Followers

Wednesday, January 24, 2024

ധർമ്മപാദുകം
























രാമനെക്കാണുവാൻ പോകണം വൈകാ-
തയോദ്ധ്യാപുരിയ്ക്കു പോയീടണം
സാകേതബാലനെക്കണ്ടുവണങ്ങുവാൻ
കോസലത്തിൽച്ചെന്നുചേരണം.

എണ്ണക്കറുപ്പാർന്നൊരഞ്ജനക്കല്ലിലെ-
യത്ഭുതമൂർത്തിയെക്കാണണം,
തൃക്കാൽക്കലാനന്ദബാഷ്പമുതിർത്തിടു-
മഞ്ജനാപുത്രനെക്കാണണം!

കാഞ്ചനസായകം, പൊൻധനുസ്സെന്നിവ -
യേന്തിയ ബാഹുക്കൾ കാണണം,
ശംഖുചക്രഗദപത്മങ്ങളാർന്നൊരാ
വിഷ്ണുസ്വരൂപനെക്കാണണം!

വെള്ളിപ്പളുങ്കൊത്ത കൺകൾ ചൊരിയു-
മാനന്ദതീർത്ഥത്തിലാറാടണം!
പുണ്യസരയുവിന്നോളങ്ങളോടൊത്തു
രാമനാമം ജപിക്കേണം.

മുത്തു,പവിഴ,മാണിക്യ,വജ്രങ്ങളാൽ
മിന്നും സുവർണ്ണമുകുടം,
പച്ചമരതകമുത്തുമണിക -
ളിളകിയാടും ഹേമഹാരം, 

മിന്നുമരപ്പട്ട, മഞ്ഞപ്പുടവയും 
ചാർത്തിനിൽക്കും ബാലരൂപം!
കാണുമാറാകണം, പോകണം വൈകാതെ - 
യെൻ രാമലല്ലയെക്കാണാൻ!

ത്രേതായുഗാരംഭമായ് വീണ്ടു -
മീ മണ്ണിലാനന്ദരാമനണഞ്ഞു,
സ്വാമിയെക്കണ്ടു ഭരതനും നന്നായ്
നിറഞ്ഞു മിഴിയും മനസ്സും!

നല്ല ഭരതർഷഭൻമാരിനിയുമീ
ഭാരതദേശം ഭരിക്കാൻ,
ധർമ്മം പുലർന്നിടാൻ ശ്രീരാമപാദുകം
ചിത്തത്തിൽ നിത്യം സ്മരിപ്പൂ!

ശ്രീരാമ രാമ ജയ രാമ രാമ
ഹരേ രാമ രാമ ശരണം!

പ്രാണപ്രതിഷ്ഠ














സൗരയൂഥങ്ങളും ക്ഷീരപഥങ്ങളു-
മീരേഴുലോകങ്ങളുമതിൽ വാഴുന്ന
നാനാചരാചരജീവജാലങ്ങളും
ആചന്ദ്രതാരകസൂര്യാദിദേവതാ -
മണ്ഡലമാകുമീ മായാപ്രകൃതിയും
വാഴ്ത്തുന്നു ശ്രീരാമചന്ദ്രനെ മോദേന
ഐശ്വര്യമംഗലദീപങ്ങളും പുഷ്പ-
വൃഷ്ടിയും കൊണ്ടു മഹീതലമഞ്ചിതം!
ധന്യമീ വേളയിലെന്നുടെ നാവുകൊ-
ണ്ടാനന്ദരാമൻ്റെ നാമം ജപിക്കുവാൻ
കൈവന്നു ഭാഗ്യമെനിക്കുമിന്നിങ്ങനെ,
മറ്റെന്തു വൈഭവമെന്നുടെ നാവിതിൽ !

ഭഗവാൻ ശ്രീരാമചന്ദ്രനെ വരവേൽക്കുവാൻ പ്രാർത്ഥനയോടെ...🙏






 

January 22, 2024 - 12.25pm

Sunday, January 21, 2024

അയോദ്ധ്യയിലേയ്ക്ക്...


2024 ജനുവരി ഇരുപത്തിരണ്ട്. 
അയോദ്ധ്യ ശ്രീരാമജൻമഭൂമിയിൽ രഘുകുലോത്തമൻ ശ്രീരാമചന്ദ്രനിന്നു പ്രാണപ്രതിഷ്ഠ. 
തദവസരത്തിൽ ലോകമെമ്പാടുമുള്ള ഭക്തരുടെ ശുഭസങ്കല്പത്തേടുകൂടിയ പ്രാർത്ഥനയോടൊപ്പം എൻ്റെ പ്രാർത്ഥനകൂടി ചേർത്തുവയ്ക്കുന്നു. രാഷ്ടം മേൽക്കുമേൽ ശക്തവും മൂല്യവത്തുമായിത്തീരട്ടെ! 🙏

  **********************************

അയോദ്ധ്യയിലേയ്ക്ക്
🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീരാമനാമമുഖരിതമെങ്ങുമെൻ
നാടാകെ ദീപപ്രഭാപരിപൂരിതം
ആരണ്യവാസം കഴിഞ്ഞിന്നു ശ്രീരാമ -
ചന്ദ്രനയോദ്ധ്യയ്ക്കെഴുന്നള്ളിടും ദിനം!
വീരേതിഹാസപുരുഷനാം കോദണ്ഡ -
പാണിയ്ക്കിതാ പുനഃപട്ടാഭിഷേകമായ് !

പഞ്ചശതോപരി സംവത്സരങ്ങളായ്
കാനനവാസനായ് മേവിയ രാഘവൻ
വീണ്ടുമയോദ്ധ്യാപുരി പൂകിടുന്ന നാ-
ളെന്നുടെ ഗേഹവും പ്രാസാദതുല്യമായ് !
കൊട്ടും കുരവയും വാദ്യഘോഷങ്ങളും
കേൾക്കുന്നിതെന്നുടെയന്തപ്പുരത്തിലും.
നിത്യവും ശ്രീരാമനാമം ജപിച്ചിടും
വീടുകൾതോറുമിന്നുത്സവമായിതാ !

ധർമ്മമാണെന്നുമീ നാടിൻ്റെ വൈഭവം,
രാമനെന്നും ധർമ്മവിഗ്രഹം, നിശ്ചയം!
പാദുകംവച്ചു ഭരിച്ച ഭരതനും
ഭാരതധർമ്മമറിഞ്ഞ മഹാരഥൻ!
ധർമ്മം വെടിയാത്ത രാജർഷികൾ വാണ
ഭാരതനാടിതു സത്യം! സനാതനം!

നീറിപ്പുകയും കലികാലമെങ്കിലും
രാമപ്രഭാവം വിളങ്ങുന്നു ഭൂമിയിൽ !
ത്രേതായുഗം കടന്നെത്തുന്നു രാഘവൻ
ഭാരതധർമ്മം പുനരെടുത്തീടുവാൻ
രാമരാജ്യത്തിന്നു വേദികയാകുവാൻ
ഭാരതമല്ലാതെയേതുള്ളു സ്ഥാനവും!

ധർമ്മമൂർത്തിയ്ക്കിന്നു പ്രാണപ്രതിഷ്ഠയായ്,
ശ്രീരാമമന്ത്രം ജപിക്കയായേവരും
ശ്രീരാമ രാമേതി മന്ത്രാർപ്പണങ്ങളാ-
ലൂഴിയും വാനവും ഭക്തിസാന്ദ്രാത്മകം!
സത്യയുഗത്തിൻ്റെയാരംഭമോയിതെൻ
സദ്സംഗകർമ്മഫലമോ ഹരേ! ഹരേ!

സത്യപരാക്രമമുള്ള നാഥ ജയ!
നിത്യവും സത്യം ജയിക്കാൻ നമിച്ചിടാം.
എന്നുള്ളിലാനന്ദചിന്മയ! സർവ്വദാ
ആത്മാഭിരാമനായ് വാഴ്ക  ഹരേ ജയ!
ശ്രീരാമ രാമ ഹരേ ജനകാത്മജ!
സീതാപതേ! ഹരിരൂപ! മനോഹര!
ഭക്തഹനുമദ്പ്രിയ! പദ്മനാഭനാം
പട്ടാഭിരാമ! ജയ! രാവണാന്തക!