Followers

Tuesday, November 4, 2014

വീണ്ടും പരശുരാമൻഒന്ന് 
ക്രോധം 

എറിഞ്ഞ മഴു തിരഞ്ഞുൾക്കലി പൂണ്ടു 
പരശുരാമൻ വിറ കൊണ്ടിടുന്നു 
"പരശുവെറിഞ്ഞന്നു നിർമിച്ച  കേരളം  
പരശുവാൽ തന്നെ  തകർത്തിടും ഞാൻ  

സമുദ്രത്തിൽ നിന്ന് ഞാൻ വീണ്ടെടുത്തീ 
മലയാളിക്ക് നൽകിയ നാടിതെന്നോ?!
സ്രഷ്ടാവ് ഞാനെന്നു ചൊല്ലുവാൻ ലജ്ജയു-
ണ്ടിന്നീ മലയാളും നാട് കണ്ടാൽ 

എവിടെ ഞാൻ കണ്ട നവോത്ഥാന നായകർ 
മാറ്റത്തിൻ കാറ്റു വിതച്ചു പോയോർ? 
അവരിൽ പ്രതീക്ഷയർപ്പിച്ചു ഞാൻ തൃപ്തനായ് 
പോയതീ നാടിൻറെ മേന്മ കാണാൻ 

ചട്ടമ്പി സ്വാമിയും ഗുരുദേവനും പൽപു,
കേളപ്പനും ആദി ശങ്കരനും 
തോമാശ്ലീഹയും മൗലവിയും വിടി 
ഭട്ടതിരിപ്പാടുമിന്നെവിടെ?

പിന്നെയുമെത്രപേർ പേരറിയാത്തവർ 
പൂർവികർ നന്മത്തിരി തെളിച്ചോർ 
സാമൂഹ്യ തിന്മകൾ തച്ചുടച്ചീടുവാൻ 
ജീവിതം തന്നെയുഴിഞ്ഞു വച്ചോർ 

നട്ടു നനച്ചിടാതൊട്ടു വളമിടാ
തൊട്ടും പരിപാലിച്ചില്ലയെന്നോ 
അന്നവർ നട്ട നാമ്പൊക്കെയുമീ  വിധം  
പട്ടു പോവാനെന്തു കാരണമോ?

ഇന്നു സദാചാരമെന്നു കേട്ടാൽ കലി 
കൊള്ളുവതെന്തിതെൻ കേരളമേ?
പരിഷ്കാരമെന്നു പറയുന്നുവാളുകൾ 
സ്വാതന്ത്ര്യമെന്നും മുരണ്ടിടുന്നു 

തെരുവോര ചുംബനം കാഴ്ച വച്ചും പിന്നെ-
യിത്തിരിയുള്ള തുണിയുടുത്തും 
കൊണ്ടുവന്നീടാം പരിഷ്കാരമെന്നു 
കരുതി വിവശരായ് പോയവരേ 

നാട്ടിൽ പരിഷ്കാരമെത്തിച്ചിടുവതി-
നൂറ്റത്തിൽ പേക്കൂത്ത്കാട്ടിടുമ്പോൾ 
ഭോഷ്ക്കല്ല സ്വാതന്ത്ര്യമെന്നറിഞ്ഞീടുവാൻ 
കേരളത്തിൻ ചരിത്രം പഠിയ്ക്ക.  

രണ്ട് 
പ്രതീക്ഷ 

ക്രുദ്ധനാണെങ്കിലുമാഹ്ലാദമൽപം 
തോന്നുന്ന കാര്യങ്ങൾ കണ്ടിടുന്നു 
നാടിനു വേണ്ടി പണിയെടുക്കുന്ന നൽ 
നാരീ നരന്മാരുമുണ്ടു തുച്ഛം! 
  
നാടിൻ മുഖച്ഛായ മാറ്റുവാൻ കെൽപ്പുള്ള
നാരീ മണികളെ കാണ്മു ഞാനും   
പരിഷ്കാരമെന്നുള്ള വാക്കിനെയർത്ഥവ-
ത്താക്കുമിവർ താൻ പരിഷ്കാരികൾ.

കുടുംബശ്രീയെന്നൊരു നാമം ധരിപ്പവർ 
നാടിൻറെ ശ്രീയുയർത്തീടുന്നവർ 
കുപ്പകൾ കൂനയായ് കൂടിടും നാടിൻറെ 
മുക്കിലും മൂലയ്ക്കുമെത്തുന്നവർ  

തെല്ലും മുഖം ചുളിക്കാതെത്ര നിസ്തുലം  
ദുഷ്ക്കരവേലയും തീർക്കുന്നവർ   
ഐശ്വര്യമാണിവർ  നാളത്തെ നാടിനെ 
മാലിന്യമുക്തമായ് കാക്കുന്നവർ  

തീർത്തും നിരാശനായ് തീരുവാൻ ഹേതുവി -
ല്ലങ്ങിങ്ങു നന്മ തൻ നാമ്പ്   കാണ്‍കേ  
നേടിയ സ്വാതന്ത്ര്യം ഭദ്രമായ്‌ കാക്കുവാൻ 
നാവടക്കി പണി ചെയ്‌വൂ ചിലർ 

മണ്ണ് കിളച്ചു നിലമൊരുക്കി പിന്നെ
വിത്ത് വിതച്ചു കൃഷിയിറക്കി 
അന്നന്ന് നാടിൻ വിശപ്പടക്കാൻ ചെളി-
മണ്ണിൽ പണിയും കൃഷീവലരും 

കണ്ണിമ പൂട്ടാതതിർത്തിയിൽ ജീവൻ 
ബലി നൽകി നാടിനെ കാക്കുവോരും
മറ്റു പലവിധ നന്മകൾ ചെയ്തു തൻ 
നാടിന്നുപകാരമാകുവോരും  

നാടിൻ നടവഴി തോറും സുഗന്ധം 
പരത്തുവോർ തന്നെ  പരിഷ്കാരികൾ 
സഹജൻറെ യാതന തീർക്കുവാൻ കാട്ടിടും 
വീറു  താനുത്തമ  സ്വാതന്ത്ര്യവും 

സ്വാതന്ത്ര്യമെന്നും പരിഷ്കാരമെന്നു- 
മിവർ മാത്രമുച്ചത്തിൽ ചൊല്ലിടട്ടെ 
കടമകളെന്തെന്നു ബോധമില്ലാത്തവർ- 
ക്കർഹത യെന്തവകാശത്തിനും ?

13 comments:

 1. "പ്രതീക്ഷ" ഇഷ്ടപ്പെട്ടു . ആശംസകൾ

  ReplyDelete
 2. പരശുവുമായൊരു രാമന്‍ വരണം ഇനി.

  ReplyDelete
  Replies
  1. വന്നാൽ മാത്രം പോര, രാഷ്ട്രീയക്കാരുടെയും, ചാനൽ മുതലാളിമാരുടെയും വലയിൽ പെടാതെയുമിരിക്കണം. അല്ലെങ്കിൽ പിന്നെ 'പരശുരാമൻ അഴിമതി കേസ്' അന്വേഷിക്കാൻ വേറെ കമ്മീഷനെ വയ്ക്കേണ്ടി വരും!

   Delete
 3. പ്രതികരണത്തിന്റെ തീവ്രത പ്രതിഫലിക്കുന്നുണ്ട് വരികളില്‍...

  ReplyDelete
  Replies
  1. മനസിലുള്ളത്തിന്റെ ഒരു അംശം പോലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല സർ.

   Delete
 4. നാടിന്‍റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്ന വരികളായി ടീച്ചര്‍.
  നന്നായിരിക്കുന്നു "ക്രോധവും പ്രതീക്ഷയും"
  ആശംസകള്‍

  ReplyDelete
  Replies
  1. നാടിന്റെ (നാടുവാഴികളുടെ) ഈ പോക്ക് തടുക്കാൻ ഇനി ഏതു ഭാർഗവ രാമനോ??

   Delete
 5. നല്ല നിരീക്ഷണം ,,,ശക്തമായ പ്രതിഷേധം

  ReplyDelete
  Replies
  1. വെറുതെ നിരീക്ഷിക്കാനല്ലേ നമുക്ക് പറ്റൂ. കടലിലെ കായം!

   Delete
 6. പരശു രാമന്‍ മഴു എറിഞ്ഞു നേടിയ കേരളത്തിനു തലയും വാലും ഉണ്ടായിരുന്നു .ആ തലയും വാലും തമിഴനു മുറിച്ചു കൊടുത്തു. ഇപ്പോള്‍ ഒരു "നടുത്തുണ്ടം" മാത്രമാണു കേരളം. തലയും വാലുമില്ലാത്ത കേരളത്തില്‍ നടുത്തുണ്ടം തിന്നുവല്ലേ രാഷ്ട്രീയ കോമരങ്ങളും മതഭ്രാന്തന്‍മാരും പിന്നെ കുറേ നപുംസകങ്ങളും.

  നല്ല എഴുത്ത് ....ആശംസകള്‍.....

  ReplyDelete