Followers

Saturday, January 30, 2016

തർപ്പണം







ഹേ രാമ! യെന്നന്ത്യമന്ത്രം ജപിച്ചു ഞാൻ 
വെടിയേറ്റു വീണതിൻ ശ്രാദ്ധമിന്ന് !
ജീവനുതിർത്തൊരാ  തിരയല്ല തീർത്തതെൻ 
ജീവനിൽ വേദനയന്നുമിന്നും 

മതമെന്ന വെടിയുണ്ട പായുമെൻ നാടിൻറെ 
മുറിവേറ്റ ഹൃദയമെൻ തീവ്രദുഃഖം 
എരിയുമാ തീയിലേക്കെണ്ണ പകരുന്ന 
ഭാരതമക്കളെൻ നിത്യദു:ഖം 

വിരിമാറു കാട്ടിയെൻ നാടിന്നതിർത്തിയിൽ 
പൊലിയുന്ന ജന്മങ്ങളെന്‍റെ ദു:ഖം
അധികാരതിമിരത്തിനമരത്തിരിക്കുന്നൊ -
രലിവറ്റ വർഗ്ഗം വിതച്ച  ദുഃഖം 

അപമാനഭാരത്തിലിരുളാർന്ന കുഴിയിലേ-
ക്കമരുന്നൊരഭയമാരെന്‍റെ ദുഃഖം 
വിപണിയിൽ വിലപേശി വിൽക്കുന്ന ഭാരത
നാരി തന്നൈശ്വര്യമെന്‍റെ  ദുഃഖം 

ഒരു നേരം പശിയടക്കീടുവാനായിന്നു -
മലയുന്ന ബാലകരെന്‍റെ  ദുഃഖം 
അളവറ്റ ലഹരിയിൽ മതികെട്ടു മുങ്ങി-
യലയും യുവത്വമെന്നാത്മ ദുഃഖം 

ഭാരതമാതാവിൻ കണ്ണുനീർ വീഴുന്ന 
നിറമറ്റ ചേരികളെന്‍റെ  ദുഃഖം 
ഉടുതുണിയ്ക്കില്ലാ മറുതുണിയെന്നൊരാ 
കാഴ്ച തന്നെയിന്നുമെന്‍റെ  ദുഃഖം 

ഇടിയുന്ന മൂല്യങ്ങളുടയുന്ന സംസ്കാരം 
പെരുകുമഴിമതിയെന്‍റെ  ദുഃഖം 
വംശനാശം വന്നൊരാദർശധീരർ ത-
ന്നാത്മാവിൻ തേങ്ങലിലെന്‍റെ ദുഃഖം 

കണികാണുവാനൊരു കണികയുമില്ലാത്ത 
നേരും നെറിയുമോർത്തെന്‍റെ ദുഃഖം 
ദിശതെറ്റിയൊഴുകുമെൻ ദേശത്തിൻ ഭാവിതൻ 
ചിന്തയല്ലാതെ മറ്റില്ല ദുഃഖം 

വർഷങ്ങൾ തോറുമെൻ ശ്രാദ്ധം നടത്തുമെൻ 
മക്കളേയെൻ ചൊല്ലു കേൾക്കയില്ലേ?
അറിവിന്‍റെ, യലിവിന്‍റെ, സാഹോദര്യത്തിന്‍റെ-
യമൃതു കൊണ്ടൂട്ടുകയെന്‍റെ  പിണ്ഡം 

ധനമോഹിയല്ല ഞാനഭിലാഷമില്ലയെൻ 
തലവച്ച നോട്ടുകൊണ്ടാദരവും 
പകരമെൻ മക്കളെയനുദിനം പോറ്റുന്ന 
കർഷർ നൽകുന്നെനിക്കാദരം 

ഉറ്റവരെവിട്ടു മഞ്ഞും മഴയുമേ-
റ്റെന്നുമെൻ മക്കൾക്കു കാവൽനിൽക്കും 
ധീരജവാന്മാരെനിക്കു നൽകീടുന്നൊ-
രാദരം തന്നെയെനിക്കാദരം 

പ്രതിമകൾ വേണ്ടെനിക്കിടവഴിതോറുമെൻ 
പ്രജകൾ തന്നൊരുമയാണേറെയിഷ്ടം 
പറയട്ടെ ഞാനെന്‍റെയാത്മാഭിലാഷങ്ങ-
ളെൻ മക്കളേയൊരുമാത്ര കേൾക്ക!

കനവിലെനിക്കുണ്ടു കനലെരിയാത്തൊരുൾ-   
ക്കരുണ വറ്റാത്തൊരു മാതൃരാജ്യം 
പല കൊടിയില്ലാതെ നേർനെറിവിൻ കൊടി -
യതു മാത്രമുയരുമെൻ ജന്മരാജ്യം 

മതമെന്ന മാരകമാകുന്നൊരായുധം 
മതിയിലേറ്റാത്തൊരു ശ്രേഷ്ഠരാജ്യം 
പിടയുന്ന ജീവന്‍റെ വിലകൊണ്ടു നേട്ടങ്ങൾ 
കൊയ്യാത്ത മർത്ത്യർ വാഴുന്ന രാജ്യം 

പല ജാതിയില്ലാതെ  സംസ്കാരമാകുന്നൊ-
രേകജാതി പുലരുന്ന രാജ്യം 
ധർമ്മമൊഴിഞ്ഞൊരു കർമ്മവുമില്ലാത്ത  
നന്മ വഴിയുന്ന പുണ്യരാജ്യം 

ആരാരു തേരാളിയാകിലും സൽക്കീർത്തി 
പാരിൽപ്പരത്തുമെൻ നല്ലരാജ്യം
എന്നും നിരുപമശാന്തി തന്നാനന്ദ-
മലതല്ലു,മെന്നുയിരായ രാജ്യം 

കുടിലായ കുടിലുകൾ, കൊട്ടാരക്കെട്ടുക-
ളെവിടെയും  നീതിയൊന്നായ രാജ്യം 
നിയമങ്ങൾ വഴിതെറ്റി നീങ്ങാത്ത നിശ്ചയ-
ദാർഢ്യം നയിക്കുമെൻ ശക്തരാജ്യം 

കാക്കുകെൻ മക്കളേ നിങ്ങളെ വിശ്വസി-
ച്ചേൽപ്പിച്ചൊരീയിന്ത്യയെന്ന രാജ്യം 
ഒരു തുള്ളി രക്തം പൊഴിച്ചിടാതഭിമാന-
മോടെ നയിക്കുവിൻ നിങ്ങൾ രാജ്യം 

ഇനിയുമീ വൈരമാമന്ധത തീണ്ടാതെ- 
യൊരുമ കൊണ്ടൂട്ടുകയെന്‍റെ പിണ്ഡം  
ഇതു മാത്രമാണിനി മമ രാജ്യമെന്നുടെ 
ബലി നാളിൽ നൽകുവാനുള്ള കർമ്മം

"എന്‍റെ നാടെന്‍റെ നാടെ"ന്നുള്ള മന്ത്ര-
മായിന്ത്യയിലിന്നുമലയുന്നു ഞാൻ  
അഭിലാഷമൊത്തുള്ള ബലി മക്കൾ നൽകിലേ
യെന്നുടെയാത്മാവ് മുക്തി നേടൂ

അതുകൊണ്ടു തരികെനിക്കാത്മശാന്തിയ്ക്കൊരേ 
മനമോടെ മക്കൾതൻ ബലിതർപ്പണം... 


19 comments:

  1. പ്രതിമ മാത്രമായിപ്പോയ മഹദ്‌വ്യക്തി!!

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത്! നെഞ്ചോട്‌ ചേർത്ത് സൂക്ഷിക്കുന്നുണ്ടല്ലോ എല്ലാവരും, പോക്കറ്റിൽ!!!

      Delete
  2. കുറച്ചു കാലം കഴിഞ്ഞാല്‍ എല്ലാം ഒരു കെട്ടുകഥ യിലെ വീരനായകായി പോവുമോ ഗാന്ധി ?

    ReplyDelete
    Replies
    1. ഗാന്ധിയും, ഗാന്ധിയെ കണ്ടിട്ടുള്ളവരും, കണ്ടിട്ടുള്ളവർ പറഞ്ഞ കഥകൾ കേട്ടിട്ടുള്ളവരും കാലയവനികയിൽ മറഞ്ഞാൽ ഒരു പക്ഷേ അത് സംഭവിച്ചേക്കും!! വരവിനും വായനയ്ക്കും നന്ദി ഫൈസൽ.

      Delete
  3. ബലിതര്‍പ്പണം.
    ചിന്തയിലേക്ക്‌ ആഴ്ന്നിറങ്ങുന്ന മനോഹരമായ വരികള്‍
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സർ, ഈ സ്ഥിരമായ പ്രോത്സാഹനത്തിന്.

      Delete
  4. "അറിവിൻറെ, യലിവിൻറെ, സാഹോദര്യത്തിൻറെ-
    യമൃതു കൊണ്ടൂട്ടുകയെൻറെ പിണ്ഡം", വളരെ നല്ല വരികൾ ! ആശംസകൾ....

    ReplyDelete
    Replies
    1. വളരെ നന്ദി ഷഹീം. പുതിയ വായനക്കാരന് ബ്ലോഗിലേയ്ക്ക്‌ സ്വാഗതം.

      Delete
  5. മനോഹരമായ കവിത. ഗാന്ധിജിയെ ക്കുറിച്ചു ആകുമ്പോൾ ഭംഗി കൂടുന്നു. ഗാന്ധിജിയുടെ ദുഖം കാണുമ്പോൾ പതിയെ തല കുനിയുന്നു.
    "അഭയമാരെന്റെ ദുഃഖം" എന്താണ് ? അത് പോലെ കാഴ്ച തന്നെയിന്നുമെന്റെ ദുഖം ശരിയായില്ല. വിരിമാറു കാട്ടി അതിർത്തിയിൽ പോലിയുന്നവർ ദുഃഖം അതിനർത്ഥം യുദ്ധം വേണ്ടെന്നാണ്. അത് പറഞ്ഞിട്ട് അവർ ആദരം നല്ലതാണെന്ന് പറയുന്നത് അല്പ്പം കേട് പോലെ തോന്നി.

    ReplyDelete
    Replies
    1. ബിപിൻ സാറിന്റെ കമന്റ് വരുമ്പോഴാണ് സ്വന്തം കവിത ഒന്ന് കൂടി പരിശോധിക്കാൻ സമയം ചിലവാക്കുന്നത്. ആദ്യം തന്നെ വായനയ്ക്കും നല്ല വാക്കുകൾക്കും വിലയിരുത്തലിനും നന്ദി.

      "അപമാനഭാരത്തിലിരുളാർന്ന കുഴിയിലേ-
      ക്കമരുന്നൊരൊഭയമാരെൻറെ ദുഃഖം"
      എന്ന വരികളിൽ 'അഭയമാർ' എന്ന് ഉദ്ദേശിച്ചത് നിത്യേനെയെന്നോണം നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ ഇരകളായി, തങ്ങളുടേതല്ലാത്ത കാരണമായിട്ടും അപമാനഭാരത്തിൽ തല താഴ്ത്തി ഇരിക്കാൻ സമൂഹം വിധിക്കുന്ന സ്ത്രീജന്മങ്ങളെയാണ്. അതിൽ ബാലികമാരും പെടും. ജ്യോതി സിംഗിനെ ആ കേസ് നടന്ന സമയത്ത് നിർഭയ എന്നും അഭയ എന്നും ഒക്കെ പത്രങ്ങൾ ആർഭാടപൂർവ്വം വിശേഷിപ്പിച്ചിരുന്നല്ലോ. പിന്നെ ഒരേ തൂവൽപ്പക്ഷിയായ മറ്റൊരഭയ നമ്മുടെ കേരളത്തിന്റെയും വേദനയാണല്ലോ. സൗമ്യ മറ്റൊരോർമ. ഇവരൊക്കെ മരിച്ചവർ,നമ്മൾ അറിഞ്ഞ വാർത്തകൾ. ഇനി നമ്മൾ അറിയാത്തവർ ഇതുപോലെ എവിടെയൊക്കെ ജീവിച്ചിരിക്കുന്നുണ്ടാകും. അതുകൊണ്ടാണ് ഈ തുല്യദുഖിതർക്ക് എല്ലാവർക്കും കൂടി ഒരു പൊതു നാമമായി 'അഭയ' എന്ന് ഉപയോഗിച്ചത്.

      "ഉടുതുണിയ്ക്കില്ലാ മറുതുണിയെന്നൊരാ
      കാഴ്ച തന്നെയിന്നുമെൻറെ ദുഃഖം " എന്ന വരികൾ കൊണ്ടുദ്ദേശിച്ചത് , പതിറ്റാണ്ടുകൾക്ക് മുൻപ് എന്ത് കാരണത്താൽ മനം നൊന്താണോ ബാപുജി തന്റെ മോടിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചത്, അതേ കാഴ്ച്ചയ്ക്ക് ഇന്നും മാറ്റമില്ല എന്നും ആ കാഴ്ച തന്നെയാണ് ഇന്നും തന്നെ വേദനിപ്പിക്കുന്നവയിൽ ഒന്ന് എന്നും പറഞ്ഞ് വയ്ക്കാൻ വേണ്ടിയാണ്.

      "വിരിമാറു കാട്ടിയെൻ നാടിന്നതിർത്തിയിൽ
      പൊലിയുന്ന ജന്മങ്ങളെൻറെ ദുഃഖം" എന്ന് ഒരിടത്തും

      "ഉറ്റവരെ വിട്ടു മഞ്ഞും മഴയുമേ-
      റ്റെന്നുമെൻ മക്കൾക്ക്‌ കാവൽ നിൽക്കും
      ധീര ജവാന്മാരെനിക്കു നൽകീടുന്നൊ-
      രാദരം തന്നെയെനിക്കാദരം "
      എന്ന് മറ്റൊരിടത്തും പറഞ്ഞിരിക്കുന്നതിൽ വൈരുധ്യം തോന്നാമെന്നത് ശരിയാണ്. പക്ഷെ ദേശഭക്തിയുള്ള ഏതൊരു ഇന്ത്യക്കാരനും ചിന്തിക്കുന്നത് പോലെ ഗാന്ധിജിയും ചിന്തിക്കുന്നു എന്നതാണ് എനിക്ക് ഈ വരികളെ കുറിച്ച് പറയാനുള്ള ന്യായം. അതിർത്തി കാക്കുന്ന ഓരോ ജവാനും നമ്മുടെ അഭിമാനമാണ്. അവരുടെ സേവനം നമ്മുടെ രാജ്യത്തിനും രാഷ്ട്രപിതാവിനും, നമുക്കേവർക്കും ആദരം നേടിത്തരുന്നതാണ്. അതേ സമയം ഒരു യുദ്ധം ആഗ്രഹിക്കുന്നവരല്ല നമ്മളാരും. ജവാന്മാർ നാടിനു വേണ്ടി ജീവൻ ത്യജിക്കുന്ന വേളയിൽ മനസ്സുരുക്കുന്നവരാണ് ഓരോ ശരാശരി ഇന്ത്യക്കാരനും. അതുകൊണ്ടാണ് കവിതയിലെ ഗാന്ധിജിക്കും ജവാന്മാർ ഒരേ സമയം ദു:ഖവും അഭിമാനവും ആകുന്നത്.

      കവിതയിലെ വരികൾ കൊണ്ട് നമ്മൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദമാക്കാൻ അവസരം കിട്ടുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ബിപിൻ സാറിന്റെ വിശദമായ വിലയിരുത്തലുകൾ അതിന് എന്നെ ഒരുപാട് സഹായിക്കാറുണ്ട്. അതിനായി വളരെ നന്ദിയുണ്ട്.

      Delete
    2. (*അക്ഷരത്തെറ്റ് - വൈരുധ്യം എന്നത് വൈരുദ്ധ്യം എന്ന് വായിക്കാനപേക്ഷ)

      Delete
    3. "അഭയമാർ എന്റെ ദുഖം" എന്നാക്കിയാൽ പ്രശ്നം സരളമായി പരിഹരിക്കാമല്ലോ. ഗിരിജ സർഗഭാരതിയിൽ ഒരു കവിത അയയ്ക്കാം എന്ന് പറഞ്ഞിട്ട് കാലം കുറെയായി.

      Delete
    4. 'അഭയമാർ എൻറെ' എന്ന് ചൊല്ലുമ്പോൾ ഈണം മുറിയാതിരിക്കാൻ 'അഭയമാരെൻറെ' എന്ന് ഒരുമിച്ചാക്കിയെന്നേ ഉള്ളൂ.

      സർഗഭാരതിയിലേക്ക് രണ്ടു കവിതകൾ ഇന്ന് അയച്ചിട്ടുണ്ട്. വൈകിയതിനു ക്ഷമാപണം.

      Delete
  6. കവിത നന്നായി ടീച്ചർ. ആശംസകൾ.

    ReplyDelete
  7. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ അല്ല ഇന്ന്. മതത്തിന്റെ വേലിക്കെട്ടുകൾ മാറ്റിനിർത്തി പോരുതിയപ്പോഴാണ് സ്വതന്ത്ര്യ വായു ശ്വസിക്കാൻ നമുക്ക് കഴിഞ്ഞത്. ഇന്ന് മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്നു.ദാരിദ്ര്യം ഇന്ത്യയുടെ ശാപമായി വളരുന്നു,മദ്യപാനവും. ബാപ്പുജിയെ വെടിവെച്ചു കൊന്നവരെ പൂവിട്ടു പൂജിക്കുന്ന ഭരണാതിപന്മാരും ഒരു ദുഃഖം തന്നെയാണ്.
    ഒരുപട് ആശയങ്ങൾ ഉൾകൊള്ളുന്ന നല്ല കവിത.ആശംസകൾ...

    ReplyDelete
    Replies
    1. നെറികേടിൻറെ കൂത്തരങ്ങുകളായ രാഷ്ട്രീയപ്പാർട്ടികളും അവയ്ക്കുള്ളിൽ നിന്ന് ഉയരുന്ന അധികാരത്തർക്കങ്ങളും അഴിമതികളും അവയെ മറച്ച് വയ്ക്കാനുള്ള തന്ത്രങ്ങളും നമ്മുടെ രാജ്യത്തിൻറെ ഒടുങ്ങാത്ത ശാപമാണ്. അമിത സ്വാതന്ത്ര്യവും അതിനെ നിയന്ത്രിക്കാവുന്ന തരത്തിൽ കാലത്തിനൊത്ത് മാറ്റിയെഴുതാത്ത ദുർബലമായ നിയമങ്ങളും തന്നെയാണ് നമ്മുടെ നാടിനെ ഈ വിധത്തിലാക്കിയത്. വായനയ്ക്ക് നന്ദി യുനൈസ്.

      Delete