Followers

Sunday, July 14, 2019

ക്ഷേത്രങ്ങളിലൂടെ...

14-07-2019
അവധിക്കാലത്തു നാട്ടിലെത്തുമ്പോൾ സ്ഥിരമായി സന്ദർശിക്കുന്ന ക്ഷേത്രങ്ങളുടെ ഒരു പട്ടിക പ്രത്യേകമുണ്ട്. എന്നാൽ  ആ പട്ടികയ്ക്കു പുറമേ, ആഢംബരങ്ങളിലും വാണിജ്യവൽക്കരണത്തിൻ്റെ
കെട്ടുകാഴ്ചകളിലും മുങ്ങിപ്പോകാത്ത, തിക്കും തിരക്കും ബഹളവുമൊഴിഞ്ഞ്  സമാധാനം കളിയാടുന്ന ക്ഷേത്രങ്ങൾ തേടിപ്പോയി അവിടുത്തെ ഗാംഭീര്യം തുളുമ്പുന്ന നിശ്ശബ്ദതയും നൈർമല്യവും പറ്റാവുന്നിടത്തോളം അകത്താക്കുക എന്നതിനേക്കാൾ ആനന്ദകരമായി മറ്റൊന്നുമില്ല.
ഉളിയന്നൂർ മഹാദേവക്ഷേത്രം 















അത്തരമൊരു ക്ഷേത്രദർശനമായിരുന്നു  ഇന്നു ഉളിയന്നൂർ മഹാദേവക്ഷേത്രദർശനത്തിലൂടെ സാധ്യമായത്.















പറയി പെറ്റ പന്തിരുകുലത്തിലെ പതിനൊന്നാ-
മനായി കരുതിപ്പോരുന്ന പെരുന്തച്ചൻ്റെ
തച്ചുശാസ്ത്ര-
വൈദഗ്ദ്ധ്യ-
ത്തിൻ്റെ

ഉത്തമദൃഷ്ടാന്തമാണ്  അദ്ദേഹം നിർമ്മിച്ച
ഉളിയന്നൂർ
മഹാദേവക്ഷേത്രം.
അദ്ദേഹത്തിൻ്റെ  ജന്മംകൊണ്ടു
കൂടി

പ്രസിദ്ധിയാർജ്ജിച്ച ദേശമാണ് ഉളിയന്നൂർ.  ആലുവാ പെരിയാർ രണ്ടു കൈവഴികളായി
പിരിഞ്ഞതിനിടയിലുള്ള സ്ഥലത്തു  രൂപപ്പെട്ട  ഒരു ചെറിയ ദ്വീപാണ് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട  ഈ ചെറിയ ഗ്രാമം.  നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്
ഉളിയന്നൂർ മഹാദേവക്ഷേത്രം. വൃത്താകാരമാണ് ഇവിടുത്തെ ശ്രീകോവിൽ. 
കിഴക്കോട്ടു ദർശനമായി പരമശിവനും പടിഞ്ഞാട്ടു ദർശനമായി പർവ്വതീദേവിയും ദേശത്തെ മുഴുവൻ അനുഗ്രഹിച്ചുകൊണ്ട് ഈ ക്ഷേത്രത്തിൽ വിളങ്ങുന്നു.  നാലമ്പലത്തിനകത്തു കടക്കാതെ  വെളിയിൽ നിന്നു നോക്കിയാൽ ഭഗവാൻറെ വിഗ്രഹവും വിളക്കും ഒന്നും  ദർശിക്കാൻ കഴിയില്ല. അത്തരത്തിലാണു
കിഴക്കേ നടയ്ക്കലേക്കു കടക്കുന്നിടത്തെ  
വാതിൽ മുഴുവൻ  മറച്ചുകൊണ്ടു വലിയ ബലിക്കല്ലു സ്ഥിതി ചെയ്യുന്നത്.  ശ്രീകോവിലിൻറെ വൃത്തകൂമ്പാരസമാനമായ മേൽക്കൂരയിൽ പാകിയിരിക്കുന്ന ത്രികോണാകൃതിയിലുള്ള
ഓടുകൾ 
ക്ഷേത്രനിർമ്മിതിയുടെ ഭംഗി ഒന്നുകൂടി
വർദ്ധിപ്പിക്കുന്നുണ്ട്.  കേരളത്തിലെ പ്രാചീനങ്ങളായ ക്ഷേത്രങ്ങളിലാണ് പൊതുവേ ഇത്തരത്തിലെ ഓടു പാകിയതും 
വൃത്താകാരവുമായ 
ശ്രീകോവിലുകൾ കണ്ടിട്ടുള്ളത്. 


പരിഷ്‌കാരം മൂത്തു ടൈലുകൾ പാകി
ഭൂമിയുടെ വായടച്ചിട്ടില്ലാത്ത ക്ഷേത്രമുറ്റം 



പടിഞ്ഞാറേ നട വഴി പുറത്തേയ്ക്ക് 
മാടത്തിലപ്പൻ 
ഈ ക്ഷേത്രത്തിൽ നിന്നും അല്പം കാൽനടയായി പോകാവുന്ന  ദൂരമേയുള്ളൂ മാടത്തിലപ്പൻ ക്ഷേത്രത്തിലേയ്ക്ക്. ഇതായിരുന്നത്രേ  ഉളിയന്നൂരിൽ ആദ്യമുണ്ടായിരുന്ന ശിവക്ഷേത്രം. മഹാദേവക്ഷേത്രം പിന്നീടു  പണി കഴിപ്പിച്ചതാണ്.  മാടത്തിലപ്പൻ്റെ പ്രതിഷ്ഠ  ഏതാണ്ട് പത്തടിയ്ക്കു
മുകളിൽ പൊക്കമുള്ള,  വളരെ പഴക്കം ചെന്ന ഒരു ചെങ്കൽത്തറയ്ക്കു മുകളിലെ  നാൽച്ചുമരിനുള്ളിലാണ്  സ്ഥിതി ചെയ്യുന്നത്.  അതിനു മുന്നിലെ അഴിവാതിലിലൂടെ മാടത്തിലപ്പനെ കണ്ടുതൊഴാം.  മുകളിലേയ്ക്കു കയറാൻ  തറയ്ക്കിരുവശവുമായി പടവുകൾ കാണാമെങ്കിലും ഭക്തർ മുകളിലേയ്ക്കു കയറാതെ താഴെനിന്നു വേണം തൊഴാൻ. ഈ ചെങ്കൽത്തറയും അതിനു മുകളിൽ മാടത്തിലപ്പൻ വാഴുന്ന നാൽച്ചുമരും
പണ്ടിവിടെയുണ്ടായിരുന്ന
ക്ഷേത്രത്തിൻറെ ഇപ്പോഴും നശിക്കാത്ത അവശേഷിപ്പായിരിക്കണം. മാടത്തിലപ്പൻ പ്രതിഷ്ഠയുടെ താഴെ ഇടതുവശത്തായി ഒരു  സ്വയംഭൂഗണപതി കൂടി ഇവിടെയുണ്ട്. 

കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമിക്ഷേത്രം 

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള പ്രശസ്തവും ഗാംഭീര്യമാർന്നതുമായ
മറ്റൊരു ക്ഷേത്രമാണ് കടുങ്ങല്ലൂർത്തേവരായ
ശ്രീനരസിംഹമൂർത്തിയുടെ ക്ഷേത്രം.
ക്ഷേത്രകവാടം (പടിഞ്ഞാറേ നട)
വിശാലമായ നാലമ്പലത്തിൻ്റെ മധ്യത്തിലുള്ള  വൃത്താകാരമായ
ശ്രീകോവിലിൻ്റെ നിർമ്മിതി ഏതാണ്ട് ഉളിയന്നൂർ ക്ഷേത്രത്തിനോടു സമാനമായ രീതിയിൽ തന്നെയാണ്. ഉളിയന്നൂർ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനേക്കാൾ അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രീതിയിലാണ് നരസിംഹസ്വാമിയുടെ  
ശ്രീകോവിലിൻ്റെ നിർമ്മിതി.  
ഹിരണ്യകശിപുവിനെ നിഗ്രഹിച്ച
സംഹാരമൂർത്തിയായ നരസിംഹാവതാരമാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും ആ വിഗ്രഹം ദർശിക്കുന്ന ഭക്തർക്ക് രൗദ്രഭാവത്തിനു പകരം ഭക്തവത്സലനായി തങ്ങളെ നോക്കി പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്ന സാക്ഷാൽ വിഷ്ണുഭഗവാൻ്റെ രൂപമാണ് ഉള്ളിൽ തെളിയുക.
ശാന്തമായി പുഞ്ചിരിക്കുന്ന  ഭാവം വരുത്തുമാറ് ഭഗവൽവിഗ്രഹത്തിൻ്റെ മുഖത്ത്   അതിസുന്ദരമായി ചന്ദനം ചാർത്തിപ്പോരുന്ന അവിടുത്തെ പൂജാരിമാരുടെ ദൈവീകമായ
കൈപ്പുണ്യം തന്നെയാണ് ഈ ദിവ്യദർശനത്തിനു നിദാനം. വളരെ കൃത്യതയോടെയാണു നിത്യപൂജകളും ആണ്ടുതോറുമുള്ള വിശേഷദിവസങ്ങളുമെല്ലാം ഈ ക്ഷേത്രത്തിൽ
ആചരിച്ചുവരുന്നത്. 
വിശേഷദിവസങ്ങളിൽ പതിവിലും തിരക്കനുഭവപ്പെടുമെങ്കിലും സാധാരണ ദിവസങ്ങളിൽ വളരെ ശാന്തമാണ് ഈ ക്ഷേത്രാന്തരീക്ഷവും. 















ശാന്തിയും സമാധാനവും നിറഞ്ഞുവാഴുന്ന ഇത്തരം ക്ഷേത്രങ്ങളുടെ പവിത്രത ഭാവിയിലും 
അനാവശ്യമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ-
വൽക്കരണവും മൂലം നഷ്ടപ്പെടാതിരിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം.
ആൽത്തറ 
(വിശദമായും വലുപ്പത്തിലും നടയ്ക്കു നേരെ നിന്നും  മറ്റും ചിത്രങ്ങൾ പകർത്തുന്നത് ക്ഷേത്രത്തിൻറെ  ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിനു ഭംഗം വരുത്തുമെന്നതിനാൽ ദൂരെ മാറി നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.)


8 comments:

  1. ക്ഷേത്രങ്ങളിലൂടെ നിരന്തരം യാത്രകൾ നടത്തുന്ന ഒരാളെന്ന നിലയിൽ ഈ ചിത്രങ്ങളും എഴുത്തും എത്ര സന്തോഷം തരുന്നെന്നോ.


    നന്ദി ടീച്ചർ!!!

    ReplyDelete
    Replies
    1. കുമിഞ്ഞുകൂടുന്ന ധനവും കാഴ്ചപ്പണ്ടങ്ങളും സ്വർണ്ണം പൂശിയ മേൽക്കൂരയും ഒന്നും ഇല്ലെങ്കിലും യഥേഷ്ടം ഉള്ള ചിലതുണ്ട് ഇത്തരം ക്ഷേത്രങ്ങളിൽ; മനസ്സിനെ നിർമ്മലമാക്കാൻ സഹായിക്കുന്ന ഈശ്വരചൈതന്യവും ആ ചൈതന്യത്തെ അനുഭവിച്ചറിയാൻ സഹായിക്കുന്ന നിശബ്ദതയും. വായനയ്ക്ക് നന്ദി സുധീ.

      Delete
  2. പിന്നെ സുഖമല്ലേ ടീച്ചർ?!?!??!!!

    ReplyDelete
    Replies
    1. സുഖം. അവിടെയും സുഖം എന്നു കരുതുന്നു.

      Delete
  3. മനോഹരം... അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഉളിയന്നൂരിൽ പോകാൻ പറ്റുമോയെന്നു നോക്കാം...

    ReplyDelete
    Replies
    1. നല്ല തീരുമാനം. ആശംസകൾ

      Delete
  4. ചൈതന്യവത്തായ ഉളിയന്നൂർ മഹാക്ഷേത്രത്തിൻ്റെ വിവരണം മനൊഹരമായി.ചിത്രങ്ങളും നന്നായിട്ടുണ്ട്.
    ആശംസകൾ ടീച്ചർ

    ReplyDelete
    Replies
    1. നല്ല പ്രശാന്തമായ പ്രദേശമാണ് അവിടം. വീണ്ടും വീണ്ടും പോകാൻ  തോന്നും.

      Delete