Followers

Wednesday, February 15, 2023

വൃന്ദാവനയാത്ര - 2023 ഫെബ്രുവരി

രാധേ രാധേ...🙏
വ്യാവഹാരികലോകത്തിൻ്റെ തിക്കുതിരക്കുകൾക്കിടയിൽ ഒരു വ്യക്തിയ്ക്കു തൻ്റെ ആത്മസത്തയെ തേടാനും അനുഭവിക്കാനും ലഭിക്കുന്ന നിമിഷങ്ങൾ വളരെ അപൂർവ്വമായേ വന്നുചേരാറുള്ളൂ. അത്തരം അസുലഭനിമിഷങ്ങളെയാണു 'മോചിതയുടെ മോക്ഷയാത്ര'യോടൊപ്പമുള്ള കഴിഞ്ഞ ഒരാഴ്ചക്കാലത്തെ
(Feb.2 to Feb 10) വൃന്ദാവനയാത്രയിൽ എനിയ്ക്കനുഭവിക്കാനായത്.
കലിയുഗത്തിലെ ലൗകികജീവിതത്തിൻ്റെ വ്യവഹാരങ്ങളും ആരവങ്ങളും ചുറ്റിലും നിറഞ്ഞാടുമ്പോഴും അതിലൊന്നും ഒട്ടാതെ സർവ്വതും മറന്ന് ആ ശ്രീകൃഷ്ണപരമാത്മാവെന്ന മഹാതത്ത്വത്തെത്തേടിയുള്ള ഒരു ജ്ഞാനതീർത്ഥയാത്ര!
കണ്ണൻ്റെ എല്ലാമെല്ലാമായ വ്രജഭൂമിയിൽ ജീവിക്കുന്നവർ തമ്മിൽത്തമ്മിൽ വന്ദിക്കുന്നതു കണ്ണനേറ്റവും പ്രിയമുള്ള 'രാധേ... രാധേ...' എന്ന നാമധേയം ഉച്ചരിച്ചുകൊണ്ടാണ്. രാധയും കൃഷ്ണനും രണ്ടല്ല ഒന്നുതന്നെയാണെന്ന സത്യം അനുനിമിഷം അനുഭവിക്കുന്ന അവരുടെ നാക്കിലും മനസ്സിലും സദാ രാധാമന്ത്രമുണർന്നിരിക്കുന്നു. ആ രാധയിലൂടെയേ നമുക്കും ഇവിടെ ഭഗവാനെ കാണുവാനാകൂ.
മലയാളികളായ നാം പലപ്പോഴും പല പണ്ഡിതമ്മന്യന്മാരിൽനിന്നും കേൾക്കാറുള്ള ദുർവ്യാഖ്യാനങ്ങളിലേതുപോലുള്ള വിലകുറഞ്ഞ ശൃംഗാരചേഷ്ടകളിൽ അധിഷ്ഠിതമല്ല അവരുടെ മനസ്സിലുള്ള രാധാകൃഷ്ണപ്രണയത്തിൻ്റെ തലങ്ങൾ. ആ തലത്തിലേയ്ക്കുയരാൻ അവശ്യം വേണ്ട ഒന്നാണു ചിത്തശുദ്ധി.
ദക്ഷിണഭാരതത്തിലുള്ളവർ പരാശക്തിയായ ഭഗവതിയെ പൂജിക്കുന്നത് എത്ര ഗൗരവത്തോടെയാണോ അത്രയുമോ അതിലധികമോ ദൃഢമായിട്ടാണു വൃന്ദാവനവാസികളും ഉത്തരേന്ത്യക്കാർ പൊതുവെയും രാധാറാണിയെ ഉപാസിക്കുന്നതെന്നു വൃന്ദാവനത്തിൻ്റെ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ അറിയാനാകും.
ഇവിടെയുള്ള ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെല്ലാം അലങ്കാരവിഭൂഷിതനും രാധാസമേതനുമായ ശ്രീകൃഷ്ണനെയാണു കാണുവാനാകുക.
വൃന്ദാവനയാത്ര പച്ചയായ മനുഷ്യരുടെ ജീവിതക്കാഴ്ചകളിലേക്കുള്ള ഒരു യാത്ര കൂടിയാണ്. ഉത്തർപ്രദേശിൻ്റെ വഴികളിലുടനീളം കാണുന്ന കടുകു പൂത്തുലഞ്ഞ പാടങ്ങളും പുഷ്ടിമയോടെ തലയാട്ടിനിൽക്കുന്ന ഗോതമ്പുവയലുകളും ചാണകവറളികൾ ഉണക്കുവാൻ വച്ച മുറ്റങ്ങളുമെല്ലാം അവിടുത്തെ മനുഷ്യരുടെ അദ്ധ്വാനശീലത്തെപ്പറ്റി നമ്മോടു പറഞ്ഞുകൊണ്ടേയിരിക്കും.
ശ്രീകൃഷ്ണൻ പിറന്ന കംസൻ്റെ കാരാഗൃഹവും യദുകുലനാഥനായ കണ്ണൻ്റെ പുരാതനഭവനവും ഉണ്ണികൃഷ്ണൻ തൻ്റെ വിരൽത്തുമ്പിൽ പറ്റിയ വെണ്ണ തുടച്ചുതുടച്ചു മിനുസമേറിയ, കൃഷ്ണകാലത്തോളം പഴക്കമുള്ള തണുപ്പേറിയ കൽത്തൂണുകളുമെല്ലാമൊരിക്കൽ കണ്ടാൽ ശ്രീകൃഷ്ണൻ ശരിക്കും ജീവിച്ചിരുന്നുവോ എന്ന പലരുടെയും സംശയം നീങ്ങിക്കിട്ടും.
യശോദയുടെ വെണ്ണക്കലത്തിൽനിന്നും വെണ്ണ കട്ടുകൊണ്ടോടുന്ന കുസൃതിയായ കണ്ണനെപ്പോലെ ഇവിടുത്തെ കാറ്റ് അടിയ്ക്കടി നമ്മുടെ മുടിയിഴകളെ വീശിപ്പറത്തിക്കൊണ്ടിരിക്കും.ഉണ്ണിക്കണ്ണൻ പൂഴി വാരിക്കളിച്ച രമൺ രേത്തിയിലെ മണ്ണിനാകട്ടെ, ആ ശൈശവകിശോരൻ്റെ കാലടികളെക്കാൾ പതുപതുപ്പുണ്ടല്ലോ എന്നു തോന്നിപ്പോകും. ഭഗവാൻ്റെ കാലടി പതിഞ്ഞ മണ്ണ് എന്ന ആനന്ദാതിരേകത്തോടെ അതിലൊരു പിടി വാരി നെറ്റിയിലും നെഞ്ചിലും മിഴികളിലും ചേർത്തുപിടിക്കുന്നവർ, ആ മണ്ണിൽ ദേഹബോധവും പ്രായബോധവുമെല്ലാം മറന്ന് അക്രൂരനെപ്പോലെ വീണുരുളുന്നവർ, മരക്കൊമ്പുകൾ തോറും പാറിക്കളിക്കുന്ന തത്തക്കൂട്ടങ്ങളുടെ രാധാകൃഷ്ണനാമകൂജനങ്ങൾ, വഴിനീളെ വളർന്നുനിൽക്കുന്ന അരായാൽവൃക്ഷങ്ങളിൽ കണ്ണൻ്റെ കാൽത്തളകളെ അനുകരിച്ചു കിലുകിലാരവം പുറപ്പെടുവിച്ചുകൊണ്ടു സദാ തുള്ളിയിളകുന്ന ആലിലകൾ, കൃഷ്ണകാലത്തെ പിരിയാൻ കൂട്ടാക്കാതെ ഇന്നും കൃഷ്ണൻ്റെ കാൽപ്പാദങ്ങൾ പതിയാനായി ദേഹം ചായ്ച്ചു തപസ്സുചെയ്യുമ്പോലെ വളർന്നുപന്തലിച്ചുനിൽക്കുന്ന കടമ്പുവൃക്ഷങ്ങൾ, ഗോകുലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അങ്ങുമിങ്ങും ഭയരഹിതരായി മേയുന്ന അരോഗദൃഢഗാത്രരായ കാലിക്കൂട്ടങ്ങൾ, ചുള്ളിക്കാടുകൾക്കിടയിൽ ചിറകു കുടഞ്ഞും താളം ചവിട്ടിയും നടക്കുകയും നമ്മുടെ ക്യാമറക്കണ്ണുകൾക്കൊന്നും പിടിതരാതെ മിന്നൽ വേഗത്തിൽ പറന്നുമറയുകയും ചെയ്യുന്ന മയിലുകൾ, ശ്രീകൃഷ്ണൻ്റെ പൂർവ്വാവതാരമായ ശ്രീരാമൻ്റെ പരമഭക്തനായ ആഞ്ജനേയൻ്റെ ലങ്കാദഹനവികൃതികളെ ഓർമ്മിപ്പിക്കുമാറുള്ള ചടുലതയും വികൃതിയുമേറിയ വാനരസേനകൾ... നിർഭയരായി നമുക്കുചുറ്റും വിഹരിക്കുന്ന പക്ഷിമൃഗാദികളും ആ പുണ്യവ്രജരജസ്സും കൃഷ്ണലീലകൾ അയവിറക്കിക്കൊണ്ടു വിരഹിയായി ഒഴുകുന്ന യമുനയുമെല്ലാം ചേർന്നു ഭഗവാൻ്റെ വനഭോജനമെന്ന ലോകോത്തരമായ സമത്വഭാവനയെ നമ്മുടെ മനസ്സിലുറപ്പിക്കുന്നു.
രാധാകൃഷ്ണന്മാരുടെ സാന്നിദ്ധ്യം നിറഞ്ഞ ഭാണ്ടീരവനത്തിലെ കൊതിപ്പിക്കുന്ന നിശബ്ദത, ശ്രീകൃഷ്ണനോളം പഴക്കമുള്ള
തേർ കദംബയിലെ വള്ളിക്കുടിലിനടിയിലിരിക്കുമ്പോൾ ലഭിക്കുന്ന കുളിർമയും ശാന്തിയും, അവിടുത്തെ വൃക്ഷക്കൊമ്പിൽ കാലാട്ടിക്കൊണ്ടിരിക്കുന്ന വനമാലിയുടെ നീട്ടിയുള്ള "തേ...ർ..ർ" എന്ന ആ വിളിയുടെ ഓർമ്മ, റാവലിൽ രാധാറാണിയുടെ ഭവനവും പരിസരവും ഹൃദയത്തിൽ നിറയ്ക്കുന്ന സ്വച്ഛതയും ഹരിതാഭമായ ആ ഗ്രാമനൈർമല്യവും, അവിടുത്തെ മണ്ഡപത്തിലെ മുട്ടിലിഴയുന്ന രാധാവിഗ്രഹത്തിൻ്റെ നീലക്കണ്ണുകളിൽ തെളിയുന്ന വിശ്വപ്രണയത്തിൻ്റെ കടലാഴം, ഏകാന്തമായ മനസ്സോടെ ഗോവർദ്ധനഗിരിയെ വലം വയ്ക്കുമ്പോൾ നമ്മിൽ വന്നുനിറയുന്ന ദ്വാപരയുഗവും അതിൽ ഞാനാരായിരുന്നുവെന്ന പൂർവ്വജന്മത്തെക്കുറിച്ചുള്ള കാല്പനികവും ഉദ്വേഗജനകവും ആനന്ദദായകവുമായ സങ്കല്പവികല്പങ്ങളും, ചരൺ പഹാഡിയിലെ കരിങ്കൽക്കൂട്ടങ്ങൾക്കു മുകളിൽ അസ്തമനസൂര്യൻ നിറം പകർന്ന ആകാശത്തിനു കീഴെ നിശബ്ദതയെ പുൽകി, താഴെ കണ്ണെത്താദൂരത്തോളം പച്ചച്ചുകിടക്കുന്ന വൃന്ദാവനഭൂമിയെ വീക്ഷിച്ചും ധ്യാനിച്ചുമിരിക്കുമ്പോൾ ലഭിക്കുന്ന ഉണർവ്വും ഉൾത്തെളിമയും, അതോടൊപ്പം ആ താഴ്വാരത്തിലെ ഇടവഴികളിലൊന്നിലൂടെ ഗോപവൃന്ദത്തിനൊത്തു ഗോക്കളെ തെളിച്ചും മുളങ്കുഴലൂതിക്കൊണ്ടും കളിച്ചുചിരിച്ചുകൊണ്ടുവരുന്ന
വേണുഗോപാലനെക്കുറിച്ചുള്ള ഭാവനകളും... അങ്ങനെയങ്ങനെ പൂർണ്ണമായും കൃഷ്ണകാലത്തിലേയ്ക്കു മടങ്ങിപ്പോയ ഒരാഴ്ചക്കാലം!
പറഞ്ഞതിലേറെ പറയാനിനിയും ബാക്കിയായും, വർണ്ണിക്കാൻ സാധിക്കാതെയും കണ്ണിലും മനസ്സിലും വൃന്ദാവനം നിറഞ്ഞുനിൽക്കുന്നു.
ഉത്തർപ്രദേശിൻ്റെ അതിർത്തി കടന്നു രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ആദി ബദരിയിൽ നരനാരായൺമാരുടെയും ഗണപതിയുടെയും പരമേശ്വരൻ്റെയും ഗരുഢഭഗവാൻ്റെയുമെല്ലാം സാന്നിധ്യത്തിലിരുന്നു യാത്രികരേവരുമൊത്തു വിഷ്ണുസഹസ്രനാമം ജപിക്കാൻ സാധിച്ചത് മഹാഭാഗ്യം! മുന്നൂറ്റിയറുപതു കൽപ്പടവുകൾ കയറി ആദികേദാറിലെ തണുതണുത്ത ശിവലിംഗത്തെ കെട്ടിപ്പിടിച്ചപ്പോൾ നെഞ്ചിലും കൈത്തലങ്ങളിലും അനുഭവപ്പെട്ട അനിതരസാധാരണമായ, മനസ്സടക്കുന്ന ശീതളിമ, ആ കേദാരപർവ്വതത്തിനുമുകളിൽ നിന്നു താഴേയ്ക്കു നോക്കുമ്പോൾ ലഭിക്കുന്ന ദൃശ്യവിശാലതയ്‌ക്കൊപ്പം നമ്മുടെ ഹൃദയവും സങ്കോചം വെടിഞ്ഞു വിശാലമാകുന്നുവെന്ന ബോദ്ധ്യം...
എല്ലാമെല്ലാം വാക്കുകൾക്കു വർണ്ണിക്കാനാകുന്നതിനുമപ്പുറമാണ്. പ്രകൃതിയുടെ താളവും നമ്മുടെ ഹൃദയതാളവും ഒറ്റയൊന്നായി ഒരു യോഗാവസ്ഥയിലെത്തുന്ന നിമിഷങ്ങൾ ഈ യാത്രയിൽ പല ഘട്ടങ്ങളിലും അനുഭവിക്കാനായി. ഈ പ്രപഞ്ചത്തെ ഇങ്ങനെയൊരു മഹാസംഭവമായി പണിചെയ്ത ആ ചൈതന്യത്തിനു മുന്നിൽ എൻ്റെ ആത്മസമർപ്പണം.
ഭഗവാൻ്റെ ജന്മഭൂമിയെ അടുത്തറിയാൻ സാധിച്ച ഈ വൃന്ദാവനയാത്ര തീരുംമുമ്പ് വ്രജനാഥനായ മാധവനോടു പ്രാർത്ഥിച്ചത് ഇത്രമാത്രം...
കൃഷ്ണകാലത്തു നിറഞ്ഞ തെളിനീർ വഹിച്ചുകൊണ്ടു കളകളാരവത്തോടെയൊഴുകിയിരുന്ന കൃഷ്ണസഖിയായ യമുനയെ പലയിടത്തും മലിനപ്പെടുത്തുന്നതിനു കാരണക്കാരായ മനുഷ്യരുടെ ഇടപെടലുകൾക്കു പൂർണ്ണമായും ഒരറുതി വരുത്തണമേയെന്നും ശ്രീകൃഷ്ണഭൂമിയിൽ വന്നുപോകുന്ന സന്ദർശകരുടെ മുന്നിൽ തങ്ങളുടെ ആത്മശക്തി തിരിച്ചറിയാതെ കൈനീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തെ ഗോവർദ്ധനഗിരിയെയെന്നപോലെ ഒരിക്കൽക്കൂടി ഉദ്ധരിച്ച് അവരുടെ ജീവിതത്തെ ശ്രേയസ്‌ക്കരമാക്കണേയെന്നും.
മോചിതയുടെ മോക്ഷയാത്രയെക്കുറിച്ചുകൂടി രണ്ടു വാക്ക്. വൃന്ദാവനയാത്രയ്‌ക്കു പോകുന്ന സഞ്ചാരികൾ പതിവായി തിരഞ്ഞെടുക്കുന്ന പാതകളിൽനിന്നും ഒരുപക്ഷെ വ്യത്യസ്തമായിരിക്കാം മോക്ഷയുടെ പാതകൾ. പക്ഷേ ആ വ്യത്യസ്തത എന്തുകൊണ്ട് എന്നത് ഒരിക്കൽ മോക്ഷയോടൊപ്പം യാത്ര ചെയ്‌താൽ അറിയാനാകും. മനുഷ്യമനസ്സുകളിൽ ഉന്നതമായ സങ്കൽപ്പങ്ങൾ ഉണ്ടാവുക എന്നത് ലോകകല്യാണത്തിന് അവശ്യം വേണ്ടതായ സ്ഥിതിയാണ്. അത്തരം സങ്കൽപ്പങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നായിരുന്നു ഈ യാത്ര. പ്രകൃതിയിലെ നിശബ്ദതയിൽ ഒരു ദക്ഷിണാമൂർത്തിഭാവത്തെ അന്വേഷിക്കുന്ന തീർത്ഥാടകർക്ക് ഈ യാത്രയിൽ ആ സ്പന്ദനങ്ങളെ ഇടയ്ക്കിടയ്ക്ക് അറിയാനാകും.
സന്ദർശനത്തിനായി തിരഞ്ഞെടുക്കുന്ന ഓരോ സ്ഥലങ്ങളുടെയും ആധികാരികമായ ഐതിഹ്യങ്ങളും അതിനുള്ളിലൊളിഞ്ഞിരിക്കുന്ന തത്വങ്ങളും മോചിതാജി വളരെ വിശദമായിത്തന്നെ ഓരോ ദിക്കിലുമെത്തുമ്പോൾ വിവരിച്ചുതരുന്നുണ്ട്. ഇത് ഈ ഈശ്വരാനുഭവയാത്രയെ കൂടുതൽ അർത്ഥവത്താക്കി.
കൂടാതെ ഓരോ ദിവസവും യാത്ര തുടങ്ങുന്നതിനു മുൻപുള്ള പ്രാണായാമവും ധ്യാനവും സത്സംഗംഗവും ഓരോ യാത്രികനും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉണർവ്വിനെ പ്രദാനം ചെയ്തു. എഴുപതിനു മുകളിൽ പ്രായമുള്ള അമ്മമാരടക്കമുള്ള യാത്രികർ പതിനെട്ടു കിലോമീറ്റർ വരുന്ന ഗോവർദ്ധനപരിക്രമയും ആദികേദാർ ക്ഷേത്രത്തിലേക്കുള്ള മുന്നൂറ്റിയറുപതു പടികളും തികഞ്ഞ ആത്മബലത്തോടെ തരണം ചെയ്തുവെന്നത് മുഴുവൻ യാത്രാസംഘത്തിനും ലഭിച്ച ഈശ്വരാനുഗ്രഹമാണ്.
യാത്രികർക്കു ലഭിച്ച താമസസൗകര്യം കുറ്റമറ്റതായിരുന്നു.
യാത്രികരുടെ ആരോഗ്യത്തിൽ പരമമായ നിഷ്ക്കർഷ പാലിക്കുന്നതിൽ മോചിതയുടെ മോക്ഷ ടീമിനൊപ്പം സഞ്ചരിച്ചു ഭക്ഷണം തയ്യാറാക്കിനൽകിയവർ അർപ്പിച്ച ശ്രദ്ധയും കരുതലും യാത്രയിലുടനീളം യാത്രികർക്ക് അനുഭവിക്കാനായി. എടുത്തുപറയേണ്ട മറ്റൊന്ന് ഞങ്ങളെ ഓരോ സ്ഥലങ്ങളിലും സുരക്ഷിതരായി എത്തിച്ച പണിക്കേഴ്സ് ട്രാവൽസിൻ്റെ ബസ്സുകളുടെ സാരഥികളെയാണ്. മോചിതാജിയുടെ ഇടംകൈയും വലംകയ്യുമായി സദാ യാത്രികരുടെ വിളിപ്പുറത്തുണ്ടായിരുന്ന വിഷ്ണുവിനും പ്രേമിനും നന്ദി. നാട്ടിലിരുന്നുകൊണ്ടു യാത്രാകാര്യങ്ങൾ വേണ്ടതുപോലെ ഏകോപിപ്പിച്ച ശ്രീ റെജിയ്ക്കും നന്ദി.
വിവിധ ദിക്കുകളിൽ നിന്നെത്തി ഒരാഴ്ചക്കാലം ഒന്നിച്ചു യാത്ര ചെയ്ത് ആത്മബന്ധുക്കളായിമാറിയ എൺപത്തിയൊമ്പതു യാത്രികർക്കും നന്ദി, നമസ്കാരം. കൂടുതൽ ഈശ്വരാനുഭവങ്ങൾക്കായി ഇനിയും ഒന്നിച്ചു യാത്ര ചെയ്യാനിടവരട്ടെ.













































No comments:

Post a Comment