Followers

Sunday, December 25, 2011

പുതുവത്സരചിന്തകള്‍

കാലമാം വൃക്ഷത്തിന്‍ കൊമ്പില്‍നിന്നൊരു പീത-
പത്രവുംകൂടിപ്പൊഴിഞ്ഞിതാ വീഴവേ
തിരിഞ്ഞൊന്നു നോക്കണം തിരികെ നടക്കുവാ-
നാകാത്ത തീരത്തു നാമെത്തി നില്‍ക്കവേ,


തിരഞ്ഞൊന്നുനോക്കണം നാം ചെയ്ത കര്‍മ്മങ്ങള്‍,  
പാപവും പുണ്യവും തെറ്റും ശരികളും,
മനസിന്‍  തുലാസിന്‍റെ തട്ടിലായ്ത്തൂക്കണം
പുണ്യപാപങ്ങള്‍തന്‍ ഏറ്റക്കുറവുകള്‍.


ആശയാമിന്ധനം കോരിനിറച്ചു കൊ-
ണ്ടാ വഴിയീവഴിയോടുന്ന വേളയില്‍
കാല്‍ക്കീഴില്‍ വന്നുപെടുന്ന പുഴുക്കളെ
കാല്‍വിരല്‍കൊണ്ടു ഞെരിക്കുന്നു നിര്‍ദ്ദയം!


ദൈന്യമാം രോദനം കേള്‍ക്കാത്ത ഭാവേന
ശീഘ്രം ഗമിക്കുന്നു ഞാനെന്ന ചിന്തയില്‍
കണ്‍മുന്നില്‍ വീണുപിടയുന്ന ജീവനെ
കാണാത്ത ഭാവേന പിന്‍ തിരിഞ്ഞീടുന്നു.


പരനെയപായപ്പെടുത്തുവാനുള്ളോരു-
പായവുമോര്‍ത്തു നടപ്പു നാമെപ്പോഴും,
ഹൃത്തിലൊളിപ്പിച്ച വൈരവുമായി നാ-
മെപ്പോഴും പുഞ്ചിരിച്ചീടുന്നു ഗൂഢം!

തന്‍ സുഖം മാത്രം പരതിനടക്കവേ
യാര്‍ക്കുണ്ടു നേരം പരസുഖമോര്‍ക്കുവാന്‍!
സ്വാര്‍ത്ഥലാഭത്തിനായാര്‍ത്തി പൂണ്ടിട്ടു നാം
തെറ്റിന്‍ വഴിയിലിരുളിലലയുന്നു.


കയ്യൂക്കു കൊണ്ടു നാമീവിധം നേടുന്ന
നേട്ടങ്ങളെത്ര ക്ഷണികമെന്നോര്‍ക്കണം!
ഏതൊരു തീരത്തണയുവാനീവിധം
മത്സരിച്ചോടിയണയ്ക്കുന്നു നമ്മള്‍!

അപരന്‍റെ  കണ്ണുനീര്‍ വീഴ്ത്തി നാം നേടിയ 
നേട്ടങ്ങളൊക്കെയും വ്യര്‍ത്ഥം, അനര്‍ത്ഥം...
നമ്മള്‍ക്കു മക്കളായ് തീര്‍ന്നവര്‍ പേറിടും
നാം ചെയ്ത കര്‍മ്മത്തിന്‍ ശാപങ്ങള്‍ നിശ്ചയം!

സ്വാര്‍ത്ഥം വെടിഞ്ഞു നാ,മാര്‍ത്തി വെടിഞ്ഞങ്ങു
ജീവിച്ചു കാട്ടുമിനിയുള്ള നാളുകള്‍;
കാലമാം വൃക്ഷത്തില്‍ നിന്നു പൊഴിയുമാ 
പീതപത്രത്തില്‍ കുറിയ്ക്കുകീ വാക്കുകള്‍.  

Monday, August 22, 2011

സ്വാതന്ത്ര്യദിനചിന്തകൾ



കഴിഞ്ഞ 64 വര്‍ഷം കൊണ്ട് ഇന്ത്യ വളരെയേറെ വളര്‍ന്നിരിക്കുന്നു. 1945 ല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നമ്മള്‍ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഈ സ്വാതന്ത്ര്യം ഭീകര സത്വമായി ഇന്ത്യയെത്തന്നെ  വിഴുങ്ങുമാറ് വായ്‌ പിളര്‍ന്നു നില്‍ക്കുന്നു. 

ആരില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് നമ്മള്‍ നേടിയെടുത്തത്? ബ്രിട്ടീഷുകാരില്‍ നിന്ന് എന്നാണ്‌ ഉത്തരമെങ്കില്‍, മാറി മാറി വരുന്ന ഇന്ത്യന്‍ തലമുറ  ഇന്നും മികച്ച ജീവിതനിലവാരത്തിനായി പശ്ചിമ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക്  പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്തില്‍ നിന്നാണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയത്? ബ്രിടീഷുകാരുടെ അനീതികളില്‍ നിന്ന് എന്നാണ്‌ ഉത്തരമെങ്കില്‍ ഇന്നു നമ്മള്‍ ആരുടെയൊക്കെ അനീതികളാണ്   സഹിച്ചുപോരുന്നത്? 
നമ്മള്‍ എന്തെന്ത് അവകാശങ്ങള്‍ ആണ് കാലാകാലമായി നേടിയെടുത്തത്? 

നിയമങ്ങള്‍ എന്ത്‌ തന്നെ ആയാലും അത്‌ അനുസരിക്കാതെ ഇരിക്കാനുള്ള അവകാശം എന്ന് ആദ്യത്തെ ഉത്തരം!
അനുസരണക്കേട്‌ ചോദ്യം ചെയ്യാന്‍ സാഹസം കാണിക്കുന്നവനെ തട്ടിക്കളയാനുള്ള അവകാശം എന്ന് രണ്ടാമത്തെ ഉത്തരം!!

ഇത്തരത്തില്‍ നമ്മള്‍ നേടിയെടുത്ത അവകാശങ്ങള്‍ തീരുന്നില്ല. അവകാശങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന നമ്മള്‍ നമ്മുടെ കടമകളെ കുറിച്ച് ഓര്‍ക്കാതെ പോകുന്നു. അവകാശങ്ങളും കടമകളും പരസ്പര പൂരകങ്ങള്‍ ആണ്. ഓരോരുത്തരും അവരുടെ കടമകള്‍ കൃത്യമായി നിര്‍വഹിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു. ഒരാളുടെ കടമ മറ്റൊരാള്‍ക്ക് ലഭിക്കേണ്ട അവകാശമാണല്ലോ. അങ്ങിനെ ചിന്തിക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഇന്ത്യയില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക് കാരണമാണ്. സ്വന്തം മക്കളെ നേര്‍വഴിക്കു നയിക്കാന്‍ കഴിയാത്ത അച്ഛനമ്മമാരില്‍ നിന്ന് തുടങ്ങുന്നു ഈ മൂല്യച്യുതി. 

ഏത് ജോലി ചെയ്യാനും അതിനനുയോജ്യമായ യോഗ്യതകള്‍ നിര്‍ബന്ധമുള്ള നമ്മുടെ നാട്ടില്‍ നാട് ഭരിക്കാന്‍ മാത്രം യോഗ്യതകള്‍ ഒന്നും വേണ്ട എന്ന അവസ്ഥ പരിതാപകരമാണ്. ജില്ല ഭരിക്കുന്ന നേതാക്കന്മാര്‍ക്ക് കുറഞ്ഞ യോഗ്യത പത്താം ക്ലാസും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് കുറഞ്ഞ യോഗ്യത ഒരു ബാച്ച്ലര്‍ ഡിഗ്രിയും എന്ന രീതിയിലെങ്കിലും നിയമം മാറേണ്ട കാലം അതിക്രമിച്ചില്ലേ? ശരിയായ വിദ്യാഭ്യാസം കൊണ്ട്‌ ഒരു വ്യക്തിയില്‍ വളര്‍ന്നുവരേണ്ട ചില മൂല്യങ്ങള്‍ ഉണ്ട്. അത്തരം അടിസ്ഥാനപരമായ മൂല്യങ്ങള്‍ പോലും ഇല്ലാത്ത ഒരു ഭരണവര്‍ഗ്ഗം ആണ് ഇന്നു  നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നത്. ഭരിക്കുന്നവര്‍ ഒരു തെറ്റു ചെയ്‌താല്‍ ഭരിക്കപ്പെടുന്നവര്‍ ഒന്‍പതു തെറ്റു ചെയ്യുമെന്നത് കണിശം. ഇങ്ങനെ ഒന്നും ഒന്‍പതും ഒന്‍പതിനായിരവുമായി  തെറ്റുകള്‍ പെറ്റു പെരുകി ഇന്ന് നമ്മുടെ നാട്ടില്‍ ജനാധിപത്യത്തിന് , തെറ്റു ചെയ്യുന്നവര്‍ക്ക് വേണ്ടി തെറ്റു ചെയ്യുന്നവര്‍ ഭരിക്കുന്ന തെറ്റു ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള ഭരണ വ്യവസ്ഥ എന്ന നിലയില്‍ അര്‍ത്ഥവ്യത്യാസം സംഭവിച്ചിരിക്കുന്നു. 

എന്താണ് നമ്മുടെ നാടിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും സ്വന്തം കടമ ചെയ്യുവാൻ  തയ്യാറല്ല എന്നിടത്ത് നിന്ന് തുടങ്ങുന്നു ഒരു നാടിന്‍റെ നാശം. കേരളത്തിലെ റോഡുകളുടെ കാര്യം തന്നെ എടുക്കുക. ഓരോ വണ്ടി നിരത്തിൽ  ഇറങ്ങുമ്പോഴും പതിനഞ്ചു വർഷത്തേക്കുള്ള നികുതിയാണ് ഒറ്റ തവണയായി മുൻകൂർ  അടക്കുന്നത്. ഇങ്ങിനെ നികുതി കൊടുക്കുന്ന പൊതുജനത്തിനു നടുവൊടിയാതെ യാത്ര ചെയ്യുവാനുള്ള ഏറ്റവും കുറഞ്ഞ അവകാശമെങ്കിലും ജനാധിപത്യത്തിൽ  ഉണ്ടാകുമല്ലോ. എന്നാൽ ദീർഘകാലം നില നിൽക്കുന്ന നല്ല റോഡ്‌ എന്നത് നമ്മൾ  മലയാളികൾക്ക് എന്നും ഒരു സങ്കൽപം മാത്രമാണ്. രണ്ടു വശങ്ങളിലും ചെങ്കുത്തായ താഴ്ചയുള്ള റോഡുകളിൽ  പോലും തെരുവു വിളക്കുകളും കൈവരികളും കാണുക പ്രയാസം. രാത്രിയിൽ  ഈ റോഡുകളിലൂടെ യാത്രക്ക് പുറപ്പെടുന്നവൻ , അവൻ  കാൽനടക്കാരനായാലും വാഹനത്തിൽ  യാത്ര ചെയ്യുന്നവനായാലും, തന്‍റെ അന്ത്യയാത്രയെ ഒരു നിമിഷം മനസ്സിൽ  സങ്കൽപ്പിച്ചു കൊണ്ടാണ് വീട് വിട്ട്‌ ഇറങ്ങുന്നത്. ആയുസ്സെത്താതെ  മരിക്കാനുള്ള സൗകര്യം നമ്മുടെ പൊതുവഴികളിൽ  ഒരുക്കിത്തരുന്നതിനാണോ നമ്മുടെ ഭരണകൂടം പതിനഞ്ചു വർഷത്തേക്കുള്ള നികുതിപ്പണം ഒരുമിച്ചു സമാഹരിക്കുന്നത്? ഇതും പോരാഞ്ഞിട്ടാണ്‌ നാട്ടിലെ ഓരോ ചെറിയ പാലങ്ങൾക്കും ചുങ്കം പിരിക്കുന്നത്, അതും കുണ്ടും കുഴിയും കൊണ്ടു അലങ്കരിച്ച പാലങ്ങൾക്ക് വരെ! പൊതുജനം ഒടുക്കുന്ന നികുതിപ്പണം പൊതുജന നന്മക്കായി വിനിയോഗിക്കുന്നതിൽ   കാലാകാലങ്ങളായി വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനു നികുതി കൃത്യമായി കൊടുക്കാത്തവനെ ശിക്ഷിക്കാൻ  എന്ത് അവകാശമാണുള്ളത്? 

 നമ്മുടെ നാടിന്‍റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ  തോന്നിപ്പോകുന്ന ഒരു സംശയം ഉണ്ട്. രാഷ്ട്രമാണോ വലുത് രാഷ്ട്രീയപ്പാർട്ടിയാണോ  വലുത് എന്ന സംശയം! പാർട്ടിത്തല്ല് തീർക്കാനും പാർട്ടി യോഗം കൂടാനും പാർട്ടിയെ ശക്തിപ്പെടുത്താനും പാർട്ടികൾ  തമ്മിൽ  പാര പണിയാനും ഉള്ള സമയം കഴിഞ്ഞാൽ  പിന്നെ നമ്മുടെ രാഷ്ട്രീയക്കാർക്ക് പാവം രാഷ്ട്രത്തിനെ സേവിക്കാൻ  സമയമെവിടെ? ഒരു മുൻ  മുഖ്യമന്ത്രി പാർട്ടിക്ക് അനഭിമതനായ മറ്റൊരു രാഷ്ട്രീയ ചിന്ത ഉള്ളവന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു പോയത് ശരിയോ തെറ്റോ, ഇടതുപക്ഷ ചിന്താഗതി  ഉള്ള ഒരു മന്ത്രി തന്‍റെ പേരക്കിടാവിന് അമ്പലത്തിൽ  ചോറു കൊടുക്കൽ  ചടങ്ങ് നടത്തിയത് ശരിയോ തെറ്റോ.... എന്ന് തുടങ്ങി അഭിനവ നാടുവാഴികളുടെ തല പുകയ്ക്കുന്ന പ്രശ്നങ്ങൾ  നിരവധിയാണ്. ഇതിനിടയിൽ  ഒരറ്റത്ത് നിന്നും തീവ്രവാദികൾ  രാജ്യത്തിനു തീ കൊളുത്തി മുന്നേറുന്നതും തലയിൽ ഭാഗ്യരേഖക്കു പകരം ദാരിദ്ര്യരേഖ മാത്രം ഉള്ളവരുടെ വയറു കാളുന്നതും, ഒരു രാജ്യത്തിന്‍റെ പുരോഗതിക്കു അവശ്യം വേണ്ട  അടിസ്ഥാന സൌകര്യങ്ങളായ വെള്ളം, വെളിച്ചം, വഴി എന്നിവ പോലും നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ ദുർഗതിയും ഒക്കെ അവരുടെ വിദൂര പരിഗണന പോലും ലഭിക്കുന്ന വിഷയങ്ങളല്ല. 
ഭരണകൂടം വഴി പിഴക്കുന്നിടത്ത് മാധ്യമങ്ങൾ  എന്ന് അവകാശപ്പെടുന്ന മറ്റൊരു ഭരണ വർഗം വളർന്നു വരുന്നത്‌  നമ്മൾ  അറിയണം. ഇവർ  കള്ളനെ സത്യവാനാക്കുവാനും, ധർമിഷ്ഠനെ  നീചനാക്കാനും ആടിനെ പട്ടിയാക്കാനുമെല്ലാം സ്വാതന്ത്ര്യവും സാമർഥ്യവും യഥേഷ്ടം ഉള്ളവരാണ്. ഇന്നത്തെ മാധ്യമങ്ങൾ , അത്‌ ദൃശ്യ മാധ്യമമായാലും മറ്റു മാധ്യമങ്ങൾ  ആയാലും, അവയെല്ലാം തന്നെ മനുഷ്യ മനസ്സിൽ  വിപരീത ഊർജ്ജം (negative energy) നിറക്കുന്നതിൽ  ഒരു വലിയ പങ്കു വഹിക്കുന്നു. തിന്മയുടെ വാർത്തകൾ  കൊണ്ടു പത്രത്താളുകളും ദുഷ്ട കഥാപാത്രങ്ങളെ കൊണ്ടു നമ്മുടെ ദൃശ്യ മാധ്യമങ്ങളും നിറയുന്നു. നാട്ടിൽ  അന്നന്ന് നടക്കുന്ന കുറ്റകൃത്യങ്ങളുടെ അംഗപ്രത്യംഗ വർണന ചാനലുകൾ  തോറും കേട്ട് കൊണ്ട്‌ ഉറങ്ങാൻ  കിടക്കുന്ന ജനത്തിനു അത്യാവശ്യം ചെറിയ തെറ്റുകളൊക്കെ തനിക്കും ചെയ്യാം എന്ന ഒരു ദുർധൈര്യം ( അങ്ങിനെ ഒരു വാക്കുണ്ടോ ആവോ? ) പകർന്നു നൽകുന്നുണ്ട് നമ്മുടെ സ്വീകരണമുറിയിലെ പ്രധാന വില്ലനായ ടെലിവിഷൻ . എന്നാൽ  എത്രയോ നന്മയുടെ വാർത്തകൾ  ആരും അറിയപ്പെടാതെ, അനുകരിക്കപ്പെടാതെ കടന്നു പോകുന്നു. നന്മയുടെ വാർത്തകൾ  എന്നും കേൾക്കാനും വായിക്കാനും നമ്മുടെ മാധ്യമങ്ങൾ  അവസരം ഒരുക്കിയിരുന്നെങ്കിൽ  വളർന്നുവരുന്ന ഒരു തലമുറയോട് അവർക്ക് ചെയ്യാവുന്ന ഒരു വലിയ കടമ നിറവേറുമായിരുന്നു. (അപൂർവ്വം ചില നല്ല സംരംഭങ്ങളും ഉണ്ട് എന്നത് മറക്കുന്നില്ല.)     

സ്വാതന്ത്ര്യത്തെ കുറിച്ചാണ് നമ്മൾ  പറഞ്ഞ് തുടങ്ങിയത്. തൊട്ടടുത്തു നിൽക്കുന്നവന്‍റെ മൂക്ക് ആരംഭിക്കുന്നിടത്ത് നമ്മുടെ കയ്യിന്‍റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്നാണല്ലോ. എന്നാൽ  ഇന്ന് തൊട്ടടുത്ത് നിൽക്കുന്നവന്‍റെ മൂക്കിലൂടെയും വായിലൂടെയും നാഭിയിലൂടെയും വരെ കൈ കടത്തി നമ്മുടെ വയറ്റിലേക്കുള്ള വഴി വെട്ടാനുള്ള സ്വാതന്ത്ര്യവും ധാർഷ്ട്യവും  നമ്മൾ   നേടിയെടുത്തിരിക്കുന്നു.  (പോക്കറ്റിലേക്കുള്ള  വഴി എന്നും പറയാം. കാരണം ഇന്ന് വിശക്കുന്ന വയറിനെ സമാധാനിപ്പിക്കാൻ  വേണ്ടി അഴിമതി ചെയ്യുന്നവർ  വളരെ ചുരുക്കമായിരിക്കും. പോക്കറ്റ് ആണ് അതിലും പ്രധാനം!)  

നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തിനു (ദു:സ്വാതന്ത്ര്യത്തിനു ) ഒരു ചെറിയ കടിഞ്ഞാൺ  പിടിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എങ്കിലോ, ഈ കടിഞ്ഞാൺ  നമ്മൾ  മറ്റൊരാൾക്ക് വിധിക്കുകയല്ല വേണ്ടത്. (മറ്റൊരാൾക്ക് കടിഞ്ഞാൺ  ഇടാൻ  ആണ് നമുക്ക്‌ എപ്പോഴും കൂടുതൽ   ഇഷ്ടം എങ്കിലും.) നമ്മുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ  കൈ കടത്തലാകുന്നിടത്ത് നമ്മുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാൺ  ഇടാൻ  നമ്മൾ  ശീലിക്കണം. വ്യക്തികൾ  നന്നായാൽ  സമൂഹം നന്നാവും. സമൂഹം നന്നായാൽ  രാജ്യങ്ങളും, ലോകം തന്നെയും നന്നാവും. ആരെയും വാക്കു കൊണ്ടും, പ്രവൃത്തി കൊണ്ടും മലിനപ്പെടുത്താമെന്നുള്ള സ്വാതന്ത്ര്യചിന്ത നമ്മൾ  ഉപേക്ഷിച്ചു തന്നെയാവണം. അതിനു ആദ്യം നമ്മൾ ശീലിക്കണം. പിന്നീട് നമ്മുടെ മക്കളെ ശീലിപ്പിക്കണം. അവർ   ആണായാലും പെണ്ണായാലും. സ്ത്രീകളെ ബഹുമാനിക്കാൻ  നമ്മുടെ ആൺ  മക്കളെയും അഹങ്കാരം ആപത്താണെന്ന് നമ്മുടെ പെണ്മക്കളെയും പഠിപ്പിക്കാൻ  സ്വന്തം പ്രവൃത്തിയിലൂടെ നമുക്ക് കഴിയണം. അപകടകരമായ ലഹരികളിൽ നിന്ന് അവരെ അകറ്റി നിർത്താൻ  സ്നേഹത്തിന്‍റയും     ഭക്തിയുടെയും ലഹരി എന്തെന്ന് അവരെ അറിയിച്ചുകൊണ്ടിരിക്കുക.  അധ്യാപകർ  തങ്ങളുടെ വിദ്യാർഥികൾക്ക് മാതൃകയാകാൻ  തക്കവണ്ണം സംസ്കാരവും മൂല്യവും ഉള്ളവരാകണം. നമ്മുടെ മക്കളെ..നാടിന്‍റെ നാളത്തെ  പൌരൻമാരെയെങ്കിലും  മൂല്യച്യുതികളിൽ  നിന്നും രക്ഷിക്കാൻ  നമുക്ക്‌ മാത്രമേ കഴിയൂ. അതിനുള്ള കടമയും  അവകാശവും ആവശ്യവും എല്ലാം നമുക്ക്‌ മാത്രമുള്ളതാണ്. യഥാർഥ സ്വാതന്ത്ര്യം എങ്ങിനെ ആസ്വദിക്കാം എന്ന് അടുത്ത തലമുറയെങ്കിലും അറിയട്ടെ. 

തെറ്റുകൾ  തിരുത്താൻ  ഇനിയും വൈകിയിട്ടില്ല എന്ന് മനസ്സിലാക്കുന്നിടത്താണ് നമ്മുടെ വിജയത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആദ്യപടി. വീടുകളിൽ  നിന്ന് തുടങ്ങട്ടെ നമ്മുടെ പുതിയ സ്വാതന്ത്ര്യ സമരം. മൂല്യച്യുതികൾക്കെതിരെയുള്ള സ്വാതന്ത്ര്യ സമരം..

Saturday, August 13, 2011

ദൈവം കരയുകയാണ്...


ദൈവത്തിന്‍റെ തുറന്ന കത്ത്... കേരള ജനതയ്ക്ക്


"ദൈവത്തിന്‍റെ സ്വന്തം നാട്" എന്ന പേരില്‍ എന്‍റെ  തലയില്‍ കെട്ടിവച്ചിരിക്കുന്ന ഈ മുള്‍ക്കിരീടം എനിക്ക്  താങ്ങാവുന്നതിലും അധികമാണ്. സാക്ഷാല്‍ ദൈവമായ ഞാന്‍ യുഗങ്ങള്‍ മാറി മാറി  പിറവി എടുത്താലും  ഈ നാടിനെയും നാട്ടുകാരെയും രക്ഷ പെടുത്താന്‍  എന്നെക്കൊണ്ടാവുമെന്നു തോന്നുന്നില്ല. രക്ഷ പെടുത്തിയെടുക്കാം എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും കാലം ഞാന്‍ ഈ നാണക്കേട്‌ സഹിച്ച് കാത്തിരുന്നത്. പക്ഷെ ഇനി വയ്യ. അതുകൊണ്ട് ഈ പാനപാത്രം എന്നില്‍ നിന്നും തിരിച്ചെടുത്ത് കൊടിയ നാണക്കേടില്‍ നിന്നും എന്നെ രക്ഷിക്കേണമേ എന്ന് കേരളത്തിലെ ജനതയോടും, അധികാരികളോടും താണുവീണ് കേണപേക്ഷിക്കുന്നു.


എന്ന് വിശ്വസ്ത വിധേയന്‍


ദൈവം
അംബാസിഡര്‍ ഓഫ് ഹെവന്‍ ടു കേരള


ഒപ്പ്

Tuesday, July 19, 2011

ചെകുത്താന്‍റെ സ്വന്തം

നാടു നല്ല നാട് 
കേരം തിങ്ങും നാട് 
ദൈവത്തിന്‍റെ സ്വന്തം 
നാടുപോലും, നാട്!

നാട്ടിലുണ്ടു റോഡ്‌ 
പടുകുഴികളുള്ള റോഡ്‌ 
റോഡിലൂടെ പോയാല്‍ 
കുഴിയില്‍ വീഴും നാട്!

പുഴകളുള്ള നാട് 
മഴ തിമർക്കും നാട് 
മഴയതൊന്നു പെയ്താൽ 
ഇരുളിലാകും നാട്! 

അദ്വൈതമന്ത്രം ചൊന്ന
ഗുരുദേവൻ  തന്‍റെ നാട്
ജാതിക്കോമരങ്ങളിന്നു 
തുള്ളിയാടും  നാട്!

മലയാണ്മതന്‍റെ നാട്
മലയാളികളുടെ നാട്
'മലയാല'മെന്നുപോലും 
'കുരച്ചു' ചൊല്ലും നാട്!

മോടിയുള്ള വീടി-
ന്നോടിടുന്ന നാട്
വീടു മോടിയാക്കാൻ  
മുടിച്ചിടുന്നു നാട്!

ഭരിച്ചിടുന്ന വർഗ്ഗം 
മറിയ്ക്കുമങ്ങു കോടി,
മറിച്ചൊരുവൻ   വന്നാൽ 
തല കൊയ്തെടുക്കും നാട്! 

പീഡിതരുടെ നാട്,
സ്ത്രീപീഡകരുടെ നാട്,
പീഡനത്തിനൊന്നാം
സ്ഥാനമുളള നാട്!

ക്യാമറകളുടെ നാട്,
മൊബൈൽക്യാമറതൻ  നാട്,
ക്യാമറയെപ്പേടി-
ച്ചോടിടുന്ന നാട്!

ഹർത്താലും ബന്ദുമെന്നും 
നെഞ്ചിലേറ്റും നാട്,
നാടു നന്നായ്ത്തീർക്കാൻ  
നാവടിയ്ക്കും നാട്!

കൈക്കൂലിതന്‍റെ നാട്,
നോക്കുകൂലിയുള്ള നാട്,
കൂലി നൽകിയാളെ
കൊന്നിടുന്ന നാട്.

മന്ത്രിമുതൽ  തന്ത്രിവരെ
കൈക്കൂലി വാങ്ങും നാട്!
അഴിമതിയിൽ  മുങ്ങി-
ച്ചത്തിടുന്നു
  നാട്.

പാർട്ടിയുണ്ടു നാട്ടിൽ  
പാർട്ടിത്തല്ലുമുണ്ടു നാട്ടിൽ  
പാർട്ടിയാണു മുഖ്യം 
നാടതല്ല കഷ്ടം!

ഇനിയുമുണ്ടു നാട്ടിൽ  
നടമാടും വൈകൃതങ്ങൾ,
രക്ഷയില്ലയേതും
കലികാലമാണിതോർക്ക!  

ചെകുത്താനു സ്വന്തം നാടായ്
മാറിയിന്നു കഷ്ടം 
ദൈവത്തിന്‍റെ സ്വന്തം 
നാടിതെന്‍റെ നാട്!

(* നാടിനോടുള്ള പുച്ഛം കൊണ്ടല്ല ഇങ്ങിനെ ഒരു കവിത. നാടിനെ കുറിച്ചുള്ള വേവലാതി കൊണ്ടാണ്.)


Monday, July 18, 2011

അദ്വൈതം...അഹിംസ..

ഒരു ജാതിയൊരു മത-
മൊരു ദൈവം പാടിയ 
ഗുരുദേവനെ പിടി-
ച്ചൊരു ജാതി തന്‍ 
ദൈവമാക്കിയോര്‍ നമ്മള്‍!

അഹിംസ താനായുധ-
മെന്നു പഠിപ്പിച്ച 
മഹാത്മാവിനെ
വെടി വച്ചു കൊന്നവര്‍ നമ്മള്‍!





Monday, July 4, 2011

നിറകുടം തുളുമ്പില്ല!!

തിരുവിതാംകൂര്‍ രാജവംശത്തിനോട് എക്കാലവും തോന്നിയിരുന്ന ബഹുമാനം കണക്കില്ലാത്ത വിധം അധികരിച്ചിരിക്കുന്നു, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ശേഖരത്തിന്‍റെ വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍.  സമ്പത്ശേഖരത്തിന്‍റെ  വലുപ്പത്തിനപ്പുറം എന്നെ അമ്പരപ്പിക്കുന്നത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സത്യസന്ധതയുടെയും, നിസ്വാര്‍ത്ഥതയുടേയും, ലാളിത്യത്തിന്‍റെയും, ഭക്തിയുടെയും  ആഴം മനസിലാക്കുമ്പോഴാണ്. 
എന്നിട്ടും ചിലര്‍ ജല്‍പ്പിക്കുന്നു, ഇത് പൊതുജനത്തിനെ പിഴിഞ്ഞെടുത്ത മുതല്‍ ആണെന്ന്! പൊതുജനത്തിനെ പിഴിയുക എന്ന കലാപരിപാടി മാത്രം വശമുള്ള ഇന്നത്തെ ഈര്‍ക്കിലി രാഷ്ട്രീയക്കാര്‍ക്ക്  ഇതിനു മേലെ മറ്റെന്തു ചിന്തിക്കാനാകും?   പിഴിയാനും കൈക്കലാക്കാനുമാണെങ്കില്‍ അവര്‍ക്ക് അത് എന്നേ നനാവിധമാക്കാമായിരുന്നു! രാജവാഴ്ച അവസാനിക്കുന്നതിനു മുന്‍പ് തന്നെ! 
ഇക്കാലമത്രയും ഈ ശേഖരം ഇത്രയും ഭദ്രമായി ഈ നിലവറകളില്‍ ഇരുന്നിരുന്നു. ഇനിയതിന് എന്ത് സംഭവിക്കും എന്നതാണ് പ്രസക്തമായതും ഭയപ്പെടുത്തുന്നതുമായ ചോദ്യം! കൊള്ളയും കൊലയും അഴിമതിയും തീവ്രവാദവും എല്ലാം കൊടി കുത്തി വാഴുന്ന നമ്മുടെ ഇന്നത്തെ നാട്ടില്‍ ഇനി ഈ സ്വത്തിനു എന്താണ് സുരക്ഷ?

ഇത്രയും വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴും അനാവശ്യമായ ഒരു അഭിപ്രായപ്രകടനവും അവകാശവാദവും ഉന്നയിക്കാതെ (അഭിപ്രായപ്രകടനത്തിനും അവകാശവാദത്തിനും ഏറ്റവും അര്‍ഹരായിട്ടു പോലും!)    സര്‍വം ശ്രീ പത്മനാഭനില്‍ സമര്‍പ്പിച്ച് വിനയാന്വിതരായി ലാളിത്യത്തോടെ കഴിയുന്ന രാജകുടുംബാംഗങ്ങളോട് മനസ്സ് നിറഞ്ഞ ആദരവ് തോന്നുന്നു. 





Wednesday, April 27, 2011

മരിക്കുംമുൻപ്

ജനനമതെന്നും പ്രതീക്ഷതാൻ  കേവലം 
മരണമോ ശാശ്വതം, നിത്യമാം സത്യം! 
ജനനത്തിൽ  നിന്നുമാ മരണത്തിലേയ്ക്കുള്ള
ദൂരമാണോർക്കുക,യേവർക്കും ജീവിതം.
ദൂരമങ്ങേറിടാം, തീരെക്കുറഞ്ഞിടാം,
ആരറിഞ്ഞീടുന്നു കൃത്യമാം കാതം!
ഇന്നലെ നമ്മൾ മരിച്ചതില്ലെന്നതും 
ഇന്നു നാം ജീവിച്ചിരിപ്പുണ്ടതെന്നതും
മൃത്യുവൊരുനാൾ വരും തിട്ടമെന്നതും 
മാത്രമറിയുന്നു തുച്ഛനാം മർത്ത്യന്‍;
എങ്കിലോ ഭാവിച്ചിടുന്നവനഖിലാണ്ഡ
മണ്ഡലം വാഴുമധിപനാണെന്നപോൽ!
എന്തിന്നഹങ്കരിച്ചീടുന്നു മാനുഷർ  
കൈവന്ന കേവലനശ്വരജന്മത്തിൽ ?
തെല്ലും മടിയാതെറിഞ്ഞുടച്ചീടുക
നെഞ്ചിൽ  കനക്കുമഹന്തതൻ  ചില്ലുകൾ .
ചിത്രമായ്‌ ഭിത്തിയിൽ തൂങ്ങുന്ന വേളയി-
ലോർത്തുവച്ചീടുവാൻ  നന്മ ചെയ്തീടുക.
മരണത്തിനപ്പുറം ജീവിതമുണ്ടതു
ജീവിച്ചിരിപ്പവർതൻ ഹൃദയങ്ങളിൽ 
മറ്റൊരുവന്നുതകുന്നൊരു ജീവിത-
മോർക്കുക, വെല്ലും മരണത്തിനെപ്പോലും!
മരണമിങ്ങെത്തിടും മുൻപൊരു തരി വെട്ട-
മെങ്കിലുമിങ്ങു  പകർന്നുപോയീടുക..
കൈത്തിരിയൊന്നു തെളിച്ചു പോയീടുക...