Followers

Monday, September 7, 2015

ഊന്നുവടി


ഏറെ ദൂരമീ കാനനപ്പാതയിൽ 
ഏകയായേറ്റമേറും പഥികയായ് 
മേലെ മേലെയാ ലക്ഷ്യത്തിലെത്തിടാൻ 
താണ്ടണം കാതമേറെയിതു വഴി 
എറിടും കിതപ്പാറ്റുവാനിത്തിരി 
നേരമിത്തരുവേരിലിരിക്കവേ  
താഴെ വീണു കിടക്കുമൊരു മര-
ച്ചില്ല തന്നിലുടക്കി മിഴികളും 
ആയുസ്സറ്റു പതിച്ചൊരാ ശാഖയെ 
ഊന്നിയൂന്നി പ്രയാണം തുടരവേ
ഓർത്തു, ജീവൻ വെടിഞ്ഞൊരീ ശാഖയും 
ആറ്റിടുന്നിടനെഞ്ചിൻ കിതപ്പിനെ  
വയ്യിനി മേലെയേറുവാനെന്നൊരു 
ചിന്ത വന്നുതടഞ്ഞൊരു നേരവും
പിന്നിലേയ്ക്കാഞ്ഞുതാഴുമൂന്നുവടി 
മുന്നിലേക്കുനയിച്ചൂ പദങ്ങളെ 
ഇവ്വിധമാ മഹാലക്ഷ്യമെത്തവേ  
വിശ്വസിക്കുവാനാകാതെ നിന്നുപോയ് !
തന്നെയും മറന്നെല്ലാം  മറന്നുപോയ്‌ 
പിന്നെയൂന്നുവടിയെ മറന്നു പോയ്‌!
കൈ പിടിച്ചു കയറ്റിയ ശാഖയോ-
ടൊന്നു നന്ദി ചൊല്ലാനും മറന്നുപോയ്‌ 
അക്കയറ്റം കയറിക്കഴിഞ്ഞൊരു 
ദിക്കിലെങ്ങോയെറിഞ്ഞൊരാ ചില്ലയെ...

ഇന്നിറക്കത്തിനുള്ള സമയമായ് 
കുത്തനെ പാത താഴോട്ടൊഴുകയായ് 
വച്ച കാലടിയൊക്കെയിടറവേ
കീഴെയെത്തുവാൻ മാർഗം പരതവേ 
വീഴ്ച തന്നുടെയാക്കം കുറയ്ക്കുവാൻ
താങ്ങ് വേണമെന്നുള്ളം കൊതിക്കവേ  
ഓർത്തു, കേറ്റത്തിലായാസമൊക്കെയും 
ഏറ്റെടുത്തോരുണങ്ങിയ ശാഖയെ 
എങ്ങെറിഞ്ഞു കളഞ്ഞുവാ ചില്ലയെ 
കണ്ടെടുക്കുവാനെന്തൊരു പോംവഴി?
ചുറ്റിലും തിരഞ്ഞാകെ വലഞ്ഞൊരാ 
വേളയിൽ മനം പശ്ചാത്തപിക്കയായ് 
മേൽഗതിക്കുപകാരമായ് തീർന്നൊരു 
പുൽക്കൊടിയിലും ദൈവമുണ്ടെന്നതും 
കാര്യസാദ്ധ്യo   കഴിഞ്ഞുവെന്നാകിലും  
ഓർമ്മകൾ മറന്നീടരുതെന്നതും
പാതകൾ പിന്നിടുമ്പൊഴും  ജീവിത-
പാതയാകെ  പതിക്കുന്നുവീ മൊഴി!


8 comments:

  1. അര്‍ത്ഥം നിറഞ്ഞ വരികള്‍.
    കാര്യം നേടികഴിഞ്ഞാല്‍..............
    കവിത നന്നായിരിക്കുന്നു ടീച്ചര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. Sir, മുടങ്ങാതെയുള്ള ഈ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി.

      Delete
  2. Bipin Sir and Mukesh,

    അബദ്ധത്തിൽ publish button നു പകരം delete button അമർത്തിയപ്പോൾ നിങ്ങളുടെ comments ഡിലീറ്റ് ആയിപോയി. വീണ്ടും gmail inbox ൽ നിന്നും കോപ്പി ചെയ്ത് ഇവിടെ ചേർക്കുന്നു.

    Bipin has left a new comment on your post "ഊന്നുവടി":

    മനോഹരമായ കവിത. വായിക്കാനും ചൊല്ലാനും പറ്റിയ കവിത. അതിനു അനുയോജ്യമായ എഴുത്ത്. ആശയവും നല്ലത്.

    ആയുസറ്റു പതിച്ചൊരു ശാഖയ്ക്ക് ഇത്രയും ശക്തി ഉണ്ടാവുമോ എന്നൊരു സംശയം മാത്രം ബാക്കി നിൽക്കുന്നു.

    തിരുവനന്തപുരത്ത് നിന്നും സർഗ ഭാരതി എന്നൊരു സാംസ്കാരിക മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. നല്ല ഒരു കവിത അവിടേക്ക് അയയ്ക്കാം.
    sargabharathi.masika@gmail.com എന്നാണു വിലാസം.

    Publish
    Delete
    Mark as spam

    Moderate comments for this blog.

    Posted by Bipin to A Journey From Mirage To Oasis at September 9, 2015 at 6:56 PM

    Mukesh M
    15:32 (6 hours ago)

    to me
    Mukesh M has left a new comment on your post "ഊന്നുവടി":

    ചിന്തോദ്ധീപമായ വരികള്‍.

    ആശംസകള്‍ ടീച്ചര്‍.
    ..

    *********************************************************

    നന്ദി ബിപിൻ സർ. ആയുസ്സറ്റ്‌ പതിച്ചാലും വൃക്ഷങ്ങൾ കാലങ്ങളോളം പിന്നെയും ഉപകാരികൾ ആണല്ലോ! മണ്ണിൽ അലിഞ്ഞാലും പിന്നെയും കൽക്കരിയായി... അങ്ങിനെ അനന്തകാലം മുഴുവൻ ഉപകാരികൾ. (ഫോട്ടോയിലെ ശോഷിച്ച ചുള്ളിക്കമ്പ് കണ്ടു സംശയിക്കണ്ട. അത് symbolic ആയി എടുത്തൽ മതി!! എങ്കിലും ആ ഉണക്കക്കമ്പ് ഒരു നാൾ എനിക്ക് മലയാറ്റൂർ മല മുഴുവൻ ചവിട്ടികയറാൻ തുണയായതാണ്. ആ വടി വലിച്ചെറിഞ്ഞ് കളയുമ്പോൾ മനസ്സിൽ തോന്നിയ ആശയമാണ്!) sargabharathi.masika@gmail.com ലേക്ക് ഉടനെ അയക്കാം. കവിതകൾ വായിച്ചു നോക്കിയതിൽ പ്രസിദ്ധീകരണയോഗ്യം എന്ന് തോന്നുന്നത് ഒന്ന് suggest ചെയ്യാമോ?

    മുകേഷ്,
    ഈ വരവിനും വായനക്കും അഭിപ്രായത്തിനും സന്തോഷം. ഒരാഴ്ച മുമ്പ് താങ്കളുടെ ബ്ലോഗ്‌ സന്ദർശിച്ച് ചില പോസ്റ്റുകൾ വായിച്ചിരുന്നു.

    ReplyDelete
  3. നല്ല കവിത, നല്ല ആശയം

    ReplyDelete
  4. നമുക്കും വേണം ഈ ഊന്നുവടി ‌ ‌‌- ഭാവിയിൽ

    ReplyDelete
    Replies
    1. അതെ, അന്ന് മരങ്ങൾ വല്ലതും ബാക്കി ഉണ്ടെങ്കിൽ

      Delete