26-03-2023
ഇന്ന് ആലുവായയിലെ അദ്വൈതാശ്രമത്തില്‍ പോകുവാന്‍ യോഗമുണ്ടായി. പഠിക്കുന്ന കാലത്തോ മറ്റോ ഒന്നുരണ്ടു തവണ പോയിട്ടുള്ള ഓര്‍മ്മയേയുള്ളൂ ആലുവാ അദ്വൈതാശ്രമത്തെക്കുറിച്ച്. എന്നാല്‍ അവയൊന്നും ഗുരുദേവന്‍റെ മാഹാത്മ്യത്തെക്കുറിച്ചു മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലുള്ള സന്ദര്‍ശനങ്ങളൊന്നുമായിരുന്നില്ല. ബാഹ്യമായ കണ്ണുകള്‍ കൊണ്ടുള്ള വെറും സ്ഥലം കാണല്‍ മാത്രമായിരുന്നു അവയെല്ലാം.
ഈ പ്രപഞ്ചത്തിനു മുഴുവന്‍ നിദാനമായ ശാശ്വതസത്യത്തിന്‍റെ അന്തസത്തയെ ആത്മാവില്‍ അറിഞ്ഞ മന്ത്രദൃഷ്ടാക്കളായ ഭാരതത്തിലെ മഹാഋഷികളുടെ പരമ്പരയുടെ തുടര്‍ച്ചയായ ശ്രീനാരായണഗുരുദേവനെന്ന മഹായോഗി പിറന്ന കേരളത്തിന്‍റെ മണ്ണില്‍ പിറക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടും ആ മഹാഗുരുവിന്‍റെ ജീവിതത്തെയോ ദര്‍ശനങ്ങളെയോ കൃതികളെയോ സാമൂഹ്യപ്രവര്‍ത്തനങ്ങളെയോ കുറിച്ചൊന്നും മനസ്സിലാക്കുവാനുള്ള ആഗ്രഹമോ അവസരമോ ചെറുപ്പത്തില്‍ ഉണ്ടായിട്ടില്ല. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന അദ്ദേഹത്തിന്‍റെ ആപ്തവാക്യം നല്‍കിയ സദ്‌ധാരണയുടെ ഒരു കണിക മാത്രമാണ് അദ്ദേഹത്തെക്കുറിച്ചു വിദ്യാഭ്യാസകാലത്ത് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ആകെ അറിവ്. അതും പാഠപുസ്തകങ്ങളില്‍ നിന്നൊന്നും ലഭിച്ചതല്ലെന്നോര്‍ക്കുമ്പോഴാണ് അവനവനെ ശുദ്ധീകരിക്കുന്ന യാതൊന്നും അറിയുവാനുള്ളതല്ലല്ലോ നമ്മുടെ വിദ്യാഭ്യാസം എന്ന നിരാശ തോന്നുന്നത്. എന്നും സ്കൂള്‍വിട്ടു കൂട്ടുകാരുമൊത്ത് നടന്നുവന്നിരുന്നത് ആ ആശ്രമകവാടത്തിന്‍റെ മുന്നിലൂടെയായിരുന്നു എന്നതിനാല്‍ ആ വെളിച്ചത്തിന്‍റെ ചെറുപൊട്ടെങ്ങാന്‍ ഗുരുകൃപയാല്‍ ഞാനറിയാതെതന്നെ ഉള്ളില്‍ കടന്നതാകാമെന്നേ കരുതാനാവൂ!
അവിടുന്നും കാലമെത്ര പിന്നിട്ടു! “പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്...” എന്ന വരികളില്‍ പൂന്താനം എഴുതിയതുപോലെ ആയുസ്സിന്‍റെ പകുതിയിലധികം കാലവും ബഹ്യലോകത്തിലെ വൈചിത്ര്യങ്ങള്‍ മാത്രം കണ്ടും അനുഭവിച്ചും കഴിഞ്ഞുപോയി. മുജ്ജന്മസുകൃതത്താല്‍ ശേഷിച്ച ജീവിതത്തില്‍ ആത്മാന്വേഷണത്തിനു പ്രാധാന്യം നല്‍കണമെന്നൊരു ജിജ്ഞാസ ഉള്ളില്‍ കയറിക്കൂടിയതു മൂലമാകണം വേദോപനിഷദ്ശാസ്ത്രങ്ങളെ കുറിച്ചുള്ള അടിസ്ഥാനവിജ്ഞാനമെങ്കിലും സമ്പാദിക്കുവാനുള്ള ചെറിയ ശ്രമങ്ങള്‍ ആരംഭിച്ചതും അതിന്‍റെ ഭാഗമായി ശ്രീ ജഗത്ഗുരു ആദിശങ്കരാചാര്യരുടെയും ശ്രീനാരായണരുദേവന്‍റെയുമെല്ലാം കൃതികളിലൂടെ കണ്ണോടിച്ചുതുടങ്ങുന്നതും. അപ്പോള്‍ മുതല്‍ കരുതുന്നതാണ് വീട്ടില്‍നിന്നും അധികമൊന്നും ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന അദ്വൈതാശ്രമത്തില്‍ ഒരു ദിവസം പോകണമെന്നും ചൈതന്യവത്തായ ഗുരുവിന്‍റെ ബിംബത്തിനു മുന്നില്‍ അല്‍പ്പസമയം മൌനമായി ഇരിക്കണമെന്നും ആ മഹാത്മാവിന്‍റെ പാദം പതിഞ്ഞ മണ്ണിലൂടെ നടന്നും അദ്ദേഹത്തിന്‍റെ മഹദ്ദര്‍ശനങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ വായിച്ച് മനനം ചെയ്ത് അവിടുത്തെ വൃക്ഷത്തറകളില്‍ അല്‍പ്പനേരം കണ്ണടച്ചിരുന്ന് ആ ഗുരുകാലത്തെ ഭാവനയില്‍ കാണാന്‍ ശ്രമിക്കണമെന്നുമെല്ലാം.
എന്നാല്‍ ഇതിനെല്ലാമുപരി ഈ ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം മറ്റൊന്നായിരുന്നു. ഗുരുസന്നിധിയില്‍ ചെന്നുനിന്നുകൊണ്ടൊരു ക്ഷമാപണം നടത്തണമെന്ന ഉള്‍വിളി അനുസരിക്കുക എന്നതായിരുന്നു ആ ലക്‌ഷ്യം! അത്തരമൊരു ചിന്തയ്ക്കു നിദാനമായതെന്ത് എന്നല്ലേ?
ഹാസ്യം, ആക്ഷേപഹാസ്യം, വിനോദം, നേരമ്പോക്ക്, കല, സാഹിത്യം, രാഷ്ട്രീയപ്രവര്‍ത്തനം എന്നുവേണ്ട എന്തിന്‍റെയും പേരില്‍ ഗുരുതുല്യരായവരെക്കുറിച്ചും ദേവീദേവന്മാരെക്കുറിച്ചുമെല്ലാം വിവാദപ്രസ്താവനകളും വാര്‍ത്തകളും മിമിക്രികളും പാരഡിഗാനങ്ങളും സിനിമകളും സാഹിത്യകൃതികളും ഇരട്ടപ്പേരുകളുമെന്നുവേണ്ട പലവിധ അധിക്ഷേപങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതു ബുദ്ധിജീവികളുടെയും അറിവു കൂടിയവരുടെയും പരിഷ്കാരികളുടെയും ലക്ഷണമാണെന്ന മിഥ്യാധാരണയും അതിനുള്ള അംഗീകാരവും സമൂഹത്തില്‍ ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലൂടെയാണ് എന്‍റെയും എന്‍റെ സമപ്രായക്കാരുടെയുമൊക്കെ സ്കൂള്‍, കലാലയജീവിതം കടന്നുപോന്നത്. “സജ്ജനങ്ങളെ കാണുന്ന നേരത്തു നാണം വിട്ടു കൈ കൂപ്പി സ്തുതിക്കണം” എന്ന സദ്‌ദര്‍ശനങ്ങള്‍ക്കെല്ലാം ക്ഷയം കൂടിവരാന്‍ തുടങ്ങിയ കാലം. കലാഭവന്‍, ഹരിശ്രീ തുടങ്ങിയവ പോലുള്ള സമിതികളിലൂടെയൊക്കെ വേദികള്‍തോറും അവതരിപ്പിക്കപ്പെട്ട ഹാസ്യപരിപാടികള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ഒരു പ്രവണതയെത്തന്നെയാണ് സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടിരുന്നതെന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. അത്തരം സ്റ്റേജ് ഷോകളുടെ കാസറ്റുകളും ജനങ്ങള്‍ക്കിടയില്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്ന കാലം. തന്‍റെ പ്രജകളോട് ഒരു കുറ്റവും ചെയ്യാത്ത മാവേലിയായിരുന്നു ഇത്തരം ഷോകളിലെ സ്ഥിരം ഹാസ്യകഥാപാത്രം! ഏതാണ്ട് അക്കാലഘട്ടത്തില്‍ത്തന്നെയാണ് ശ്രീനാരായണഗുരുവിനെ പരിഹസിക്കുന്ന പലപല നാമധേയങ്ങള്‍ സമൂഹത്തില്‍ ഉടലെടുത്തതും. നേരമ്പോക്കുസഭകളിലെ ഹസ്യസാമ്രാട്ടെന്നു പെരെടുത്തവരൊക്കെ കൂട്ടുകാരെ ചിരിപ്പിക്കാന്‍ ഇത്തരം ഇരട്ടപ്പെരുകളൊക്കെച്ചേര്‍ത്തു തമാശകള്‍ പറയുക പതിവായിരുന്നു. (ആ പരിഹാസപ്പേരുകള്‍ എന്‍റെ സമകാലീനര്‍ക്കു മിക്കവര്‍ക്കും ഓര്‍മ്മ കാണും. അതിവിടെ എഴുതുന്നത് വീണ്ടും അദ്ദേഹത്തെ നിന്ദിയ്ക്കലാകുമെന്നതുകൊണ്ടുതന്നെ അതു ചെയ്യുന്നില്ല.)
ആക്ഷേപഹാസ്യവും അധിക്ഷേപഹാസ്യവും രണ്ടും രണ്ടാണെന്ന് നമ്മള്‍ ഒരിക്കലും പഠിച്ചിട്ടില്ല. സമൂഹത്തിനാകമാനം ദോഷം ചെയ്യുന്ന വ്യക്തികളെയും വിഷയങ്ങളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതാണ് ആക്ഷേപഹാസ്യം. കുഞ്ചന്‍ നമ്പ്യാരടക്കമുള്ള എത്രയോ പേര്‍ അതു ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. സമൂഹത്തിലെ തിന്മകളെ വിമര്‍ശിക്കുക എന്ന ആശാസ്യമായ ധര്‍മ്മമാണ് അവയിലൂടെ നിറവേറ്റപ്പെടുന്നത്. എന്നാല്‍ അധിക്ഷേപഹാസ്യം ചെയ്യുന്നതെന്താണ്? ലോകത്തെ ഭദ്രമായി മുന്നോട്ടു നയിക്കുന്ന സദ്‌ഭാവനകളെയും പൈതൃകങ്ങളെയും ഗുരുക്കന്മാരെയുമെല്ലാം അധിക്ഷേപിക്കുക എന്ന മാപ്പര്‍ഹിക്കാത്ത അധര്‍മ്മം. ജീവിതമൂല്യങ്ങള്‍ പകര്‍ന്നുതന്നവരെ പരിഹസിക്കുന്ന ഇത്തരം തമാശകള്‍ ഏറ്റവും തരം താണതാണെന്നും അവയിലെ നാശോന്മുഖമായ അധാര്‍മ്മികതയെ തിരിച്ചറിഞ്ഞ് അവയെ ജീവിതത്തില്‍നിന്നും അകറ്റിനിര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാനുള്ള ഭാരതീയമായ മാര്‍ഗ്ഗങ്ങളെല്ലാം അടച്ചുകളഞ്ഞ ഒരു വിദേശനിര്‍മ്മിതവിദ്യാഭ്യാസശൈലിയാണല്ലോ നാം പതിറ്റാണ്ടുകളായി പിന്തുടരുന്നത്. അരുതേയെന്നു വിലക്കുവാന്‍ ആരുമില്ലഞ്ഞതിനാല്‍ത്തന്നെ ഇത്തരം ഹാസ്യവൈകൃതങ്ങളെല്ലാം കേട്ട് ഒപ്പം ചിരിച്ചുകൊണ്ടാണ് അന്നത്തെ ശരാശരി വിദ്യാര്‍ത്ഥിസമൂഹം വളര്‍ന്നുവന്നത്. ഉത്തരവാദിത്തമുള്ള ഉത്തമപൌരന്മാരാകേണ്ടിയിരുന്ന അന്നത്തെ വലിയൊരു പങ്കു ചെറുപ്പക്കാരടങ്ങുന്ന തലമുറയുടെ ആ അശ്രീകരമായ പരിഹാസച്ചിരിയും വകതിരിവില്ലയ്മയും വിലയില്ലായ്മയും ഇന്നു കേരളം അനുഭവിക്കുന്ന അരാജകാവസ്ഥയിലേയ്ക്കുള്ള ചെറുതും വലുതുമായ പാലങ്ങളായി മാറിയിട്ടുണ്ടെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
മനപ്പൂര്‍വ്വം ഗുരുനിന്ദയെ ചെയ്തു എന്ന തോന്നല്‍ കൊണ്ടല്ല, എന്നിരുന്നാലും ലോകഗതിയില്‍ ചിലപ്പോഴെങ്കിലും ആ തരം താണ ചിരിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടെന്ന കുറ്റബോധം തന്നെയാണ് ഗുരുസന്നിധിയില്‍ ചെന്നു പൊറുക്കണമേയെന്നപേക്ഷിക്കണമെന്ന ചിന്തയെ എന്നില്‍ ഉയര്‍ത്തിയത്. ആ ചിന്തയെ അന്തരാത്മാവിന്‍റെ നിര്‍ദ്ദേശമായി കണക്കാക്കി അതനുസരിക്കുകയായിരുന്നു.
മഹാത്മാക്കളുടെ സാന്നിധ്യം നിറഞ്ഞ ഏതൊരു സവിധത്തിലും എത്തിച്ചേരുവാന്‍ നമ്മുടെ ആഗ്രഹത്തിനും ശ്രമത്തിനുമെല്ലാമുപരി ആ സവിധത്തില്‍നിന്നുതന്നെയുള്ള വിളിയെത്തണം. ഇന്നാ മഹാഗുരുവിന്‍റെ കൃപയും അനുവാദവും ലഭിച്ചതിനാലാകണം മറ്റുചില ആവശ്യങ്ങളുമായി വീട്ടില്‍നിന്നിറങ്ങിയ ഞാന്‍ ആശ്രമത്തിനു മുന്നിലെത്തിയപ്പോള്‍ ഇന്നിവിടെക്കയറിയിട്ടാകാം ബാക്കി എന്ന പെട്ടന്നുള്ള തോന്നലിനെ മാനിച്ച് ആശ്രമത്തില്‍ ചെന്നെത്തിയത്!
ഓം ശ്രീ ഗുരവേ നമഃ