2024 ജനുവരി ഇരുപത്തിരണ്ട്.
അയോദ്ധ്യ ശ്രീരാമജൻമഭൂമിയിൽ രഘുകുലോത്തമൻ ശ്രീരാമചന്ദ്രനിന്നു പ്രാണപ്രതിഷ്ഠ.
തദവസരത്തിൽ ലോകമെമ്പാടുമുള്ള ഭക്തരുടെ ശുഭസങ്കല്പത്തേടുകൂടിയ പ്രാർത്ഥനയോടൊപ്പം എൻ്റെ പ്രാർത്ഥനകൂടി ചേർത്തുവയ്ക്കുന്നു. രാഷ്ടം മേൽക്കുമേൽ ശക്തവും മൂല്യവത്തുമായിത്തീരട്ടെ! 🙏
**********************************
അയോദ്ധ്യയിലേയ്ക്ക്
🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീരാമനാമമുഖരിതമെങ്ങുമെൻ
നാടാകെ ദീപപ്രഭാപരിപൂരിതം
ആരണ്യവാസം കഴിഞ്ഞിന്നു ശ്രീരാമ -
ചന്ദ്രനയോദ്ധ്യയ്ക്കെഴുന്നള്ളിടും ദിനം!
വീരേതിഹാസപുരുഷനാം കോദണ്ഡ -
പാണിയ്ക്കിതാ പുനഃപട്ടാഭിഷേകമായ് !
പഞ്ചശതോപരി സംവത്സരങ്ങളായ്
കാനനവാസനായ് മേവിയ രാഘവൻ
വീണ്ടുമയോദ്ധ്യാപുരി പൂകിടുന്ന നാ-
ളെന്നുടെ ഗേഹവും പ്രാസാദതുല്യമായ് !
കൊട്ടും കുരവയും വാദ്യഘോഷങ്ങളും
കേൾക്കുന്നിതെന്നുടെയന്തപ്പുരത്തിലും.
നിത്യവും ശ്രീരാമനാമം ജപിച്ചിടും
വീടുകൾതോറുമിന്നുത്സവമായിതാ !
ധർമ്മമാണെന്നുമീ നാടിൻ്റെ വൈഭവം,
രാമനെന്നും ധർമ്മവിഗ്രഹം, നിശ്ചയം!
പാദുകംവച്ചു ഭരിച്ച ഭരതനും
ഭാരതധർമ്മമറിഞ്ഞ മഹാരഥൻ!
ധർമ്മം വെടിയാത്ത രാജർഷികൾ വാണ
ഭാരതനാടിതു സത്യം! സനാതനം!
നീറിപ്പുകയും കലികാലമെങ്കിലും
രാമപ്രഭാവം വിളങ്ങുന്നു ഭൂമിയിൽ !
ത്രേതായുഗം കടന്നെത്തുന്നു രാഘവൻ
ഭാരതധർമ്മം പുനരെടുത്തീടുവാൻ
രാമരാജ്യത്തിന്നു വേദികയാകുവാൻ
ഭാരതമല്ലാതെയേതുള്ളു സ്ഥാനവും!
ധർമ്മമൂർത്തിയ്ക്കിന്നു പ്രാണപ്രതിഷ്ഠയായ്,
ശ്രീരാമമന്ത്രം ജപിക്കയായേവരും
ശ്രീരാമ രാമേതി മന്ത്രാർപ്പണങ്ങളാ-
ലൂഴിയും വാനവും ഭക്തിസാന്ദ്രാത്മകം!
സത്യയുഗത്തിൻ്റെയാരംഭമോയിതെൻ
സദ്സംഗകർമ്മഫലമോ ഹരേ! ഹരേ!
സത്യപരാക്രമമുള്ള നാഥ ജയ!
നിത്യവും സത്യം ജയിക്കാൻ നമിച്ചിടാം.
എന്നുള്ളിലാനന്ദചിന്മയ! സർവ്വദാ
ആത്മാഭിരാമനായ് വാഴ്ക ഹരേ ജയ!
ശ്രീരാമ രാമ ഹരേ ജനകാത്മജ!
സീതാപതേ! ഹരിരൂപ! മനോഹര!
ഭക്തഹനുമദ്പ്രിയ! പദ്മനാഭനാം
പട്ടാഭിരാമ! ജയ! രാവണാന്തക!