Friday, November 7, 2014

മക്കളറിയാൻ[സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ട് വർഷങ്ങളായി നാട് കാണാൻ കഴിയാത്ത പാവം മക്കൾക്കുള്ളതല്ല ഈ കത്ത്. 

ധാരാളിത്തത്തിന്റെ നടുവിൽ, കാലങ്ങളോളമായി അച്ഛനമ്മമാരെ മറന്ന്
പുറം നാടുകളിൽ സസുഖം വാഴുന്ന മക്കൾക്ക്‌... ]
ദൂരനാട്ടിൽ സസുഖം വസിച്ചിടും 
മക്കളെ കൊതിയോടെയോർമിച്ചിടും 

വൃദ്ധ ദമ്പതിമാരെഴുതുന്നൊരീ  
പത്രിക, പ്രിയ മക്കളറിയുവാൻ 

പത്തു കൊല്ലത്തിലേറെ കടന്നുപോയ്, 
പിച്ച വച്ചൊരു നാട് മറന്നുവോ?

വാർദ്ധക്യത്തിന്റെയാധിക്യമേറിലും 
വർഷങ്ങൾ ഞങ്ങളൊറ്റയ്ക്ക് താണ്ടുന്നു 

അന്ത്യനാളുകൾ തള്ളി നീക്കീടുവാൻ 
ജന്മം നൽകിയ മക്കൾ തുണയ്ക്കുമോ?

കാത്തു കാത്തു കിടന്നു മരിക്കുമോ 
ആറ്റു നോറ്റു വളർത്തിയ തെറ്റിനാൽ?

പട്ടു മെത്ത പോലുള്ളൊരു ജീവിതം 
വിട്ടു പോരുവാനല്ല പറയുന്നു 

പട്ടു കൊണ്ടു പൊതിഞ്ഞിടും മുന്നമേ
ഒന്നു കാണുവാൻ നെഞ്ചു പിടയുന്നു 

പട്ടടയിലേയ്ക്കെത്തിയെന്നാൽ പിന്നെ 
പെട്ടി തൂക്കി പുറപ്പെട്ടു പോരേണ്ട 

അന്ത്യ വാക്കുകൾ ചൊല്ലിടാൻ ഞങ്ങൾ തൻ 
ഓർമ പാളുന്നതിൻ മുന്നമെത്തുമോ?

പെട്ടിയിൽ കരുതേണ്ട പലതരം 
പാരിതോഷികപ്പെട്ടികളൊന്നുമേ 

കയ്യ് വീശി പുറപ്പെട്ടു പോരുക 
കുഞ്ഞു നാളിലെയോർമകൾക്കൊപ്പമായ് 

അൽപനേരമരികത്തിരിക്കണം 
നിങ്ങൾ തൻ മുഖം കണ്ടു മരിക്കണം 

അത്ര മാത്രമെയാശയുള്ളൂവിനി-
യിത്തിരി മാത്ര നീന്തിക്കടക്കുവാൻ 

ഏറി വന്നിടും വാർദ്ധക്യ ചിന്തകൾ-
ക്കുത്തരം സത്വരമയച്ചീടണേ ...

നേർത്തു നേർത്തു പോം ശ്വാസഗതിയിതു 
ചേർത്തു വച്ചൊരീ കത്തു ചുരുക്കുന്നു.

16 comments:

 1. ഹൃദയസ്പര്‍ശിയായ കത്ത്.

  ReplyDelete
 2. കത്ത്‌ രൂപത്തിലുള്ള കവിത അതീവ ഹൃദ്യമായി ടീച്ചര്‍.
  '70കാലഘട്ടങ്ങളില്‍ ഗള്‍ഫിലായിരുന്ന സമയത്ത് "ഭര്‍ത്താവറിയാന്‍"എന്ന കത്തുപാട്ടിന്‍റെ കാസറ്റ്‌ കേള്‍ക്കുമ്പോഴുണ്ടായിരുന്ന 'ഫീലിങ്ങാ'ണ് ഇതു വായിച്ചപ്പോഴും ഉണ്ടായത്‌...........
  ആശംസകള്‍

  ReplyDelete
 3. താരാട്ട്‌ പാട്ട്‌ ഗംഭീരമായി.

  ReplyDelete
 4. നെഞ്ചിൽ തൊടുന്ന വരികൾ....
  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള കടമ
  എല്ലാവരിലും ഉണർത്തുന്ന കവിതയ്ക്ക്...
  അഭിനന്ദനങ്ങൾ....സസ്നേഹം...

  ReplyDelete
 5. ഇതൊന്നും മക്കൾ അറിയാനും കേൾക്കാനും പോകുന്നില്ല. പിന്നെ അതിനു ശേഷം ഉള്ള ചടങ്ങുകൾ എല്ലാം ഭംഗിയായി നടത്തുന്നുവല്ലോ. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും എത്തുവോളം സുഖമായി ശീതീകരിച്ച അറകളിൽ സൂഖ നിദ്ര. അത് കഴിഞ്ഞ് പൌര പ്രമുഖരുടെയും മറ്റും സാന്നിദ്ധ്യത്തിൽ പറഞ്ഞു വിടുന്ന കർമങ്ങൾ ഗംഭീരമായി നടത്തുന്നു. പിന്നെ ആർഭാടമായി അനന്തര ചടങ്ങുകൾ. ഒരു ആത്മാവിന് നിർവൃതി അടയാൻ ഇതിൽ കൂടുതൽ എന്ത് വേണം.

  തുടക്കത്തിൽ നാല് വരികൾ കവിത ഒരു ഒഴുക്കില്ലാത്തത് പോലെ തോന്നി. പിന്നെ സ്വച്ഛമായി ഒഴുകി. നന്നായി എഴുതി.

  ReplyDelete
  Replies
  1. വായനയ്ക്കും വിശദമായ അഭിപ്രായത്തിനും നന്ദി സർ.

   Delete
 6. നല്ലവരികൾ ആശംസകൾ !

  ReplyDelete
 7. Replies
  1. പക്ഷെ കവിതയെഴുത്തിനും ചാനൽ ചർച്ചകൾക്കും മറ്റുമുള്ള വിഷയങ്ങളായി മാത്രം ഈ വേദനകൾ ചുരുങ്ങി പോകുന്നുണ്ടെന്നു തോന്നുമ്പോൾ ഇത്തരം വിഷയങ്ങൾ എഴുതുന്നത് തന്നെ ഒരു നാട്യമാണോ എന്ന ഒരു സ്വയ വിമർശനം നടത്താതിരിക്കാൻ ആവുന്നില്ല.

   Delete