Followers

Sunday, July 21, 2019

കാലം തളിർത്തുപൂത്തുപൊഴിയുന്ന കാവുകൾ





visit https://www.youtube.com/watch?v=3th2CaO1gkk&feature=youtu.be

കൊല്ലവർഷം 1194, കർക്കിടകം 1,
ഉത്രാടം നക്ഷത്രം 
2019 ആഗസ്ത് 17 

കൃത്യം എത്ര വർഷത്തെ പഴക്കമുണ്ടെന്ന് അറിയില്ലെങ്കിലും ഇരുന്നൂറു വത്സരങ്ങളടുത്തു പ്രായമുണ്ട് അമ്മയുടെ തറവാട്ടിലെ ഈ സർപ്പക്കാവിന് എന്നറിയാം. സർപ്പക്കാവുകൾ കണ്ടുവളർന്നവർക്കും  കാവിനുള്ളിലെ  ഓരോ വൃക്ഷവും തളിർക്കുന്നതും പൂക്കുന്നതും കൊഴിയുന്നതുമായ കാലങ്ങളും ആ കാലത്തിനുണ്ടാകുന്ന ചാക്രികമായ ഭാവഭേദങ്ങളും അതിലൂടെ ഈ മഹാപ്രപഞ്ചപ്രകൃതിയെത്തന്നെയും ഹൃദിസ്ഥമാക്കാൻ ശ്രമിച്ചവർക്കും  കാവിലെ മണ്ണിൽ വീഴുന്ന കരിയിലകൾ തീർത്ത സുഖകരമായ തണുപ്പിൽ, ആരും ഉപദ്രവിക്കാത്ത സുരക്ഷിതവലയത്തിൽ പരമാവധി ആരുടേയും കണ്ണിൽപ്പെടാതെ  ഇഴഞ്ഞുനടക്കുന്ന  വലുതും ചെറുതുമായ പാമ്പുകളും മറ്റിഴജന്തുക്കളും 
ഒട്ടനവധി പക്ഷികളുമെല്ലാം ചേർന്ന ആ  മഹാജൈവവൈവിധ്യം നിറഞ്ഞ ആവാസവ്യവസ്ഥയെ  അത്യധികം ആദരവോടെ, സ്നേഹത്തോടെ പവിത്രമായ കരുതലോടെ നെഞ്ചേറ്റിയവർക്കുമൊക്കെ അറിവും അനുഭവവുമുണ്ടാകും ഇത്തരം സർപ്പക്കാവുകളിൽ നിന്നു നമ്മിലേക്കു പ്രവഹിക്കുന്ന പ്രകൃതിദത്തവും അനുകൂലവുമായ  ഊർജ്ജം എത്രത്തോളമാണെന്ന്.  നമ്മൾ വസിക്കുന്ന പുരയിടത്തിൻറെ ചെറിയൊരു ഭാഗം ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കു സ്വതന്ത്രമായി ജീവിക്കാൻ കരുതിവയ്ക്കുക എന്ന സദ് മനോഭാവത്തെ  കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളർന്നവരാണ് കേരളീയരിൽ ഭൂരിപക്ഷം പേരും. 
കേരളത്തിലെ പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും അങ്ങോളമിങ്ങോളമുണ്ടായിരുന്ന  
സർപ്പക്കാവുകൾ ഭൂമിയിലെ അന്തരീക്ഷത്തിൻ്റെ താപനില നിയന്ത്രിക്കുന്നതിൽ  വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാവ് എന്ന സങ്കൽപ്പവും കാവുകളുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ആചാരങ്ങളും എല്ലാം തന്നെ സമസ്തപ്രകൃതിയുടേയും നന്മയെ കരുതിയുള്ളതായിരുന്നു. സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നും അവയ്‌ക്കെല്ലാം അവരവരുടേതായ ആവാസവ്യവസ്ഥ ഉണ്ടെന്നും ആ ആവാസവ്യവസ്ഥകൾ ഏറെ കരുതലോടെ പരിപാലിക്കാനുള്ളതാണെന്നുമുള്ള പ്രകൃതിയുടെ അലിഖിതനിയമത്തിനെ ഭക്തി,യുക്തിപൂർവ്വം പരിപാലിക്കാൻ തലമുറകളെ പഠിപ്പിച്ച പ്രകൃതിപാഠപുസ്തകങ്ങളാണ് കാവുകൾ.  ചുറ്റുപാടുമുള്ള ജീവജാലങ്ങൾ സന്തോഷിച്ചാൽ ആ സന്തോഷം പ്രവഹിക്കുക നമ്മിലേയ്ക്കുകൂടിയായിരിക്കുമെന്ന അറിവ് ഈ കാവുകൾ വിഭാവനം  ചെയ്ത
പൂർവ്വികർക്കുണ്ടായിരുന്നു.  നമുക്കിന്നില്ലതായിപ്പോയതും ആ സദ് ഭാവന തന്നെ. ഇന്നു നമ്മൾ  അവനവനു മാത്രം അനുഭവിക്കാൻ കഴിയുന്ന ഏതോ സാങ്കൽപ്പികസന്തോഷത്തെ കണ്ടെത്താനുള്ള തത്രപ്പാടിലാണ്‌. കാവുകളെ വേണ്ടപോലെ നോക്കിനടത്താൻ അറിവും അനുഭവവും താൽപ്പര്യവും ഉള്ള വ്യക്തികൾ തറവാടുകളിൽ ഇല്ലാതായപ്പോൾ പല കാവുകളും  കാലാന്തരത്തിൽ അന്യം നിന്നുപോയി. ചിലർ ക്ഷമാപണത്തോടെ ആചാരപൂർവ്വം അവയിലെ ശക്തിയെ നാഗക്ഷേത്രങ്ങളിലേയ്ക്ക് ആവാഹിച്ചുമാറ്റി, കാവു നോക്കിനടത്തുക എന്ന ഏറെ പവിത്രമായി ചെയ്യേണ്ട ഉത്തരവാദിത്തത്തിൽനിന്നും ഒഴിവായി. മറ്റുചിലർ ഭക്തിയും യുക്തിയും കുറ്റബോധവുമില്ലാതെ അവയെ വെട്ടിനശിപ്പിച്ച് അവിടം വാണിജ്യപരമായി ലാഭമുള്ള കാര്യങ്ങൾക്കും മറ്റുമായി ഉപയോഗപ്പെടുത്തി.  പ്രകൃതിയുടെ നന്മയോർത്താണെങ്കിൽ  ഇതിൽ ആദ്യം പറഞ്ഞ പ്രവർത്തിയ്ക്കു രണ്ടാമതു പറഞ്ഞ പ്രവൃത്തിയിൽ നിന്നും ഭേദമായി ഒന്നും സംഭാവന ചെയ്യാനില്ല. കാവ് അന്യം നിന്നതിനു കാരണക്കാരനാകുക എന്ന മനസികവ്യഥയിൽ നിന്നു ഒരു ആശ്വാസം ലഭിക്കാൻ ആദ്യം പറഞ്ഞ പ്രവൃത്തിയ്ക്കു ഒരു പരിധി വരെ കഴിഞ്ഞേക്കും എന്നുമാത്രം.

നമ്മുടെ നാടിൻ്റെ പരിസ്ഥിതിയ്ക്കും പരിതഃസ്ഥിതിയ്ക്കും ദോഷം ചെയ്യുന്ന പരിഷ്‌കാരങ്ങളും വ്യവസായങ്ങളുംകൊണ്ട് പ്രകൃതി വീർപ്പുമുട്ടുമ്പോഴും വളരെ ആദരവോടെ പരിപാലിച്ചുപോരുന്ന കാവുകളും കുളങ്ങളും  ഇന്നും കേരളത്തിൽ ധാരാളമുണ്ട് എന്നത് ആശ്വാസകരമാണ്. അത്തരത്തിൽ പരിപാലിക്കപ്പെട്ടുപോരുന്ന കാവുകളുൾപ്പെടെയുള്ള പ്രകൃതിയുടെ ശേഷിച്ച ഊർജ്ജസ്രോതസ്സുകളെങ്കിലും നശിപ്പിക്കപ്പെടാതെ എക്കാലത്തേയും തലമുറകൾക്കുവേണ്ടി  ഭൂമിയിൽ  നിലനിർത്തണേ  എന്ന ഒരേയൊരു പ്രാർത്ഥനയോടെ, മണ്ണിലേയ്ക്കു തുള്ളിയ്‌ക്കൊരുകുടം എന്നപോലെ ജീവജലം വർഷിച്ചിറങ്ങുന്ന  കർക്കടകമാസത്തിലെ ഒന്നാംതീയതി, ബ്രാഹ്മമുഹൂർത്തതിനു മുമ്പ് നടന്ന ഭാഗികമായ ചന്ദ്രഗ്രഹണത്തിനും സാക്ഷ്യം വഹിച്ചുനിൽക്കുന്ന   ഈ സർപ്പക്കാവിനു മുന്നിലെ കൽച്ചെരാതിൽ എൻ്റെ ജന്മനക്ഷത്രം കൂടിയായ ഇന്ന് ഇതാ ഒരു തിരി തെളിയിക്കുന്നു. മനുഷ്യശക്തിയ്ക്കും പ്രവചനങ്ങൾക്കും അതീതമായ പ്രകൃതിശക്തികളോടുള്ള  വിശ്വാസവും ആദരവും ഒരു അന്ധവിശ്വാസിയുടെ ലക്ഷണമാണെങ്കിൽ...അതെ, ഞാനും കറ കളഞ്ഞ  ഒരന്ധവിശ്വാസിയാണ്!   

अधारयतं पृथिवीमुत द्यां मित्रराजाना वरुणा महोभिः ।
वर्धयतमोषधिः पिन्वतं गा अव वृष्टिं सृजतं जीरदानू ॥
                                                             -Rig Vedam  5. 62. 3 

[O Mitra-Varuna, you who are the kings, hold the Earth and Heaven(dyulokam) by your might; You (i.e. your Cosmic Order) are the prompt givers (of the gifts of Nature to man) - you make the vegetation grow, you make the cattle flourish and you make the rains shower downwards.]      

സർപ്പക്കാവിൻ്റെ ദൃശ്യങ്ങൾ  
https://www.youtube.com/watch?v=3th2CaO1gkk&feature=youtu.be

7 comments:

  1. കാവ്‌ പരിപാലിയ്ക്കുന്ന കുടുംബത്തിൽപ്പെട്ട ഒരാളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ടീച്ചർ.

    ReplyDelete
    Replies
    1. കുടുംബത്തെ പരിപാലിക്കുന്ന കാവ് എന്നുവേണം പറയാൻ! തായ്‌വഴികളായി പിരിഞ്ഞു പലയിടത്തായി ജീവിതം നയിക്കുന്ന മുഴുവൻകുടുംബാംഗങ്ങളുടേയും ചിന്തകൾക്കു തണലായ കാവ്. നന്ദി സുധീ

      Delete
  2. ടീച്ചർ ......ഇന്ന് കാവുകൾ അന്യമായിക്കൊണ്ടിരിക്കുന്ന കാലമാണ് . അങ്ങനെയൊരു കുടുംബപശ്ചാത്തലത്തിൽ ജനിച്ചതുകൊണ്ട് കൂടുതൽ അടുപ്പവും ഉണ്ടാകും ടീച്ചർക്ക്. അത് ഈ വരികളിലൂടെ മനസ്സിലാകുന്നു.. കാവും കുളങ്ങളും പച്ചപ്പും ആ കുളിർമ്മയും കാറ്റും ഒക്കെ പഴയകാല ഓർമ്മകൾ മാത്രമായി.

    ReplyDelete
    Replies
    1. കാലം സാക്ഷി. വായനയ്ക്കുനന്ദി ഗീത.

      Delete
  3. കാവുകളും കുളങ്ങളുമെല്ലാം നശിച്ചുകഴിയുമ്പോഴാണ് അവ എന്തായിരുന്നു എന്തിനായിരുന്നു എന്നെല്ലാം ആളുകൾ മനസ്സിലാക്കുന്നത്.. പാമ്പുമേക്കാട് മനയിൽ പോയപ്പോളാണ് ശരിക്കും സർപ്പക്കാവ് കണ്ടിട്ടുള്ളത്

    ReplyDelete
    Replies
    1. അതെ, മനസ്സിലാക്കിവരുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.  വായനയ്ക്കു നന്ദി മഹേഷ്. 

      Delete
  4. ഓർമ്മകളിലേയ്ക്കു കൊണ്ടുപ്പോകുന്ന സർപ്പക്കാവുകളുടെ വിവരണം ഹൃദ്യവും ഹൃദയസ്പർശിയുമയി ടീച്ചർ.
    ആശംസകൾ

    ReplyDelete