Followers

Saturday, October 22, 2016

അപ്പുറം



കൂട്ടിക്കുറച്ചും ഹരിച്ചും പെരുക്കിയും 
കണ്ടെത്തി നാമെന്നുറപ്പിച്ചൊരുത്തരം 
കണ്ടു ചിരിക്കുന്നു തമ്പുരാൻ ഗൂഢമായ്,
ഇപ്രപഞ്ചത്തിൻ ഗണിതം കുറിച്ചവൻ !

തൊള്ളായിരത്തോളമാഗ്രഹമുള്ളത്തിൽ 
നുള്ളിയെറിയുവാനാകാതെ തുള്ളവേ  
ഉള്ളതു കൊണ്ടുള്ളടക്കം വരാഞ്ഞിട്ടു 
കൊള്ളുന്നു ഗദ്ഗദം തെല്ലുള്ള നേരവും 

തങ്ങളിൽത്തന്നെ കറങ്ങിത്തിരിഞ്ഞു നാം 
കൂപമണ്ഡൂകങ്ങളായിച്ചമഞ്ഞു പോയ്‌ 
കൂപത്തിൽ നിന്നു പുറത്തു കടക്കുവാൻ 
കാലപാശച്ചുരുൾ താനേയഴിയണം! 

എന്തെന്തു വേഷങ്ങളാടണം മായയാം 
വേഷങ്ങളൊക്കെയഴിഞ്ഞു വീഴും വരെ 
കാലത്തുണർന്നു മിഴിച്ചിടും കണ്‍കളാൽ 
കാണുവാനെന്തെന്തു കാഴ്ചകൾ ബാക്കിയോ!

"കണ്ടിടാം നാളെ"യെന്നുള്ളോരു വാക്കു കൊ-
ണ്ടിന്നു നാം  ചൊല്ലി യാത്രാമൊഴി  തങ്ങളിൽ 
കാണുമെന്നില്ലായുറപ്പിനി മേലിലെ-
ന്നാകിലും പാഴ്വാക്ക് ചൊല്ലുന്നു പിന്നെയും 

കാലം  കറക്കും കളിപ്പമ്പരമെത്ര 
നേരം കറങ്ങുമെന്നാരഞ്ഞീടുവാൻ!  
കാലൻ വരും വരെ നേരം കളയുവാ-
നെന്തെന്തു കാര്യങ്ങൾ ചിന്തിച്ചിടുന്നു നാം!

കാലമീരേഴുലോകം കടന്നെത്തിടും 
മുമ്പുപടിയാറുമേറിക്കഴിയണം  
കാലനും മായ്ക്കുവാനാകാത്ത ജീവിതം 
കൊണ്ടുനാം നമ്മൾക്കു സ്മാരകം തീർക്കണം. 


Thursday, October 20, 2016

വസന്തം (വിവർത്തനം)

[1567 ൽ  ജനിച്ച് 1593 ൽ നിര്യാതനായ വിവാദകവി ആണ് ഇംഗ്ലീഷ്കാരനായ തോമസ് നാഷ്. ലഘുലേഖകര്‍ത്താവ്‌(pamphleteer), കവി, നാടകകൃത്ത്, ആക്ഷേപഹാസ്യകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തോമസ് നാഷ് രാജ്യദ്രോഹക്കുറ്റമടക്കം പല വിവാദങ്ങളിലും ചെന്നുപെട്ട് കുപ്രസിദ്ധി ആർജ്ജിച്ച  വ്യക്തി കൂടിയായിരുന്നു. തോമസ് നാഷിൻറെ 'Spring' എന്ന ചെറു കവിത  ഓക്സ് ഫോർഡ് പുറത്തിറക്കിയ 'The Golden Treasury' (Palgrave's Golden Treasury of the best songs and lyrical poems in the English Language)  എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആ കവിതയ്ക്ക് ഒരു പരിഭാഷ എഴുതാനുള്ള ശ്രമഫലമാണ്  'വസന്തം' എന്ന ഈ കവിത.

പരിഭാഷ എഴുതുക എന്നത് ക്ലേശകരമായ ജോലിയാണ്. മറ്റൊരു എഴുത്തുകാരൻറെ മനസ്സിലൂടെ കടന്നുപോവുക എന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട കർമ്മവും. എങ്കിലും എൻറെ ഭാവനാലോകത്തിന് വേണ്ടത്ര വ്യാപ്തി പോരാ എന്ന തിരിച്ചറിവിൽ അന്യഭാഷാ കവികളുടെ ഭാവനാലോകത്തിലേക്ക് ഒന്ന് അതിക്രമിച്ച് കടക്കാമെന്നും   അവയ്ക്ക് ഒരു പരിഭാഷ എഴുതാൻ ശ്രമിക്കാമെന്നും തോന്നി. ഇത് ഒരു വെറും ശ്രമം മാത്രമാണ്. ബാല്യദശയിലുള്ള ഒരു പിച്ച വയ്ക്കൽ.  എഴുത്ത് എന്ന ഭാവനാവിലാസത്തെ സ്നേഹിക്കുന്നതുകൊണ്ട് അതിൽ സ്വയം നന്നാവാനുള്ള വഴികൾ തേടുന്നതിൻറെ ഭാഗമായുള്ള ഒരു അഭ്യാസം! അത്ര മാത്രം]




Spring by Thomas Nash

Spring, the sweet spring, is the year's pleasant king,
Then blooms each thing, then maids dance in a ring,
Cold doth not sting, the pretty birds do sing:
     Cuckoo, jug-jug, pu-we, to-witta-woo!


The palm and may make country horses gay,
Lambs frisk and play, the shepherds pipe all day,
And we hear aye birds tune this merry lay:
     Cuckoo, jug-jug, pu-we, to-witta-woo!


The fields breathe sweet, the daisies kiss our feet,
Young lovers meet, old wives a-sunning sit,
In every street these tunes our ears do greet:
     Cuckoo, jug-jug, pu-we, to-witta-woo!
                Spring, the sweet spring!


വസന്തം

 ഋതുരാജനാം വസന്തം 
മൃദുഹാസമാർന്നണഞ്ഞു 
കുളിരുന്ന കാറ്റിനൊപ്പം 
വിടരുന്നു പൂക്കളെങ്ങും

ഋതുകന്യ നൃത്തമാടും 
കിളികൾ മദിച്ചുപാടും 
ഇഴചേർന്നിടുന്ന വിണ്ണിൽ  
കളകൂജനം മുഴങ്ങും 

കാലിക്കിടാങ്ങളെങ്ങും 
നവഹർഷമായലഞ്ഞും
ചിരിയാർന്ന ഗ്രാമഭംഗി 
പ്രസരിച്ചുയർന്നുവെങ്ങും 

ഇടയൻറെയീറ മൂളും 
ഹൃദയം തുളുമ്പുമീണം 
ചിറകിട്ടടിച്ചുപൊങ്ങും 
ഉയിരിൻ വസന്തമെങ്ങും 

വയലേല പൂത്തുലഞ്ഞും 
ഉന്മാദഗന്ധമാർന്നും 
പാദം മുകർന്നു പൂക്കൾ 
പകരുന്നു ചുംബനങ്ങൾ 

പ്രണയം നിറഞ്ഞുവിങ്ങും 
ഹൃദയങ്ങളെങ്ങുമെങ്ങും 
കൈകോർത്തു മെയ്‌ മറന്നും 
തമ്മിൽ പുണർന്നിടുന്നു 

കാന്തൻറെയോർമ്മ പൂക്കും 
കനവിൻ നിലാത്തുണ്ടുകൾ 
കാർവണ്ടിണകണ്ണിനാൽ 
നുണയുന്നു  കാമിനികൾ  

അലയിട്ടുയർന്നു പൂന്തേൻ 
ചൊരിയും വസന്തഗീതം  
നലമോടു  വീശിയെങ്ങും 
ഗ്രാമങ്ങളെങ്ങുമെങ്ങും 

പുതുപൂക്കളെന്നുമെന്നും 
വിരിയും സുഗന്ധകാലം 
ഹൃദയത്തിലെന്നുമെന്നും  
മധുരം വസന്തകാലം 

Wednesday, October 12, 2016

വീനസ് ഫ്ളൈട്രാപ്പ്

Google image














കണ്ടാൽ മനോഹരി, 
ചേതോഹരമിഴി 
നീണ്ടിടം പെട്ട കൺ-
പീലിയാൾ,ആരിവൾ?

കണ്ടുമോഹിച്ചു വ- 
ന്നെത്തിടും വണ്ടുകൾ
വീണുപോയാക്കട-
ക്കണ്ണിലെ  മായയിൽ 

നീണ്ട കൺപീലികൾ 
നീണ്ടു ദംഷ്ട്രങ്ങളായ് 
ചേർന്നടഞ്ഞുള്ളിലെ 
വണ്ടോ കെണിയിലായ്  

വീണ്ടും മിഴി തുറന്നു-
ള്ളിൽ ചതിയുടെ 
ശോണിമയാൽ  കട-
ക്കണ്ണെറിയുന്നവൾ 

കാട്ടുചെടി,യിര 
കാത്തു കിടപ്പവൾ, 
നോക്കിപ്പഠിച്ചുവോ 
നാട്ടുമനുഷ്യരും! 

Tuesday, October 4, 2016

ശലഭചിന്തകൾ



മരിക്കുമെന്നുറച്ചനാളുറഞ്ഞ മൗനമോടെ ഞാ-

നിരുന്ന വീട് വിട്ടു മേൽ പറന്നുപോയിടട്ടിനി.

സമാധിയിൽ കഴിഞ്ഞ നാൾ സമസ്തമസ്തമിച്ചതായ്

നിനച്ചു,വെൻറെ നാളുകൾ കഴിഞ്ഞുവെന്നു നിശ്ചയം

മരിച്ചതില്ല പിന്നെയോ, വിചിത്രമെൻറെ മേനിയിൽ

പൊടിച്ചുവന്നു പൂവിതൾ കണക്കെയീ  ചിറകുകൾ!

സമാധി തൻ ദിനങ്ങളിൽ സദാ മയക്കമാർന്നൊരെൻ

നനുത്ത മെയ്യിലാകവേ നിറം പകർന്നതാരൊരാൾ?!

പ്രതീക്ഷയറ്റു സർവ്വവും തകർന്നുവെന്ന ചിന്തയിൽ

നിലച്ചുപോയ പ്രാണനെയുയർത്തിവച്ച ദൈവമേ!

നമിച്ചിടുന്നു നിന്നെ ഞാൻ നയിക്കുകെന്നെയെന്നുമേ

നിലച്ചിടാത്ത നന്മയാൽ നിറയ്‌ക്കുകെൻറെ ലോകവും! 



To Watch on You Tube