Followers

Wednesday, October 1, 2014

അസുരമർദ്ദനം

ഇന്ന് ദുർഗാഷ്ടമി. 

[അക്ഷരങ്ങളും വാക്കുകളും  പൂജയ്ക്ക് വയ്ക്കുന്ന ദിവസം. ഞാനും എന്റെ വാക്കുകൾ പൂജയ്ക്ക് വയ്ക്കുന്നു. ഇന്നേയ്ക്ക് രണ്ടാം ദിവസം വിജയദശമി. അന്നേ ദിവസം മലയാളനക്ഷത്ര പ്രകാരം എന്റെ ജന്മദിനം...
കൂടുതൽ തെളിമയുള്ള അക്ഷരങ്ങളുടെ പൂജയെടുപ്പിനായി  പ്രാർത്ഥിച്ചുകൊണ്ട്...]താഴത്തു നിന്നു നാം നോക്കവേയൊ ക്കെയു-
മെത്തിപ്പിടിക്കുവാൻ മോഹമുദിച്ചിടും 

പൊക്കത്തിലെത്തിയാൽ കീഴെയിരിക്കുന്ന-
തൊക്കെയും തീരെ ചെറുതെന്നു തോന്നിടും 

തന്നോളമില്ല മറ്റൊന്നുമെന്നുള്ളത്തി -
ലെള്ളോളമില്ലയെളിമയെന്നായ് വരും 

കണ്ണിൻറെ മുന്നിലായ് കാണുന്നതൊക്കെയും 
തൻ കളിപ്പാട്ടങ്ങൾ താനെന്നു തോന്നിടും 

തച്ചുടച്ചീടുവാനുള്ളതാണെല്ലാതു -
മെന്നൊരു ചിന്തയിലാണ്ടു പൊയ്പ്പോയിടും 

അടിതെറ്റി താഴെ പതിക്കവേ നിശ്ചയം 
കണ്ടതു മായയാണെന്നറിയായ് വരും  

ശൂന്യതയാകുന്ന പൊക്കത്തിലേറിടും 
തോറുമാ വീഴ്ചയ്ക്കുമാക്കമതേറിടും 

കുഞ്ഞുകൃമികളായ് തോന്നിയതൊക്കെയും 
തന്നിലും മേലെയാണെന്നു പഠിച്ചിടും 

ചാഞ്ഞ മരത്തിൻറെ ചില്ലകൾ  തോറും 
തിരിച്ചറിവിൻ നൽഫലങ്ങൾ വിളഞ്ഞിടും 

പൊക്കത്തിലേയ്ക്കുള്ള  പാതയിൽ വേരുകൾ 
കീഴേയ്ക്ക് പായണമെന്നുമറിഞ്ഞിടും

എങ്കിലോ ജീവനു മേൽഗതി  മേൽക്കുമേ-
ലെക്കാലവും മുദാ ഉണ്ടായി വന്നിടും 

നന്നായി വന്നിടും കണ്ടു വളരുന്ന 
സന്തതികൾ തൻ പരമ്പരയൊക്കെയും 

ഉണ്ടായ്‌ വരേണമെന്നുള്ളത്തിലും 
പരനുള്ള ബഹുമാനമൊട്ടും കുറയാതെ 

നിന്ദിച്ചിടുവാൻ  വളച്ചിടും നാവിനെ 
ബന്ധിച്ചിടേണമെൻ തമ്പുരാനേ സദാ 

അർത്ഥം  പിഴച്ചുപോം വാക്കിൻ വളവിനെ 
തീർത്തു നീ സുന്ദരമാക്കി വച്ചീടണേ  

എന്നുള്ളിലുള്ളോരസുരനെക്കൊന്നു നീ 
സാത്വികഭാവം നിറച്ചുവയ്ക്കേണമേ 

എങ്കിലോ ആകാശമേറിയാലും പിന്നെ 
വീഴ്ചതൻ ഭീതിയോ തീണ്ടുവാൻ വന്നിടൂ!!എല്ലാവർക്കും നവരാത്രി ആശംസകൾ ...


11 comments:

 1. പൂജക്ക് വെക്കാന്‍ എന്റെ ബുക്കുകളും മറക്കാതെ എടുത്തു കൊണ്ട് പോയിരുന്ന കൂട്ടുകാരിയെ ഓര്‍ക്കുന്നു.... ഗിരിജക്ക് നവരാത്രി ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ മുബീ,

   ഈ പേര് ബൂലോകത്ത് പലയിടത്തും ഞാൻ കണ്ടിട്ടുണ്ട്. പലരുടെയും ബ്ലോഗിൽ. ഇപ്പോൾ എൻറെ ബ്ലോഗിലും വന്നതിൽ സന്തോഷം, നന്ദി.
   അല്ലെങ്കിലും വിദ്യയ്ക്കും വിദ്യ നൽകി അനുഗ്രഹിക്കുന്ന ദൈവത്തിനും ജാതിയും മതവും ഒന്നും ഇല്ലല്ലോ മുബീ. പക്ഷെ ഒരു പത്തിരുപത് കൊല്ലം മുമ്പൊക്കെ നമ്മൾ അനുഭവിച്ചിരുന്ന , ഇത്തരം കുഞ്ഞു കുഞ്ഞു നിഷ്കളങ്ക സ്വാതന്ത്ര്യങ്ങൾ... ഇന്ന് അതൊക്കെ ചെയ്യാൻ ലോകം ഭയക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മൾ പരിഷ്കാരികൾ കാലചക്രം മുന്നോട്ടാണോ പുറകോട്ടാണോ കറക്കുന്നത്?

   Delete
 2. ലളിതസുന്ദരവും,അര്‍ത്ഥസമ്പുഷ്ടവുമായ നല്ലൊരു കവിതയാണ് സരസ്വതീദേവിയുടെ തിരുമുമ്പില്‍ പൂജയ്ക്കായി ടീച്ചര്‍ സമര്‍പ്പിച്ചിരിക്കുന്നത്....
  ജന്മദിനാശംസകള്‍ നേരുന്നതോടൊപ്പം എല്ലാവിധത്തിലുമുള്ള ഐശ്വര്യവും മേല്‍ക്കുമേല്‍ ഉണ്ടാകുമാറാകട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട്...

  ReplyDelete
  Replies
  1. നന്ദി സർ. നവരാത്രി ആശംസകളും...

   Delete
 3. ഗിരിജ, ഉള്ളിലുള്ള അസുരന് എന്തെല്ലാം നിറങ്ങൾ, എന്തെല്ലാം ജാതിയും മതവും. കാലം കഴിയുന്തോറും ആ അസുരൻ വളരുകയാണോ? നമ്മുടെ കുട്ടികളെ എങ്കിലും ഈ കരാള ഹസ്തങ്ങളിൽ നിന്നും നമുക്ക് രക്ഷ പെടുത്താം.
  നല്ല കവിത.

  ReplyDelete
  Replies
  1. നന്ദി സർ. ഒരു അമ്മയുടെയും ടീച്ചറുടെയും റോളിൽ നിന്നു കൊണ്ട് അതിനായി ആവുന്നതൊക്കെ ചെയ്യണമെന്നു ആഗ്രഹിക്കുന്നു.

   Delete
 4. കവിതയിൽ വാക്കുകൾക്ക് കനം കൂടിയിരിക്കുന്നു. അര്ത്ഥം ചോരാതെ തന്നെ അല്പം കൂടി ലഘുവാക്കം. ചിലയിടങ്ങളിൽ മനോഹരം.

  ReplyDelete
  Replies
  1. സ്വാഗതം സൂര്യൻ. നല്ല വാക്കുകൾക്കു നന്ദി.

   Delete
 5. അസുര മര്‍ദ്ദനം അസ്സലായി ടീച്ചര്‍.

  ReplyDelete
  Replies
  1. വളരെ നന്ദി. പുതിയ വായനക്കാരെ കാണുന്നത് സന്തോഷം.

   Delete
 6. പലതും ഓര്‍മ്മിപ്പിച്ചു ഈ കവിതയില്‍ കൂടി ,,, മുബി പറഞ്ഞപോലെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു ,, കൊള്ളാം ട്ടോ ,,,, പുതിയ പോസ്റ്റുകള്‍ ഗ്രൂപ്പിലും ഷെയര്‍ ചെയ്യൂ കൂടുതല്‍ പേര്‍ വായിക്കട്ടെ !! ആശംസകള്‍

  ReplyDelete