Followers

Tuesday, October 25, 2022

അക്ഷരം എന്ന സത്യം

 


06-09-2022

അക്ഷരം സത്യമാണ്. അക്ഷരങ്ങളെ ചേർത്തുവച്ചു പദങ്ങളും വാക്യങ്ങളും ഖണ്ഡികകളും ജൻമസിദ്ധമായ കഴിവോടെ ചമയ്ക്കുമ്പോൾ ഇടയിലെവിടെയെങ്കിലും അറിഞ്ഞുകൊണ്ട്, അല്പം കുത്സിതലക്ഷ്യത്തോടെ, ഒരു ചെറിയ-അത്ര ഗൗരവമല്ലാത്ത അസത്യത്തെപ്പോലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കാതിരുന്നാൽ ഏതൊരു എഴുത്തുകർമ്മവും ധന്യമായി. തികച്ചും മനസ്സറിവില്ലാതെ സംഭവിക്കുന്ന വാസ്തവവൈരുദ്ധ്യം എഴുത്തിലെ നൈസർഗ്ഗികസിദ്ധിയെയും അതിനു കാരണമായ ഈശ്വരകടാക്ഷത്തെയും അത്രമേൽ ബാധിക്കുകില്ലായിരിക്കാം. എന്നാൽ  മനഃപ്പൂർവ്വമായുള്ള ആശയവൈരൂപ്യവൽക്കരണത്തിന് അക്ഷരത്തെ ഉപയോഗിക്കുന്നത് തീർച്ചയായും ആത്മനാശത്തിലേയ്ക്കു നയിക്കും. 

നമ്മുടെ മുന്തിയ എഴുത്തുകാരിൽ പലരും വളർച്ചയുടെ പടവുകൾ കുറെ കയറിക്കഴിയുമ്പോൾ അവരുടെ  നൈസർഗ്ഗികചേതനയിൽ ഒരു ലോപം ഭവിക്കുന്നത് അവർക്കു സ്വയവും അവരെ വായിക്കുന്നവർക്കും അനുഭവപ്പെടാറുണ്ടല്ലോ. എഴുത്തിൽ അസത്യത്തിൻ്റെയും അധർമ്മത്തിൻ്റെയും ആത്മനിഷേധത്തിൻ്റെയും അളവു കൂടിക്കൂടിവരുന്നതിൻ്റെ ലക്ഷണമാണത്. എഴുത്തുകാർ മാത്രമല്ല, ഏതൊരു കലയെ ഉപാസിക്കുന്നവരും ഇത്തരം ശോച്യാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഒരു ആത്മപരിശോധനയ്ക്കു വിധേയരാകേണ്ട സമയമായി എന്നു സ്വയം മനസ്സിലാക്കുവാനുള്ള അവസരമാണത്.

അക്ഷരത്തിൻ്റെ ദുരുപയോഗം, പ്രത്യേകിച്ചും ആശയപരമായ ദുരുപയോഗം, (ഏതു രംഗത്തായാലും) അതുപയോഗിക്കുന്നവരുടെയും അതുമായി താദാത്മ്യം പ്രാപിക്കുന്നവരുടെയും ദുര്യോഗത്തിനു കാലക്രമേണ കാരണമാകുമെന്ന ചിന്ത സഹൃദയരുമായി പങ്കു വയ്ക്കാനാണ് ശ്രമിച്ചത്. എഴുത്തും വായനയും കലോപാസനയും ശ്രദ്ധയോടെ അനുഷ്ഠിക്കാൻ നാം പ്രാപ്തരാവട്ടെ.

2 comments: