Followers

Tuesday, June 4, 2013

വസുധൈവകുടുംബകം



നാളെ ലോക പരിസ്ഥിതി ദിനം. പരിതസ്ഥിതികൾ ഇതാണെങ്കിൽ എത്രകാലം നമുക്കീ പരിസ്ഥിതി ഇങ്ങിനെയെങ്കിലും ആസ്വദിക്കാനാകുമെന്നറിയില്ല.  
എന്തായാലും ഏവർക്കും നല്ല പരിസ്ഥിതിയും പരിതസ്ഥിതിയും നേർന്നു കൊള്ളുന്നു...



വസുധൈവകുടുംബകം 

പൊന്നുരുകിത്തുടങ്ങുമീ  സന്ധ്യയി-
ലംബരമാകെത്തുടുത്തൊരു കമ്പളം 
ആരേ വിരിച്ചുടനീളവേ മാരിവിൽ 
പൊട്ടിച്ചിതറിയ ചേലിൽ മനോഹരം 

മാനത്തു  നിന്നുമാ ചെങ്കതിർതുണ്ടുകൾ 
വീണു തിരമാലയാകെത്തുടുക്കവേ 
തീരത്തിരുന്നു ഞാൻ മോഹിച്ചിടുന്നുവാ 
ചേലൊത്ത സൂര്യനെയെത്തിപ്പിടിക്കുവാൻ! 

കൈക്കുമ്പിൾ നീട്ടി  ഞാനായവേയാഴിത-
ന്നാഴങ്ങളിൽപ്പോയ്‌മറയും കതിരവൻ, 
അഴകാർന്ന മാരിവിൽക്കമ്പളത്തിന്നുമേ-
ലാരേ വിരിക്കുന്നിരുട്ടിൻ കരിമ്പടം? 

അന്ധകാരത്തിലിരുണ്ടൊരു വിണ്ടല-
മാകവേ മൂകത മൂടിപ്പൊതിയവേ 
വെള്ളിത്തളികയിൽ വെള്ളിവെളിച്ചമായ് 
എത്തിനോക്കുന്നൊരാത്തിങ്കളെക്കാണ്മു ഞാൻ. 

ചന്ദ്രബിംബത്തിന്നകമ്പടിയേകിയ-
ങ്ങിങ്ങു തിളങ്ങുന്നു വൈഡൂര്യതാരകൾ 
കാലയവനികയ്ക്കുള്ളിൽ മറഞ്ഞവർ 
തന്നുടെ കണ്ണുകൾ നമ്മെത്തൊടുന്ന പോൽ! 

ഈറനാകും  മിഴിക്കോണിലെ നീഹാര 
മുത്തുകൾ ഭൂമിതൻ മാറിൽപ്പതിക്കവേ 
ധന്യയാകുന്നു ഞാനെൻ മിഴിനീർക്കണം 
ചെറ്റൊരു പുൽക്കൊടിത്തുമ്പിനായ് നൽകവേ!

കാത്തുവയ്ക്കാമീ പ്രകൃതിയെയിത്രമേ-
ലാഴത്തിലിങ്ങനെ നോവിച്ചിടാതെ നാ-
മോരോ തളിരിലും ഭാവിതൻ  ജീവിത- 
താളത്തുടിപ്പിന്‍റെയീണം നിറച്ചിടാം ...

                              *************

രാഷ്ട്രീയം അഥവാ പാർട്ടീയം


ഓണം അടുത്തുവരാറായതുകൊണ്ടാണോ എന്നറിയില്ല, കേരളീയർ മനസ്സിൽ വച്ചു താലോലിക്കുന്ന 

"മാവേലി നാടു വാണീടും കാലം

മാനുഷരരെല്ലാരുമൊന്നുപോലെ ..."

എന്ന ഈരടികൾ വെറുതെ ചിന്തയിലേക്കു കയറി വന്നു. എന്തിനും ഏതിനും നഷ്ടപ്രതാപത്തിനെ കൂട്ടു പിടിക്കുന്നവരാണല്ലോ നമ്മളിൽ പലരും. ഞാനും അങ്ങിനെ ഒരു നഷ്ടപ്രതാപത്തിന്‍റെ സുഖകരമായ ചിന്തകളിൽ അലസയായി ഇരിക്കുമ്പോൾ അതാ വരുന്നു കേരളവാർത്തകൾ - നമ്മുടെ സ്വന്തം വിഡ്ഢിപ്പെട്ടിയിൽ.. കേരളത്തിലെ ഉന്നതന്മാരെന്നു സ്വയം കരുതുകയും, പീക്കിരികളും പോക്കിരികളുമെന്നു നിത്യേന  സ്വയം തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന  സർവമാനരാഷ്ട്രീയവിഷപ്പാമ്പുകളും താൻതാങ്ങളുടെ നിലവാരക്കുറവിനനുസരിച്ചുള്ള പ്രസ്താവനകളും പ്രതിപ്രസ്താവനകളുമായി പരസ്പരം കടിപിടി കൂടുന്നു.
മാവേലി വാണ നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥ  കാണുമ്പോൾ എനിക്ക് ആ പഴയ ഈരടികൾ കാലത്തിനൊപ്പിച്ചു ഒന്ന് പുതുക്കണം എന്ന് ഒരു ആഗ്രഹം...അഭിപ്രായ വ്യത്യാസമുള്ളവർ ക്ഷമിക്കുക.


രാഷ്ട്രീയം അഥവാ 'പാർട്ടീയം' 

രാഷ്ട്രീയഗുണ്ടകൾ വാഴുംകാലം 
മാനുഷരെല്ലാവരും കഷ്ടത്തിലായ് 
കള്ളമേയുള്ളൂ ചതിയേയുള്ളൂ 
നേരും  നെറിയുമതൊട്ടുമില്ല 

ക്രിക്കറ്റും കോഴയും വാതുവയ്പ്പും 
കള്ളപ്പണവും ഹവാലകളും 
മാലോകരെനോക്കിപ്പല്ലിളിയ്ക്കും  
ശിഷ്ടജനങ്ങളോ കണ്ടുനിൽക്കും. 

സർക്കാരു നേരിട്ടു കള്ളു  വിൽക്കും, 
കള്ളു കുടിക്കുവോരോട്ടു നൽകും, 
അങ്ങനെ കള്ളന്മാർ വാണരുളും 
കൈക്കൂലിനല്കി ജനം വലയും 

കാലുവാരുന്നവരൊന്നുചേരും 
പിന്നൊരുനാളിലങ്ങേറ്റുമുട്ടും 
നേതാക്കൾ ചൊല്ലുമസഭ്യവർഷം 
കേട്ടാലോ, അയ്യയ്യോ !! കാതു പൊട്ടും !

അധികാര മോഹവലയിൽ വീണാൽ 
അച്ഛനുമില്ല മകനുമില്ല 
കാൽപ്പണം കിട്ടുകിലാക്ഷണത്തിൽ 
അമ്മയെപ്പോലും മറിച്ചുവിൽക്കും 

വിഡ്ഢിപ്പെട്ടിയ്ക്കുള്ളിൽ തമ്പടിക്കും 
നാടു വാഴുന്നൊരീ കോമാളികൾ 
തർക്കങ്ങൾ, വാക്കേറ്റമേറ്റുമുട്ടൽ 
എന്നെന്നും കണ്ടു മനംമടുക്കും 

ഇടവും വലവും ചേർന്നീവിധത്തിൽ 
നാടിന്‍റെ നാരായവേരറുക്കും 
കൂത്തരങ്ങാടി മതിവരുമ്പോ-
ളോർക്കുക നാടിനെ വല്ലപ്പൊഴും! 

നാടിനെക്കൊള്ളയടിച്ചു നേടും 
പാപത്തിൻ പങ്കു പകുക്കുംനേരം
നരകകവാടത്തിനരികു പറ്റാൻ  
കൂട്ടായ് വരില്ല നിഴലുപോലും ....




ഈ കവിത വായിച്ചു അഴിമതിക്കാരൊക്കെ  നാളെ മുതൽ നന്നായിപ്പോകുമെന്നൊരു വ്യാമോഹവും എനിക്കില്ല കേട്ടോ. എന്നാലും ഈയുള്ളവൾക്കൊരു മന:സുഖം. അത്രയേയുള്ളൂ. 

ഈ എഴുതിയതിൽ ഏതെങ്കിലും ഒരു വരി നമ്മുടെ നാട്ടിൽ നടന്നിട്ടില്ലാത്ത കാര്യമാണെങ്കിൽ ഞാൻ മുൻ‌കൂർ മാപ്പപേക്ഷിക്കുന്നു. (അല്ല! ഐ.പി.എസുകാർക്ക് വരെ കവിത എഴുതാൻ പറ്റാത്ത കാലമല്ലേ . അത് കൊണ്ടാ!! )