Followers

Tuesday, October 25, 2022

അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ

 അവിചാരിതമായും ആദ്യമായും ലഭിച്ച അനുഗ്രഹം! അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ ദർശനം. 




സ്ഥലപരിചയമില്ലാത്തവർക്ക് പുറമേ നിന്നു നോക്കിയാൽ അത്ര പെട്ടന്ന് നോട്ടമെത്താനിടയില്ലാത്ത ഒരു സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൻ്റെ പ്രധാനകവാടത്തിൻ്റെ നിർമ്മിതി ചോളരാജവംശശൈലിയിലുള്ളതാണ്. അകത്തു കയറുമ്പോൾ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേതിനു സമാനമായ ഭഗവാൻ്റെ പൂർണ്ണകായബിംബം നമ്മുടെ കണ്ണിനും മനസ്സിനും സായൂജ്യമായി അനന്തശായിയായി അങ്ങനെ പള്ളി കൊള്ളുന്നു! തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരത്തിരുനാൾ ബാലരാമവർമ്മത്തമ്പുരാൻ ദാനമായി നൽകിയ ഭൂമിയിൽ 1962 ൽ നിലവിൽ വന്നതാണ് ഈ ക്ഷേത്രം. മദിരാശിയിലെ മലയാളി സമൂഹത്തിനായി പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നു പറയപ്പെടുന്നു. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രനടയ്ക്കലെത്തിയാൽ ഭക്തരുടെ തിക്കും തിരക്കും മൂലം ഭഗവാനെ തൃപ്തിയാകുവോളം ദർശിക്കാൻ കഴിയാത്തതിൻ്റെ ഖേദം മുഴുവനും തീർക്കാം നമുക്കിവിടെ. ഒരേ നിരയിൽ മൂന്നു പാളി വാതിലുകളുള്ള തിരുനടയും തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെതന്നെ. വിഗ്രഹത്തിൻ്റെ വലിപ്പവും നിറവും എല്ലാം അതേപോലെ. ഉപദേവതകളായി ഗണപതി, നവഗ്രഹങ്ങൾ, ഗരുഡൻ, ആഞ്ജനേയൻ, എന്നിവരും ഈ ക്ഷേത്രത്തിലുണ്ട്. വൈകുണ്ഠദ്വാരം എന്ന സങ്കല്പത്തിൽ നിർമ്മിച്ചിരിക്കന്ന, മച്ചു വരെ ഉയരമുള്ള കതകിനെ പൊതിഞ്ഞിരിക്കുന്ന സ്വർണ്ണത്തകിടിൽ വിശ്വരൂപദർശനമുൾപ്പെടെ അനേകം ദേവതാസങ്കല്പങ്ങളെയും ആരാധനാ ബിംബങ്ങളെയും കൊത്തിയിരിക്കുന്നു. കോവിലിൻ്റെ വിസ്തീർണ്ണം താരതമ്യേന കുറവാണെങ്കിലും അതിനകത്തെ ദർശനാനുഭവം അത്ഭുതാവഹമാണ്. ക്ഷേത്രത്തിനകം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിനകത്ത് മൊബൈൽ/ ക്യാമറ റെക്കോർഡിംഗ് അനുവദനീയമല്ല. രാവിലെ ആറരമണി മുതൽ ഉച്ചയ്ക്കു 12 മണി വരെയും വൈകുന്നേരങ്ങളിൽ നാലര മുതൽ ഏഴരമണി വരെയുമാണ് ദർശനസമയം. ഭക്തർക്കു ശ്രീകോവിലിനു നേരെയിരുന്നുകൊണ്ട് ദീപാരാധന തൊഴാനും ഭഗവാനെ മനസ്സുനിറയെ ധ്യാനിക്കാനുമായി തടിയിൽ തീർത്ത നീണ്ട ഒരു ഇരിപ്പിടവുമുണ്ട്. സെക്യൂരിറ്റി ജീവനക്കാർ എഴുന്നേൽപ്പിച്ചുവിട്ടേക്കുമോ എന്ന സംശയമൊന്നുമില്ലാതെ ക്ഷേത്രം തുറന്നിരിക്കുമ്പോൾ എത്രനേരം വേണമെങ്കിലും ഭക്തർക്ക് അവിടെയിരുന്ന് ഭഗവാനെ കൺകുളിർക്കെ കാണുകയും യഥേഷ്ടം ധ്യാനിക്കുകയുമാവാം. 🙏

2 comments:

  1. പോകണമെന്ന് ആഗ്രഹിച്ചിരുന്നു.എന്തായാലും വലിയ താമസമില്ലാതെ പോകാൻ തീരുമാനിച്ചു 🌹🥰

    ReplyDelete
    Replies
    1. പോകാനാണെങ്കിൽ ചെന്നൈയിലും പരിസരത്തും നിറയെ ക്ഷേത്രങ്ങളാണ്. മൈലാപ്പൂർ കപാലീശ്വരാർ ക്ഷേത്രം, കാഞ്ചീപുരം ഏകാമ്രേശ്വരക്ഷേത്രം, കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം, തിരുവാൺമിയൂർ മരുന്തീശ്വരാർ ക്ഷേത്രം, ചെന്നൈ പാർത്ഥസാരഥി ക്ഷേത്രം, ബസന്ത് നഗർ അഷ്ടലക്ഷ്മി ക്ഷേത്രം അങ്ങനെയങ്ങനെ... കേരളത്തിലെ ക്ഷേത്രങ്ങളുടെ ഒരു വൈബ് അല്ലെങ്കിലും ഭക്തി എന്ന ആനന്ദാനുഭവത്തിന് അവിടെ ഒരു കുറവുമില്ല.

      Delete