വാനത്തിൻ തുണ്ടൊന്നു കാണാൻ കൊതിച്ചു ഞാ-
നെൻ മട്ടുപ്പാവിലണയേ
അതിരറ്റ കാഴ്ചകളൊട്ടു നിറം കെട്ട
തകരത്തകിടാൽ മറയെ,
ഒരുനാളിലാകാശമൂർന്നു കിടന്നൊരെ-
ന്നാലയ മേലാപ്പെവിടെ ?
വീടായ വീടുകളെല്ലാം തകിടിന്റെ
കൂരയ്ക്കു കീഴേയൊളിച്ചോ?
നാടും നഗരവുമാകെ തകരത്തിൻ
ചേലെഴാ മേല്ക്കൂര പൊങ്ങെ
വാനത്തിൻ ചീന്തൊന്നു കാണുവാനുള്ളൊരു
മോഹമടക്കി ഞാൻ നിൽപൂ .
വീടിന്റെ മുറ്റത്തൊരു കൊച്ചു മണ്‍കൂന
കൊണ്ടു കളിവീട് കെട്ടാൻ
ഓടിയണഞ്ഞ ഞാനൊരു ചെറു മണ്‍തരി
കാണാതെ തേടി നടപ്പൂ...
ഭൂമി തൻ വായ് മൂടിക്കെട്ടിയടച്ച പോ-
ലോടുകൾ പാകിയ മുറ്റം
ഭൂമിയ്ക്കുദക ക്രിയയ്ക്കെങ്കിലും തുള്ളി
നീരോടിടാത്ത പാഴ് മുറ്റം.
മണ്ണിൽ പതിഞ്ഞ കാൽ പാടുകൾ കണ്ടു
വളർന്നേ വിനയമുറയ്ക്കൂ,
പാദങ്ങളൂന്നാനിടം തന്ന ഭൂമിയെ
കുമ്പിടുന്നോനേ വിളങ്ങൂ.
മണ്ണിൽ ചവിട്ടി നടക്കുവാനാകാത്ത
ബാല്യങ്ങളെന്തറിഞ്ഞീടാൻ
അമ്മ തൻ നെഞ്ചിൻ തുടിപ്പും
പിടയുമാ നാവു വരളുന്ന വേവും!
ആരെ ഭയപ്പെട്ടു തങ്ങളിൽ തന്നെ
യൊളിച്ചു പാർത്തീടുന്നു മർത്ത്യൻ?
തന്നിഷ്ടമാകുന്ന മാളങ്ങളിൽത്തൻറെ
പട്ടട തീർക്കും മനുഷ്യൻ!
മർത്യനായ് വന്നു ജനിച്ചിതു ഞാനുമെൻ
സ്വാർത്ഥത തിങ്ങുമീ പൊത്തിൽ,
പ്രകൃതിയെ തോൽപ്പിച്ചു ജീവിച്ചിടാനുള്ള
ത്വര മൂത്തു ഞാൻ നവ മർത്യൻ.
പണ്ടൊക്കെ പാദരക്ഷ കൂടാതെ മണ്ണില്‍ ചവുട്ടി നടക്കുന്നവരായിരുന്നു കൂടുതലും.ഇന്ന് അകത്തുപോലും പാദരക്ഷ വേണം.മണ്ണില്‍ ചവിട്ടാന്‍........
ReplyDeleteമേത്തരം ടൈല്‍സ് പാകിയ മുറ്റവും...വിലകൂടിയ ഷീറ്റുകൊണ്ടുതീര്‍ത്ത മേലാപ്പുകളും ഭൂമിയും,ആകാശവും തമ്മിലുള്ള ഗാഢബന്ധത്തിന് വിഘാതം വന്നിരിക്കുന്നു.പ്രകൃതിയുമായുള്ള നമ്മുടെ അകല്‍ച്ച ആപല്‍ക്കരമാണ്........
ഈ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുകയാണ് കവിതയിലൂടെ.ഇഷ്ടപ്പെട്ടു,
ആശംസകള്‍
പ്രകൃതിയ്ക്ക് ഒരല്പം പോലും ഇടം നല്കില്ല എന്ന മനുഷ്യൻറെ വാശിയാണ് പ്രകൃതി ക്ഷോഭാങ്ങളിലേയ്ക്ക് നയിക്കുന്നത്. സ്വന്തം പുരയിടത്തിൽ വെയിൽ വീഴുന്ന പഴുതുകളെല്ലാം തകിട് കൊണ്ട് കൊട്ടിയടച്ചിട്ട് ഒരു തരി വെയിലിൻറെ ആവശ്യം വരുമ്പോൾ പൊതുസ്ഥലം കയ്യടക്കി ഉപയോഗിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി സർ.
Deleteതകരമാകാശം!
ReplyDeleteഉള്‍ക്കാഴ്ച്കയുള്ള കവിത
നന്ദി സർ. കാണാനാഗ്രഹിക്കുന്ന കാഴ്ചകൾ കാണാൻ കഴിയാതെ വരുമ്പോഴേ ഉൾക്കാഴ്ച ഉണ്ടാവൂ എന്നതാണല്ലോ മനുഷ്യന്റെ ശാപം.
Delete"വീടിന്റെ മുറ്റത്തൊരു കൊച്ചു മണ്‍കൂന
ReplyDeleteകൊണ്ടു കളിവീട് കെട്ടാൻ..
ഓടിയണഞ്ഞ ഞാനൊരു തരി മണ്‍ തരി
കാണാതെ തേടി നടപ്പൂ.. "
ഈ വരികൾ വളരെ ഇഷ്ടപ്പെട്ടു..
മനുഷ്യ മനസ്സ് ഇന്ന് മണ്ണിൽനിന്നും ഏറെ ഉയർന്നു പോയിരിക്കുന്നു..
എത്ര ഉയരത്തിൽ എത്തിയാലും ചവിട്ടി നിൽക്കുവാനെങ്കിലും മാനവ മനസ്സ് ഒരുനാൾ മണ്ണിലേക്ക് തന്നെ മടങ്ങി വരുമെന്ന് ആശിക്കാം..
നല്ല കവിത..ആശംസകൾ ടീച്ചർ..