Followers

Tuesday, August 26, 2014

കേട്ടോ നാട്ടുവാർത്ത !




സന്ധ്യാനാമം ചൊല്ലും നേര- 
മിതെന്തൊരു ബഹളം എന്നുടെ ശിവനെ !
ആറരയെന്നൊരു സമയമണഞ്ഞാൽ 
വീടുകൾ തോറും താണ്ഡവമാണേ... 

'ആരെട' 'ഞാനെട' 'കൊല്ലെട' 'നിന്നെ 
പിന്നെ കണ്ടോളാ'മെന്നുച്ചം 
പ്രതികാരത്തിൻ ഭീഷണിയങ്ങനെ 
പൊങ്ങും പല വിധ ചാനലു തോറും. 

പാരകളങ്ങനെ വയ്ക്കും തമ്മിൽ 
മരുമക്കൾക്കഥയമ്മായിക്കഥ,
പിന്നെ വരുന്നൂവടിമുടി ചായം 
പൂശിയ ശിവനും ഗണപതി താനും!

നായിക പ്രസവിച്ചൊരു വഴിയാകാൻ 
വർഷം പത്തും പലതുമെടുക്കും! 
പിന്നെയുമൊത്തിരി കാലമെടുക്കും 
കുഞ്ഞിൻറച്ഛനെ കണ്ടു പിടിക്കാൻ!!

വീടുകളാകെ ഭീകര നടനം  
കർണ കഠോരം കാണുക വിഷമം 
പത്തര പതിനൊന്നായീടും പി-
ന്നൊട്ടൊരു ശമനം കിട്ടണമെന്നാൽ.

കുട്ടികളും പിന്നെൺപത്തെട്ടി-
ന്നക്കരെ നിൽക്കും വൃദ്ധരുമുണ്ടേ 
കത്രിക വയ്ക്കാതെത്തും തെറി വിളി 
യിഷ്ടം പോലെ കേട്ടു പഠിക്കാൻ. 

പിന്നെയുമുണ്ടതു 'വാസ്തവ നടനം'*
വിധികർത്താക്കളുതിർക്കും വചനം 
നൃത്തത്തിൻ ഗതി കാണണമൊത്തൊരു 
മർക്കടരാജൻ നാണിച്ചോടും !

എസ്സെമ്മെസ്സിനു വേണ്ടിയിരക്കും 
പിച്ചക്കാരുടെ ചേലു കളിക്കാർ 
കപിയെ ചുടുചോർ വാരിക്കും പോൽ 
'വൻകിടന'*ങ്ങനെ ലാഭം കൊയ്യും .

കേട്ടാലോക്കാനിച്ചിടുമയ്യോ 
തട്ടുപൊളിപ്പൻ 'ഹാസ്യാനർത്ഥം'! 
ഹാസ്യമതെന്നാലശ്ലീലത്തി-
ന്നളവില്ലാ വിഷ മിശ്രിതമൊക്കും.  

ഇങ്ങിനെ പലവിധ ചേഷ്ടകൾ നിത്യം 
കണ്ടേ വളരും ബാലകർ മൊത്തം 
എല്ലാം നാട്ടുനടപ്പാണെന്നൊരു 
ചിന്തയിലവരും  നിത്യം പുലരും.

നിലവാരത്തിന്നടിവേരുകളും  
ചെത്തിയെറിഞ്ഞു രസിക്കുവതാരോ ?
തലമുറകൾ തൻ സംസ്കാരത്തി-
ലഴുക്കു പുരട്ടി നിറയ്ക്കുവതാരോ?

ആരിവളെന്നൊരു സംശയമോടിട-
യുന്നോർക്കുത്തരമിങ്ങനെ ചൊല്ലാം... 
ഉള്ളതു ചൊന്നാലുറിയും തന്നുടെ-
യുള്ളു തുറന്നുടനൊന്നു ചിരിക്കും.




[* 'വാസ്തവ നടനം' - reality show എന്നാണു ഉദ്ദേശം.

*' വൻകിടൻ             - വൻകിട കമ്പനികൾ എന്നതിന് കണ്ടുപിടിച്ച                                                                        ഒരു  ചുരുക്കപ്പേര് ]





18 comments:

  1. ഇങ്ങനെ പലവിത ഗോഷ്ട്ടികളുണ്ടീ
    ഉലകമടക്കി ഒതുക്കും ചെപ്പിൽ.
    കലികാലത്തിൻ വൈഭവമാണേ..
    ഉള്ളിലൊതുക്കി ഉറഞ്ഞു ചിരിക്കാം.

    കണ്ടതു പറയണമല്ലോ ടീച്ചർ
    നിറയേ മുള്ളു നിറഞ്ഞൊരു ചെടിയിൽ
    പനിനീർ മൊട്ട് വിടർന്നതു പോലെ
    ഉണ്ടേ അറിവിൻ നിറ ഗന്ധങ്ങൾ
    കാണാം ചാനൽ ബട്ടനമർത്തു...:)

    വളരെ രസകരമായി ടീച്ചർ വരികൾ..
    ആശംസകൾ !

    ReplyDelete
    Replies
    1. വരികൾ കൊള്ളാം ഗിരീഷ്‌ . ചുരുക്കം ചില നല്ല പരിപാടികൾ ഉണ്ടെന്നത് സത്യം തന്നെ . സന്ധ്യാദീപം, കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷിദീപം, മണ്ണ് എന്നിവ പോലുള്ള പരിപാടികൾ അകലങ്ങളിലെ ഇന്ത്യ ഇതൊക്കെ വേറിട്ടു നിൽക്കുന്ന നന്മയുള്ള പരിപാടികൾ ആണ്. പക്ഷെ എത്ര പേർ സീരിയലും റിയാലിറ്റി ഷോയും ഒക്കെ മാറ്റിവച്ച് ഇതൊക്കെ കാണുമെന്നതാണ് സംശയം.

      Delete
  2. വളരെ ശരിയായ കാര്യങ്ങള്‍. തൊണ്ണൂറുകളില്‍ തുടങ്ങിയ ചാനല്‍ ആഭാസങ്ങള്‍ നമ്മുടെ ജനങ്ങളുടെ അടിസ്ഥാനസ്വഭാവത്തില്‍ വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം

    ReplyDelete
    Replies
    1. കുട്ടികളും കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കേണ്ട അമ്മൂമ്മമാരും വല്യപ്പൂപ്പന്മാരും ആരും ഇതിന്റെ ചോട്ടിൽ നിന്ന് മാറുകയില്ല എന്നതാണ് അവസ്ഥ.

      റിയാലിടി ഷോകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ അച്ഛനമ്മമാർക്കാണ് ഏറെ തിടുക്കം. കൊച്ചു കുട്ടികളെ കൊണ്ട് അവരുടെ പ്രായത്തിനു നിരക്കാത്ത ചേഷ്ടകൾ കാണിപ്പിച്ചു കൊണ്ടുള്ള നൃത്താഭാസങ്ങൾ കണ്ടു പുളകം കൊണ്ടിരിക്കുന്ന അച്ഛനമ്മമാരെ കാണുമ്പോൾ ഭയം തോന്നുന്നു. ഇതിനു വേണ്ടിയുള്ള പ്രക്റ്റീസിനും മറ്റുമായി നടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് പോലും ആർക്കും പ്രശ്നമല്ല. ഇങ്ങിനെയൊക്കെ നശിച്ചു പോകാനാണോ നമ്മുടെയൊക്കെ കുഞ്ഞു മക്കളുടെ വിധി? കല വളരണം. കലാകാരും വളരണം. അത് പക്ഷെ മൂല്യാധിഷ്ടിതമായ കലകളിലൂടെ ആകുന്നതല്ലേ നല്ലത്?

      പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന ഒരു വലിയ നിര ഇവിടെ ഉള്ളപ്പോൾ ഇതൊക്കെ ആരോട് പറയാൻ അല്ലെ.

      Delete
  3. കാലികപ്രസക്തിയുള്ള സന്ദര്‍ഭോചിതമായൊരു കവിത.
    ആര്‍ത്തിപിടിച്ച കച്ചവടമനോഭാവമാണെങ്ങും!
    മനുഷ്യമനസ്സുകളിലെ സദ് വിചാരങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന കോപ്രായങ്ങള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തുകൊണ്ടിരുന്നത് ചാനലുകളില്‍ അധികപങ്കും,അതിലടിമപ്പെട്ടവരൊ ഏറേയും....
    മൂര്‍ച്ചയുള്ള രചനയായി ടീച്ചര്‍ അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  4. ഹാസ്യത്തിന്റെ മേമ്പൊടിയോടെ പരമാർത്ഥം ഗിരിജ ടീച്ചർ വെളിപ്പെടുത്തി.അഭിനന്ദനഗൾ. നഗ്നനായ രാജാവിനെ കാണാനാണ്‌ പ്രജകൾക്കിഷ്ടം. ഈ കോപ്രായങ്ങൾ നിർത്തേണ്ട സമയം അതിക്രമിച്ചു.

    ReplyDelete
    Replies
    1. പക്ഷെ ആരോട് പറയാൻ സർ? നഗ്നത ഭൂഷണവും സ്വാതന്ത്ര്യവും ആയി കരുതുന്ന രാജാക്കന്മാരോടോ?

      Delete
  5. ആരിത്, കുഞ്ചൻ നമ്പ്യാർ പുനർജനിച്ചതോ?

    ആക്ഷേപ ഹാസ്യം ഭംഗിയായി. സ്കൂൾ യുവ ജനോൽസവങ്ങൾക്ക് അവതരിപ്പിക്കാൻ നൽകാം.

    വ്യാഖ്യാനമോ വിശദീകരണമോ ഇല്ലാതെ കവിത, അതാണ് ഭംഗി.

    കവിത വളരെ മനോഹരമായിരിക്കുന്നു.

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സർ. തുടർന്നും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

      Delete
  6. വരികള്‍ വളരെ ഇഷ്ടമായീട്ടോ...

    ReplyDelete