[സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ട് വർഷങ്ങളായി നാട് കാണാൻ കഴിയാത്ത പാവം മക്കൾക്കുള്ളതല്ല ഈ കത്ത്.
ധാരാളിത്തത്തിന്റെ നടുവിൽ, കാലങ്ങളോളമായി അച്ഛനമ്മമാരെ മറന്ന്
പുറം നാടുകളിൽ സസുഖം വാഴുന്ന മക്കൾക്ക്... ]
പുറം നാടുകളിൽ സസുഖം വാഴുന്ന മക്കൾക്ക്... ]
ദൂരനാട്ടിൽ സസുഖം വസിച്ചിടും
മക്കളെ കൊതിയോടെയോർമിച്ചിടും
വൃദ്ധ ദമ്പതിമാരെഴുതുന്നൊരീ
പത്രിക, പ്രിയ മക്കളറിയുവാൻ
പത്തു കൊല്ലത്തിലേറെ കടന്നുപോയ്,
പിച്ച വച്ചൊരു നാട് മറന്നുവോ?
വാർദ്ധക്യത്തിന്റെയാധിക്യമേറിലും
വർഷങ്ങൾ ഞങ്ങളൊറ്റയ്ക്ക് താണ്ടുന്നു
അന്ത്യനാളുകൾ തള്ളി നീക്കീടുവാൻ
ജന്മം നൽകിയ മക്കൾ തുണയ്ക്കുമോ?
കാത്തു കാത്തു കിടന്നു മരിക്കുമോ
ആറ്റു നോറ്റു വളർത്തിയ തെറ്റിനാൽ?
പട്ടു മെത്ത പോലുള്ളൊരു ജീവിതം
വിട്ടു പോരുവാനല്ല പറയുന്നു
പട്ടു കൊണ്ടു പൊതിഞ്ഞിടും മുന്നമേ
ഒന്നു കാണുവാൻ നെഞ്ചു പിടയുന്നു
പട്ടടയിലേയ്ക്കെത്തിയെന്നാൽ പിന്നെ
പെട്ടി തൂക്കി പുറപ്പെട്ടു പോരേണ്ട
അന്ത്യ വാക്കുകൾ ചൊല്ലിടാൻ ഞങ്ങൾ തൻ
ഓർമ പാളുന്നതിൻ മുന്നമെത്തുമോ?
പെട്ടിയിൽ കരുതേണ്ട പലതരം
പാരിതോഷികപ്പെട്ടികളൊന്നുമേ
കയ്യ് വീശി പുറപ്പെട്ടു പോരുക
കുഞ്ഞു നാളിലെയോർമകൾക്കൊപ്പമായ്
അൽപനേരമരികത്തിരിക്കണം
നിങ്ങൾ തൻ മുഖം കണ്ടു മരിക്കണം
അത്ര മാത്രമെയാശയുള്ളൂവിനി-
യിത്തിരി മാത്ര നീന്തിക്കടക്കുവാൻ
ഏറി വന്നിടും വാർദ്ധക്യ ചിന്തകൾ-
ക്കുത്തരം സത്വരമയച്ചീടണേ ...
നേർത്തു നേർത്തു പോം ശ്വാസഗതിയിതു
ചേർത്തു വച്ചൊരീ കത്തു ചുരുക്കുന്നു.