അമ്പാടിയോളമെനിക്കായ്;
മെന്നമ്മ, പ്രിയയശോദയ്ക്കും
എന്നുറ്റ ഗോപിമാർക്കും കൃപയോടെ നീ
നൽകണമെൻ്റെ സന്ദേശം.
എന്നുടെ ഗോക്കളെയൊക്കെയും കണ്ടുനീ
സന്താപമാറ്റിവരേണം.
ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
എന്നുറ്റ ഗോപിമാർക്കും കൃപയോടെ നീ
നൽകണമെൻ്റെ സന്ദേശം.
എന്നുടെ ഗോക്കളെയൊക്കെയും കണ്ടുനീ
സന്താപമാറ്റിവരേണം.
യുയർത്തും കണക്കു ഗോവർദ്ധനപർവ്വതം
ഒറ്റക്കരത്താലുയർത്തിയ ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
മാമല പോലുള്ള പൂതനതൻ വിഷ-
പ്പാൽ കുടിച്ചന്നാ നിശാചരിയെ ക്ഷണം
മോക്ഷമാർഗ്ഗത്തിലേക്കെത്തിച്ച ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
കംസഭൃത്യൻ തൃണാവൃത്തൻ കുമാരനെ
കട്ടെടുത്താകാശമാർഗ്ഗം കടക്കവേ
നിഗ്രഹിച്ചില്ലേയവനെ നീ ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
മരുത്തുവൃക്ഷങ്ങളിരുവർക്കിടയിലൂ-
ടെത്തിയുരൽ വലിച്ചോടവേയന്നുനീ,
സദ്ഗതിയേകിയവർക്കഹോ! ബാല
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
അച്ച്യുതനെക്കൊന്നിടാനടുത്തീടവേ
കൊക്കുപൊളിച്ചവനെക്കൊന്ന ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
ഗോപരേയും പൈക്കളേയും വിഴുങ്ങിയ
സർപ്പാസുരനാമഘനെ വധിച്ചുതൻ
മിത്രജനങ്ങളെ രക്ഷിച്ച ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
സർപ്പമാം കാളിയൻതന്നുടെ ശീർഷത്തിൽ
മർദ്ദനനൃത്തം നടത്തിയ ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
കണ്ണൻ്റെ ലീലകൾ ചൊല്ലാൻ തുടങ്ങുകിൽ
ജന്മം നമുക്കു പലതു തികയുമോ!
എങ്കിലുമിന്ദ്രിയശുദ്ധിയ്ക്കു ബാല-
മുകുന്ദ! മുരാരേ! ഭജേഹം ഭജേഹം!
ബലഭദ്രനൊത്തു വ്രജത്തിലൊക്കെയും
പശുക്കളെ മേച്ചു നടക്കവേ കൃഷ്ണൻ
അതിശയത്തോടെയുരച്ചുവോരോന്നാ
രസമെഴും വനപ്രദേശത്തെ നോക്കി
വയസ്സൊരഞ്ചന്നു കഴിഞ്ഞിരുവർക്കു, -
മവർ പ്രിയർ വൃന്ദാവനത്തിലെങ്ങുമേ
അനന്തനു നീലാംബരമുണ്ടു പീതാം-
ബരമുടുത്തുകൊണ്ടനുജൻ കൃഷ്ണനും.
ബലത്തിൽ ജ്യേഷ്ഠനാം ബലരാമൻ മുന്നിൽ
നയത്തിലച്യുതൻ, ച്യുതിയെഴാത്തവൻ!
അവരിരുവരുമൊരുമിച്ചങ്ങനെ
നടന്നുവാ വൃന്ദാവനത്തിലൊക്കെയും!
തരുലതാദികൾ നിറഞ്ഞനവധി
സുഗന്ധവാഹിയാം കസുമരാജിയും
വടങ്ങൾ തൂങ്ങിടുമാൽമരങ്ങളും
കിളികൾ പാർത്തിടും നീഢജാലവും,
മധു നിറഞ്ഞിടും കുസുമവൃന്ദത്തെ
പരിക്രമിച്ചിടുമളികുലങ്ങളും
സരസ്സുകൾ, നദീതടങ്ങളും ഗിരി -
നിരമുടിയഴിഞ്ഞിടും പ്രപാതവും,
അവയ്ക്കിടയിലൂടതിപ്രസരിപ്പാർ -
ന്നവർ കുമാരക,രൊപ്പമാ പൈക്കളും
കളിച്ചുമൊന്നിച്ചു രസിച്ചുമങ്ങനെ
പഠിച്ചു വിശ്വമഹാപാഠപുസ്തകം!
ഹരിമുരളിയൽ നിന്നുമേതദ്രിയു-
മലിയുമാ ഹൃദ്യനാദമൂറീടവേ
പയ്യുകളും പാൽ കറന്നിടുമംഗന-
മാരുമൊന്നായതിലലിഞ്ഞുപോയ് പ്രിയം!
മതി മറന്നാടിടും മാമയിലുക-
ളാ വേണുമായയിൽ നിന്നുപോയ് മാനുകൾ
മധുരിതം, യദുനന്ദനൻ പൊൻമുള-
മുരളിയൂതുന്ന ബാലനാം മാന്ത്രികൻ!
.സകലപ്രാണിയുമാ കൃഷ്ണകർഷണം-
കൊണ്ടുള്ളിൽ ഭക്തിപൂണ്ടെന്തൊരതിശയം!
കൺകളിലാനന്ദബാഷ്‌പം പൊടിഞ്ഞിട്ട-
വരിന്ദ്രിയങ്ങളെയാകെ മറന്നുപോയ്!
ശ്രീകൃഷ്ണപാദങ്ങള്‍ തന്നിലെ രേണുക്കള്‍
വീണൊരാ മണ്ണിലോരുദിനം പോകണം
ചര്‍വ്വിതചര്‍വ്വണമാകും ചരിതങ്ങള്‍
നേരിട്ടുകാണുവാനുള്ളം കൊതിക്കുന്നു.
"'"'
"തയിർക്കലം പൊട്ടിച്ചുവോ നീ മുകുന്ദാ?
തരുന്നുണ്ടടിയിന്നു നിൻ തുടമേലെ "
പിന്നാലെയമ്മ വരുന്നതു കണ്ടു
കണ്ണായവൻ, കണ്ണൻ, വികൃതിയിൽ മുമ്പൻ.
പെട്ടന്നുരൽപ്പുറത്തേറിയിരിപ്പായ്ച
ഞ്ചലനേത്രനാം യാദവബാലകൻ,
കണ്ണിൽക്കരിമഷിയ്‌ക്കൊപ്പം കലരും
കുറുമ്പുമായമ്മയെ നോക്കിച്ചിരിച്ചവൻ.
അമ്മതൻ കയ്യിലെ ദണ്ഡു കണ്ടിട്ടവൻ
ചാടിയിറങ്ങിയോടുന്നുണ്ടു പിന്നെയും.
ചേലെഴും ചെന്താമരക്കണ്ണു രണ്ടും
തിരുമ്മിത്തിരിഞ്ഞൊന്നു നോക്കിക്കൊണ്ടമ്മയെ,
പിന്നെ,യമ്മയ്ക്കു പിടി കൊടുത്തങ്ങനെ
സംഭീതനെന്നു ഭാവിച്ചു നിൽക്കുന്നവൻ.
ശാസിച്ചിടുന്നു യശോദ, "കണ്ണാ നിന്നെ -
യീയുരൽതന്നിൽത്തളയ്ക്കുവതുണ്ടു ഞാൻ."
വിശ്വം മുഴുവൻ നിറഞ്ഞവനെക്കയർ-
കൊണ്ടു ബന്ധിക്കുവാനാർക്കു സാധിച്ചിടും!
അക്കണ്ണനെയുരലിൽ കയർ കൊണ്ടമ്മ
ബന്ധിക്കുവാൻ ശ്രമിച്ചേറെത്തളർന്നുപോയ്!
രണ്ടംഗുലം കുറവെപ്പൊഴുമെത്രമേൽ
പാശഖണ്ഡങ്ങളെയൊന്നിച്ചു ചേർക്കിലും!
"ഈ വിധമമ്മയെകഷ്ടപ്പെടുത്തരു-
തെന്തൊരു മായയെൻ വാസുദേവ ഹരേ!
പാശമെല്ലാം തീർന്നു വാശി മറന്നവ-
ളീശ്വരലീലകൾ കണ്ടമ്പരന്നുപോയ്!
ഗോപാലമായകൾ കണ്ടുചിരിച്ചിടും
ഗോപികൾക്കൊത്തു ചിരിച്ചൂ യശോദയും.
ക്ലേശിച്ചുനിൽക്കും യശോദയെക്കണ്ടു
കൃപപൂണ്ടു നന്ദനൻ ബന്ധിതനായ് സ്വയം.
തൻമകനായതു നാരായണൻ പര-
നെന്നു ചിന്തിച്ചുകൊണ്ടാടൽ വെടിഞ്ഞവൾ.
വിശ്വനാഥൻ തന്നെ പുത്രനായീടിലു-
മമ്മതന്നുള്ളിലവൻ ചെറുബാലകൻ!
മാനുഷവേഷമെടുത്തുവെന്നാകില -
തീശ്വരനാകിലും കർമ്മമൊഴിയുമോ?!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
കൃഷ്ണ! ഹരേ ജയ!
അരയാലേ നിന്നിലകൾ
മർമ്മരമോടിളകുമ്പോൾ
അതിലോരോന്നിലുമോമൽ
മണിവർണ്ണൻതൻ രൂപം!
വിരലുണ്ടും ചെഞ്ചുണ്ടിൽ
വിടരും നറുചിരിപൂണ്ടും
യദുനന്ദനനെൻ ഹൃത്താം
പൊന്നാലിലയാട്ടുന്നു!
ഇലകൾ സുഖമന്ദാനില-
നോടൊത്തിളകും താളം
യമുനാനദിയായെന്നുൾ -
ത്തടമാകെയൊഴുകുന്നു.
വൃന്ദാവനവർണ്ണനകൾ
ചൊല്ലും ഗോപികളെപ്പോൽ
തരളം, കിലുകിൽനാദം
പൊഴിയും ദലസല്ലാപം!
കാൽവിരലുണ്ടരയാലില -
നടുവിൽ സുഖശയനം ചെ-
യ്തടരാതെൻ ചിത്തത്തിൽ
കളിയാടുക കാർവർണ്ണാ!
ഭവസാഗരവൃക്ഷത്തി -
ലൊരിലയാം മമ ജന്മത്താ-
ലിളകാത്തൊരു തല്പം തീർ-
ത്തതിൽ വാഴുക നീ കൃഷ്ണ!
ഗുരുവായൂരപ്പാ നിൻ കരുണാർദ്രനേത്രങ്ങൾ
ച്യുതികൂടാതെൻ നേർക്കു നീട്ടേണമേ,
നിറയുമീ സംസാരദുരിതങ്ങൾതൻ മദ്ധ്യേ
നിലവിട്ടുപോകാതെ കാക്കേണമേ,
ഗുരുവായൂരമരും നിൻ തിരുനാമമെന്നുമെൻ
അധരങ്ങൾക്കമൃതായിട്ടണയേണമേ,
അതിനൊപ്പമവിടുത്തേയകതാരിലടിയൻ്റെ
നിറയുന്ന മിഴി രണ്ടും പതിയേണമേ,
അഴലിൻ്റെയലമാല വന്നാലുമിളകാതെ
ഹൃദയത്തിൽ നീ വന്നു നിറയേണമേ,
ഗുരുവായൂരപ്പാ, നിൻ ശരണാലയം തന്നി-
ലഭയത്തിനായ് വന്നു നിൽക്കുന്നു ഞാൻ,
ഗുരുവായൂരുണ്ണിയായ് വാഴും മഹാവിഷ്ണു,
ഗുരു,വായുമാരുമനുഗ്രഹിയ്ക്ക!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ!
മണ്ഡലമായ്, നഭോമണ്ഡലമാകെ-
യുയരും ശരണമന്ത്രധ്വനികൾ,
വിണ്ടലസീമകൾ ഭേദിച്ചു പൊന്തിടും
മംഗളമന്ത്രലക്ഷാർച്ചനകൾ! (2)
കണ്ടതെല്ലാം സ്വാമിദർശനങ്ങൾ!
കേട്ടതെല്ലാം സ്വാമികീർത്തനങ്ങൾ!
പഞ്ചഭൂതങ്ങളിൽ നിന്നുമുണരുന്നു
അയ്യപ്പനാമമന്ത്രാക്ഷരങ്ങൾ! (മണ്ഡലമായ് )
തുമ്പമെല്ലാമകന്നുള്ളിൽത്തെളിയുന്നു
വൃശ്ചികമാസവ്രതപ്പുലരി,
നിശ്ചയദാർഢ്യമോടയ്യരണിയുന്നു
ദിവ്യമാം പൊന്മണിമാല മാറിൽ! (മണ്ഡലമായ്)
താണ്ടുവാനേറെയുമാടലേറും
കാനനം തിങ്ങിടും പാത നീളെ,
കല്ലിലും മുള്ളിലുമുള്ളു പതറാതെ-
യെത്തിയ്ക്ക നിന്‍ മുന്നിലേവരേയും. (മണ്ഡലമായ്)
സ്വാമീ ശരണം ശരണമപ്പാ
നീയേ ശരണം ശരണമപ്പാ
സ്വാമീ തരണം ശരണമെന്നും
ശരണാഗതർക്കാശ്രയമാകുമപ്പാ
മാമലനാട്ടിലെ മാരണഭൂതനു
മാരകബാധകൾ വന്നുപിണഞ്ഞൂ
നാക്കു വളച്ചാൽ സത്യവിരോധം
മാത്രമുരയ്ക്കും ജനനായകനുടെ
ആശീർവാദം ഏറ്റൊരു മാത്രയി-
ലാർക്കും ശേഷം ചിന്ത്യമതത്രെ!
മിന്നലടിച്ചു കരിഞ്ഞൊരു തെങ്ങിൻ
മണ്ട കണക്കവനഭിനന്ദിച്ചോർ!
എന്തൊരു രോഗമിതെന്നറിയാനോൻ
ലോകം മുഴുവൻ സന്ദർശിച്ചു,
ചെന്നിടമെല്ലാം ശകുനപ്പിഴകൾ
കണ്ടു ജനങ്ങളടക്കം ചൊല്ലി,
സത്യവ്രതൻമാരാശംസിച്ചാൽ
നിത്ത്യൈശ്വര്യമതെന്നതു പോലെ
വൻനുണ മാത്രം ചൊല്ലും നാക്കാ-
ലാശംസിച്ചാലെതിരു ഭവിയ്ക്കും!
വീട്ടിലെയുറ്റവർ തന്നുടെ തലയിൽ
തൊട്ടാലവരുടെ ഗതിയും ചിന്ത്യം!
തൊട്ടതു മുഴുവൻ സ്വർണ്ണമതാക്കാൻ
വരമാശിച്ചൊരു മണ്ടച്ചാരുടെ
കഥ നാം പണ്ടേ കേട്ടിട്ടുണ്ടതു
നേരിൽക്കാണുവതിപ്പോൾ മാത്രം!
ഭാരതനാടിന്നിങ്ങേയറ്റ-
ത്തൊരു ചെറുനാടകണക്കു കിടക്കും
കേരളമിവനുടെ മേൽനോട്ടത്തിൽ
തെമ്മാടിപ്പുരയായിപ്പോയി.
കൊള്ളരുതായ്മയ്‌ക്കെന്നും മുന്നിൽ,
ഇവനുടെ കാലം കലിയെ വെല്ലും!
മാങ്ങാക്കള്ളൻ പോലീസായി,
പട്ടാളത്തെക്കള്ളനുമാക്കി.
അക്കരെനിന്നും ആകാശം വഴി
സ്വർണ്ണച്ചെമ്പുമിടയ്ക്കു കടത്തി.
ഈന്തപ്പഴവിത്തെല്ലാമത്ഭുത-
മയ്യോ! കനകക്കുരുവായ് മാറി!
വാഴക്കുല പോൽ വെട്ടീ തലകൾ,
ഇന്നോവകളിന്നിടിവണ്ടികളായ്.
വീട്ടിൽക്കേറി വെട്ടിക്കൊല്ലും
'അതിഥി'കളിവിടം ഒളിയിടമാക്കി.
അവയവമോഷണസംഘം പെരുകി,
നരബലിയെന്നൊരു കഥയും ചൊല്ലി.
'അന്ധത' മാറ്റും ബില്ലുണ്ടാക്കാ-
നമ്പലവൈരി ആജ്ഞയിറക്കി!
'പാർട്ടിയ്ക്കുള്ളിൽ ബലിയും കാമ്യം'
എന്നൊരുപാധി ബില്ലിൽ ച്ചേർക്കും!
വൺ... ടു... ത്രീ... മണി മുക്കിയ നാട്ടിൽ
വാർത്തകൾ നീന്തിനടക്കുന്നിനിയും.
അക്ഷരവൈരികൾ വിലസുന്നിടമായ്
മാറ്റി സർവ്വകലാശാലകളും.
വിദ്യാഭ്യാസത്തലവൻസ്ഥാന-
'ത്തഭ്യാസി'യ്ക്കവനവസരമേകി,
വിപ്ലവമൂർത്തികളിവനെ വാഴ്ത്താൻ
മത്സരപൂർവ്വം ഭ്രമണം ചെയ്തു.
പിൻവാതിൽവഴികയറിക്കൂടിയൊ-
രണലികളെല്ലാം കൂടെക്കൂടി.
മാദ്ധ്യമജംബൂകൻമാരിവനുടെ-
യാജ്ഞയെടുക്കാൻ കാത്തുകിടന്നു.
അവനു വെളുക്കുംവരെയും കക്കാൻ
പറ്റിയ വാർത്താഗുളികയിറക്കി.
ഗുളിക വിഴുങ്ങി മയങ്ങും നാടിൻ
ഘടനയുമടിമുടി മാറിപ്പോയി.
കേരളനിർമ്മിതപരമോന്നതമാം
'കെ.ശ്രീ'യൊന്നുണ്ടാക്കീ രാജൻ.
ലഹരിയ്‌ക്കെതിരായ് ശപഥം ചെയ്യാൻ
നാട്ടാരോടരുൾ ചെയ്തതിനൊപ്പം
വരിയായ് മദ്യം വാങ്ങാൻ നിൽക്കും
കുടിയന്മാർക്കൊരു വാക്കും നൽകി,
വഴിയിൽ വന്നിനി വരി നിൽക്കേണ്ടതു
വീട്ടുപടിക്കൽത്തരുമീ ഞങ്ങൾ!
എന്തൊരു കരുതൽ! എന്തു പ്രബുദ്ധത!
കണ്ടാൽക്കണിൽകണ്ണീർ പൊടിയും!
കേരളമിപ്പോളിവനുടെ കാലിൻ-
കീഴിൽപ്പെട്ട ചവിട്ടിയ്‌ക്കൊപ്പം.
നാടിനെയാകെ വിഴുങ്ങിയ ഭൂത-
പ്പെരുവയറിൽ ഇടയിനിയും ബാക്കി!
ഭരണം തന്നുടെ ഘടനയുമൊന്നിവ-
നിഷ്ടം പോലെ മെനഞ്ഞുണ്ടാക്കി.
ലളിതൻ, സുമുഖൻ ന്യായാധിപനും
ഭയമാണിവനുടെ പേരു വിളിക്കാൻ!
ഇങ്ങനെ പദ്ധതിയൊന്നൊന്നായിരു-
ചെവിയറിയാതെ നടത്തിവരുമ്പോൾ
വന്നൊരു സിംഹം, ഇവനുടെയഴിമതി
പൊതുമദ്ധ്യത്തിൽ പിച്ചിച്ചീന്താൻ.
തന്നുടെ ധർമ്മം നന്നായറിയും
സിംഹത്താനിവിൻ, പഴയവനല്ല!!
ആയതിനാലേ ക്രോധം പൂണ്ടൊരു
കാരണഭൂതനു സമനില തെറ്റി,
നാട്ടിലെ നിയമം പാടെ മറന്നി-
ട്ടലറി നരകാസുരനെപ്പോലെ!
'എന്നുടെ തലയുടെ മുകളിലിരിപ്പാ-
നിവിടൊരു ഖാനും തുനിയരുതിപ്പോൾ!
ആരു ഗവർണർ, നോമുള്ളപ്പോൾ?
"പിപ്പിടി" കാട്ടാൻ ഞാനേ മുമ്പൻ.
എന്നുടെയധികാരത്തിൻ മേലെ-
യാരുടെ 'പ്രീതി'യുമിവിടെ വേണ്ട.
ഓർത്താൽ നന്നിതു തെങ്ങളമാണേ...
ഞങ്ങൾക്കഴിമതി പുത്തരിയല്ല!
ആരവിടെ!?യെൻ മാർഗ്ഗം തടയും
ഇവനുടെ മാർഗ്ഗം തടയണമിപ്പോൾ,
അണികളെ വഴിയിലിറക്കണമിപ്പോൾ,
കേസരിഭവനം വളയണമിപ്പോൾ.'
ചൂണ്ടുവിരൽത്തുമ്പിട്ടു കറക്കി
ത്തുള്ളുന്നമ്പോ ഗുണ്ടാത്തലവൻ!
പകയാൽ പുകയും വദനം മുഴുവൻ
തെളിയുന്നശ്രീകരമാം ധാർഷ്ട്യം.
അധികാരത്തിൽക്കയറിയിരുന്നാ-
ലറിയാതാർത്തി വളർന്നുപെരുക്കും.
നാടിനു സേവകൾ ചെയ്യാൻ വന്നോൻ
നാലണ കിട്ടാൻ നാടും വിൽക്കും.
അരുതെന്നോതാൻ ബാദ്ധ്യതയുള്ളൊരു
പ്രിയതമയാർത്തിയിലവനും മേലെ!
ഇതിനിടെ നായകനൊപ്പം നാടു -
ഭരിക്കാൻ കൂടിയ മുഖ്യർ പലരും
സ്വപ്നാടനരോഗത്തിന്നടിമക -
ളായതുലോകമറിഞ്ഞതുമില്ല.
കഷ്ടപ്പെട്ടിവർ നാടു ഭരിക്കുക-
യാണെന്നല്ലോ നമ്മൾ നിനച്ചു!
അൽപ്പം സ്വൽപ്പം കള്ളത്തരമേ
കാണൂവെന്നും കരുതീ വെറുതെ.
കൗമാരം പോകാത്തവരാണീ
പരവശജളരെന്നിന്നറിയുന്നു!
വോട്ടു കൊടുത്ത ജനങ്ങൾക്കിപ്പോൾ
ഒരുമാതിരിയെല്ലാം ശരിയായായി!
ഇനിയും നേരം പുലരാതണികൾ
വാലുചുരുട്ടിവിളിപ്പൂ, 'കീ ജയ്'
'ഞങ്ങടെ രാജൻ, തസ്‌ക്കരവീരൻ,
കള്ളന്മാർക്കൊരു മാതൃക ഭൂതൻ
കിറ്റു തരുന്നോൻ കട്ടുമുടിച്ചാൽ
ഞങ്ങൾക്കതിലഭിമാനം മാത്രം!'
'ഞാനും ഭാര്യയുമെന്നുടെ മകളും
പിന്നവൾ തന്നുടെ പുതുമാപ്പിളയും
കൂടിച്ചേർന്നാലതു കേരളമായ്'
എന്നൊരു ഭാവം മുറ്റിയ മുഖ്യൻ.
'വേലക്കാരായ് വേണം ചിലരും
മറ്റുള്ളോരു 'കടക്കു പുറത്ത്' !
ഈ വിധമീ മലനാടിൻ മാനം
കെട്ടൊരു കാലം കണ്ടിട്ടില്ല
അനുശോചനമീ കേരളനാടിനെ-
യപമാനിച്ചു ഭരിക്കുന്നവരേ.
അനുശോചനമീ ഭൂതം തിന്നൊരു
നാടിന്നുള്ളിൽപ്പെട്ട നമുക്കും.
സത്യത്തിനൊളി കർമ്മയോഗിയ്ക്കു മാർഗ്ഗം!
സ്വയമേവ നിറയുന്നൊരഖിലപ്രകാശ-
പ്പൊരുളായിരിക്കുന്നവർക്കെന്തു ഗ്രഹണം?!
#SolarEclipse
25-10-2022
06-09-2022
അക്ഷരം സത്യമാണ്. അക്ഷരങ്ങളെ ചേർത്തുവച്ചു പദങ്ങളും വാക്യങ്ങളും ഖണ്ഡികകളും ജൻമസിദ്ധമായ കഴിവോടെ ചമയ്ക്കുമ്പോൾ ഇടയിലെവിടെയെങ്കിലും അറിഞ്ഞുകൊണ്ട്, അല്പം കുത്സിതലക്ഷ്യത്തോടെ, ഒരു ചെറിയ-അത്ര ഗൗരവമല്ലാത്ത അസത്യത്തെപ്പോലും ഉൾക്കൊള്ളിക്കാൻ ശ്രമിക്കാതിരുന്നാൽ ഏതൊരു എഴുത്തുകർമ്മവും ധന്യമായി. തികച്ചും മനസ്സറിവില്ലാതെ സംഭവിക്കുന്ന വാസ്തവവൈരുദ്ധ്യം എഴുത്തിലെ നൈസർഗ്ഗികസിദ്ധിയെയും അതിനു കാരണമായ ഈശ്വരകടാക്ഷത്തെയും അത്രമേൽ ബാധിക്കുകില്ലായിരിക്കാം. എന്നാൽ മനഃപ്പൂർവ്വമായുള്ള ആശയവൈരൂപ്യവൽക്കരണത്തിന് അക്ഷരത്തെ ഉപയോഗിക്കുന്നത് തീർച്ചയായും ആത്മനാശത്തിലേയ്ക്കു നയിക്കും.
നമ്മുടെ മുന്തിയ എഴുത്തുകാരിൽ പലരും വളർച്ചയുടെ പടവുകൾ കുറെ കയറിക്കഴിയുമ്പോൾ അവരുടെ നൈസർഗ്ഗികചേതനയിൽ ഒരു ലോപം ഭവിക്കുന്നത് അവർക്കു സ്വയവും അവരെ വായിക്കുന്നവർക്കും അനുഭവപ്പെടാറുണ്ടല്ലോ. എഴുത്തിൽ അസത്യത്തിൻ്റെയും അധർമ്മത്തിൻ്റെയും ആത്മനിഷേധത്തിൻ്റെയും അളവു കൂടിക്കൂടിവരുന്നതിൻ്റെ ലക്ഷണമാണത്. എഴുത്തുകാർ മാത്രമല്ല, ഏതൊരു കലയെ ഉപാസിക്കുന്നവരും ഇത്തരം ശോച്യാവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഒരു ആത്മപരിശോധനയ്ക്കു വിധേയരാകേണ്ട സമയമായി എന്നു സ്വയം മനസ്സിലാക്കുവാനുള്ള അവസരമാണത്.
അക്ഷരത്തിൻ്റെ ദുരുപയോഗം, പ്രത്യേകിച്ചും ആശയപരമായ ദുരുപയോഗം, (ഏതു രംഗത്തായാലും) അതുപയോഗിക്കുന്നവരുടെയും അതുമായി താദാത്മ്യം പ്രാപിക്കുന്നവരുടെയും ദുര്യോഗത്തിനു കാലക്രമേണ കാരണമാകുമെന്ന ചിന്ത സഹൃദയരുമായി പങ്കു വയ്ക്കാനാണ് ശ്രമിച്ചത്. എഴുത്തും വായനയും കലോപാസനയും ശ്രദ്ധയോടെ അനുഷ്ഠിക്കാൻ നാം പ്രാപ്തരാവട്ടെ.
അവിചാരിതമായും ആദ്യമായും ലഭിച്ച അനുഗ്രഹം! അടയാർ അനന്തപത്മനാഭസ്വാമി തൃക്കോവിൽ ദർശനം.
മലയാളി:
തുമ്പയെക്കണ്ടവരുണ്ടോ?നാട്ടുവെണ്മയെകണ്ടവരുണ്ടോ?ഈ മലനാടിൻറെ പുത്രി,അവൾ നിന്നിരുന്നെൻതൊടി നീളെ.വെൺനിലാത്തുണ്ടുകൾ ചാർത്തിനിന്നു പാടവരമ്പുകൾ തോറുംആറ്റിറമ്പിൽക്കണ്ടു പിന്നെ,നാട്ടിലമ്പലമുറ്റത്തുമേറെ,നിർഭയം നിൽക്കുമവളെ-ക്കണ്ടു നാട്ടുവഴികളിലെങ്ങും.എങ്ങുമിന്നില്ലവൾ, കണ്ടോ?എൻ്റെ മാതേവരേ, പറയാമോ?തൃക്കാക്കരത്തേവരല്ലേ,നിനക്കുണ്ടാമറിവതു ചൊല്ലൂ.
മാതേവർ:
ഇത്രനാളെങ്ങുപോ,യിപ്പോൾനാട്യമെന്തിനു, ലജ്ജയുമില്ലേ?നാടിൻറെ നന്മകളെല്ലാംപാടെയാട്ടിക്കളഞ്ഞിട്ടു നിങ്ങൾവന്നിരിക്കുന്നുവോ ക്ഷിപ്ര-സ്വാർത്ഥകാര്യസാദ്ധ്യത്തിനായിപ്പോൾ?തുമ്പ, മുക്കുറ്റി, കയ്യോന്നി,തഴുതാമ, കീഴാർനെല്ലി, ബ്രഹ്മി,മുത്തങ്ങ, പിന്നെപ്പുളിയാറില,കറുക, കച്ചോലം, മുയൽച്ചെവിയൻ...ഒക്കെയുമേറെയീ മണ്ണിൽഎത്ര സ്വൈര്യമായ് നിന്നിമ്പമോടെ!ആർത്തിയില്ലാഞ്ഞൊരു കാലം,ആർക്കുമാരോഗ്യമുണ്ടായ കാലം!ഓർമ്മയുണ്ടാകണമാർക്കും,അല്പം നാണവും തോന്നുക വേണം.നാട്ടുവഴിനീളെയിപ്പോൾകാഴ്ചയെന്നും തൊഴിലുറപ്പല്ലോ!ചെത്തിമിനുക്കിമിനുക്കി-യൊരൊറ്റമൂലിത്തുമ്പു പോലുംകണ്ടുകിട്ടാനില്ല സത്യം!തല പൊന്തിയാൽ വെട്ടിനിരത്തും.കുട്ടികൾ തൻ തിരോധാനംപോലുമാരുമോർക്കാത്തൊരു നാട്ടിൽതുമ്പയെയാരോർത്തിരിക്കാ-നവൾക്കില്ല വശീമന്ത്രസിദ്ധി!സംസ്ക്കാരസമ്പത്തിനേക്കാൾപ്രിയം നിങ്ങൾക്കു സംസാരമെന്നും.സസ്യശാസ്ത്രം വളർന്നത്രേ,ഹരിതവിപ്ലവം പൂക്കുന്നുവത്രേ!ഓടിട്ടുതീർന്നുവോ മുറ്റം?ചെളി പറ്റാത്ത പാദം മിനുത്തോ?കാവും കുളവും തെളിച്ചോ?കൂടെ നാട്ടുമരങ്ങൾ മുറിച്ചോ?കാടുണക്കാൻ നടപ്പില്ലേപൊടിക്കൈകളുമായ്പ്പലർ നാട്ടിൽ?എന്നിട്ടു നിർലജ്ജരായിവന്നുനിൽക്കുന്നു തുമ്പയെക്കാണാൻ!ഉണ്ടവളെൻറെയരികിൽനല്ല വെണ്മതൻ പാലാഴിയായി.നല്ലവർതൻ ഗൃഹംതന്നിൽ.വന്നുകൂടുമുപദ്രവിക്കാഞ്ഞാൽ.ചെത്തിപ്പുറത്താക്കിടല്ലേ,ഇവളൈശ്വര്യമീ നാടിനെന്നും!തുമ്പയില്ലാതെന്തു ചന്തം,തിരുവോണത്തിനാവണി നാളിൽ?
ആർപ്പുവിളികൾക്കിടയിൽ
ചേർക്ക വീണ്ടുവിചാരമൊരല്പം.
നമ്മുടെ പൂർവ്വഋഷിപ്രജ്ഞയിലുണർന്ന സൂക്ഷ്മവും നിഗൂഢവുമായ പ്രതീകാത്മകസങ്കേതങ്ങളും തത്വങ്ങളുമെല്ലാം ശാസ്ത്രീയമായ അടിത്തറയും ചിട്ടയുമുള്ളതാണ്. അവ ലോകത്തിൻറെ
ആത്മീയവും മാനസികവുമായ ഉത്ക്കർഷത്തിനുതകുന്നതും
ദീർഘവീക്ഷണത്തോടുകൂടിയതുമാണ്.
ഉയർന്ന സങ്കല്പശക്തിയുടെ ഉചിതമായ പ്രയോജനപ്പെടുത്തൽകൊണ്ട് വൈവിദ്ധ്യസുന്ദരങ്ങളും സദ്‌സന്ദേശവാഹികളുമാണ് സനാതനധർമ്മത്തിലെ ഓരോ ദേവതാസൃഷ്ടിയും. എന്നാൽ ആത്മാന്വേഷണത്തിലോ അതിനുള്ള പ്രധാനമാർഗ്ഗമായ സ്വാദ്ധ്യായമനനങ്ങളിലോ ഗുരുവചനങ്ങളിലോ സ്വന്തം ഉള്ളിലുള്ള ചൈതന്യത്തിൽപ്പോലുമോ ഒരുറപ്പും താല്പര്യവുമില്ലാത്തവർക്ക് ഇവയെല്ലാം പുറമേനിന്നുനോക്കുമ്പോൾ അബദ്ധജടിലങ്ങളായി തോന്നിയേക്കാം.
ഉദാഹരണത്തിന് അജ്ഞന്മാരാൽ എല്ലായിപ്പോഴും വളരെയേറെ പരിഹസിക്കപ്പെടുന്നതാണ് നമ്മൾ ഏറെ മംഗളകരമായി കരുതുന്ന ഗണപതിഭഗവാൻ്റെ രൂപം. ആനത്തലയും ഒറ്റക്കൊമ്പും കുടവയറും... പരിഹസിക്കുന്നവർക്ക് അങ്ങനെ ഏറെ അബദ്ധധാരണകൾ ഉണ്ട്. അറിവില്ലായ്മ കൊണ്ടു പരിഹസിക്കുന്നവരെ നമുക്ക് മാറ്റിനിർത്താം. എന്നാൽ ജ്ഞാനവഞ്ചകന്മാർ എന്ന് മറ്റൊരു വിഭാഗമുണ്ട്. അവർക്ക് ദേവതാസൃഷ്ടികളിലെ സദ്ഭാവനാസമ്പന്നമായ സങ്കൽപ്പത്തെക്കുറിച്ച് അറിയാഞ്ഞിട്ടല്ല. അന്ധവിശ്വാസനിർമ്മാർജ്ജനം, ശാസ്ത്രചിന്ത തുടങ്ങി പൊതുസ്വീകാര്യതയുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു എന്ന ഭാവേന മനഃപൂർവ്വം തെറ്റായ വ്യാഖ്യാനങ്ങൾ നൽകി തലമുറകളെ വഴിതെറ്റിക്കുന്ന ഇവരുടെ വലയിൽ പെടാതിരിക്കാനെങ്കിലും നമ്മൾ നമ്മുടെ ആദ്ധ്യാത്മികഗ്രന്ഥങ്ങൾ സ്വായത്തമാക്കുകയും അതിലെ ദേവതാസങ്കൽപ്പത്തിലെ യഥാർത്ഥ വിവക്ഷകളെക്കുറിച്ച് ബോധവാന്മാരാകുകയും വരുംതലമുറയ്ക്ക് തന്നാലാവുംവിധം പറഞ്ഞുകൊടുക്കുകയും വേണം.
ഒരു 1950- 60 -70 കാലഘട്ടത്തിൽ ജനിച്ച നമ്മുടെ തലമുറയുടെ തലച്ചോറ് ആ കാലഘട്ടത്തിൻ്റെ പ്രത്യേകതയായ അരാജകവിപ്ലവത്തിൻ്റെയും പാശ്ചാത്യസംസ്കാരഭ്രമത്തിത്തിൻ്റെയും സദാചാരനിഷേധത്തിൻ്റെയുമെല്ലാം പിടിയിൽപ്പെട്ട് നാടിനും വീടിനും ഗുണമില്ലാത്ത രീതിയിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അധികാരത്തോടും നിയമവിരുദ്ധമായ സ്വത്തുസമ്പാദനത്തിനോടും സുഖലോലുപതയോടുമുള്ള അതിരറ്റ ഭ്രമത്തിൽ കാലം ചെല്ലുന്തോറും ഭരണകർത്താക്കൾ മുങ്ങിപ്പോവുകയും നിയമപാലകരെയും നിയമജ്ഞരെയുംപോലും വിശ്വാസയോഗ്യമല്ലാതാക്കുംവിധം അച്ചടക്കരാഹിത്യം എല്ലാ രംഗങ്ങളിലും പ്രബലമാകുകയും ചെയ്തു. ഇവയുടെയെല്ലാം ദംശനത്താൽ നമ്മുടെ ബുദ്ധി വിഷലിപ്തമാക്കപ്പെ ട്ടപ്പോൾ നമ്മളാൽ ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ടിയിരുന്ന നമ്മുടെ മക്കൾക്കും ആ വിഷബാധയേറ്റു. നമ്മളതിനെ ഇത്രയുംകാലം പരിഷ്ക്കരമെന്നു കരുതി അഭിമാനിച്ചു. ഇപ്പോൾ തിരിച്ചറിവിൻറെ ഒരു നേർത്ത വെളിച്ചം വീശിത്തുടങ്ങിയിട്ടുണ്ട്. ഇനി വരുന്ന തലമുറകളുടെ തലച്ചോറിലെങ്കിലും നമ്മെ ബാധിച്ച അച്ചടക്കരാഹിത്യത്തിൻ്റെയും, ആത്മാഭിമാനമില്ലായ്കയുടെയും സ്വധർമ്മനിഷേധത്തിൻ്റെയും വിഷം തീണ്ടാതിരിക്കട്ടെ. അതിന് ഏറ്റവും അത്യാവശ്യം ഭാരതീയമൂല്യങ്ങളെ നമ്മുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ്. നമ്മുടെ പൈതൃകമായ ആഘോഷങ്ങളും ആചരണങ്ങളുമെല്ലാം നമ്മുടെ പൂർവ്വികർ കാണിച്ച അതേ കരുതലോടെ നമുക്ക് തിരിച്ചുപിടിക്കാം. നല്ല ശീലങ്ങൾ വ്യക്തിയിൽ ഉറപ്പിക്കാനാണ് ആചാരങ്ങൾ അനവധി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇനിയുള്ള കുട്ടികളെങ്കിലും അതുകണ്ടും ഉൾക്കൊണ്ടും ചിട്ടയോടെ വളരട്ടെ. ആവർത്തിച്ചുള്ള ആചാരണങ്ങളിലൂടെയാവണം ശീലങ്ങൾ ഉറക്കേണ്ടത്. അല്ലാതെ കഷ്ടി നാലിഞ്ച് നീളവും രണ്ടിഞ്ച് വീതിയും ഉള്ള സ്മാർട്ട് ഫോൺ എന്ന ദീർഘചതുരത്തിനുള്ളിലേയ്ക്കു മനുഷ്യമസ്തിഷ്ക്കത്തിൽ നിന്നും തിരിച്ചും പ്രായഭേദമന്യേ പ്രവഹിക്കുന്ന വികൃതമായ ആശയങ്ങളിലൂടെയും കാഴ്ചകളിലൂടെയും ആകാതിരിക്കട്ടെ. മനസ്സ് ധർമ്മത്തിൽ ഉറച്ചശേഷമാണെങ്കിൽ ഏതു മുന്തിയ സാങ്കേതികവിദ്യയും അവ അടിച്ചേൽപ്പിക്കുന്ന പ്രലോഭനങ്ങൾക്കടിപ്പെടാതെതന്നെ ലോകനന്മയ്ക്കായി അനായാസേന ഉപയോഗപ്പെടുത്താനാവും.
സനാതനധർമ്മത്തിൻ്റെ അടിസ്ഥാനമൂലമായ വേദോപനിഷദ്‌തത്ത്വങ്ങൾ കാലംചെല്ലുന്തോറും സാമാന്യജനത്തിന് ഗ്രഹിക്കുവാൻ ക്ലിഷ്ടതരമായതിനാലാണ് പുരാണങ്ങളിൽ കഥാരൂപത്തിൽ അവയെ ലളിതമായും സരസമായും ധാരാളം പ്രതീകങ്ങളും ഉപമകളുമെല്ലാമുപയോഗിച്ച് അല്പം അതിഭാവുകത്വം കലർത്തിയുമൊക്കെ നമ്മുടെ പൂർവ്വികാചാര്യന്മാർ നമുക്കായി കുറിച്ചിട്ടത്. സൂക്ഷ്മവും അർത്ഥഗർഭവും പ്രായോഗികജീവിതവുമായി ഇഴചേർന്നുകിടക്കുന്നതും എന്നാൽ അത്യഗാധവും അതിവിശാലവുമായ അന്തരാർത്ഥങ്ങളുടെ അമൂല്യഖനിയെ ഒളിപ്പിച്ചിരിക്കുന്നുവയാണ് നമ്മുടെ പ്രാചീനഗ്രന്ഥങ്ങൾ. ആത്മലാഭത്തിനായി സങ്കൽപ്പിച്ച് പ്രാർത്ഥിച്ച് ക്ഷമയോടെയും ശ്രദ്ധയോടെയും അവയെ തേടിപ്പോകുന്ന അന്വേഷികൾക്കുമാത്രം ലഭിക്കുന്നതാണ് ആ ഖനി. അവനവൻ്റെ സ്വരൂപത്തെയാണ് തേടുന്നത് എന്ന ബോധത്തോടെയാവണം ആ തേടൽ. ആത്മലാഭത്തിന് എളുപ്പവഴികളൊന്നുമില്ലെന്ന തിരിച്ചറിവോടെ ആ തേടൽ പൂർത്തിയാക്കുവാൻ സ്വാദ്ധ്യായമനനങ്ങളിലൂടെയും ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ സഹായത്തോടെയും ഓരോരുത്തർക്കുമാവട്ടെയെന്നും ഓരോ ആഘോഷങ്ങളും ആവർത്തിച്ചുള്ള ആചരണങ്ങളും അതിനു നമ്മെ പ്രാപ്തരാക്കട്ടെയെന്നും സങ്കൽപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ ലക്ഷ്യത്തിലേക്കായി എന്നാലാവുന്നത് യഥാശക്തി ഞാനും ശ്രമിക്കുന്നു.
നാം ധർമ്മത്തെയും ധർമ്മം നമ്മെയും സദാ രക്ഷിക്കുമാറാകട്ടെ.
ഏവർക്കും മൂല്യവത്തായ വിനായകചതുർത്ഥി ആശംസകൾ.
മംഗളവിഘ്‌നേശ്വരം -ഗിരിജനവനീതകൃഷ്ണൻ
ഓം