Followers

Tuesday, January 3, 2017

നിന്ദാവിപ്ലവത്തിനോട്



പൈതൃകം നൽകിയ 
ശീതളച്ഛായയിൽ 
മെയ്യനങ്ങാതങ്ങു   
തിന്നിരിക്കുന്നവർ 

വന്നിരിക്കുന്നുവീ 
മണ്ണിൽ മുളയിടും 
വിത്തുകൾക്കുള്ളിൽ 
വിഷം നിറച്ചീടുവാൻ 

പണ്ടുള്ള സത്തുക്കൾ 
ചൊല്ലിയതൊക്കെയും 
നിന്ദിച്ചിടുന്നതോ 
പുത്തനാം വിപ്ലവം?

നന്നെന്നു കേട്ടു 
വളർന്നവയൊക്കെയും 
ഭള്ളെന്നു ചൊല്ലുന്ന-
തത്രേ പുതുമതം!

സദാചാരമിന്നു കാലാ-
വധി തീർന്നതാം 
പാഴ്‌പുരാവസ്തുവെ-
ന്നോതിടുന്നൂ ചിലർ 

സംസ്കാരമെന്ന വാ-
ക്കോതുകിൽ നിശ്ചയം 
പന്തം കൊളുത്തി 
പ്രകടനം കണ്ടിടാം!

നന്നായ് നടപ്പതിനെ- 
യുടനൊന്നാകെ 
യില്ലായ്മ ചെയ്തു 
വരുത്തുന്നു വിപ്ലവം! 

ബഹുമാനമെന്നാ-
ലടിമത്വമെന്നതോ  
ഇന്നത്തെ സ്വാതന്ത്ര്യ 
വിപ്ലവസൂക്തവും?! 

നിന്ദിച്ചു നിന്ദിച്ചു 
തീരുന്ന ജീവിതം 
കൊണ്ടു സുഖമാർക്കു 
വന്നിടാനൂഴിയിൽ?

വന്നതില്ലാർക്കുമേ 
യിന്നേ വരേയ്ക്കൊരു 
വല്ലായ്മയും മഹത് 
വാക്കുകൾ കേൾക്കയാൽ 

വടിവൊത്ത വാക്കുകൾ 
തൻ ശുദ്ധിയൊക്കെയും 
അണുബാധയേറ്റ പോ-
ലിന്നു വികലമായ് 

പകരുന്ന വ്യാധിയെ 
പടരുവാൻ വിട്ടവ-
രഴുകും വിഴുപ്പു 
ചുമക്കുമണുക്കളായ്‌

വിപ്ലവമല്ലിതു
ചപ്പിളികുപ്പയാ-
ണെത്രയുംവേഗം 
പടരുമണുക്കളും 

വളരുന്ന മക്കളു-
മതിനടിപെട്ടുപോം 
അതിനാലാവർക്കു
സൽബുദ്ധി  നൽകീടണം

അണുതുല്യജീവിതം  
ഗുണമുറ്റതാക്കുവാൻ 
തൃണതുല്യമായി നാം 
വിനയം വരിക്കണം 

മെതിയേറ്റടിഞ്ഞുപോം 
തൃണമെന്നിരിക്കിലും 
കറുകതൻ തുമ്പിനെ 
കാറ്റു പിടിക്കൊലാ!

കടയറ്റ വൻമരം 
ഉയിരറ്റു പോയിടും, 
ഉയരത്തിൽ നിന്നു
പതിക്കും പ്രപാതവും  

മനുജപ്രതാപവു-
മൊരുനാൾ ശമിച്ചിടും 
അതിരറ്റഹന്തയിൽ 
പാറിപ്പറക്കുകിൽ 

ഉയരത്തിലേക്കു നാം 
കയറുന്ന  കോണിയും 
തറയിൽ നിന്നടിതെറ്റി 
യെന്നാലുതകിടാ! 

മനമുറച്ചീടണം 
അടിയുറച്ചീടുവാൻ, 
അടിയുറച്ചീടണം 
പടിയുറച്ചീടുവാൻ 

പിടിവിട്ട വാക്കുകൾ 
ചൊരിയുന്ന  നാക്കിനെ 
വരുതിയിലാക്കുവാൻ 
വിനയം പഠിക്കണം! 

അഹമെന്ന ഭാവത്തി-
നറുതി വരുത്തുകി-
ലിഹസുഖം വന്നു 
ഭവിച്ചിടും നിശ്ചയം! 

ഇതുകേട്ടു  കടുകയ്‌പ്പു 
നീർ കുടിച്ചെന്നപോൽ 
പുരികം വളയ്ക്കുന്നു 
പരിഹാസചിന്തകർ. 



4 comments:

  1. സദ് വചനങ്ങള്‍ ഇഷ്ടപ്പെട്ടു ടീച്ചര്‍.
    ആശംസകള്‍

    ReplyDelete
  2. അർത്ഥമുള്ള വരികൾ. കവിത നന്ന് . ആശംസകൾ ടീച്ചർ.

    ReplyDelete
  3. പിടികിട്ടാത്ത ന്യൂ ജനറെഷന്‍സ് !!.

    ReplyDelete
  4. സുഭാഷിതം നന്നായി. ഒഴുക്കുള്ള വരികൾ. നല്ല കവിത.
    പിടിവിട്ട വാക്കുകൾ.... ആ നാല് വരി സുന്ദരമായി

    ReplyDelete