Followers

Tuesday, June 23, 2026

അവളല്ലാതെ മറ്റാര്?

 

 

അവളല്ലാതെ മറ്റാര്?

മഹാദേവാ, നിൻ്റെ  പുണ്യകൈലാസഭൂമിയിലേക്കുള്ള  യാത്രയ്ക്കായി എന്നെ അനുവദിച്ച നീ  എന്നിൽ അതിനായി അടയാളപ്പെടുത്തിയ യോഗ്യത എന്താണ്?  വെറും ആഗ്രഹം കൊണ്ടോ പണമോ  സ്വാധീനമോ ആരോഗ്യമോ ഉണ്ടായതുകൊണ്ടോ  നൂതനയാത്രാസംവിധാനങ്ങളും വിദഗ്‌ദ്ധരായ  യാത്രാസംഘാടകരും ഉള്ളതുകൊണ്ടോമാത്രം  ഒരാൾക്കും അഭൗമചൈതന്യം നിറഞ്ഞ നിൻ്റെയാ  ശിവഭൂമിയിലേയ്ക്കുള്ള  യാത്ര പൂർത്തീകരിക്കുവാനാകില്ലല്ലോ!

സ്വപ്നതുല്യമായ കൈലാസയാത്ര കഴിഞ്ഞെത്തിയ ദിനങ്ങളിളെല്ലാം  ഞാൻ മഹാദേവനോടു  ചോദിച്ചുകൊണ്ടേയിരുന്നു. 

പതിയെപ്പതിയെ, ആദ്യം അവ്യക്തവും ക്രമേണ വ്യക്തവുമായി എൻ്റെയുള്ളിൽ ചില ഓർമ്മകൾ ദൃശ്യങ്ങളായി തെളിഞ്ഞുവരാൻ  തുടങ്ങി.

ചെറുതോടുകളും പുഴകളും പച്ചപ്പും ചെറുകുന്നുകളും പശ്ചിമഘട്ടമലനിരകളുമൊക്കെ നിറഞ്ഞ കേരളത്തിൻറെ വഴികളിലൂടെ  തീവണ്ടിയിൽ, ബസ്സിൽ, കാറിൽ ഒക്കെ യാത്ര ചെയ്യുന്ന ഒരു കൊച്ചു കുട്ടി. പുറകോട്ടോടിമറയുന്ന വാഹനജാലകദൃശ്യങ്ങളിലേയ്ക്കു കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന ആ കുട്ടിയിൽ ഓരോരോ  കൗതുകഭാവനകൾ വിരിഞ്ഞുകൊണ്ടിരുന്നു. 

ദൂരെ കാണുന്ന ആ മലനിരകൾക്കപ്പുറം എന്തായിരിക്കും? 

ആ മലനിരകളുടെ മുകളിലേയ്ക്കു നടന്നു കയറിപ്പോയാൽ എങ്ങനെയുണ്ടായിരിക്കും? 

ചിലയിടത്തെല്ലാം വൃക്ഷങ്ങൾ നഷ്‌ടമായി  മലകൾ  മൊട്ടത്തലക്കൂട്ടങ്ങൾ  പോലെ ആയിപ്പോയതെന്തുകൊണ്ടാണ്?

അവിടെ മനുഷ്യർ ഉണ്ടായിരിക്കുമോ?

രാത്രിയിലെ ഇരുട്ടിൽ ആ മലകൾ കാണാൻ എങ്ങനെയുണ്ടാകും???

ആകാശത്തിനു കീഴെ ഒഴുകുന്ന മേഘങ്ങൾക്കും കാറ്റിനും പുഴകൾക്കുമൊപ്പം, കാണുന്ന  ഓരോ മലമുകളിലേയ്ക്കും നടന്നുനടന്നലിഞ്ഞു പതിയെ ഒരു വെളിച്ചത്തിൻ്റെ പൊട്ടുപോലെയങ്ങനെ മറഞ്ഞുപോകുന്ന തന്നെത്തന്നെ  മനസ്സിൽ ഭാവന ചെയ്തുരസിച്ചുകൊണ്ട് ആ കുട്ടിയിരുന്നു. യാത്രകൾക്കിടയിൽ കുട്ടി ജീവിതത്തിൻ്റെ  സ്വാഭാവികമായ മാറ്റങ്ങളിലേയ്ക്കും  തിരക്കുകളിലേക്കും  വളർന്നുവെങ്കിലും   ആ ഭാവനകൾ  മാത്രം കൗതുകമൊട്ടും കുറയാതെ  എന്നും മനസ്സിൽ പച്ചപിടിച്ചുനിന്നു. 

തീവ്രമായ  ആ ഭാവന അല്ലെങ്കിൽ ആ സങ്കല്പം ഇന്ന് അനുഭവമായി, ഈ ജന്മത്തിൽ സാദ്ധ്യമായേക്കാവുന്ന  അതിൻ്റെ  പാരമ്യാവസ്ഥയായ  കൈലാസപർവ്വതഭൂമിയിൽത്തന്നെ  ചെന്നെത്തിയല്ലോ  എന്നത്  ഓർക്കുന്തോറും ഞാനാകുന്ന ആ കുട്ടിയിൽ ഉണ്ടാകുന്ന  അവാച്യമായ ഒരു ആഹ്‌ളാദാനുഭൂതി ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. 

എന്നും ഭാവനയിൽ ആഗ്രഹിച്ചനുഭവിച്ച ഓരോ മലകയറ്റത്തിലും എന്നോടൊപ്പം ആ മലമകൾ, ഗിരിജയായി, പരാശക്തിയായി   
"തഥാസ്തു തഥാസ്തു" എന്നനുഗ്രഹിച്ചുകൊണ്ടു  സദാ  എൻറെയുള്ളിൽത്തന്നെയുണ്ടായിരുന്നുവെന്നത് ഇപ്പോൾ എൻ്റെ ഭാവനയല്ല, ബോധ്യമാണ്. 

ശിവപാതിയായ  അവളല്ലാതെ മറ്റാര് എന്നെയാ  ശിവഭൂമിയിലെത്തിയ്ക്കാൻതക്ക  കെൽപ്പുള്ളവൾ?!

സദാശിവയായി, അഗജയായി, അചഞ്ചലയായി  ദേവഭൂതാദിഗണാവൃതയായി അനാദികാലംമുതൽ തൻ്റെ പ്രിയനായ മഹാകൈലാസനാഥൻ്റെ  പശ്ചിമമുഖത്തോടു മുഖംനോക്കി അഖണ്ഡമണ്ഡലങ്ങളും  തന്നിൽ ലയിപ്പിച്ചുനിൽക്കുന്ന  ആ പർവ്വതപുത്രിയെ അവിടെ, അന്നാ  കൈലാസഭൂമിയിൽവച്ചു ദർശിച്ച മാത്രയിൽ "ഹോ! അമ്മേ, സാക്ഷാൽ പ്രകൃതിസ്വരൂപിണി" എന്നൊരു  സ്തബ് ധമായ വിളി നാഭിയിൽനിന്നുയർന്നു. അതിൻ്റെ  തരംഗങ്ങൾ അനാഹതത്തിലെത്തി  ശ്രീപാർവ്വതീസാന്നിധ്യമറിയിച്ച് ഭക്ത്യാദരപൂർണ്ണമായ ഒരു ആന്തലോടെ അകവും പുറവും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് ശബ്ദരഹിതയായി ആനന്ദാശ്രുക്കളിറ്റുവീണ തൊഴുകൈയ്യോടെ  അറിഞ്ഞനുഭവിച്ചുനിന്ന    നിമിഷങ്ങൾ ഇനിയും  ജന്മജന്മാന്തരങ്ങളെത്ര  കഴിഞ്ഞാലും മറക്കാത്തവിധം ചിത്തത്തിൽ ആഴ്ന്നുപതിഞ്ഞിരിക്കുന്നു. 

പ്രകൃതിരമണീയതയെക്കാൾ പ്രകൃതിഗാംഭീര്യത്തെയാണു  കൈലാസഭൂമിയുൾപ്പടുന്ന തിബത്തിലെങ്ങും നമുക്ക് അനുഭവിക്കാനാവുക. കൈലാസഭൂമിയിൽ മാത്രമല്ല, ലോകത്തിലെവിടെയും  കാണുന്ന ഓരോ പർവ്വതശൃംഗത്തിനും ഏതെങ്കിലുമൊക്കെ ദേവീദേവവിഗ്രഹങ്ങളോടു സാമ്യം തോന്നുക സ്വാഭാവികമാണ്. എങ്കിലും ഈ  ശൃംഗത്തിൻ്റെ സവിശേഷഗാംഭീര്യമാർന്ന   രൂപവും ഭാവവും സ്ഥാനവുമെല്ലാം നമുക്കു പകർന്നുനൽകുന്ന ആ  ദിവ്യമായ അനുഭൂതിയെ തിരിച്ചറിയാതിരിക്കാനാവില്ലല്ലോ!  

അതെ! എന്നെ സദാ സന്തോഷിപ്പിച്ച, മനോകായങ്ങളാൽ ഞാൻ ചെന്നടുക്കാൻ  ആഗ്രഹിച്ച  ചെറുതും വലുതുമായ  മലകളിലും കുന്നുകളിലും പഞ്ചഭൂതാത്മകമായ  സർവ്വചരാചരപ്രകൃതിയിലും കുടികൊള്ളുന്ന  ആ ശക്തിസ്വരൂപിണി ഇതാ ഇവിടെ  മനുഷ്യനിർമ്മിതമായ യാതൊരു ആടയലങ്കാരവുമില്ലാതെ   പദ്മാസനസ്ഥയായ  ദേവീവിഗ്രഹസമാനയായങ്ങനെ ലോകാനുഗ്രഹബുദ്ധിയോടെ,  കൈലാസനാഥൻ്റെ  പശ്ചിമമുഖത്തെ  ഉറ്റുനോക്കി പ്രേമപൂർവ്വം വിരാജിക്കുന്നു!
അമ്മേ ശരണം!

ശംഭോ! നിൻ്റെ  തെളിഞ്ഞ മുഖദർശനം മൂടലില്ലാത്ത സത്യംപോലെ അസുലഭസുലഭമായി നല്കിയനുഗ്രഹിച്ച മഹാദേവ!  നിനക്ക് സ്വസ്തി.  

#കൈലാസയാത്ര 
2026 മെയ് 11 to മെയ് 25

ചിത്രങ്ങൾ 

ലേഖനത്തിൽ പ്രതിപാദിച്ച കൈലാസപർവ്വതത്തിൻ്റെ പശ്ചിമമുഖവും ആ മുഖത്തിനഭിമുഖമായി സ്ഥിതി ചെയ്യുന്ന  ദേവീവിഗ്രഹസദൃശമായ ദിവ്യശൃംഗവും. കൈലാസപരിക്രമണത്തിൻ്റെ ഒന്നാംദിവസം യമദ്വാറിൽനിന്നും തുടങ്ങുന്ന യാത്ര ഏഴെട്ടു കിലോമീറ്റർ പിന്നിടുമ്പോഴാണ് കൈലാസത്തിൻ്റെ പടിഞ്ഞാറു മുഖം പരിക്രമണപാതയുടെ വലതുവശത്ത് ദൃശ്യമാകുക. കൈലാസത്തിന്റെ പടിഞ്ഞാറുമുഖത്തുനിന്നും ഉത്ഭവിക്കുന്ന  സത്ലജ് നദി പരിക്രമണപാതയുടെ ഇടതുവശത്തുകൂടെ ഒഴുകുന്നുണ്ട്. നദിയുടെ  മറുകരയിലാണു ദേവീരൂപമുള്ള അംബരചുംബിയായ ആ ശില  കൈലാസനാഥനഭിമുഖമായി സ്ഥിതി ചെയ്യുന്നത്.


  





കൈലാസത്തിൻ്റെ ദക്ഷിണമുഖം . പരിക്രമണം ആരംഭിക്കുന്നതിൻറെ തലേദിവസം അഷ്ടപദ് മലനിരകളിൽനിന്നുള്ള ദക്ഷിണാമൂർത്തിദർശനം. 




യമദ്വാറിനുമുന്നിൽനിന്നും ദക്ഷിണാമൂർത്തിയെ വണങ്ങി കൈലാസപരിക്രമണാരംഭം .




മഹാദേവൻ എനിക്കു തിരഞ്ഞെടുത്തുതന്ന ഷേർപ്പ - സീതർ.
അവരവരുടെ  യാത്രാഗ്രൂപ്പിനായി എത്തിച്ചേർന്ന ഷേർപ്പമാരുടെ പേരുകളിൽനിന്നും   നറുക്കെടുത്താണ് നമുക്കുള്ള ഷേർപ്പയെ തീരുമാനിക്കുന്നത്.  നമുക്കു  ലഭിക്കുന്ന ഷേർപ്പയും കുതിരയും നമ്മുടെ പരിക്രമണപാതയിലുടനീളം മഹാദേവൻ്റെ പ്രതിനിധികളായി നമ്മോടൊപ്പം ഉണ്ടാകും. അവരുടെ സഹായമില്ലാതെ ഈ യാത്ര അതികഠിനം.
അവർക്കു കോടി വന്ദനം.




പരിക്രമണത്തിൻ്റെ ആരംഭത്തിൽ കുറെ സമയം കൈലാസത്തിൻ്റെ ദക്ഷിണമുഖം കണ്ടുകൊണ്ടുതന്നെയാണു യാത്ര. കൈലാസത്തിൻ്റെ ദക്ഷിണമുഖത്തുനിന്നും ഉത്ഭവിക്കുന്ന കർണാലി വലതുവശത്തുകൂടെ മെലിഞ്ഞും വളർന്നുമെല്ലാം ഒഴുകുന്നുണ്ട്   യാത്രയിലുടനീളം മേഘങ്ങളാൽ മൂടപ്പെടാതെ  തെളിഞ്ഞുനിന്നു മഹാദേവൻ. 




കൈലാസപശ്ചിമമുഖദർശനം 
പശ്ചിമമുഖം ദൃശ്യമാകുമ്പോൾ പിതൃക്കളെ മനസ്സിൽ ധ്യാനിച്ച് അവർക്കു മോക്ഷം ലഭിക്കാൻ മഹാദേവനോടു പ്രാർത്ഥിച്ചുനമസ്കരിക്കേണ്ടവർക്കു നമസ്കരിക്കാമെന്നു ഞങ്ങളുടെ  യാത്രയുടെ സംഘാടകർ ഞങ്ങളോടു പറഞ്ഞിരുന്നതനുസരിച്ച് ഞാനും പിതൃക്കളെ ധ്യാനിച്ചുനമസ്കരിച്ചു . മഹാദേവൻ്റെ പടിഞ്ഞാറുമുഖം സദ്യോജാതനെയാണു പ്രതിനിധീകരിക്കുന്നത്.
"സദ്യോജാതം പ്രപദ്യാമി സദ്യോജാതായ വൈ നമഃ
ഭവേ ഭവേനാതി ഭവേ ഭവസ്വ മാം
ഭവോദ്ഭാവായ നമഃ " (തൈത്തരീയ ആരണ്യകം )

ജനനത്തിന്റെയും പുനർജന്മത്തിന്റെയും ചക്രത്തിൽ നിന്നുള്ള രക്ഷയ്ക്കായി സദ്യോജാതനെ സ്തുതിക്കുന്നു. 



കൈലാസത്തിൻ്റെ ഉത്തരമുഖം (വാമദേവം )

ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയമുണ്ടായിരുന്ന, 
സൂര്യോദയത്തിൽ സ്വർണ്ണവർണ്ണത്തോടെ തിളങ്ങുന്ന കൈലാസത്തിൻ്റെ വടക്കേ മുഖം നേരിട്ടുകണ്ടു വണങ്ങാൻ സാധിച്ചു.


പരിക്രമണം രണ്ടാംദിവസം 
പ്രഭാതത്തിൽ സുവർണ്ണനിറമാർന്ന വടക്കുന്നാഥനെ വണങ്ങിയശേഷശേഷമാണ് കൈലാസപരിക്രമണത്തിൻ്റെ രണ്ടാംദിവസം ആരംഭിക്കുന്നത്. വടക്കുമുഖത്തുനിന്ന്‌ (ഡെറാപുക്) ആരംഭിച്ച് ഡോൾമാലാ ചുരം കയറിയിറങ്ങി താഴ്വരയായ സുത്തുൾപുക്കിൽ എത്തണം. ഇതാണ് പരിക്രമണത്തിലെ ഏറ്റവും കഠിനമായ ഭാഗം. അംബരചുംബികളായ പർവ്വതനിരകളാൽ ചുറ്റപ്പെട്ട, പലവലിപ്പത്തിലുള്ള കല്ലുകളും പാറകളും മഞ്ഞുപാളികളും നിറഞ്ഞ, ഓക്സിജന്റെ ലഭ്യത വളരെ കുറഞ്ഞ  പാതയിലൂടെയാണ് ഈ യാത്ര ചെയ്യേണ്ടത്.   ഈ ദിവസത്തെ ട്രെക്കിങ്ങ് ആകെ  ഇരുപത്തിരണ്ട് കിലോമീറ്ററാണ്. കുതിരപ്പുറത്തു ചുരം കയറാമെങ്കിലും ഇറങ്ങുന്നതു കാൽനടയായിത്തന്നെ ഇറങ്ങണം. സമുദ്രനിരപ്പിൽനിന്നും 18500 അടി മുകളിലാണു ഡോൾമാ ലാ ചുരത്തിൻറെ കയറ്റം അവസാനിക്കുന്നത്. ചൈനീസ് സമയം രാവിലെ 9.21ന് കയറ്റം ആരംഭിച്ച് ഏതാണ്ട് 11.40ന് ഡോൾമാ ലാ ചുരത്തിൻറെ മുകളിൽ എത്തി. ഏകദേശം പത്തു മിനിട്ടു താഴേയ്ക്കിറങ്ങുമ്പോൾ ഗൗരീകുണ്ഡ് ദൃശ്യമാകും. താഴ്‌വരയിൽ എത്തുമ്പോഴേയ്ക്കും ഏകദേശം മൂന്നരമണി കഴിഞ്ഞിരുന്നു. പിന്നീട് നിരപ്പായ വഴിയിലൂടെ  പത്തു കിലോമീറ്റർ വീണ്ടും കുതിരപ്പുറത്തു യാത്ര ചെയ്താണ് രാത്രി താമസിക്കാനുള്ള ഹോട്ടലിൽ എത്തിയത്. 




ഡോൾമാ ലാ ചുരത്തിലേക്കുള്ള യാത്രയുടെ ആദ്യം മുതൽ കുറെ ദൂരത്തോളം കൈലാസത്തിൻ്റെ വടക്കേ മുഖം ദൃശ്യമാണ്.






അതികഠിനമായ കയറ്റം 




ഡോൾമാ ലാ ചുരത്തിൻറെ ഇറക്കത്തിൻറെ തുടക്കത്തിൽ തന്നെയാണ് ഗൗരീകുണ്ഡ് സ്ഥിതി ചെയ്യുന്നത്.

 



കൈലാസപരിക്രമണം മൂന്നാംദിവസം 

താരതമ്യേന നിരപ്പായ വഴിയിലൂടെയുള്ള മൂന്നാംദിവസത്തെ യാത്ര അത്ര കഠിനമല്ല. ഏകദേശം മൂന്നു മണിക്കൂർകൊണ്ടു തീരുന്ന യാ ത്രയാണ് അത്.
സുത്തുൾപുക്കിൽ നിന്നും ദാർച്ചൻ വരെ എത്തിയാൽ മൂന്നാംദിവസത്തെ പരിക്രമണത്തിനും പരിസമാപ്തിയാകും. പിന്നീട് ബസ്സിൽ മടക്കയാത്രയാണ്.



മൂന്നു ദിവസത്തെ കൈലാസപരിക്രമണത്തിൻ്റെ പരിസമാപ്തിസ്ഥാനത്തെത്തിയപ്പോൾ അതിൻ്റെ അടയാളം  കുറിക്കുവാൻ എൻ്റെ  സാരഥിയായ ഷേർപ്പ - സീതർ   തിബത്തൻ പരമ്പരാഗതരീതിയിൽ  എന്നെയണിയിച്ച മഞ്ഞ ഷാൾ.





മടക്കയാത്രയ്ക്കായി ബസ്സിൽ ഇരിക്കുന്ന എന്നെനോക്കി കൈവീശി യാത്ര പറയുന്ന സീതർ . മൂന്നു ദിവസം എന്നെ കുതിരപ്പുറത്തു കയറ്റിയും ഇറക്കിയും കൈ പിടിച്ചു നടത്തിയും  ഈ യാത്ര പൂർത്തിയാക്കാൻ തുണച്ച വഴികാട്ടി. മൂന്നു  ദിവസം എൻ്റെ ഭാരം വഹിച്ച കുതിരയും.
മഹാദേവ! ഈ യാത്രയിൽ എന്നെ തുണച്ച നിൻെറ പാർഷദന്മാർക്കെല്ലാം  നന്ദി...നന്ദി 
























4 comments:

  1. ശംഭോ മഹാദേവാ🙏🙏

    ReplyDelete
  2. ഗംഭീരം.. വാക്കുകൾ ആ യാത്ര നൽകിയ ഊർജ്ജം പ്രസരിപ്പിക്കുന്നു 🙏🙏

    ReplyDelete
  3. സന്തോഷം dear സന്തോഷ്.

    ReplyDelete