Followers

Thursday, February 28, 2019


Image result for ॐ

'ഓം' എന്ന ശബ്ദത്തിൽ നിന്ന് പ്രപഞ്ചം ആവിർഭവിച്ചു എന്നത് സനാതനധർമ്മത്തിലെ അടിയുറച്ച വിശ്വാസമാണ്. (അ, ഉ, മ് എന്നീ വർണങ്ങൾ യഥാക്രമം ചേരുമ്പോൾ ഉണ്ടാകുന്ന ശബ്ദം).  വിശ്വാസത്തിനപ്പുറം അത് ഒരിക്കലും നിഷേധിക്കാനാവാത്ത സത്യവുമാണ് എന്നതിന് നമ്മൾ ഓരോരുത്തരുടെയും ശ്വാസഗതിയുടെ താളം തന്നെ തെളിവ്. 
ഒരു പക്ഷേ ഓം എന്ന ശബ്ദത്തിൽ നിന്ന് പ്രപഞ്ചം ആവിർഭവിച്ചു എന്നതിനേക്കാൾ മനസിലാക്കാൻ എളുപ്പം, മുഴക്കമുള്ള ഒരു ഓംകാരശബ്ദത്തോടെ പ്രപഞ്ചം അല്ലെങ്കിൽ ജീവൻ ആവിർഭവിച്ചു എന്നു പറയുന്നതായിരിക്കും. ഓം എന്ന ശബ്ദം ഒരു മതത്തിൻറെയോ ഭാഷയുടേയോ അടയാളമാണ് എന്ന് കരുതി പുച്ഛിക്കുന്നതിൽപ്പരം മൂഢത്വം മറ്റെന്തുണ്ട്? കാരണം ഓരോ ജീവനും ഒരു മിനിറ്റിൽ ഇത്ര തവണ എന്ന കണക്കിൽ ശ്വസിച്ചുനിശ്വസിക്കുമ്പോഴത്രയും ഈ പ്രപഞ്ചത്തിലേക്ക് അലിഞ്ഞുചേരുന്നത് ഇതേ ഓംകാരധ്വനിയാണ്! 

വായ് തുറക്കാതെ  നാം നാസികയിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഏതെങ്കിലും അക്ഷരങ്ങൾ കൊണ്ട്  അടയാളപ്പെടുത്താനാവുമോ എന്നറിയില്ല. എങ്കിലും നമ്മുടെ ശ്വാസനിശ്വാസങ്ങൾ  ഒരുമിക്കുമ്പോൾ അത് ഓംകാരശബ്ദം തന്നെയാണ് പുറപ്പെടുവിക്കുന്നത്. ഓംകാരത്തെ നിരാകരിക്കുന്നവർ സ്വന്തം പ്രാണനെത്തന്നെയാണ് നിരാകരിക്കുന്നത് എന്നറിയണം.  ഇപ്പറഞ്ഞതിൽ എന്തെങ്കിലും സംശയമുള്ളവർ സ്വാഭാവികമായി തങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന നിശ്വാസത്തിൻറെ താളം ഒരല്പസമയം കണ്ണടച്ചിരുന്ന്  ശ്രദ്ധിക്കുക. ശ്വാസോചഛ്വാസത്തിൻറെ ദൈർഘ്യം കൂട്ടിയും കുറച്ചും ഒക്കെ ശ്രദ്ധിക്കാം. അപ്പോൾ ശ്വാസനിശ്വാസത്തോടൊപ്പം പുറപ്പെടുന്ന ആ മുഴക്കത്തെ  അ, ഉ, മ് എന്നീ വർണ്ണങ്ങൾ ചേർന്ന ഓം കൊണ്ടല്ലാതെ മറ്റൊരു ശബ്ദം കൊണ്ടും കൃത്യമായി അടയാളപ്പെടുത്താനാകില്ല എന്ന തിരിച്ചറിവുണ്ടാകും. ഓർക്കുക, തികച്ചും
സ്വാഭാവികമായി പ്രകൃതിദത്തമായി നാം ശ്വസിക്കുന്ന രീതിയെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്. അതായത് ചുണ്ടുകൾ ചേർത്തുവച്ച് നാസാദ്വാരത്തിലൂടെ ശ്വാസോചഛ്വാസം ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ മുഴക്കം.  ഈ സത്യത്തെ എതിർക്കണം എന്ന നിർബന്ധബുദ്ധിയോടുകൂടി ചുണ്ടു കോട്ടിയും കഴുത്തിൽ ഞെക്കിപ്പിടിച്ചും മറ്റും ശ്വസിക്കാൻ ശ്രമിച്ചാൽ മറ്റു പല വികൃതശബ്ദങ്ങളും ലഭിച്ചേക്കും. അത്തരം വൈകൃതങ്ങളാണ് പ്രപഞ്ചത്തിൻറെ താളമെന്ന് തെളിയിക്കാൻ  ശ്രമിച്ചാൽ സ്വന്തം പ്രാണൻ അപകടത്തിലാകും എന്നതു മാത്രമാകും ഫലം!  ഓം എന്നുച്ചരിക്കുവനായി നാം ആദ്യം ചുണ്ടുകൾ വിടർത്തി ശ്വാസമെടുക്കുമ്പോൾത്തന്നെ അകാരം ജനിക്കുന്നു (സൃഷ്ടി). പിന്നീട് ഉകാരവും (സ്ഥിതി) അവസാനം ചുണ്ടുകൾ കൂട്ടുമ്പോൾ ഉണ്ടാകുന്ന മകാരവും (സംഹാരം). 

സ്വന്തം ശ്വാസഗതിയിലെ നേരിയ വ്യതിയാനങ്ങൾ പോലും മനസ്സിലാക്കാൻ കഴിഞ്ഞാൽ  നമുക്ക് നമ്മിൽ ഉടലെടുക്കുന്ന വികാരവിചാരങ്ങളിലെ നന്മതിന്മകളെ തീർച്ചയായും തിരിച്ചറിയാൻ സാധിക്കും. കാരണം ശ്വാസോചഛ്വാസത്തിലൂടെ നിലനിൽക്കുന്ന നമ്മുടെയൊക്കെ പ്രാണൻ നമ്മെ നിരന്തരം നിരീക്ഷിച്ചുകൊണ്ടാണ് ഇരിക്കുന്നത്. നമ്മൾ തെറ്റിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ട്  എന്ന ഒരു തോന്നലുണ്ടായാലുടൻ ആ പ്രാണൻ പിടഞ്ഞുതുടങ്ങും. ഒപ്പം ഉടലെടുക്കുന്ന ഭയം എന്ന വികാരം നമ്മുടെ ശ്വാസോചഛ്വാസഗതിയെയും അതേത്തുടർന്ന്  
ഹൃദയസ്പന്ദനത്തേയും പതിവിലും വേഗത്തിലാക്കും. നമ്മുടെ നിത്യകർമ്മങ്ങളിൽ നിരന്തരം നമ്മോടൊപ്പമുള്ള ജീവചൈതന്യമായ പ്രാണൻ തന്നെയാണ് നമ്മുടെയെല്ലാം ഉള്ളിലുള്ള പരമമായ ബോധം. ആ പരമാത്മാവിൻറെ  ഉൾവിളിയെ തിരിച്ചറിയാൻ ജീവാത്മാവിന് സാധിക്കുമ്പോൾ  മാത്രമാണ് നമ്മുടെ ശ്വാസനിശ്വാസങ്ങൾക്ക്  സ്വാഭാവികഗതി കൈ വരുക. അതു തന്നെയല്ലേ നമ്മളെല്ലാം തിരയുന്ന ആ സത്ചിദാനന്ദാവസ്ഥ?! യാതൊരുവിധ കാലുഷ്യങ്ങളും ബാധിക്കാത്ത മാനസികാവസ്ഥ!! (അമിതാഹ്ളാദവും ഒരു തരം കാലുഷ്യം തന്നെ.)

ഓരോ ശ്വാസോചഛ്വാസത്തിലും നമ്മിൽ നടക്കുന്നത് സൃഷ്ടിസ്ഥിതിസംഹാരം തന്നെയാണ് എന്നതും പരമമായ സത്യം. അങ്ങനെ എത്രകോടി സൃഷ്ടിസ്ഥിസംഹാരങ്ങളിലൂടെയാണ് ഓരോ ദിവസവും നമ്മുടെ മനസ്സും ശരീരവും കടന്നുപോകുന്നത്. ഇതിൻറെയെല്ലാം ആകെത്തുകയായ ജീവിതം ശാന്തിയുള്ളതായി ഭവിക്കാൻ നമ്മുടെ ഓരോരുത്തരുടെയും ശ്വാസോചഛ്വാസത്തിലെ സ്വാഭാവികമായ ആ ഓംകാരതാളം നഷ്ടപ്പെടാതെ കാത്തുരക്ഷിക്കേണ്ടതുണ്ട്. കാരണം ഏതു മതത്തിനും  അതീതമായ പ്രപഞ്ചസത്യമാണത്. സർവ്വ ശാസ്ത്രങ്ങളിലും വച്ച് പരമവും ആദിമവും പ്രത്യക്ഷവുമായ  ശാസ്ത്രം!! 

ॐ 

1 comment:

  1. നല്ല വിവരണം
    ആശംസകൾ ടീച്ചർ

    ReplyDelete