Sunday, April 13, 2014

വിഷുമുത്തശ്ശികർണികാരം സ്വർണത്തിൻ മണി
മഞ്ഞപ്പട്ടുടയാടയണിഞ്ഞു 
കനകം വിളയും വയലേലകളിൽ 
വിത്തെറിയാൻ  വിഷുവണയാറായ് .

സദ്യയൊരുക്കാനില്ലൊരു  താമസ-
മർക്കൻ രാശി കടക്കാറായ്,
പനസം വെട്ടിയിടുന്നുണ്ടേയെ-
ന്നമ്മാവൻ പിന്നാമ്പുറമേ,

ചക്കയെന്നു വിളിക്കരുതാരും 
'പനസം'* ഞാനിതു വിഷു നാളിൽ!
ഞാനോ കേമൻ എന്നെ കൂടാ-
തില്ലൊരു വിഭവം വിഷു നാളിൽ .

പുത്തൻ പണിയായുധവും പിന്നെ 
കൈക്കോട്ടും നാം കരുതേണം 
വിളവും വിത്തും ഭൂമീദേവി 
നമ്മൾക്കേകിയ  കൈനീട്ടം. 

മേടച്ചൂടിൻ മടിയാൽ മൂടി 
യുറങ്ങാതെൻറെ വിഷുക്കിളിയേ  
പൊലികപ്പാട്ടിന്നീണം മൂളി 
പുള്ളുവനൊപ്പം പോകുക നീ. 

വയലുകൾ തോറും പാറി പാറി 
പോകേണം നീ വൈകരുതേ  
കണിവക്കാനായ്  കായ്കനികൾ നീ 
കൊണ്ട് വരേണം കൈ നിറയെ. 

തേച്ചു മിനുക്കുന്നുണ്ടേ തെക്കേ 
മുറ്റത്തെന്നുടെ മുത്തശ്ശി 
പത്തായത്തിന്നുള്ളിലിരുന്നോ-
രൊളി മങ്ങിടുമോരോട്ടുരുളി.

പണിയുണ്ടനവധി മുത്തശ്ശിക്കി-
ന്നുൽസാഹത്തിൻ ശിവരാത്രി !
കണി വയ്ക്കേണം വർഷം മുഴുവൻ 
പൊൻ വിള നല്കും നന്മകളെ .

അരിയും നെല്ലും പാതി നിറച്ചി -
ട്ടതിലായ്  കണിവെള്ളരി വച്ചും, 
കൈതപ്പൂമണമോലും ശുഭ്രാ-
മ്പരമൊന്നിൽ ഞൊറി ഞൊറി വച്ചും,

ചെമ്പഴുക്കാച്ചുവടെ വെറ്റില 
പിന്നെ കരിമഷി, സിന്ദൂരം, 
പൊന്നും പിന്നെ പൊന്നിനെ വെല്ലും 
പൊൻ കണിക്കൊന്ന പൂങ്കുലയും,

അമ്പിളി വട്ട തേങ്ങാമുറിയിൽ  
തിരി നീട്ടും എള്ളിൻ കിഴിയും
വാൽക്കണ്ണാടിയും  തുളസിക്കതിരും,
പുണ്യം നിറയും ഓട്ടുരുളി !

എഴുതിരിയിട്ടണിയിച്ചു മിനുക്കിയ 
ലക്ഷണമൊക്കും നിലവിളക്കും 
അരികത്തങ്ങനെ മഞ്ഞപ്പൂന്തുകിൽ 
ചുറ്റിയൊരുണ്ണി ക്കണ്ണനെയും 

പലകുറിയുള്ളിൽ കണി കണ്ടിട്ടും 
അകതാരിൽ കുടി വച്ചിട്ടും
കണ്ടിട്ടും മതിയാകുന്നില്ലെൻ 
മുത്തശ്ശിക്കൊരു തരി പോലും.

പുലരാറായ്‌  തുയിലുണരാറായ്‌  
എല്ലാരേയുമുണർത്താറായ്
കണ്ണിണ പൊത്തി കൊണ്ടെയിരുത്തി-
യരുമകളെ നൽ കണി കാണാൻ

കിഴക്കു  ദിക്കിലെ കറുകപ്പുല്ലിൻ 
നാമ്പിനുമീ മാമ്പൂക്കൾക്കും 
കാലിയ്ക്കും പൂങ്കിളികൾക്കും 
സകലചരാചര പ്രകൃതിക്കും 

കണി കാണിയ്ക്കും മുത്തശ്ശി 
നന്മ വിളങ്ങും മുത്തശ്ശി 
പ്രകൃതിയുമീശനുമൊന്നാണെ-
ന്നരുളിയ വിഷുവെൻ മുത്തശ്ശി! 

രാവും പകലും തുല്യം* താൻ 
ഈശ്വരനുള്ളിൽ കുടി കൊൾകിൽ 
എന്നൊരു സത്യം പറയാനായ്  
വിഷു മുത്തശ്ശി വന്നെത്തി !!(* വിഷു സദ്യയിൽ മുൻപനായ ചക്കയെ വിഷു നാളിൽ പര്യായ പദമായ  പനസം എന്നേ പറയാവൂ എന്നാണത്രേ. )

(* വിഷുദിനത്തിൽ എപ്പോഴും രാവിനും പകലിനും തുല്യ നീളമായിരിക്കും) 


എല്ലാവർക്കും നന്മയുടെ സമൃദ്ധി  നിറഞ്ഞ വിഷു ആശംസിക്കുന്നു .


6 comments:

 1. വിഷുപ്പാട്ട് നന്നായി!!
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അജിത്‌ സർ. സന്തോഷകരമായ അവധിക്കാലം ആശംസിക്കുന്നു.

   Delete
 2. വിഷുക്കവിത മനോഹരമായിരിക്കുന്നു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുആശംസകള്‍

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി സർ.

   Delete
 3. കവിത ഇഷ്ടമായി.
  വിഷു ആശംസകൾ ടീച്ചർ !

  ReplyDelete
  Replies
  1. നന്ദി ഗിരീഷ്‌.

   Delete