്നിരുന്നത് ആ ആശ്രമകവാടത്തിന്‍റെ മുന്നിലൂടെയായിരുന്നു എന്നതിനാല്‍ ആ വെളിച്ചത്തിന്‍റെ ചെറുപൊട്ടെങ്ങാന്‍ ഗുരുകൃപയാല്‍ ഞാനറിയാതെതന്നെ ഉള്ളില്‍ കടന്നതാകാമെന്നേ കരുതാനാവൂ!   

അവിടുന്നും കാലമെത്ര പിന്നിട്ടു! “പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌...” എന്ന വരികളില്‍ പൂന്താനം എഴുതിയതുപോലെ ആയുസ്സിന്‍റെ പകുതിയിലധികം കാലവും ബഹ്യലോകത്തിലെ വൈചിത്ര്യങ്ങള്‍  മാത്രം കണ്ടും അനുഭവിച്ചും കഴിഞ്ഞുപോയി.  മുജ്ജന്മസുകൃതത്താല്‍ ശേഷിച്ച ജീവിതത്തില്‍ ആത്മാന്വേഷണത്തിനു പ്രാധാന്യം നല്‍കണമെന്നൊരു ജിജ്ഞാസ ഉള്ളില്‍ കയറിക്കൂടിയതു മൂലമാകണം വേദോപനിഷദ്ശാസ്ത്രങ്ങളെ കുറിച്ചുള്ള അടിസ്ഥാനവിജ്ഞാനമെങ്കിലും സമ്പാദിക്കുവാനുള്ള ചെറിയ ശ്രമങ്ങള്‍ ആരംഭിച്ചതും അതിന്‍റെ ഭാഗമായി ശ്രീ ജഗത്ഗുരു ആദിശങ്കരാചാര്യരുടെയും ശ്രീനാരായണരുദേവന്‍റെയുമെല്ലാം കൃതികളിലൂടെ കണ്ണോടിച്ചുതുടങ്ങുന്നതും.  അപ്പോള്‍ മുതല്‍ കരുതുന്നതാണ് വീട്ടില്‍നിന്നും അധികമൊന്നും ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന അദ്വൈതാശ്രമത്തില്‍ ഒരു ദിവസം പോകണമെന്നും ചൈതന്യവത്തായ ഗുരുവിന്‍റെ ബിംബത്തിനു മുന്നില്‍ അല്‍പ്പസമയം മൌനമായി ഇരിക്കണമെന്നും ആ മഹാത്മാവിന്‍റെ പാദം പതിഞ്ഞ മണ്ണിലൂടെ നടന്നും അദ്ദേഹത്തിന്‍റെ മഹദ്ദര്‍ശനങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ വായിച്ച് മനനം ചെയ്ത്  അവിടുത്തെ വൃക്ഷത്തറകളില്‍ അല്‍പ്പനേരം കണ്ണടച്ചിരുന്ന്  ആ ഗുരുകാലത്തെ ഭാവനയില്‍ കാണാന്‍ ശ്രമിക്കണമെന്നുമെല്ലാം. 

എന്നാല്‍  ഇതിനെല്ലാമുപരി ഈ ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം മറ്റൊന്നായിരുന്നു. ഗുരുസന്നിധിയില്‍ ചെന്നുനിന്നുകൊണ്ടൊരു ക്ഷമാപണം നടത്തണമെന്ന ഉള്‍വിളി അനുസരിക്കുക എന്നതായിരുന്നു ആ ലക്‌ഷ്യം! അത്തരമൊരു ചിന്തയ്ക്കു നിദാനമായതെന്ത് എന്നല്ലേ?  

ഹാസ്യം, ആക്ഷേപഹാസ്യം, വിനോദം, നേരമ്പോക്ക്, കല, സാഹിത്യം, രാഷ്ട്രീയപ്രവര്‍ത്തനം എന്നുവേണ്ട എന്തിന്‍റെയും പേരില്‍  ഗുരുതുല്യരായവരെക്കുറിച്ചും ദേവീദേവന്മാരെക്കുറിച്ചുമെല്ലാം വിവാദപ്രസ്താവനകളും വാര്‍ത്തകളും  മിമിക്രികളും പാരഡിഗാനങ്ങളും സിനിമകളും സാഹിത്യകൃതികളും  ഇരട്ടപ്പേരുകളുമെന്നുവേണ്ട പലവിധ അധിക്ഷേപങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതു ബുദ്ധിജീവികളുടെയും അറിവു കൂടിയവരുടെയും  പരിഷ്കാരികളുടെയും ലക്ഷണമാണെന്ന മിഥ്യാധാരണയും അതിനുള്ള അംഗീകാരവും സമൂഹത്തില്‍ ശക്തമായി  പ്രചരിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലൂടെയാണ് എന്‍റെയും എന്‍റെ സമപ്രായക്കാരുടെയുമൊക്കെ സ്കൂള്‍, കലാലയജീവിതം കടന്നുപോന്നത്. “സജ്ജനങ്ങളെ കാണുന്ന നേരത്തു നാണം വിട്ടു കൈ  കൂപ്പി സ്തുതിക്കണം” എന്ന സദ്‌ദര്‍ശനങ്ങള്‍ക്കെല്ലാം ക്ഷയം കൂടിവരാന്‍ തുടങ്ങിയ കാലം. കലാഭവന്‍, ഹരിശ്രീ തുടങ്ങിയവ പോലുള്ള സമിതികളിലൂടെയൊക്കെ വേദികള്‍തോറും അവതരിപ്പിക്കപ്പെട്ട  ഹാസ്യപരിപാടികള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ഒരു പ്രവണതയെത്തന്നെയാണ് സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടിരുന്നതെന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്.  അത്തരം സ്റ്റേജ് ഷോകളുടെ കാസറ്റുകളും ജനങ്ങള്‍ക്കിടയില്‍  ചൂടപ്പം പോലെ വിറ്റുപോയിരുന്ന കാലം. തന്‍റെ പ്രജകളോട് ഒരു കുറ്റവും ചെയ്യാത്ത മാവേലിയായിരുന്നു ഇത്തരം ഷോകളിലെ സ്ഥിരം ഹാസ്യകഥാപാത്രം! ഏതാണ്ട്  അക്കാലഘട്ടത്തില്‍ത്തന്നെയാണ് ശ്രീനാരായണഗുരുവിനെ പരിഹസിക്കുന്ന പലപല നാമധേയങ്ങള്‍ സമൂഹത്തില്‍ ഉടലെടുത്തതും. നേരമ്പോക്കുസഭകളിലെ ഹസ്യസാമ്രാട്ടെന്നു പെരെടുത്തവരൊക്കെ കൂട്ടുകാരെ ചിരിപ്പിക്കാന്‍ ഇത്തരം ഇരട്ടപ്പെരുകളൊക്കെച്ചേര്‍ത്തു തമാശകള്‍ പറയുക പതിവായിരുന്നു. (ആ പരിഹാസപ്പേരുകള്‍ എന്‍റെ സമകാലീനര്‍ക്കു മിക്കവര്‍ക്കും ഓര്‍മ്മ കാണും. അതിവിടെ എഴുതുന്നത് വീണ്ടും അദ്ദേഹത്തെ നിന്ദിയ്ക്കലാകുമെന്നതുകൊണ്ടുതന്നെ അതു  ചെയ്യുന്നില്ല.) 

ആക്ഷേപഹാസ്യവും അധിക്ഷേപഹാസ്യവും രണ്ടും രണ്ടാണെന്ന് നമ്മള്‍ ഒരിക്കലും പഠിച്ചിട്ടില്ല. സമൂഹത്തിനാകമാനം  ദോഷം  ചെയ്യുന്ന വ്യക്തികളെയും വിഷയങ്ങളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതാണ് ആക്ഷേപഹാസ്യം. കുഞ്ചന്‍ നമ്പ്യാരടക്കമുള്ള എത്രയോ പേര്‍ അതു ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. സമൂഹത്തിലെ  തിന്മകളെ വിമര്‍ശിക്കുക എന്ന ആശാസ്യമായ  ധര്‍മ്മമാണ് അവയിലൂടെ നിറവേറ്റപ്പെടുന്നത്.   എന്നാല്‍ അധിക്ഷേപഹാസ്യം ചെയ്യുന്നതെന്താണ്‌? ലോകത്തെ ഭദ്രമായി മുന്നോട്ടു നയിക്കുന്ന സദ്‌ഭാവനകളെയും പൈതൃകങ്ങളെയും ഗുരുക്കന്മാരെയുമെല്ലാം അധിക്ഷേപിക്കുക എന്ന മാപ്പര്‍ഹിക്കാത്ത അധര്‍മ്മം. ജീവിതമൂല്യങ്ങള്‍ പകര്‍ന്നുതന്നവരെ പരിഹസിക്കുന്ന  ഇത്തരം തമാശകള്‍ ഏറ്റവും തരം താണതാണെന്നും അവയിലെ    നാശോന്മുഖമായ അധാര്‍മ്മികതയെ തിരിച്ചറിഞ്ഞ് അവയെ ജീവിതത്തില്‍നിന്നും അകറ്റിനിര്‍ത്തണമെന്നും  വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള ഭാരതീയമായ മാര്‍ഗ്ഗങ്ങളെല്ലാം അടച്ചുകളഞ്ഞ  ഒരു വിദേശനിര്‍മ്മിതവിദ്യാഭ്യാസശൈലിയാണല്ലോ നാം പതിറ്റാണ്ടുകളായി പിന്തുടരുന്നത്.   അരുതേയെന്നു വിലക്കുവാന്‍ ആരുമില്ലഞ്ഞതിനാല്‍ത്തന്നെ ഇത്തരം ഹാസ്യവൈകൃതങ്ങളെല്ലാം കേട്ട് ഒപ്പം ചിരിച്ചുകൊണ്ടാണ് അന്നത്തെ ശരാശരി വിദ്യാര്‍ത്ഥിസമൂഹം വളര്‍ന്നുവന്നത്. ഉത്തരവാദിത്തമുള്ള ഉത്തമപൌരന്മാരാകേണ്ടിയിരുന്ന  അന്നത്തെ വലിയൊരു പങ്കു  ചെറുപ്പക്കാരടങ്ങുന്ന തലമുറയുടെ  ആ അശ്രീകരമായ   പരിഹാസച്ചിരിയും വകതിരിവില്ലയ്മയും വിലയില്ലായ്മയും ഇന്നു കേരളം അനുഭവിക്കുന്ന അരാജകാവസ്ഥയിലേയ്ക്കുള്ള ചെറുതും വലുതുമായ പാലങ്ങളായി മാറിയിട്ടുണ്ടെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. 

മനപ്പൂര്‍വ്വം ഗുരുനിന്ദയെ ചെയ്തു എന്ന തോന്നല്‍ കൊണ്ടല്ല, എന്നിരുന്നാലും  ലോകഗതിയില്‍   ചിലപ്പോഴെങ്കിലും ആ  തരം താണ ചിരിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടെന്ന കുറ്റബോധം തന്നെയാണ്  ഗുരുസന്നിധിയില്‍ ചെന്നു പൊറുക്കണമേയെന്നപേക്ഷിക്കണമെന്ന ചിന്തയെ എന്നില്‍ ഉയര്‍ത്തിയത്. ആ ചിന്തയെ അന്തരാത്മാവിന്‍റെ നിര്‍ദ്ദേശമായി കണക്കാക്കി അതനുസരിക്കുകയായിരുന്നു.

മഹാത്മാക്കളുടെ സാന്നിധ്യം നിറഞ്ഞ ഏതൊരു സവിധത്തിലും എത്തിച്ചേരുവാന്‍ നമ്മുടെ ആഗ്രഹത്തിനും ശ്രമത്തിനുമെല്ലാമുപരി ആ സവിധത്തില്‍നിന്നുതന്നെയുള്ള വിളിയെത്തണം. ഇന്നാ മഹാഗുരുവിന്‍റെ കൃപയും അനുവാദവും ലഭിച്ചതിനാലാകണം മറ്റുചില ആവശ്യങ്ങളുമായി വീട്ടില്‍നിന്നിറങ്ങിയ ഞാന്‍ ആശ്രമത്തിനു മുന്നിലെത്തിയപ്പോള്‍ ഇന്നിവിടെക്കയറിയിട്ടാകാം ബാക്കി എന്ന പെട്ടന്നുള്ള തോന്നലിനെ മാനിച്ച് ആശ്രമത്തില്‍ ചെന്നെത്തിയത്!

ഓം ശ്രീ ഗുരവേ നമഃ


Wednesday, March 1, 2023

മാസ്തി കാട്ടെയിലെ വനദേവതാക്ഷേത്രം

 













 

മൂകാംബിക ക്ഷേത്രത്തിലും കുടജാദ്രിയിലുമെല്ലാം  മനസ്സു തെളിഞ്ഞു പ്രാർത്ഥിച്ചു നമസ്ക്കരിച്ചതിനു ശേഷമുള്ള മടക്കയാത്രയിൽ കൊല്ലൂരമ്മ അപ്രതീക്ഷിതമായി ഒരനുഗ്രഹം നൽകി !  മൂകാംബികയിൽ നിന്നു മുരുഡേശ്വരിലേയ്ക്കു പുറപ്പെട്ട് അധികം വഴി പിന്നിടുംമുമ്പ് വഴിയോരത്തായുള്ള ഒരു വനദേവതക്ഷേത്രത്തിൽ പൂജകൾ നടക്കുന്നു. അവിടെ നിന്നും ഒരാൾ കുങ്കുമപ്രസാദവുമായി കാറിനടുത്തേയ്ക്കു വന്നതുകൊണ്ടുമാത്രമാണ് അങ്ങനെയൊരു ക്ഷേത്രം അവിടെയുണ്ട് എന്നറിയാനായത്. മാസ്തി കാട്ടെ എന്നാണാ ക്ഷേത്രമിരിക്കുന്ന സ്ഥലത്തിന്റെ പേര് എന്നാണ് ഞങ്ങൾ യാത്രയ്ക്കായി വിളിച്ച ടാക്സിയുടെ ഡ്രൈവർ പറഞ്ഞത്. (Masti Katte - ഉച്ചാരണം ശരിയായി അറിയില്ല. )

ഈ ക്ഷേത്രത്തിൽ മൂകാംബികാദേവിയെ  വനദേവതഭാവത്തിൽ ആരാധിച്ചുവരുന്നുവെന്നാണ് അറിയാനായത്. പ്രധാന പ്രതിഷ്ഠയെക്കൂടാതെ  വർണ്ണാഭമായ വസ്ത്രങ്ങളോടു കൂടിയ, വനദേവതകളുടെ തന്നെയെന്നു തോന്നിക്കുന്ന വലിയ ബിംബങ്ങളും അരികിലായി കാണാം. കരിങ്കല്ലോ മണ്ണോ തടിയോ കൊണ്ടുണ്ടാക്കിയതാവണം അവ.

കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഈ ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ച് വഴിപാടായി തൊട്ടിൽ തൂക്കാറുണ്ട്. ഇങ്ങനെ ധാരാളം തൊട്ടിലുകൾ ക്ഷേതത്തിനു മുന്നിലായി
കെട്ടിത്തൂക്കിയിരിക്കുന്നതു കാണാം.
പ്രകൃതിയോടിഴുകി നിൽക്കുന്ന ആ ക്ഷേത്രത്തിലെ വനദേവതകളെ തൊഴുതു പ്രദക്ഷിണം വച്ച് പഞ്ചഭൂതങ്ങളെയും നമിച്ചു പ്രാർത്ഥിച്ചിറങ്ങിയപ്പോൾ തോന്നി, ഇപ്പോഴാണു മൂകാംബികദർശനം ശരിക്കും പൂർത്തിയായതെന്ന് .

വനദേവതാസങ്കല്പം മനസ്സിൽ നിറയ്ക്കുന്ന ആ ഊർജ്ജം ചെറുതല്ല. വിശ്വപ്രകൃതിയാകെ നിറഞ്ഞിരിക്കുന്ന പരാശക്തിയുമായി നേരിട്ടു സംവദിക്കുന്ന അനുഭവമാണ് തനതു വനദേവതാ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ പ്രകൃതിയെ ഉപാസിക്കുന്ന ഭക്തർക്കു ലഭിക്കുക.
പണ്ടു ധാരാളമായി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന വനദേവതാക്ഷേത്രങ്ങൾ ഇപ്പോൾ എണ്ണത്തിൽ വളരെ കുറഞ്ഞുപോയി. ഉള്ളവതന്നെ പുനരുദ്ധാരണദുരന്തങ്ങൾ മൂലം രൂപമാറ്റം സംഭവിച്ച് കോൺക്രീറ്റും ടൈലും കുത്തിനിറച്ചും വനങ്ങളുടെ സ്വാഭാവികവളർച്ച നിയന്ത്രിച്ച് ഉദ്യാനപ്പരുവമാക്കിയുമെല്ലാം തനിമ നഷ്ടപ്പെട്ടു കഴിഞ്ഞു.

ഭഗവതി പലപ്പോഴും ഇങ്ങനെയാണ്. നാം പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് നമുക്ക് പിന്നീടൊരിക്കൽക്കൂടി കിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത ചില അമൂല്യനിമിഷങ്ങൾ സമ്മാനിക്കും ! 🙏

Friday, February 17, 2023

മായാമോഹനൻ


  

Video

ആലിലത്തുമ്പുകൾ തുള്ളുന്നു വൃന്ദാ-

വനത്തിലെ കാറ്റേറ്റു മന്ദം, 

ആലിലക്കണ്ണനെയാട്ടിയുറക്കുവാൻ 

വെമ്പുന്ന തൊട്ടിൽ കണക്കെ...

ഗോപികമാരായിളകിടുമോരോ-

യിലയിലും  കാർവർണ്ണനുണ്ടേ!  

കാൽവിരലുണ്ടു ശയിക്കുമൊരാനന്ദ- 

വിശ്വമാണാലിലയ്ക്കുള്ളിൽ!

കണ്ടുവണങ്ങുവാൻ വന്നവരൊക്കെയും 

കൊണ്ടുപോയ് കണ്ണനെയൊപ്പം!

ഒട്ടുപേർ  കൊണ്ടുപോയിട്ടുമീയാലില-

യ്ക്കുള്ളിൽക്കളിക്കുന്നു കണ്ണൻ!  🌿

Wednesday, February 15, 2023

ഗോവർദ്ധനഗിരിപരിക്രമ 06-02-2023

 ഈ കലികാലത്തിൽ ഒരു ഭക്തനു ലഭിക്കാവുന്ന അപൂർവ്വപുണ്യങ്ങളിലൊന്നായി ഗോവർദ്ധനഗിരിപരിക്രമയെ സനാതനധർമ്മികൾ കരുതിപ്പോരുന്നു.   

ശ്രീമദ്ഭാഗവതത്തിൽ  പരാമർശിച്ചിട്ടുള്ളതുപോലെ വ്രജവാസികൾ മഴ ലഭിക്കുന്നതിനായി ഇന്ദ്രനെ പൂജിക്കുക പതിവായിരുന്നു. എന്നാൽ ഒരിക്കൽ ശ്രീകൃഷ്ണൻ അവരോടു പറഞ്ഞു, നമ്മൾ ഗോക്കളെ പാലിക്കുന്ന വൃത്തി സ്വീകരിച്ചവരാണ്. വനങ്ങളിലും പർവ്വതങ്ങളിലും കഴിഞ്ഞുകൂടുന്ന നമ്മളുടെ ഗൃഹം ഈ വനം തന്നെയാണ്. അതിനാൽ നമ്മെ പരിപാലിക്കുന്ന ഈ ഗോവർദ്ധനപർവ്വതത്തിനും ഗോക്കൾക്കും ബ്രഹ്മജ്ഞർക്കുമായിട്ടാണ്  യജ്‌ഞം അനുഷ്ഠിക്കേണ്ടത്.  

ഭഗവാൻ്റെ വാക്കുകൾ കേട്ട നന്ദഗോപരുൾപ്പെടെയുള്ള വ്രജവാസികൾ ഇന്ദ്രനായി ഒരുക്കിവച്ച വിഭവങ്ങൾ കൊണ്ടുതന്നെ ഗോവർദ്ധനഗിരിയ്ക്കും ഗോക്കൾക്കും ബ്രഹ്മജ്ഞാനികൾക്കുമുള്ള യജ്‌ഞം ആരംഭിച്ചു.  

പട്ടി, ചണ്ഡാളന്മാർ, പതിതർ തുടങ്ങി എല്ലാവർക്കും  യഥാവിധി ഭക്ഷണം നൽകി. പശുക്കൾക്ക് ആദരവോടെ പച്ചപ്പുല്ലു കൊടുത്ത്  അവയെ മുൻനടത്തി  ഗോവർദ്ധനഗിരിയെ പ്രദക്ഷിണം വച്ചു. വിവിധതരം ഭക്ഷ്യപൂജാദിദ്രവ്യങ്ങൾ  ഗോവർദ്ധനഗിരിക്കായി സമർപ്പിക്കപ്പെട്ടു. ഏവരുടെയും മനസ്സിനെ  ഭക്തിയിൽ  ഉറപ്പിക്കുവാനായി ഭഗവാൻ സ്വയം താൻ ഗോവർദ്ധനമാണെന്നു പറഞ്ഞുകൊണ്ട് വ്രജവാസികൾ സമർപ്പിച്ച പൂജകൾ സ്വീകരിക്കുകയും അന്നപാനീയങ്ങൾ ഭക്ഷിക്കുകയും ചെയ്തു. ഗോവർദ്ധനപർവ്വതം  സ്വരൂപമെടുത്ത് തങ്ങൾ നൽകിയ യജ്‌ഞം സ്വീകരിച്ച് അനുഗ്രഹിച്ചിരിക്കുന്നുവല്ലോ എന്നു വ്രജവാസികളെല്ലാം അതിശയിച്ചു. വ്രജവാസികളുടെയും ഗോക്കളുടെയും ക്ഷേമത്തിനായി ഇനിമുതൽ ഗോവർദ്ധനപർവ്വതത്തെ സദാ നമസ്ക്കരിക്കണമെന്നു വ്രജവാസികൾ തീർച്ചയാക്കി. അന്നുമുതൽ ഭക്തർ ഗോവർദ്ധനഗിരിയെ പ്രദക്ഷിണം വയ്ക്കുന്നത് പരമപാവനമായി കരുതിപ്പോരുന്നു. 

പരിക്രമയ്ക്കിടയിലെ ദൃശ്യങ്ങളോരോന്നും പ്രകൃതിസുന്ദരമാണ്. ഉയരം കുറഞ്ഞു  നീളത്തിൽ കാണപ്പെടുന്ന ഗോവർദ്ധനഗിരിയുടെ ഇപ്പോഴത്തെ ഉയരം ഏതാണ്ട് എൺപത്  അടിയും നീളം ഏതാണ്ട്  എട്ടു കിലോമീറ്ററുമാണെന്നു പറയപ്പെടുന്നു. ആദ്യകാലങ്ങളിൽ ഈ പർവ്വതത്തിന് ഏതാണ്ട് നൂറ്റിപ്പതിനഞ്ചു കിലോമീറ്റർ നീളവും ഇരുപത്തിയഞ്ചു കിലോമീറ്റർ ഉയരവുമുണ്ടണ്ടായിരുന്നുവത്രേ.  നിത്യവും  ഒരു കടുകുമണിയോളം ചുരുങ്ങിപ്പോകട്ടെ എന്നു പുലസ്ത്യമുനി ഗോവർദ്ധനപർവ്വതത്തെ ശപിച്ചതായി പറയപ്പെടുന്ന പുരാണകഥ നേരിട്ടു കണ്മുന്നിൽ അനുഭവപ്പെടുന്നതായാണു  ഗോവർദ്ധനഗിരിയെ അടുത്തറിയാവുന്നവർ പറയുന്നത്.       

രണ്ടു മാർഗ്ഗങ്ങളിലൂടെ ഗോവർദ്ധനഗിരിയെ ചുറ്റാം. ഉള്ളിലൂടെയുള്ള പതിനെട്ടു കിലോമീറ്റർ പാതയും പുറത്തുകൂടിയുള്ള ഇരുപത്തിമൂന്നു   കിലോമീറ്റർ പാതയും. ഉള്ളിലൂടെയുള്ള പരിക്രമപാത താരതമ്യേന കാഠിന്യം കുറഞ്ഞതാണ്. മാത്രവുമല്ല, ഉള്ളിലെ  പാതയിലൂടെ പോകുമ്പോൾ  വലതുവശത്തു ഗോവർദ്ധനപർവതത്തെ  കണ്ടുകൊണ്ടു പ്രദക്ഷിണം വയ്ക്കാനാകും.  ഗോവർദ്ധനഗിരിയുടെ ഏറിയ പങ്കും ഉത്തർപ്രദേശിലും കുറച്ചു ഭാഗം രാജസ്ഥാനിലുമാണ് സ്ഥിതി ചെയ്യുന്നത്. പരിക്രമമാർഗ്ഗത്തിലൂടെ ചെരുപ്പുപയോഗിക്കാതെ വേണം പതിനെട്ടു കിലോമീറ്റർ പരിക്രമ പൂർത്തിയാക്കാൻ. തണുപ്പുള്ള സമയമായതിനാൽ ചിലരെല്ലാം സോക്സ് ഉപയോഗിച്ചിരുന്നു.  പരിക്രമ തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ തിരിഞ്ഞു നടക്കാതെ വേണം പ്രദക്ഷിണം പൂർത്തിയാക്കുവാൻ.

രാധാകൃഷ്ണന്മാരുടെ ദിവ്യസാന്നിദ്ധ്യമുള്ള തീർത്ഥസ്ഥാനമായ  രാധാകുണ്ഡിലെയും  ശ്യാമകുണ്ഡിലെയും പുണ്യജലത്തെ തൊട്ടുവണങ്ങി അനുവാദം വാങ്ങിയതിനു ശേഷമാണു ഭക്തർ ഗോവർദ്ധനഗിരിപരിക്രമയ്ക്കു പുറപ്പെടുക.  പരിക്രമയ്ക്കിടയിലെ രണ്ടു പ്രധാനപ്പെട്ട സ്ഥാനങ്ങളാണ് 'അന്യോര'യും  'പൂഞ്ജരി കാ ലോഠ'യും. 

അന്യോര ഒരു അതിപുരാതനമായ ഗ്രാമമാണ്. ഗോവർദ്ധനഗിരിയായി സ്വയം മാറിയ ഭഗവാൻ ഈ സ്ഥലത്തുവച്ച്  വ്രജവാസികൾ നൽകിയ ഭക്ഷണപാനീയങ്ങളെല്ലാം സ്വീകരിച്ചശേഷം 'ഇനിയും കൊണ്ടുവാ...ഇനിയും കൊണ്ടുവാ' എന്ന അർത്ഥത്തിൽ   'അനോ രേ...അനോ രേ' എന്നു പറഞ്ഞുകൊണ്ടിരുന്നുവെന്നും അതിനാൽ ഈ സ്ഥലം അന്യോര എന്നറിയപ്പെട്ടു എന്നും ഐതിഹ്യം.

പൂഞ്ജരി കാ ലോഠാ ഉത്തർ പ്രദേശ് - രാജസ്ഥാൻ അതിർത്തിപ്രദേശമാണ്. ഗോവർദ്ധനപർവ്വതത്തിന് 

ഒരു ഗോവ് ഇരിക്കുന്നതുപോലുള്ള ആകൃതിയാണ്. ഈ പ്രദേശത്തെത്തുമ്പോൾ ഗോവർദ്ധനഗിരിയ്ക്കു പശുവിൻ്റെ വാലറ്റമെന്നു തോന്നിക്കുന്ന ആകൃതി  കൈവരുന്നു.   പൂഞ്ജരി എന്നാൽ വാലറ്റം എന്നാണ് അർത്ഥം. ഈ പ്രദേശത്താണു

ലോഠാജി ബാബയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എത്രപേർ ഓരോ ദിവസവും പരിക്രമയ്ക്കായി എത്തുന്നു എന്ന കണക്കു സൂക്ഷിക്കാൻ ഭഗവാൻ ഏൽപ്പിച്ചു എന്നു കരുതപ്പെടുന്ന ലോഠാജി ബാബയോടും അനുവാദം വാങ്ങി വേണം ഗോവർദ്ധനഗിരിപരിക്രമയുടെ ശേഷിച്ച  ദൂരം താണ്ടാൻ. ഹനുമാനുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങളും പൂഞ്ജരി കാ ലോഠായോട് ചേർത്തു പറഞ്ഞുകേൾക്കാറുണ്ട്. 

എല്ലാ ഐതിഹ്യങ്ങളിലും പരമമായ ഒരു തത്വം  ഒളിഞ്ഞിരിക്കുന്നുണ്ടാവും.  വേദാധിഷ്ഠിതമായ പരമാർത്ഥതത്വഗ്രഹണം എളുപ്പമാക്കുവാൻ പറയപ്പെട്ടവയാണല്ലോ  പുരാണകഥകൾ. അവയെ അതിനായി  ഉപയോഗിച്ചതിനുശേഷം അവയിൽനിന്നും സത്തുമാത്രമെടുത്ത്‌  പുറത്തുകടന്നു സ്വയം മനനം ചെയ്ത് ആത്മോദ്ധാരണം നടത്തുമ്പോഴേ ഓരോ തീർത്ഥയാത്രയും സഫലമാകുന്നുള്ളൂ. 

ഗോവർദ്ധഗിരിപരിക്രമ  എന്ന കർമ്മത്തിലൂടെ അത്തരമൊരു മാനസികോദ്ധാരണമാണ്  ഭഗവാൻ നമ്മിൽ സാദ്ധ്യമാക്കുന്നത്. ഭഗവാൻ കൃഷ്ണനെക്കാൾ മികച്ച ഏതു പ്രകൃതിസ്നേഹിയെയും ഏതു സമത്വവാദിയെയുമാണു നമുക്കീ ലോകത്തിൽ കാണാനാവുക?!   

ഗോ എന്നാൽ പശു എന്നും ഇന്ദ്രിയം എന്നും ഭൂമി എന്നുമെല്ലാം അർത്ഥമുണ്ട്. "ഉദ്ധരേതാത്മനാത്മാനം" എന്നു  തുടങ്ങുന്ന   ഗീതാശ്ലോകത്തിൽ (6.5)  ഭഗവാൻ ഉപദേശിക്കുംപോലെ ഓരോരുത്തരെയും പരമമായി  ഉദ്ധരിക്കേണ്ടത്  അവരവർ തന്നെയാകുന്നു. അതിനായി ഇന്ദ്രിയങ്ങളെ സമ്യക്കായി നിയമിച്ച്‌  മനസ്സാകുന്ന ഗോവർദ്ധനപർവ്വതത്തെ നമുക്ക്‌ ആ ശ്രീകൃഷ്ണപരമാത്മാവിൻ്റെ   വിരൽത്തുമ്പിൽ അർപ്പിക്കാം. 

ഹരേ കൃഷ്ണ! 🙏