വന്നുപോകുന്നിതോരോ ദിനങ്ങളും
ഇന്നു നേരം പുലരുന്നതിൻ മുമ്പു
വന്നണയുന്നു സന്ധ്യതൻ രശ്മിയും
നേരമാരെയും കാത്തിടാതങ്ങിനെ
മിന്നൽവേഗത്തിലല്ലോ കുതിക്കുന്നു
ഒട്ടുവിശ്രമമില്ലാതെയിങ്ങനെ
ചുറ്റിടുന്നുവീ ഭൂമി നിരന്തരം
സൂര്യനെ വലംവയ്ക്കുന്ന ഭൂമിതൻ
ആയമൊന്നിനൊന്നേറി വന്നിട്ടൊരു
നാളതിന്നച്ചുതണ്ടിൽ നിന്നൂറ്റമോ-
ടൂരിയെങ്ങാൻ തെറിച്ചുവീണീടുമോ?!
ഉൽക്കയായി നാം കത്തിക്കരിയുമോ?!
വായുവില്ലാത്ത ലോകത്തിലെത്തുമോ?!
എത്ര കോടി പ്രകാശവർഷംകട-
ന്നെങ്ങുചെന്നു പതിക്കുമോ ഗർത്തമായ്?
എന്തൊരത്ഭുത ഗോളമീ ഭൂമിതൻ
പുറം പറ്റിനിൽക്കുന്നു കീടങ്ങൾ നമ്മളും!
എത്ര കോടി യുഗങ്ങളായീ ദിശ
തെറ്റിടാതെ കറങ്ങുന്നു മേദിനി
ദിശ തെറ്റി നീങ്ങുന്ന മാനവരാശിയെ
തണ്ടിലേറ്റി വലിച്ചുകൊണ്ടീ വിധം...
ഓർക്കുകിൽ ചിത്രമെത്രയുമൊക്കെയും
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!!
ശൂന്യതയ്ക്കു മുമ്പുള്ളോരു കാഴ്ചകൾ!!