Followers

Monday, October 18, 2021

ഈശ്വരാധീനം മറയുന്ന ദൈവത്തിൻ്റെ സ്വന്തം നാട്

 


കേരളത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലെ  അനധികൃതക്വാറികൾ ഇനിയും നിർബാധം പ്രവർത്തിക്കട്ടെ. കേരളത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് അവ അനിവാര്യമാണല്ലോ! ബുദ്ധിസാമർത്ഥ്യംകൊണ്ടും  അഭിമാനംകൊണ്ടും പ്രബുദ്ധതകൊണ്ടും വികസിച്ചുവികസിച്ചു പൂർവ്വാധികം ശക്തിയോടെയും പതിവായും  പൊട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സാധാരണജനജീവിതത്തിനു  യോഗ്യമല്ലാത്ത പ്രദേശങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതു നമുക്കു തൽകാലം കണ്ടില്ലെന്നു നടിക്കാം. 

ഉരുൾപൊട്ടി മണ്ണിനടിയിൽ പൂണ്ടുപോയാൽ ശ്വാസംമുട്ടി നരകിക്കാതെ പെട്ടന്നു ജീവൻ വെടിയാനെന്തെല്ലാം ചെയ്യണം എന്നതിനുള്ള പരിശീലനക്ലാസ്സുകളെങ്കിലും ശേഷിച്ച ജനങ്ങൾക്കായി നമ്മുടെ 'ദുരന്തനിർമ്മാണവകുപ്പിൻ്റെ' നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ജനകീയസർക്കാരിനു കനിവുണ്ടാകണം. കാരണം നിന്നനില്പിൽ ജീവനോടെ മണ്ണിനടിയിൽ ആണ്ടുപോകേണ്ടിവരുന്നത് ആർക്ക് എപ്പോഴാണെന്നറിയില്ലല്ലോ. 

പ്രകൃതിദുരന്തങ്ങൾ ഒരിക്കലും നൂറുശതമാനം ഇല്ലാതാക്കുവാൻ എത്ര സാങ്കേതികപുരോഗതിയാർജ്ജിച്ച നാടിനും കഴിയില്ലായെന്നതു വസ്തുതയാണ്. എന്നാൽ ആ വസ്തുതയെ മുൻനിർത്തി പ്രകൃതിയോടു പാലിക്കേണ്ട മര്യാദകൾ പാലിച്ചു വിവേകത്തോടെ മുന്നോട്ടുപോയാൽ ഒഴിവാക്കാൻ കഴിയുന്നതാണു ഭൂരിഭാഗം പ്രകൃതിദുരന്തങ്ങളും എന്നു മനസ്സിലാക്കാത്ത ഭരണാധികാരികളും അവരെ പിന്താങ്ങുന്ന ജനങ്ങളും ചേർന്നു സൃഷ്ടിക്കുന്ന അവസ്ഥയാണ് നാമിന്നു കേരളത്തിൽ കാണുന്നത്. സർവ്വചരാചരങ്ങൾക്കും അനുകൂലമായ മിതമായ കാലാവസ്ഥയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. വർഷക്കാലവും വേനൽക്കാലവും വേണ്ടയളവിൽ  അനുഗ്രഹിച്ചിരുന്ന സംസ്ഥാനം. അങ്ങനെയുണ്ടായിരുന്ന കേരളം ഇത്തരത്തിൽ തീവ്രകാലാവസ്ഥയിലേക്കു മാറിത്തുടങ്ങിയത് എന്നുമുതൽക്കാണ്? അനധികൃതനിർമ്മാണങ്ങൾക്കായി നിയമലംഘനവും പ്രകൃതികയ്യേറ്റവും കണ്ണടയ്ക്കുന്നതു പതിവായതുമുതൽക്കെന്ന ഉത്തരം ഏതൊരാൾക്കും  അറിയാം.

പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന പാറമട/കരിങ്കൽ ക്വാറി മുതലാളികളുടെ സ്ഥിരതാമസം എവിടെയൊക്കെയാണെന്നന്വേഷിച്ച് അവരുടെ പേരും വിലാസവും ജില്ലതിരിച്ച്,   വെള്ളം ചേർക്കാതെ പൊതുജനത്തിന്നറിയാനായി പ്രസിദ്ധപ്പെടുത്താൻ ഇവിടുത്തെ ഏതെങ്കിലും മാദ്ധ്യമത്തിനു ധൈര്യമോ ഉത്തരവാദിത്തമോ ഉണ്ടോ? ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കൊടുക്കേണ്ട നഷ്ടപരിഹാരത്തുക ഈ പാറമട മുതലാളിമാരിൽനിന്നും അവർക്ക് അനധികൃതമായി പ്രവർത്തിക്കാൻവേണ്ട ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ സ്വകാര്യസമ്പാദ്യത്തിൽനിന്നും  ഈടാക്കുന്നതിനു വേണ്ടതുചെയ്യാൻ ഇവിടുത്തെ കോടതികൾ സ്വമേധയാ മുന്നോട്ടുവന്നാൽ ഊർദ്ധ്വൻ വലിച്ചുതുടങ്ങിയ കേരളത്തിൻ്റെ ജീവൻ അല്പകാലം കൂടി പിടിച്ചുനിർത്താം. ഇല്ലെങ്കിൽ നമുക്കൊരുമിച്ച്  ചാനൽചർച്ചയും കഴിഞ്ഞ് പൊടിയുംതട്ടിപ്പോകുന്നവഴിയ്‌ക്ക് ഏതെങ്കിലും ഉരുൾപൊട്ടലിൽപ്പെട്ടൊടുങ്ങാം. ചർച്ച കഴിഞ്ഞിറങ്ങുന്നവരുടെ  കൈവശം മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പെങ്ങാനും ഉണ്ടെങ്കിൽ അതു മഴനനയാതെ അട്ടത്തുകയറ്റി സൂക്ഷിച്ചുവയ്ക്കാനപേക്ഷ! കേരളം ബാക്കിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക്  ഉപകരിച്ചാലോ! ഇതാണാ റിപ്പോർട്ട്. കേരളത്തിൽ വർഷാവർഷം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒരു പഴയ പരിസ്ഥിതിപഠനറിപ്പോർട്ട്. വായിക്കാത്തവരാരെങ്കിലും ബാക്കിയുണ്ടെങ്കിൽ  താല്പര്യമുണ്ടെങ്കിൽ വായിച്ചുനോക്കാം.  

https://ia800407.us.archive.org/16/items/ReportOfTheWesternGhatsEcologyExpertPanel/western-ghat-gadgil-12.pdf

ഒരു പത്തുനാല്പതു  വർഷങ്ങൾ പുറകോട്ടുപോയാൽ  കേരളത്തിലെ  സിനിമാതീയറ്ററുകളിൽ  സിനിമ തുടങ്ങുന്നതിനുമുമ്പ് പ്രദർശിപ്പിച്ചിരുന്ന ഡോക്യൂമെൻ്റ്റി റീലുകളിലൂടെ ബീഹാറിലേയും ആസ്സാമിലേയും ഉത്തർപ്രദേശിലേയുമെല്ലാം വെള്ളപ്പൊക്കത്തിൻ്റെ ദൃശ്യങ്ങളും വിവരണങ്ങളുമൊക്കെ കണ്ടും കേട്ടും അത്ഭുതം കൂറിയിരുന്ന മലയാളിയെക്കാണാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു, സഹായിക്കണം എന്നു കുറിച്ച  ചെറിയ കടലാസുതുണ്ടുമായി വെള്ളപ്പൊക്കം ബാധിച്ച  സംസ്ഥാനങ്ങളിൽനിന്നും മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച മുടിയിഴകളും ദൈന്യതയാർന്ന നോട്ടവുമായി എത്തിയിരുന്ന കുടുംബങ്ങൾക്ക് സഹായം ചെയ്തവരും ചെയ്യാഞ്ഞവരുമായ മലയാളികളെക്കാണാം. ആസ്സാമിലേയും ബീഹാറിലേയുമൊക്കെപ്പോലെ തങ്ങളുടെ നാട്ടിൽ വർഷംതോറും വെള്ളപ്പൊക്കം ഉണ്ടാകാൻ ഒരുകാലത്തും സാദ്ധ്യതയില്ലെന്നു മലയാളികൾ അന്നു  ധരിച്ചിരുന്നു!  അന്നും കേരളത്തിൽ വർഷക്കാലമുണ്ടായിരുന്നു. കള്ളക്കർക്കിടകവും തുലാവർഷവും ഇടവപ്പാതിയും ഇടിവെട്ടിപ്പെയ്ത്തുമുണ്ടായിരുന്നു. നാല്പത്തിനാലു പുഴകളുണ്ടായിരുന്നു, തോടുകളും അണക്കെട്ടുകളുമുണ്ടായിരുന്നു. അന്നു പക്ഷേ മലയാളിയിൽ അധർമ്മവും അത്യാർത്തിയും നെഗളിപ്പും നിന്ദയും  ഇത്രത്തോളമുണ്ടായിരുന്നില്ല.  വോട്ടുരാഷ്ട്രീയവും രാഷ്ട്രീയാന്ധതയും മതപ്രീണനവുംമൂലം ഏതഴിമതിയ്ക്കും കൂട്ടുനിൽക്കാൻ ഭരണാധികാരികൾക്ക് ഇന്നുള്ളത്ര ലജ്ജയില്ലായ്മയുണ്ടായിരുന്നില്ല. കാടും മലകളും പുഴകളും തോടുകളും  നിർദ്ദാക്ഷിണ്യം കയ്യേറാൻ അനുവദിക്കാൻ അവർക്ക് അൽപ്പമെങ്കിലും  മനഃസാക്ഷിക്കുത്തുണ്ടായിരുന്നു. സർവ്വോപരി, രാഷ്ട്രീയനാട്യങ്ങൾക്കിടയിൽപ്പോലും നാടിനോടും ജനങ്ങളോടും  ഒരൽപം സ്നേഹവും കരുതലും  പ്രതിബദ്ധതയും നേരായും  അവർക്കുണ്ടായിരുന്നു! പൊതുജനങ്ങളിൽ ഭൂരിപക്ഷത്തിനും പൗരബോധവും ധർമ്മബോധവുമുണ്ടായിരുന്നു. ഇന്നു മലയാളിയും മലയാളിയുടെ കേരളവും വല്ലാതെ മാറിപ്പോയി. ആ മാറ്റം പ്രകൃതിയിലും കാണുമല്ലോ.

വർഷാവർഷം ഓണവും ക്രിസ്തുമസ്സും ബക്രീദുമൊക്കെ ആശംസിക്കുന്നതുപോലെ ഒരു സാധാരണ ചടങ്ങായിമാറിയിരിക്കുന്നു കേരളത്തിലിപ്പോൾ ഉരുൾപൊട്ടൽ കണ്ടു ഞെട്ടിത്തരിക്കലും അനുശോചനം രേഖപ്പെടുത്തലും. 

പ്രകൃതിയ്ക്കു നിശ്ചയമായും ചില നിഷ്ഠകളുണ്ട്. സ്വാഭാവികമായ ചിട്ടവട്ടങ്ങളുണ്ട്. അഹങ്കാരവും അകനിന്ദയും മനുഷ്യനിർമ്മിതബുദ്ധിയും അധികരിക്കുമ്പോൾ അതെല്ലാം അശാസ്ത്രീയമാണെന്നും അന്ധവിശ്വാസമാണെന്നും തോന്നും. പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ ഭൗതികജ്ഞാനം  മാത്രം മതിയെന്നുതോന്നും.  ഇരിക്കുന്ന കൊമ്പുതന്നെ മുറിച്ചാലും കുഴപ്പമില്ലെന്നും തോന്നും. അങ്ങനെ ഇരിക്കുന്ന കൊമ്പു മുറിക്കാൻ കൂട്ടുനിൽക്കുകയാണ് അഭിനവമലയാളി. 



No comments:

Post a Comment