ദക്ഷിണഭാരതത്തിലെ പഞ്ചഭൂതക്ഷേത്രങ്ങൾ വളരെ പ്രശസ്തമാണല്ലോ. പഞ്ചഭൂതാധിഷ്ഠിതമായി പരമശിവനെ പൂജിക്കുന്നതിനാലാണ് ഇവ പഞ്ചഭൂതക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്.
പ്രപഞ്ചമയനാണു ശിവൻ. നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രത്തിലെ അഞ്ചക്ഷരങ്ങൾ അഞ്ചു ഭൂതങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. 'ന'കാരം ഭൂമി, 'മ'കാരം ജലം, 'ശി'കാരം അഗ്നി, 'വ'കാരം വായു, 'യ'കാരം ആകാശം എന്നിങ്ങനെ ഓരോ അക്ഷരവും ഓരോ ഭൂതതത്വത്തെ പ്രതിനിധീകരിക്കുന്നു. പ്രപഞ്ചനാഥനായ ശിവൻ പഞ്ചഭൂതപ്രതിനിധിയായി ഈ ക്ഷേത്രങ്ങളിൽ കുടികൊള്ളുന്നു.
ജംബുകേശ്വരക്ഷേത്രം (ജലം), അണ്ണാമലയാർക്ഷേത്രം (അഗ്നി), കാളഹസ്തി ക്ഷേത്രം (വായു), ഏകാമ്രേശ്വരക്ഷേത്രം (ഭൂമി), ചിദംബരക്ഷേത്രം (ആകാശം) എന്നിവയാണ് പഞ്ചഭൂതക്ഷേത്രങ്ങൾ. ഇതിൽ ആന്ധ്രാപ്രദേശിലുള്ള കാളഹസ്തി ഒഴികെ മറ്റു നാലുക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് ക്ഷേത്രങ്ങളുടെ പുണ്യകേദാരമായ തമിഴ്‌നാട്ടിൽത്തന്നെയാണ്.
മേൽപ്പറഞ്ഞ ക്ഷേത്രങ്ങളിലൊന്നായ ഏകാമ്രേശ്വരക്ഷേത്രം മോക്ഷനഗരിയായ കാഞ്ചീപുരത്താണു സ്ഥിതിചെയ്യുന്നത്. ആ ഏകാമ്രേശ്വരനെ ദർശിക്കാൻ ഇക്കഴിഞ്ഞ ദിവസം എനിക്കും ഭാഗ്യം ലഭിച്ചു.
ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പഞ്ചഭൂതതത്വങ്ങളിലൊന്നായ പൃഥ്വിയെയാണ് പ്രതിനിധീകരിക്കുന്നത്. പൃഥ്വിതത്വപ്രധാനമാകയാൽത്തന്നെ ഈ പ്രതിഷ്ഠയിൽ ജലധാര പതിവില്ല.
ഏകാമ്രേശ്വരക്ഷേത്രം എന്നും ഏകാംബരേശ്വരക്ഷേത്രമെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. എന്നാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഐതിഹ്യവുമായി കൂടുതൽ ചേർന്നുനിൽക്കുന്നത് ഏകാമ്രേശ്വരൻ എന്ന നാമം തന്നെയാണ്. ആ ഐതിഹ്യം ഇപ്രകാരമാണ്.
ഒരിക്കൽ കളിയായി ശ്രീപാർവതീദേവി ധ്യാനനിരതനായിരുന്ന ഭഗവാൻ ശിവൻറെ കണ്ണുകൾ പൊത്തി. പൊടുന്നനെ പ്രപഞ്ചമാകെ അന്ധകാരത്തിലാഴ്ന്നു. കുപിതനായ ഭഗവാൻ്റെ ശാപത്താൽ ഭൂമിയിൽ വന്നുജനിച്ച ദേവി ശാപമോക്ഷം ലഭിക്കുവാനും പരമേശ്വരനെത്തന്നെ പതിയായി വീണ്ടും ലഭിക്കുവാനും വേഗവതീനദിക്കരയിലെ ആമ്രവൃക്ഷച്ചുവട്ടിൽ (മാവിൻചുവട്ടിൽ) മണ്ണുകൊണ്ടുണ്ടാക്കിയ ശിവലിംഗത്തിനു മുന്നിൽ (പൃഥ്വിലിംഗം) കഠിനതപസ്സനുഷ്ഠിക്കവേ വേഗവതീനദി കരകവിഞ്ഞൊഴുകി. അപ്പോൾ പാർവതീദേവി പൃഥ്വിലിംഗത്തെ മാറോടു ചേർത്താശ്ലേഷിച്ചുപിടിക്കുകയും നദിയുടെ ആ ശക്തമായ ഒഴുക്കിൽ ശിവലിംഗം അലിഞ്ഞുപോകാതെ സംരക്ഷിക്കുകയും ചെയ്തു. ദേവിയുടെ അചഞ്ചലമായ ഭക്തിയിൽ പ്രസാദിച്ച ഭഗവാൻ അവിടെ പ്രത്യക്ഷനായി ആ ആമ്രവൃക്ഷച്ചുവട്ടിൽ വച്ചുതന്നെ ദേവിയെ വിവാഹം ചെയ്തു. പാർവതിയുടെ ആലിംഗനത്തിൽ അലിഞ്ഞവൻ എന്ന അർത്ഥത്തിൽ 'തഴുവകുഴൈന്താർ' എന്ന നാമത്തിലും ഏകാമ്രേശ്വരൻ അറിയപ്പെടുന്നു.
ഈ ആമ്രവൃക്ഷത്തിൻറെ നാലു ശാഖകളെ നാലു വേദങ്ങളായിട്ടാണു സങ്കൽപ്പിക്കുന്നത്. നാല് വേദങ്ങളെ പ്രതിനിധീകരിക്കുന്ന ഈ ശാഖകളിൽ കായ്ക്കുന്ന ആമ്രഫലങ്ങൾക്കു നാലുതരം രുചിയാണെന്നു പറയപ്പെടുന്നു. ഏകമായ ആ വേദവൃക്ഷത്തിൻറെ ഈശ്വരനായ സാക്ഷാൽ പരമേശ്വരൻ ആ വൃക്ഷച്ചുവട്ടിൽ വച്ചു കാമാക്ഷിയായ ശ്രീപാർവ്വതിയെ വിവാഹം ചെയ്തതിനാൽ ഏകാമ്രേശ്വരനായി സങ്കൽപ്പിച്ച് ആരാധിക്കുന്നു. ഏകാമ്രേശ്വരൻ എന്ന നാമത്തിനു കാലക്രമത്തിൽ പരിണാമം സംഭവിച്ചപ്പോൾ ഏകാംബരേശ്വരനെന്നും അറിയപ്പെട്ടുതുടങ്ങിയിരിക്കാം.
പുതുശാഖകൾ നിറഞ്ഞു ചുറ്റിലേയ്ക്കും വളർന്നുപന്തലിച്ചു നിൽക്കുന്ന, ഉയരമേറിയില്ലാത്ത ആ ആമ്രവൃക്ഷത്തെ ശ്രീകോവിലിനരികിൽത്തന്നെ പ്രത്യേകമായി തറ കെട്ടി മൂലസ്ഥാനമായി ആരാധിച്ചുസംരക്ഷിച്ചുവരുന്നു. 3500 വർഷം പഴക്കം കണക്കാക്കുന്ന ചരിത്രപ്രാധാന്യമുള്ള ആമ്രവൃക്ഷത്തിൻറെ തായ്ത്തടിയുടെ ഒരു വലിയ കഷ്ണം ക്ഷേത്രത്തിനകത്തു മറ്റൊരിടത്തു പ്രത്യേകം സൂക്ഷിച്ചിട്ടുമുണ്ട്. ശിവശക്തിപുനഃസമാഗമം നടന്ന ഈ മാവിൻചുവട്ടിൽ ഒരു ചെറിയ ശിവപ്രതിഷ്ഠയുമുണ്ട്. മൂലസ്ഥാനത്തിനു മുന്നിലെ ചെറിയ മണ്ഡപത്തിൽ നന്ദി ശിവാഭിമുഖമായി ഇരിക്കുന്നു. ഈ ക്ഷേത്രത്തിൽനിന്നധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന കാഞ്ചി കാമാക്ഷി ക്ഷേത്രത്തിലെ കാമാക്ഷിയമ്മൻ ഏകാമ്രേശ്വരൻ്റെ അർദ്ധാംഗിനിയാണ് എന്ന സങ്കല്പമുള്ളതിനാൽ പർവ്വതിക്കായി ഇവിടെ പ്രത്യേക സന്നിധിയില്ല.
275 CE മുതൽ 897 CE വരെ ദക്ഷിണഭാരതത്തിൽ പ്രബലരായിരുന്ന പല്ലവരാജവംശമാണ് ഏതാണ്ട് 600 എ.ഡിയിൽ ഈ ക്ഷേത്രം ആദ്യമായി പണികഴിപ്പിച്ചത്. പിന്നീടുവന്ന ചോളരാജാക്കന്മാരും വിജയനഗരസാമ്രാജ്യം ഭരിച്ചവരും കാര്യക്ഷമമായി ക്ഷേത്രത്തിൻറെ നവീകരണം നടത്തി. ഏകദേശം 23 ഏക്കറിൽ പരന്നുകിടക്കുന്ന ഈ ക്ഷേത്രഭൂമിയിൽ ഗംഭീര തലയെടുപ്പോടെ നിൽക്കുന്ന ആയിരംകാൽ മണ്ഡപം വിജയനഗരരാജാക്കന്മാരുടെ സംഭാവനയാണ്. ക്ഷേത്രത്തിൻ്റെ നാലുവശങ്ങളിലുമായി നാല് പ്രവേശനകവാടങ്ങളുണ്ട്. ക്ഷേത്രക്കുളം കമ്പൈ തീർത്ഥം എന്നറിയപ്പെടുന്നു. ഇതിനു നടുവിലായി നന്ദിപ്രതിഷ്ഠയുള്ള ഒരു മണ്ഡപവും സ്ഥിതിചെയ്യുന്നു. തമിഴ്‌നാട്ടിലെ ബഹുഭൂരിഭാഗം ക്ഷേത്രങ്ങൾക്കും പൊതുവായി കാണപ്പെടുന്ന പല്ലവശൈലിയിലുള്ള വാസ്തുശില്പങ്ങളും കൊത്തുപണികളും നിറഞ്ഞ ഉയർന്ന ഗോപുരങ്ങളോടുകൂടിയ കവാടങ്ങൾ ഇവിടെയും കാണാം. അവ ഭാരതീയശില്പവൈദഗ്ദ്ധ്യത്തിൻ്റെ മകുടോദാഹരണങ്ങളാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയരമുള്ള ഗോപുരങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള ഗോപുരകവാടം. വിശാലവും ഉയരമേറിയതുമായ ഈ കവാടങ്ങൾ തമിഴ്‌നാട്ടിലെ ഏതൊരു വലിയ ക്ഷേത്രത്തിൻ്റെയും കവാടത്തിനു സമാനമായി ഗാംഭീര്യമാർന്നതാണ്. പതിനൊന്ന് നിലകളുള്ള ഈ ഗോപുരത്തിന് 59 മീറ്റർ ഉയരമുണ്ട്. പ്രധാനകവാടത്തിനിരുവശത്തുമായി ഗണപതിയും മുരുകനും സ്ഥിതിചെയ്യുന്നു.
അകത്തുകടന്നാൽ ശ്രീകോവിലിനെ പ്രദക്ഷിണം വയ്ക്കുന്ന ദീർഘമായ ഇടനാഴിയിൽ എത്താം. ഈ ഇടനാഴിയുടെ വശങ്ങളിൽ ശിവലിംഗങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. 1008 ശിവലിംഗങ്ങളുടെ നീണ്ട നിരയും 108 ശിവലിംഗങ്ങളുടെ കൂട്ടമായുള്ള വിന്യാസവും അവിടെ കാണാം. അതിനു പുറമേ ഒരു വലിയ ശിവലിംഗത്തിനുമേൽ 1008 ചെറിയ ശിവലിംഗരൂപങ്ങൾ കൊത്തിയ സഹസ്രലിംഗസന്നിധിയും പ്രത്യേകമായി ഇവിടെ കാണാം. ഇടനാഴിയുടെ കരിങ്കൽപകിമിനുസപ്പെടുത്തിയ നിലം വർണ്ണാഭമായ കോലങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
ഇടനാഴിയിലൂടെ പ്രദക്ഷിണം തുടരുമ്പോൾ മഹാവിഷ്ണുവിൻ്റെ ഒരു ഉയരമുള്ള വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സന്നിധി കാണാം. ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണെങ്കിലും മഹാവിഷ്ണുവിനും ഈ ക്ഷേത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. അതിനോടനുബന്ധിച്ചും പ്രസിദ്ധമായ ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. അതിപ്രകാരമാണ്.
ശിവകോപത്താൽ ഭൂമിയിൽ വന്നുപിറക്കേണ്ടിവന്ന പാർവതീദേവി ശിവനുമായുള്ള പുനഃസമാഗമത്തിനായി വേദവതീനദിക്കരയിലെ മാഞ്ചുവട്ടിൽ കഠിനതപസ്സനുഷ്ഠിക്കവേ ദേവിയുടെ ഭക്തി പരീക്ഷിക്കുന്നതിനായി ശിവൻ അഗ്നിയെ ദേവിയ്ക്കരികിലേക്കയച്ചു. ദേവി തൻ്റെ സഹോദരനായ മഹാവിഷ്ണുവിനോടു സഹായമഭ്യർത്ഥിക്കുകയും മഹാവിഷ്ണു ചന്ദ്രരശ്മികളെ അയച്ച് അഗ്നിയെ തണുപ്പിക്കുകയും ചെയ്തുവത്രെ. ഇപ്രകാരം നിലാവിനെ അയച്ച് ദേവിയെ സഹായിച്ചതിനാൽ ഇവിടുത്തെ വിഷ്ണുപ്രതിഷ്ഠയെ 'തിങ്കൾനിലാത്തുണ്ടൻ' എന്നും 'ചന്ദ്രകാന്തപ്പെരുമാൾ' എന്നും ഭക്തർ സ്നേഹത്തോടെ വിളിക്കുന്നു.
സഹസ്രലിംഗസന്നിധിയ്ക്കടുത്തായി അതിസുന്ദരനായി ആനന്ദനടനമാടുന്ന നടരാജമൂർത്തിയുടെ വലിയ ഒരു വിഗ്രഹമുണ്ട്. മൗനമായി കണ്ണടച്ചു നിന്നു ധ്യാനിച്ചാൽ ആ ശിവഡമരുവിൽ നിന്നുയരുന്ന പ്രപഞ്ചതാളമാകുന്ന ശിവസൂത്രജാലം ഹൃദയത്തിലുണരുന്നത് അനുഭവിച്ചറിയാം!
നാഗഗണപതിയ്ക്കും, വല്ലീദേവയാനീസമേതനായ മുരുകനും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠയുണ്ട്.
എല്ലാ ശിവക്ഷേത്രങ്ങളിലെയുംപോലെ ഇവിടെയും പ്രാകാരത്തിനു വെളിയിൽ ക്ഷേത്രമുറ്റത്ത് പൃഥ്വിലിംഗാഭിമുഖമായി തൻ്റെ പ്രഭുവിനെയും ധ്യാനിച്ചിരിക്കുന്ന നന്ദിയുടെ വലിയൊരു ബിംബം കാണാം.
എ.ഡി. 500നും 600 നും ഇടയിൽ ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദിവ്യന്മാരും ശൈവമതവക്താക്കളുമായ നായനാർമാർ എന്നറിയപ്പെടുന്ന അറുപത്തിമൂന്നു പേരുടെ ചെറിയ വിഗ്രഹങ്ങൾ നീണ്ട നിരയായി ക്ഷേത്രത്തിനുള്ളിലെ പ്രദക്ഷിണവഴിയുടെ ഒരു വശത്തുകാണാം. ഓരോ വിഗഹത്തെയും ആകർഷകമായ കരയുള്ള ചെറിയ മുണ്ടുകൾ കൊണ്ട് ഒരുപോലെ തറ്റുടുപ്പിച്ച് നെറ്റിയിൽ ശൈവതിലകവും തൊടുവിച്ച് അത്യാദരപൂർവ്വം ആരാധിക്കുന്നു. ക്ഷേത്രോത്സവവേളയിലെ ഘോഷയാത്രകളിൽ ഈ വിഗ്രഹങ്ങളും പ്രാധാന്യത്തോടെ എഴുന്നള്ളിക്കുക പതിവാണ്. ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളിൽ ക്യാമറയ്ക്കു നിരോധനമുള്ളതിനാലും തിരക്കേറിയ ഇടങ്ങളിൽ മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതാത്തതിനാലും മനസ്സിൽ പതിഞ്ഞ പല ക്ഷേത്രദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടില്ല.
തമിഴ്‌നാട്ടിലെ പ്രധാനശിവക്ഷേത്രങ്ങളിലെല്ലാംതന്നെ ഈ 63 ശൈവസന്യാസിമാർക്കും അത്യാദരണീയമായ സ്ഥാനമാണു നൽകിയിരിക്കുന്നത്. ഈ അറുപത്തിമൂവരുടെയും പേരുകൾ വിഗ്രഹങ്ങൾക്കു മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമുർത്തി, മാണിക്യവാസകർ എന്നിവർ ഇവരിൽ പ്രധാനികളാണ്. അനേകം ശിവഭക്തിഗീതങ്ങൾ ഇവരാൽ രചിക്കപ്പെടുകയും അവയെല്ലാം ചേർത്ത് തിരുമുറൈ എന്ന ഒരു പുണ്യഗ്രന്ഥം നിലവിൽ വരുകയും ചെയ്തിട്ടുണ്ട്. തിരുമുറൈയിലെ ആദ്യത്തെ എഴു കൃതികൾ തേവാരം എന്നറിയപ്പെടുന്നു. ഇത്തരത്തില്‍ ഓരോ ക്ഷേത്രവും നമുക്ക് പൂർവ്വികരായ ജ്ഞാനികളെക്കുറിച്ചുള്ള ജ്ഞാനം നൽകുന്നവയാണ്.
എന്നാൽ കേരളത്തിലെ ശിവക്ഷേത്രങ്ങളിലൊന്നും ഈ ജ്ഞാനികളായ ശൈവഭക്തരുടെ വിഗ്രഹങ്ങളോ പ്രതീകങ്ങളോ പേരിനുപോലും കാണാത്തതിനു കാരണമെന്താകാം എന്നത് ചിന്തനീയമായ വസ്തുതയാണ്. പ്രശസ്തമായ ഒരു മലയാളചിത്രത്തിലെ അതിലും പ്രശസ്തമായ ഒരു ഗാനത്തിലെ "മാണിക്യവാസഗമൊഴികൾ നല്കീ ദേവി..." എന്ന വരി കേൾക്കുമ്പോൾ ഇഷ്ടത്തോടെ ഒപ്പം മൂളുന്ന മലയാളികൾ പോലും ആരാണ് ഈ മാണിക്യവാസഗർ എന്നോ അദ്ദേഹത്തിൻ്റെ പ്രാധാന്യമെന്തെന്നോ
അന്വേഷിച്ചിട്ടുണ്ടാവാനിടയില്ല!
അവിടെയാണു മലയാളികളും തമിഴരുമായുള്ള അന്തരം. പഴയതെന്തിനെയും പുച്ഛിക്കുക എന്നതാണു പ്രബുദ്ധതയുടെ അടയാളം എന്നു ധരിച്ചിരിക്കുന്ന മലയാളികൾ കണ്ടുപഠിക്കേണ്ടതാണ് സാധാരണക്കാരിൽ സാധാരണക്കാരായ തമിഴർക്കുപോലും തങ്ങളുടെ ദേശത്തിൻ്റെ സംസ്കാരത്തെയും നാട്ടുവഴക്കങ്ങളെയും കുറിച്ചുള്ള അവബോധവും അഭിമാനവും. ക്ഷേത്രങ്ങൾക്കുള്ളിൽ മിക്കാവാറും തമിഴ്ഭാഷ മാത്രം ഉപയോഗിച്ചിരിക്കുന്നതിനാൽ മൂർത്തിയുടെ പേരു വായിച്ചുമനസ്സിലാക്കുവാനും മറ്റും അല്പം ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. അതിനാൽ ക്ഷേത്രദർശനത്തിനിടെ തമിഴ്നാട്ടുകാരായ മറ്റു ഭക്തരോട് സംശയം ചോദിക്കുക പതിവായിരുന്നു. കുട്ടികളാവട്ടെ മുതിർന്നവരാകട്ടെ യുവാക്കളാകട്ടെ, പ്രായഭേദമന്യേ അവരേവരും എന്നെ അതിശയിപ്പിച്ചുകൊണ്ടു ക്ഷേത്രവുമായി ബന്ധപ്പെട്ട എൻ്റെ സംശയങ്ങൾക്ക് വളരെ വ്യക്തമായി മറുപടി തന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പുസ്തകത്തിൽ നിന്നല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിരന്തരമായ ആചരണത്തിൽ നിന്നാർജ്ജിച്ച അറിവാണ് അവരുടേതെന്നാണു തോന്നിയത്. ക്ഷേത്രദർശനം പതിവായി നടത്തുന്ന പ്രായം ചെന്ന മലയാളിഭക്തരിൽപ്പോലും എത്രപേർക്ക് ഇത്തരം വിഷയങ്ങളിൽ മറ്റൊരാളുടെ സംശയം ഉറപ്പോടെ തീർത്തുകൊടുക്കാനാവും എന്നോർക്കുമ്പോഴാണ് തമിഴ്നാട്ടുകാർ അവരുടെ സംസ്കാരത്തനിമയെ നിത്യജീവിതത്തിൽ എത്രത്തോളം ചേർത്തുപിടിക്കുന്നു എന്നു നമുക്കു ബോധ്യമാവുക!
ആത്മീയതയും തത്വശാസ്ത്രവും വാസ്തുശാസ്ത്രവും ഗണിതശാസ്ത്രവും പ്രപഞ്ചശാസ്ത്രവും ജ്യാമിതീയശാസ്ത്രവും രസതന്ത്രവും കലാസാഹിത്യാദികളും ചരിത്രവുമെല്ലാമെല്ലാം വേർപിരിക്കാനാവാത്തവണ്ണം ഇഴചേർന്നുകിടക്കുന്ന ഓരോ ക്ഷേത്രവും അമൂല്യമായ ജ്ഞാനത്തിൻ്റെ അക്ഷയഖനി തന്നെയാണ്.