Followers

Tuesday, February 7, 2017

ഏകം


ഹിന്ദുവോ മുസ്ലിമോ സിക്കോ ഈസായിയോ 
ആരുമാകട്ടെ, നാമേകാത്മകാത്മജർ,  
ആരാധനാലയം ആത്മാവിനാലയം 
ആത്മചൈതന്യം തുടിച്ചുനിൽക്കുന്നിടം 

ആത്മാവിലേക്കുള്ള പാതയിലിന്ദ്രിയ- 
നിഗ്രഹത്തിന്നു നാം വന്നുചേരുന്നിടം, 
ഇന്ദ്രിയമായകൾ കൊണ്ടു വലഞ്ഞിടും 
ചഞ്ചലമാനസർ തന്നഭയസ്ഥലം

നമ്മൾ  സൃഷ്ടിച്ച ദൈവത്തിനായല്ല, നാം 
നമ്മെ സൃഷ്ടിച്ച ദൈവത്തിനായ് വാഴണം 
എന്തിന്നരിഞ്ഞുവീഴ്ത്തുന്നതിൻ പേരിൽ നാ-
മിച്ചെറുനീർപ്പോള പോലുള്ള ജീവിതം?  

അന്യനുമില്ലന്യജാതിയുമില്ലനാ -
മൊക്കെയും മർത്ത്യകുലത്തിൽ പിറന്നവർ 
കീഴ്‌ജാതിയല്ല മേൽജാതിയുമല്ല, നാം 
കർമ്മയോഗത്തിനാൽ* ശ്രേഷ്‌ഠരാകേണ്ടവർ 

സത്യമായ് ചെയ്യുന്ന കർമ്മങ്ങളൊക്കെയും 
മെച്ചമാണില്ലതിലുച്ചനീചത്വവും 
അത്രയേ ചിന്തിച്ചിടേണ്ടതുള്ളൂ, മനം 
കത്തുന്ന വൈരാഗ്യമൊക്കെ ശമിക്കുവാൻ 

പായുന്ന കാറ്റിൻറെയൊപ്പവും, പാറുന്ന 
പക്ഷിതൻ കാഷ്ഠത്തിനൊപ്പവും യാത്രയായ്,  
വീഴുന്ന വിത്തുകൾ പൊട്ടിമുളയ്ക്കുന്നു 
ദേശാന്തരങ്ങളെ സ്വന്തമാക്കീടുന്നു!

സ്വന്തമെന്നുള്ളൊരു ചിന്തയിൽ നിന്നുടൻ 
വന്നുഭവിക്കുന്നു ദ്വന്ദമെന്നുള്ളതും!
പിന്നീടു ചിന്തിച്ചിടുന്നതിലൊക്കെയു-
'മെൻറെയെൻറേ'തെന്ന പാഴ് ശ്രുതി മാത്രമാം 

സങ്കൽപ്പരേഖകൾ കൊണ്ടൊരീ പാരിനെ- 
യാദ്യമായ് ഖണ്ഡിച്ച മർത്ത്യമസ്തിഷ്കമേ, 
എന്തിന്നപരാധമീ വിധം ചെയ്തു നീ-
യിന്നതിനാലിങ്ങരുംകൊലയെന്നുമേ. 

കോവിലോ മസ്ജിദോ പള്ളിയോ, മാർഗ്ഗ-
മതേതുമാകട്ടെ നാമെത്തുമൊരേയിടം 
പർവ്വതാഗ്രം തന്നിലെത്തുന്നു, താഴ്‌വര-
ച്ചുറ്റിൽ നിന്നെത്തുന്ന പാതകളൊക്കെയും! 

മാർഗ്ഗമദ്ധ്യേ  വന്നുവീഴുന്ന സ്പർദ്ധകൾ 
നീചരൊളിഞ്ഞിരുന്നെയ്യുന്നൊരമ്പുകൾ
മാർഗ്ഗം മുടക്കുന്ന മായാതിമിരമാ-
ണെന്നു തിരിച്ചറിഞ്ഞാൽ ശുഭമൊക്കെയും.

അജ്ഞാനമാകുമിരുട്ടിൻ  കരിമ്പട-
ക്കീഴിലൊളിക്കുമറിവിൻ വിളക്കുകൾ 
അക്ഷരദീപം തെളിച്ചകറ്റീടണം 
ആത്മാവ് മൂടുന്ന ക്ളാവും കറകളും  

അക്ഷരമൂറുന്ന നാക്കുകളേ, വിഷം 
ചേർക്കാത്ത വാക്കുകൾ കാതുകൾക്കേകുക 
വാക്കിലെയഗ്നി തൻ ശുദ്ധിയും സത്യവും
മായ്ക്കട്ടെ പാരിലെയജ്ഞതയൊക്കെയും 

കർണ്ണപീയൂഷവും കർമ്മപീയൂഷവും 
നിർമ്മലമായ്ത്തീർക്കുമീ വിശ്വമൊക്കെയും   
സീമകൾ മായുന്ന നാൾ വന്നുചേരുകിൽ 
ലോകമേ നീ സ്വർഗ്ഗഭൂമിയായ്‌ തീർന്നിടും!
--------------------------------------------------------------------------------------


(*കർമ്മയോഗം = ഫലേച്ഛ കൂടാതെയുള്ള കർമ്മാനുഷ്‌ഠാനം) 

12 comments:

  1. ഇന്നത്തെ അവസ്ഥയെക്കുറിച്ചോർത്തുള്ള നെടുവീർപ്പ്‌.നമ്മെ സൃഷ്ടിച്ച ദൈവം ഇപ്പോ ഇല്ലെന്ന് തോന്നും...എല്ലാവർക്കും അവരവരുടെ ദൈവങ്ങൾ മാത്രം.

    ReplyDelete
  2. ഗിരിജയുടെ കവിതാ ലോകത്തു വന്നിട്ടു നാള് കുറെ ആയി. അങ്ങിനെ ആയിരുന്നില്ല. സാരമില്ല. നല്ല കവിത വായിക്കാൻ സമയം ഇപ്പോഴായിരുന്നു എന്ന് സമാധാനിക്കാം.

    നല്ല കവിത.

    ആദ്യ വരിയിൽ 'സിക്കോ' വേണോ? അത് അൽപ്പം മുഴച്ചു നിൽക്കുന്നത് പോലെ. ' എന്തിന്നരിഞ്ഞു വീഴ്ത്തുന്നതിൻ പേരിൽ'.....ഏതിൻ പേരിൽ? ''ഒക്കെയുമൊറ്റ വിത്തിൻ പിന്തുടർച്ചകൾ" അത്ര ശരിയായില്ല, അവിടെ യോജിക്കുന്നുമില്ല. (നാമൊക്കെയും മാനുഷ കുലത്തിൽ പിറന്നവർ -----ആ രീതിയിൽ പോകട്ടെ) . പായുന്ന കാറ്റിനോടൊപ്പം.... രണ്ടാമത്തെ വരിഅത്ര ഹൃദ്യമായില്ല. ( ആ നാല് വരി ഇല്ലെങ്കിലും കവിതയ്ക്കു കുഴപ്പം വരില്ല എന്ന് തോന്നുന്നു.).. സ്പർദ്ധ not സ്പർദ്ദ ( അതോ പർദ്ദ ആണോ?) കോവിലോ എന്നത് ക്ഷേത്രമോ എന്ന് കൂടുതൽ ഭംഗി.

    നന്നായി എഴുതി. നല്ല ഒരു ലോകം നമുക്ക് സ്വപ്നം കാണാം.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ബിപിൻ സർ. സ്പർദ്ധ സ്പർദ്ദ എന്നാക്കിയിട്ടുണ്ട്.
      'അതിൻ പേരിൽ'എന്ന് എഴുതിയപ്പോൾ
      ആരാധനയുടെയും ആരാധനാലയങ്ങളുടെയും പേരിൽ എന്നാണ് ഉദ്ദേശിച്ചത്. തൊട്ടു മുകളിലെ ഖണ്ഡികകളിൽ പറഞ്ഞുവച്ചതുകൊണ്ടാണ് അങ്ങിനെ ചേർത്തത് മറ്റു ചേരായ്കകൾ യോജിച്ച വിധത്തിൽ മാറ്റാൻ ശ്രമിക്കാം. :)

      Delete
    2. സർ പറഞ്ഞപോലെ സ്പർദ്ധ എന്ന വാക്ക് തന്നെ ശരി

      Delete
    3. സർ സൂചിപ്പിച്ചതിൽ ചില വരികൾ മാറ്റിയെഴുതിയിട്ടുണ്ട്

      Delete
    4. നമ്മൾ സൃഷ്ടിച്ച ദൈവത്തിനായല്ല, നാം
      നമ്മെ സൃഷ്ടിച്ച ദൈവത്തിനായ് വാഴണം
      എന്തിന്നരിഞ്ഞുവീഴ്ത്തുന്നതിൻ പേരിൽ നാ-
      മിച്ചെറുനീർപ്പോള പോലുള്ള ജീവിതം?

      എന്നിങ്ങനെ വരികളുടെ ക്രമം മാറ്റിയെഴുതിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഉദ്ദേശിച്ച ആശയം വായനയിൽ കിട്ടുമെന്ന് തോന്നുന്നു.

      Delete
    5. പായുന്ന കാറ്റിനോടൊപ്പം....എന്ന് തുടങ്ങുന്ന വരികൾ --സ്വന്തം ഭൂമി സ്വന്തം ദേശം, സ്വന്തം ഭാഷ, സ്വന്തം ജാതി എന്നിങ്ങനെ മനുഷ്യർ തമ്മിൽ പോരടിക്കുന്ന സ്വാർത്ഥവിഷയങ്ങളൊക്കെ നമ്മുടെ നിയന്ത്രണത്തിലല്ലാതെ വന്നുഭവിക്കുന്നവയാണ് എന്നതാണ് ആ നാല് വരി കൊണ്ട് പറയാൻ ഉദ്ദേശിച്ചത്. അതിന്റെ പേരിൽ പോരടിക്കുന്നത് അർത്ഥശൂന്യമാണെന്നും.

      Delete
  3. ചിന്താബന്‌ധുരമായ വരികള്‍
    മനോഹരമായ പ്രാര്‍ത്ഥനാഗീതം!
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. സ്നേഹം, നന്ദി തങ്കപ്പൻ സർ

      Delete
  4. ഇങ്ങനെയുള്ളൊരു നല്ല കാലം ഉണ്ടാവാൻ പ്രാർത്ഥിക്കാം. നല്ല വരികൾ . ആശംസകൾ ടീച്ചർ.

    ReplyDelete