Followers

Saturday, May 5, 2018

ലോകചിരിദിനം

05-05-2018 
നാളെ ലോകചിരിദിനം.
മെയ് 5 
നാളെ ലോകചിരിദിനം.

ചിരി... അതെത്ര ഉദാത്തമാണ്!  ദൈവം തൻറെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കനിഞ്ഞുനല്കിയിരിക്കുന്ന അപൂർവ്വസിദ്ധി. (മറ്റുള്ള ജീവജാലങ്ങളും ചിരിക്കുന്നുണ്ടാകാം. നമുക്ക് മനസ്സിലാകുന്ന ഭാവഹാവാദികളോടെയല്ലായിരിക്കാം അവരുടെ ചിരി.) എന്നിരുന്നാലും മനുഷ്യൻറെ ചിരിക്കാനുള്ള കഴിവ് - അത് എടുത്തുപറയണ്ട ഒന്നുതന്നെയാണ്.  അങ്ങനെയൊരു മഹത്തായ സിദ്ധി കൈവശമുള്ള മനുഷ്യൻ അതുകൊണ്ട് എന്താണ് ചെയ്യുന്നത്? 
കുഞ്ഞുങ്ങളെപ്പോലെ നിഷ്ക്കളങ്കമായി ചിരിക്കാൻ കഴിയുന്ന മുതിർന്ന മനുഷ്യർ എത്രപേർ ഉണ്ടാകും? അത്തരം മനുഷ്യർ തീർച്ചയായും ലോകനന്മയ്ക്ക്  മുതൽക്കൂട്ടാണ്. 

ഒരു ചെറുചിരി കൊണ്ട് പരിഹരിക്കാനാകുന്ന എത്രയെത്ര പുകയുന്ന മാനസികവ്യഥകൾ നമുക്കോരോരുത്തർക്കും ഉണ്ടാകാം? പരസ്പരം മുഖത്തോടുമുഖം നോക്കി കളങ്കമില്ലാതെ, മടിയില്ലാതെ, മറയില്ലാതെ, പിടിവാശിയില്ലാതെ, മുൻവിധികളില്ലാതെ, 
ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലാതെ  ആത്മാർത്ഥമായി ചിരിച്ചാൽ തീരാത്ത പിണക്കങ്ങളുണ്ടോ ഈ ലോകത്തിൽ?  പിണക്കം തീർന്ന മനസ്സ് എത്ര ശാന്തമാണ്! 

ചിരിക്കാനുള്ള കഴിവ് ഒരു വരദാനമാണ്. അത് നന്മയിൽ നിന്ന് ഉദയം ചെയ്യേണ്ടതാണ്. മറ്റൊരുവനെ പറ്റിച്ചും അപഹസിച്ചുമുള്ള ചിരി, അശ്ലീലത്തിൽ നിന്നുയരുന്ന ചിരി, ക്രൂരതയിൽ നിന്നും പകയിൽ  നിന്നുമുയരുന്ന ചിരി, കള്ളത്തരത്തിൽ നിന്നുയരുന്ന ചിരി,  പണക്കൊഴുപ്പിൽ നിന്നും ആർഭാടങ്ങളിൽ  നിന്നും, അമിതാവേശത്തിൽ നിന്നും  ഉയരുന്ന ചിരി, അധികാരത്തിമിർപ്പിൽ നിന്നുയരുന്ന ചിരി, പ്രശസ്തിയിലും നേട്ടങ്ങളിലും  മതിമറന്നുള്ള ചിരി,  വിവേകവും വകതിരിവുമില്ലായ്മയിൽ നിന്നുയരുന്ന ചിരി, വിവിധലഹരികളിൽ നിന്നും വിഷയാസക്തിയിൽ നിന്നും ഉയരുന്ന ചിരി... ഇത്തരം ചിരികളെല്ലാം ഭാവിയിൽ  നമ്മളേയോ നമ്മുടെ സന്തതിപരമ്പരകളേയോ  തീർച്ചയായും കരയിപ്പിക്കുകതന്നെ ചെയ്യും. നമ്മുടെ ചിരി ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്നും ഉത്ഭവിച്ചിട്ടുള്ളതാണോ എന്ന് നമ്മൾ വിചിന്തനം ചെയ്യുകയും അങ്ങനെയാണ് എങ്കിൽ ഇവയിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്യേണ്ടതുണ്ട്. 

ഏത് രോഗവും മാറ്റാൻ കെൽപ്പുള്ള ദിവ്യൗഷധം കൈവശമുണ്ടായിട്ടും മാറാവ്യാധിക്ക് മരുന്നന്വേഷിച്ചലയുന്ന രോഗിയെപ്പോലെ ചിരി എന്ന ദിവ്യശേഷി കൈമുതലായ നമ്മൾ സുഖം, സന്തോഷം, സമാധാനം എന്നിവ തേടി ജീവിതകാലം  മുഴുവൻ അലയുന്നു.  ഒരു ശിശുവിൻറെ ചിരി പോലെ നിർമ്മലമായ ചിരിയാണ്  ദൈവം നമുക്ക് നൽകിയത്. അതിലേക്ക് കാലക്രമേണ നമ്മുടെ ഇന്ദ്രിയങ്ങൾ കടത്തിവിടുന്ന മാലിന്യങ്ങളെ നമ്മൾ അരിച്ച്മാറ്റിക്കൊണ്ടിരുന്നാൽ അതെന്നും നമുക്ക് സമാധാനം നല്കിക്കൊണ്ടിരിക്കും.

ആരേയും വേദനിപ്പിക്കാതെ  നിർമ്മലമായി, പരസ്പരം നോക്കിയും സ്വന്തം മനസ്സിലേക്ക് നോക്കിയും ചിരിക്കാൻ നമുക്കേവർക്കുമാകട്ടെ. വ്യക്തികളിൽ നിന്ന് കുടുംബങ്ങളിലേക്കും കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും രാജ്യത്തിലേക്കും  പിന്നീട്  ലോകമാകമാനവും ശാന്തമായ ആ ചിരി പടരട്ടെ! ഏവർക്കും ലോകചിരിദിനാശംസകൾ!! 

4 comments:

  1. ഇന്ന് പലരും ചിരിക്കാന്‍ മറക്കുകയാണ്. ഫോണിലാണെങ്കിലും 'പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കൂന്ന്' ഉപദേശിച്ചിരുന്നൊരു ഓഫീസ് മേധാവിയുണ്ടായിരുന്നു.

    ReplyDelete
    Replies
    1. തമ്മിൽ കണ്ടിട്ടില്ലെങ്കിലും അക്ഷരങ്ങളിലൂടെ തമ്മിൽ അറിയാനും ചിരിക്കാനും നമുക്കാവുന്നുണ്ടല്ലോ മുബീ... :) സ്നേഹം

      Delete
  2. ചിരിയഴക് ഒരുസിദ്ധിതന്നെയാണ്....
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. മറുപടിയായി ഒരു പുഞ്ചിരി ഇവിടെ ചേർക്കട്ടെ.

      Delete