Followers

Friday, February 22, 2019

ത്രയം


ഒന്നിൽ നിന്നൊന്നെത്രയന്തരമാർന്നിരി-
ക്കുന്നൂ പ്രകൃതിയിൽ കാണുന്നതൊക്കെയും! 
ഒന്നിനും പൂർണ്ണമായ് സാമ്യം നിനയ്ക്കുവാ-
നാകാത്ത പോലെയിക്കാണായ ജാലവും! 
എങ്കിലൊന്നുണ്ടിപ്രപഞ്ചത്തി,ലെന്തിലും 
ഒന്നുപോലുള്ളടങ്ങീടുന്നൊരുണ്മയായ്! 
വിശ്വങ്ങളൊക്കെയും വ്യാപിച്ചിടും പര-
ബ്രഹ്മമാം ചൈതന്യശ്രോതസ്സിൻ വീചികൾ!
ആദിയുമന്തവുമില്ലാതനന്തമാം 
ആ മഹാശക്തിയെ കുമ്പിടുന്നേൻ സദാ! 

നിർഗ്ഗുണബ്രഹ്മം പ്രതിരൂപമായ്, മഹാ-
മായാസമേതം ഗുണത്രയബ്രഹ്മമായ് !
സത്വം രജസ്സും തമസ്സുമെന്നിങ്ങനെ-
യത്രേ ഗുണത്രയം മായാപ്രകൃതിയിൽ.  
ഇമ്മൂന്നിനേറ്റക്കുറച്ചിൽ കൊണ്ടത്രെയി-
ക്കാണായ സൃഷ്ടികൾ ഭിന്നമായ്‌ത്തീർന്നതും,   
സൃഷ്ടികൾ ജന്മനാ കാട്ടിടും വാസനാ-
വൈഭവങ്ങൾക്കും നിമിത്തം ഗുണത്രയം! 

സൃഷ്ടി,സ്ഥിതി,ലയമെന്നുണ്ടവസ്ഥാ-
ത്രയങ്ങളവയ്‌ക്കു ത്രിമൂർത്തികൾ പാലകർ. 
ബ്രഹ്മാവു  വിശ്വകർമ്മാവായ് നിരന്തരം 
സൃഷ്ടികളെ കൃതി ചെയ്യുന്നു ശില്പിയായ്, 
സൃഷ്ടികളെപ്പരിപാലനം ചെയ്യുവാൻ 
ശാന്തസ്വരൂപൻ മഹാവിഷ്ണു തന്നെയും, 
സൃഷ്ടികളെ യഥാകാലം മഹേശ്വരൻ 
സംഹരിച്ചീടുന്നു ഞെട്ടടരും വിധം!
നശ്വരദേഹം   വിഘടിച്ചു പിന്നെയും 
പഞ്ചഭൂതങ്ങളിൽച്ചെന്നു ലയിച്ചിടും! 

സൃഷ്ടികൾക്കുണ്ടു ജഗത്തിൽ സ്ഥിതിത്രയം 
ബോധം ചരിക്കുന്ന പാതയ്ക്കനുസൃതം 
നിദ്രയില്ലാതെയുണർന്നിരിക്കുന്നതും 
സ്വപ്നാർദ്രമായ് പാതിനിദ്ര പൂകുന്നതും 
അത്യഗാധം, മതികെട്ടു മഹാശാന്തി-
യേകും സുഷുപ്തിയിൽ വീണുപോകുന്നതും
ജാഗ്രത്ത്, സ്വപ്ന,സുഷുപ്തിയെന്നിങ്ങനെ  
മാറിത്തിരിയും സ്ഥിതിത്രയം തൻ ഫലം!   
മൂന്നിലും ചുറ്റിക്കറങ്ങുന്ന ജീവനെ 
ചൂഴ്ന്നുനിൽപ്പൂ  ജാഗരൂഗം തുരീയവും!
എന്നെ നിരീക്ഷിച്ചുകൊണ്ടെൻറെയുള്ളി-
ലിരിക്കുന്നു ഞാൻ തിരയുന്നയാൾ മൗനമായ് !     
ആ മഹാബോധമാം സച്ചിദാനന്ദ-
മതുതന്നെ 'ഞാനെ'ന്ന സത്യം അനാമയം!! 


1 comment:

  1. നല്ല കവിത
    ആശംസകൾ ടീച്ചർ

    ReplyDelete