Followers

Friday, September 26, 2014

അധികം + കരം = അധികാരം

കരമൊടുക്കി ജനത്തിനിന്നിരു -
കരമൊടിഞ്ഞു തളർന്നു പോയ്‌ 
കരമെടുത്തു മുടിച്ചുമങ്ങു 
തടിച്ചിടും ഭരണകൂടമേ  

ആര് വന്നു ഭരിക്കിലും കഥ-
മാറ്റമില്ലൊരു  നാളിലും 
വലത്ത്  നിന്ന് ഭരിക്കിലും വല- 
യിടത്  നിന്ന് വിരിക്കിലും! 

ഇടയ്ക്ക്  നിന്നു കരം കൊടുപ്പവ-
നിറ്റുമില്ലൊരു   ശരണവും 
കരം തരുന്നതിനൊത്തവണ്ണമൊരു 
മെച്ചമില്ല ഭരണത്തിലും 

കരണീയമല്ലിതു കരുതിനിന്നു  
കരുത്തു കാട്ടുക നമ്മളും 
കരുണ കാട്ടരുതിക്കിരാത 
ഭരണം പൊറുക്കരുതൊരുത്തരും 

കണക്കു കാണണ മിത്ര നാളു 
മൊടുക്കി വന്ന കരത്തിനും 
നനഞ്ഞ മണ്ണ് കുഴിച്ചു മേവു-
മനാസ്ഥയാമാധികാരമേ 

നിരത്തു തോറുമൊരുക്കി വയ്ചൊ -
രഗാധ ഗർത്ത മതിനായിനി 
വിയർപ്പു തുള്ളികൾ വീഴ്ത്തി നേടിയൊ -
ർത്ഥവും തരികില്ലിനി 

കട്ട വൈദ്യുതിയൊന്നിനും
നിശയൊട്ടു നീളു മിരുട്ടിനും 
കട്ട തൻ പുറമേറ്റി വച്ച *ഗജ  
ചക്ര വാഹനമൊന്നിനും 

നാരു പോൽ വരുമീ ജലം 
കാത്തൊട്ടു  പോയ ദിനത്തിനും 
മാത്ര വച്ചു പകുത്തു നൽകിയ 
പൈപ്പു വെള്ളമതൊന്നിനും 

സർക്കാര് സ്കൂളിനവസ്ഥയ്ക്കും 
പുനരാശുപത്രികളൊക്കെയ്ക്കും 
വന്നു കൂടിയ കണ്ടകശനി 
കണ്ടില്ലെന്ന നടിപ്പിനും 

റോഡു നീളെ കൂന കൂട്ടിയ 
മാലിന്യക്കൂമ്പാരവും 
നാടിൻ ഭൂഷണ മെന്ന ഭാവം 
കാട്ടിയുള്ളയിരുപ്പിനും 

നിയമ സഭയിലിരുന്നു വെറുതെ 
നിദ്ര പൂകുമമാത്യർക്കും 
മാസം തോറും നിങ്ങൾ പറ്റും 
ഘനമേറും ശമ്പള സഞ്ചിക്കും 

ഇത്ര നാളു മടച്ചതാം കര-
മത്രയും മതി പുംഗവാ 
ഒരു മനുഷ്യായുസ്സൊടുങ്ങാ-
നുള്ളതത്രയും തന്നില്ലേ?

കൊല്ലം തോറു മടച്ചിടും കര-
മാവിയാക്കിയതിനി മതി 
കാണണം അതു നാട്ടുകാരുടെ 
നന്മകൾക്കുതകും വിധം 

കട്ടു തിന്നതു ശീലമായിനി 
യൊട്ടുമില്ല സഹിഷ്ണുത 
കരമുയർത്തുക കൂട്ടരേ നാം 
സ്വരമുയർത്തുക കൂട്ടരേ 

മദ്യമെന്ന വിപത്ത് വിറ്റ് 
സമാഹരിച്ച ധനത്തിനാൽ 
മത്തനായി നടന്നതിന്നു ജന-
മുത്തരം നൽകേണമോ?

അതിന്റെ കമ്മി നികത്തുവാനിനി 
യില്ല പൗരനു ബാധ്യത 
തിന്നു കൂട്ടിയ കൊള്ള ലാഭ-
മെടുത്തു കുറവ് നികത്തുക 

ഏട്ടിലുള്ള വികസനം കൊ-
ണ്ടിനിയും പാട്ടിലാക്കീടുവാൻ 
നോക്കിടേണ്ടിനി കാട്ടണം 
തെളിവോടെയുള്ള പുരോഗതി 

എങ്കിൽ മാത്രമൊരുങ്ങുക 
കൈ നീട്ടി നിന്നു കരത്തിനായ് 
അല്ലയെന്നാൽ പോന്നിടേണ്ടിനി 
വോട്ടിനായി തെണ്ടുവാൻ 

വീട്ടിലുള്ളൊരു ചൂലും പിന്നെ 
കള പറിയ്ക്കും യന്ത്രവും 
വേണ്ട പോലുപയോഗിച്ചീടുവാൻ
ത്രാണി നേടുക നമ്മളും 


(*ഗജ  ചക്ര വാഹനം -  നമ്മുട സ്വന്തം ആന വണ്ടി KSRTC)

10 comments:

  1. മനസ്സില്‍ കൊള്ളുന്ന ശക്തവും,തീക്ഷ്ണവുമായ വരികള്‍.
    അതാണ്‌ നമ്മള്‍ ചെയ്യേണ്ടത് ടീച്ചര്‍ കളകളെ വലിച്ചുമാറ്റുകയും,വൃത്തികേടുകളെ തൂത്തുകളയുകയും ചെയ്യുക!
    ആശംസകള്‍

    ReplyDelete
  2. Valare nalla varikalil nammude nadinte rekha chithram varachukattiyirikkunnu... good

    ReplyDelete
  3. വിപ്ലവമാണല്ലോ മനോഹരകവിതയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്

    ReplyDelete
    Replies
    1. സാധാരണ വീട്ടമ്മമാരുടെ നാക്കിൻതുമ്പിൽ വരെ വിപ്ലവം എത്തിച്ചു മാറി മാറി വന്ന ഭരണാധികാരികൾ. ഇതും പുരോഗതിയുടെ ലക്ഷണമായിരിക്കും ! ആവോ?

      Delete
  4. എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ പൊതുജനം അല്ലെ :) കൊള്ളാം ട്ടോ ,,ആക്ഷേപ കവിത .

    ReplyDelete
    Replies
    1. അതെ ഫൈസൽ, ഈ വിധി മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചു.
      ഇതിലേ വന്നതിനു നന്ദി. വീണ്ടും വരിക.

      Delete
  5. കവിത കൊള്ളാം. വിപ്ളവധ്വനി :)

    ReplyDelete
    Replies
    1. വിപ്ലവമല്ല, സമാധാനമായി ജീവിക്കാനുള്ള കൊതി. Thanks for reading.

      Delete