ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
Tuesday, October 26, 2021
Saturday, October 23, 2021
പുനർവിചിന്തനം
പുഴകൾ പാലൂട്ടിയ പുണ്യനാടേ,നിൻ്റെ
വിധിയീവിധമെന്തു മാറിനാടേ?
പേമാരി തന്നുള്ളു കണ്ട നാടേ,യിന്നു
ചെറുചാറ്റൽ കണ്ടാൽ ഭയപ്പതെന്തേ?
മലകളിൽ മാമരം കോച്ചിടുമ്പോഴെന്തു
സുഖനിദ്രപൂണ്ടിരുന്നന്നു നാടേ!
അരുതായ്കയെന്തു നാം ചെയ്തു നാടേ-
യിനി പഴയ ശാന്തിയ്ക്കെന്തു ചെയ്‌വൂ നാടേ?
ഏറും തലയെടുപ്പോടെയീ നാടിനെ-
ക്കാത്തൊരാ മാമലസേനയെ നാം
ദ്രോഹിച്ചു നാൾക്കുനാളേറും ദുരാഗ്രഹ-
ത്താൽ മതികെട്ടു മദിച്ചനാളിൽ;
വാനിൽ നീന്തും ഹർഷനീരദങ്ങൾതൻ്റെ
നെഞ്ചകം തൊട്ട ഗിരിനിരകൾ
അപ്പാടെ മുണ്ഡനം ചെയ്തു നാം നൂതന-
നാണ്യവിളകൾക്കു ഭൂമിയാക്കീ.
യന്ത്രങ്ങൾ നിത്യവും മെയ് കാർന്നെടുക്കവേ
നോവിൽത്തളരും മലനിരകൾ,
കന്മദം ചോരുന്ന പാറകൾ പൊട്ടി -
യടർന്നർദ്ധപ്രാണ,രസ്തശ്ശിരസ്ക്കർ,
ഏറ്റുമുട്ടാൻ ശേഷി ചോർന്നു നിൽപ്പൂ
കൊടുങ്കാറ്റിനോടും കരിങ്കാറിനോടും,
കാലം പിഴച്ചുവീശും കടൽക്കാറ്റും
കനൽകാറ്റുമേറ്റുടൽ വേച്ചുനിൽപ്പൂ.
അക്ഷയപാത്രമാം പശ്ചിമഘട്ടവും
ചൂഷണമേറ്റു ക്ഷയിച്ചുപോയീ...
നാണയത്തുട്ടുകൾ കൊയ്യുവാൻ കാടായ
കാടുകൾ വെട്ടിത്തെളിച്ചു നമ്മൾ,
മണ്ണിട്ടുമൂടിയ കാട്ടുനീർച്ചോലകൾ-
തൻ പച്ചജീവൻ പിടഞ്ഞൊടുങ്ങീ,
കാവും കുളവും പടിയിറങ്ങീ
തറവാടും പൊളിച്ചുവിറ്റുണ്ടു നമ്മൾ,
നമ്മൾക്കു നാകം പണിഞ്ഞവർതന്നുടെ
ദീർഘമാം വീക്ഷണം കണ്ടിടാതെ
പൊട്ടിച്ചിരിച്ചെന്തു പ്രാകൃതമെന്നുച്ച-
ഘോഷം പരിഹസിച്ചാർത്തു മോദം.
നല്ല നാല്പത്തിനാലാറുകൾ ചേർന്നന്നു
നാടിന്നുയിർ തന്ന നല്ലകാലം
വിസ്മരിച്ചില്ലേ വികസനത്തിന്നുച്ച -
കാഹളത്തിൽ ലയിച്ചന്നു നമ്മൾ?
തെന്നിത്തെറിച്ചു വെള്ളിക്കൊലുസിട്ടു
നാടാകെയൊഴുകിയ പാൽപ്പുഴകൾ
ദേശമാകെ ദാഹനീരേറ്റി, വേരുകൾ-
ക്കൂർജ്ജം പകർന്നൊരമ്മപ്പുഴകൾ...
പെട്ടെന്നൊരിക്കൽ പകച്ചുനിന്നൂ ,
നമ്മളമ്മയെച്ചങ്ങലയ്ക്കിട്ട നാളിൽ!
ദാഹം പൊറാഞ്ഞെത്ര കൈവഴികൾ
വറ്റിയമ്മയെ കാത്തർദ്ധപ്രാണരായീ?
വറ്റിയ ചാലുകളൊക്കെയും തിങ്ങും
മനുഷ്യാധിവാസങ്ങളെങ്ങുമെങ്ങും
കാടിൻറെ മക്കളെ, കാട്ടുമൃഗങ്ങളെ-
ക്കാടിറക്കീ,യടിവേരു വെട്ടീ...
വിസ്മരിച്ചേവരും കാടും പുഴകളും
കൈകോർത്തുനിന്നൊരാ പോയ കാലം!
ഇന്നൊരു മിന്നൽവെട്ടത്തിലും ഞെട്ടവേ-
യോർക്കുന്നുവോ പോയ നല്ല കാലം?
ഒന്നല്ല രണ്ടല്ലിരുപതല്ലിന്നെങ്ങു-
മമ്മയെപ്പൂട്ടുമണക്കെട്ടുകൾ,
ഭൂമിതൻ നാഡീഞെരമ്പുകളൊക്കെയും
ബന്ധിച്ചുവന്ത്യലാഭക്കൊതിയാൽ.
വിങ്ങിവിങ്ങിത്തടവിൽക്കിടന്നീടുന്നൊ-
രമ്മപ്പുഴകളൊന്നിച്ചുലഞ്ഞാൽ,
ഭൂമി തന്നുള്ളുരുകിപ്പരന്നൂരുകൾ
മായും, മറയും വികസനങ്ങൾ.
നന്നായ് നനഞ്ഞിടമെന്നു നിനച്ചാകെ-
യൂറ്റിയാലൂഴി തിരിച്ചടിക്കും!
തട്ടിപ്പറിച്ചതും വെട്ടിപ്പിടിച്ചതുമെല്ലാം
പ്രപഞ്ചം തിരിച്ചെടുക്കും !!
താണുവണങ്ങിയനുവാദവും വാങ്ങി
വേണ്ടത്ര മാത്രമെടുത്തുകൊള്ളാൻ
ചൊന്നു, ദാനം തന്നു മണ്ണിൽ മറഞ്ഞവർ-
തൻ വാക്കുകൾ തന്നെ ശാന്തിമന്ത്രം!
പഞ്ചഭൂതങ്ങൾക്കുമുണ്ടവസ്ഥാന്തരം,
കണ്ടറിഞ്ഞാൽക്കൊണ്ടറിഞ്ഞിടേണ്ട!
Wednesday, October 20, 2021
വന്ദേ വാല്മീകി കോകിലം
എണ്ണിയാലൊടുങ്ങാത്തത്ര തർജ്ജമകളും വ്യാഖ്യാനങ്ങളും വിവിധഭാഷകളിൽ ഉണ്ടായിട്ടുള്ള കൃതിയാണ് ആദികാവ്യമായ വാല്മീകി രാമായണം. ശ്രീ തുഞ്ചത്തു രാമാനുജാചാര്യൻ എഴുതിയ ഭക്തിനിർഭരമായ അദ്ധ്യാത്മരാമായണം ഉൾപ്പെടെ വാൽമീകിരാമായണത്തെ ആസ്പദമാക്കി രചിക്കപ്പെട്ടിട്ടുള്ള ഉപഗ്രന്ഥങ്ങളോടെല്ലാമുള്ള അതിയായ ബഹുമാനം മനസ്സിൽ സൂക്ഷിക്കുമ്പോൾത്തന്നെ ആദികവി വാത്മീകിമഹർഷി എഴുതിയ ആ മൂലകൃതി വായിക്കാനും മനസ്സിലാക്കാനുമുള്ള ഭാഷാപരിജ്ഞാനം ഇല്ലാതെപോയതിൽ മനസ്സ് പലപ്പോഴും ഖേദിച്ചിട്ടുണ്ട്. എന്നാൽ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ നമുക്ക് അറിയുവാനാഗ്രഹമുള്ള കാര്യങ്ങൾ അറിയുവാനും മനസ്സിലാക്കുവാനുമുള്ള മാർഗ്ഗങ്ങൾ നിരവധിയാണ്. അവയിൽ ആധികാരികമായവ കണ്ടെത്തി വായിച്ചുമനസ്സിലാക്കുവാൻ ഒരല്പം സമയം നിത്യവും നാം ചെലവാക്കിയാൽ അനേകകാലങ്ങളായി ഇതേക്കുറിച്ചൊക്കെ നമ്മുടെ മനസ്സിലുള്ള സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും മുൻവിധികൾക്കുമെല്ലാം ഒരുവലിയ അളവുവരെ പരിഹാരമാകും.മൂലകൃതികളെ വേണ്ടതുപോലെ അറിയുവാൻ ശ്രമിക്കാതെ അവയുടെ വ്യാഖ്യാനങ്ങളിലൂടെമാത്രം കടന്നുപോകുമ്പോൾ വരുന്ന ആശയക്കുഴപ്പങ്ങൾ തീർക്കാൻ മൂലകൃതികളെത്തന്നെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്. അതിനായി നമ്മിൽ അണയാത്ത ആഗ്രഹവും ഉത്സാഹവും ഉണ്ടാകുവാൻ ഗുരുപരമ്പരകൾ അനുഗ്രഹിക്കട്ടെ!
ഓം ഗുരുഭ്യോ നമഃ
ഓം വാത്മീക്യായ നമഃ
Valmiki Ramayanam
https://www.valmiki.iitk.ac.in/
तपस्स्वाध्यायनिरतं तपस्वी वाग्विदां वरम् ।
नारदं परिपप्रच्छ वाल्मीकिर्मुनिपुङ्गवम् ।।1.1.1।।
कोन्वस्मिन्साम्प्रतं लोके गुणवान्कश्च वीर्यवान् ।
धर्मज्ञश्च कृतज्ञश्च सत्यवाक्यो दृढव्रत:।।1.1.2।।
चारित्रेण च को युक्तस्सर्वभूतेषु को हित: ।
विद्वान्क: कस्समर्थश्च कश्चैकप्रियदर्शन: ।।1.1.3।।
आत्मवान्को जितक्रोधो द्युतिमान्कोऽनसूयक: ।
कस्य बिभ्यति देवाश्च जातरोषस्य संयुगे ।।1.1.4।।
एतदिच्छाम्यहं श्रोतुं परं कौतूहलं हि मे ।
महर्षे त्वं समर्थोऽसि ज्ञातुमेवंविधं नरम् ।।1.1.5।।
श्रुत्वा चैतत्ित्रलोकज्ञो वाल्मीकेर्नारदो वच: ।
श्रूयतामिति चामन्त्त्र्य प्रहृष्टो वाक्यमब्रवीत् ।।1.1.6।।
बहवो दुर्लभाश्चैव ये त्वया कीर्तिता गुणा: ।
मुने वक्ष्याम्यहं बुद्ध्वा तैर्युक्तश्श्रूयतान्नर: ।।1.1.7।।
इक्ष्वाकुवंशप्रभवो रामो नाम जनैश्श्रुत: ।
नियतात्मा महावीर्यो द्युतिमान्धृतिमान् वशी ।।1.1.8।।
बुद्धिमान्नीतिमान्वाग्मी श्रीमान् शत्रुनिबर्हण: ।
विपुलांसो महाबाहु: कम्बुग्रीवो महाहनु: ।।1.1.9।।
महोरस्को महेष्वासो गूढजत्रुररिन्दमः ।
आजानुबाहुस्सुशिरास्सुललाटस्सुविक्रमः ।।1.1.10।।
समस्समविभक्ताङ्गस्स्निग्धवर्ण: प्रतापवान् ।
पीनवक्षा विशालाक्षो लक्ष्मीवान् शुभलक्षणः ।। 1.1.11।।
धर्मज्ञस्सत्यसन्धश्च प्रजानां च हिते रतः ।
यशस्वी ज्ञानसम्पन्नश्शुचिर्वश्यस्समाधिमान् ।।1.1.12।।
प्रजापतिसमश्श्रीमान् धाता रिपुनिषूदनः ।
रक्षिता जीवलोकस्य धर्मस्य परिरक्षिता ।।1.1.13।।
रक्षिता स्वस्य धर्मस्य स्वजनस्य च रक्षिता ।
वेदवेदाङ्गतत्त्वज्ञो धनुर्वेदे च निष्ठितः ।।1.1.14।।
सर्वशास्त्रार्थतत्त्वज्ञस्स्मृतिमान्प्रतिभानवान् ।
सर्वलोकप्रियस्साधुरदीनात्मा विचक्षणः ।।1.1.15।।
सर्वदाभिगतस्सद्भिस्समुद्र इव सिन्धुभिः ।
आर्यस्सर्वसमश्चैव सदैकप्रियदर्शनः ।।1.1.16।।
स च सर्वगुणोपेत: कौसल्यानन्दवर्धन: ।
समुद्र इव गाम्भीर्ये धैर्येण हिमवानिव ।।1.1.17।।
विष्णुना सदृशो वीर्ये सोमवत्प्रियदर्शनः ।
कालाग्निसदृशः क्रोधे क्षमया पृथिवीसमः ।।1.1.18।।
धनदेन समस्त्यागे सत्ये धर्म इवापरः ।
तमेवं गुणसम्पन्नं रामं सत्यपराक्रमम् ।।1.1.19।।
ज्येष्ठं श्रेष्ठगुणैर्युक्तं प्रियं दशरथस्सुतम् ।
प्रकृतीनां हितैर्युक्तं प्रकृतिप्रियकाम्यया ।।1.1.20।।
यौवराज्येन संयोक्तुमैच्छत्प्रीत्या महीपति: ।
तस्याभिषेकसम्भारान्दृष्ट्वा भार्याऽथ कैकयी ।।1.1.21।।
पूर्वं दत्तवरा देवी वरमेनमयाचत ।
विवासनं च रामस्य भरतस्याभिषेचनम् ।।1.1.22।।
स सत्यवचनाद्राजा धर्मपाशेन संयत: ।
विवासयामास सुतं रामं दशरथ: प्रियम् ।।1.1.23।।
स जगाम वनं वीर: प्रतिज्ञामनुपालयन्।
पितुर्वचननिर्देशात्कैकेय्या: प्रियकारणात् ।।1.1.24।।
तं व्रजन्तं प्रियो भ्राता लक्ष्मणोऽनुजगाम ह ।
स्नेहाद्विनयसम्पन्नस्सुमित्रानन्दवर्धन: ।।1.1.25।।
വിജയദശമി - സരസ്വതീസ്തുതി
15/10/2021
ഓംകാരരൂപാ ഗണേശ്വരാ സദ്ക്കാര്യ-
വിഘ്നങ്ങൾ നീക്കിത്തുണച്ചിടേണം.
വാണീ സരസ്വതീ കാക്കണം, നാവിൻ്റെ
കേടുകളൊക്കെയും തീർത്തിടേണം.
നിന്നുടെയക്ഷരമാലാമണികളാൽ
ലോകത്തിന്നജ്ഞാനമാറ്റിടേണം.
നിൻ ശുഭ്രവസത്രം കണക്കെയീ വിശ്വം
കല്മഷമറ്റു വിളങ്ങിടേണം.
നിൻ വീണതൻ ശ്രുതിശുദ്ധിയീ പാരിൻ്റെ
പാഴ്ശ്രുതിയെല്ലാമകറ്റിടേണം.
നിൻ വരവീണയിൽനിന്നും പിറക്കണം
സദ്ക്കലാസാഹിത്യസർഗ്ഗലോകം
കച്ഛപം സ്വച്ഛന്ദമുൾവലിയും കണ-
ക്കിന്ദ്രിയശിക്ഷണം നൽകിടേണം.
വേദസ്വരൂപിണീ വേദപ്പൊരുളാകു-
മുൺമയെയുള്ളിൽത്തെളിച്ചിടേണം.
പുസ്തകപാണീ ജഗത്തിനു നിർമ്മല -
ജ്ഞാനമാം നിൻ വരമേകിടേണം.
നന്മയും തിൻമയും വേറിട്ടറിയുവാൻ
നിന്നരയന്നം തുണച്ചിടേണം.
സംസാരഭോഗമാം പങ്കത്തിൽ നിന്നു
മറിവിൻ്റെ പദ്മം വിടർന്നിടേണം.
ബധിരന്നു കർണ്ണമായ് മൂകന്നു നാദമായ്
അന്ധന്നു കാഴ്ചയായ് വാഴുമമ്മേ,
നിൻ ചരണാന്തികേ വിദ്യാവരത്തിനായ്
കൈനീട്ടിനിൽക്കുന്നു ഞങ്ങൾ നിത്യം.
ദേവീ സരസ്വതീ മൂകാംബികേ
നാദബ്രഹ്മാദ്മികേ സദാ കുമ്പിടുന്നേൻ !
Monday, October 18, 2021
ഈശ്വരാധീനം മറയുന്ന ദൈവത്തിൻ്റെ സ്വന്തം നാട്
കേരളത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലെ അനധികൃതക്വാറികൾ ഇനിയും നിർബാധം പ്രവർത്തിക്കട്ടെ. കേരളത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് അവ അനിവാര്യമാണല്ലോ! ബുദ്ധിസാമർത്ഥ്യംകൊണ്ടും അഭിമാനംകൊണ്ടും പ്രബുദ്ധതകൊണ്ടും വികസിച്ചുവികസിച്ചു പൂർവ്വാധികം ശക്തിയോടെയും പതിവായും പൊട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സാധാരണജനജീവിതത്തിനു യോഗ്യമല്ലാത്ത പ്രദേശങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതു നമുക്കു തൽകാലം കണ്ടില്ലെന്നു നടിക്കാം.
ഉരുൾപൊട്ടി മണ്ണിനടിയിൽ പൂണ്ടുപോയാൽ ശ്വാസംമുട്ടി നരകിക്കാതെ പെട്ടന്നു ജീവൻ വെടിയാനെന്തെല്ലാം ചെയ്യണം എന്നതിനുള്ള പരിശീലനക്ലാസ്സുകളെങ്കിലും ശേഷിച്ച ജനങ്ങൾക്കായി നമ്മുടെ 'ദുരന്തനിർമ്മാണവകുപ്പിൻ്റെ' നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ജനകീയസർക്കാരിനു കനിവുണ്ടാകണം. കാരണം നിന്നനില്പിൽ ജീവനോടെ മണ്ണിനടിയിൽ ആണ്ടുപോകേണ്ടിവരുന്നത് ആർക്ക് എപ്പോഴാണെന്നറിയില്ലല്ലോ.
പ്രകൃതിദുരന്തങ്ങൾ ഒരിക്കലും നൂറുശതമാനം ഇല്ലാതാക്കുവാൻ എത്ര സാങ്കേതികപുരോഗതിയാർജ്ജിച്ച നാടിനും കഴിയില്ലായെന്നതു വസ്തുതയാണ്. എന്നാൽ ആ വസ്തുതയെ മുൻനിർത്തി പ്രകൃതിയോടു പാലിക്കേണ്ട മര്യാദകൾ പാലിച്ചു വിവേകത്തോടെ മുന്നോട്ടുപോയാൽ ഒഴിവാക്കാൻ കഴിയുന്നതാണു ഭൂരിഭാഗം പ്രകൃതിദുരന്തങ്ങളും എന്നു മനസ്സിലാക്കാത്ത ഭരണാധികാരികളും അവരെ പിന്താങ്ങുന്ന ജനങ്ങളും ചേർന്നു സൃഷ്ടിക്കുന്ന അവസ്ഥയാണ് നാമിന്നു കേരളത്തിൽ കാണുന്നത്. സർവ്വചരാചരങ്ങൾക്കും അനുകൂലമായ മിതമായ കാലാവസ്ഥയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. വർഷക്കാലവും വേനൽക്കാലവും വേണ്ടയളവിൽ അനുഗ്രഹിച്ചിരുന്ന സംസ്ഥാനം. അങ്ങനെയുണ്ടായിരുന്ന കേരളം ഇത്തരത്തിൽ തീവ്രകാലാവസ്ഥയിലേക്കു മാറിത്തുടങ്ങിയത് എന്നുമുതൽക്കാണ്? അനധികൃതനിർമ്മാണങ്ങൾക്കായി നിയമലംഘനവും പ്രകൃതികയ്യേറ്റവും കണ്ണടയ്ക്കുന്നതു പതിവായതുമുതൽക്കെന്ന ഉത്തരം ഏതൊരാൾക്കും അറിയാം.
പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന പാറമട/കരിങ്കൽ ക്വാറി മുതലാളികളുടെ സ്ഥിരതാമസം എവിടെയൊക്കെയാണെന്നന്വേഷിച്ച് അവരുടെ പേരും വിലാസവും ജില്ലതിരിച്ച്, വെള്ളം ചേർക്കാതെ പൊതുജനത്തിന്നറിയാനായി പ്രസിദ്ധപ്പെടുത്താൻ ഇവിടുത്തെ ഏതെങ്കിലും മാദ്ധ്യമത്തിനു ധൈര്യമോ ഉത്തരവാദിത്തമോ ഉണ്ടോ? ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കൊടുക്കേണ്ട നഷ്ടപരിഹാരത്തുക ഈ പാറമട മുതലാളിമാരിൽനിന്നും അവർക്ക് അനധികൃതമായി പ്രവർത്തിക്കാൻവേണ്ട ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ സ്വകാര്യസമ്പാദ്യത്തിൽനിന്നും ഈടാക്കുന്നതിനു വേണ്ടതുചെയ്യാൻ ഇവിടുത്തെ കോടതികൾ സ്വമേധയാ മുന്നോട്ടുവന്നാൽ ഊർദ്ധ്വൻ വലിച്ചുതുടങ്ങിയ കേരളത്തിൻ്റെ ജീവൻ അല്പകാലം കൂടി പിടിച്ചുനിർത്താം. ഇല്ലെങ്കിൽ നമുക്കൊരുമിച്ച് ചാനൽചർച്ചയും കഴിഞ്ഞ് പൊടിയുംതട്ടിപ്പോകുന്നവഴിയ്‌ക്ക് ഏതെങ്കിലും ഉരുൾപൊട്ടലിൽപ്പെട്ടൊടുങ്ങാം. ചർച്ച കഴിഞ്ഞിറങ്ങുന്നവരുടെ കൈവശം മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പെങ്ങാനും ഉണ്ടെങ്കിൽ അതു മഴനനയാതെ അട്ടത്തുകയറ്റി സൂക്ഷിച്ചുവയ്ക്കാനപേക്ഷ! കേരളം ബാക്കിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് ഉപകരിച്ചാലോ! ഇതാണാ റിപ്പോർട്ട്. കേരളത്തിൽ വർഷാവർഷം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒരു പഴയ പരിസ്ഥിതിപഠനറിപ്പോർട്ട്. വായിക്കാത്തവരാരെങ്കിലും ബാക്കിയുണ്ടെങ്കിൽ താല്പര്യമുണ്ടെങ്കിൽ വായിച്ചുനോക്കാം.
ഒരു പത്തുനാല്പതു വർഷങ്ങൾ പുറകോട്ടുപോയാൽ കേരളത്തിലെ സിനിമാതീയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനുമുമ്പ് പ്രദർശിപ്പിച്ചിരുന്ന ഡോക്യൂമെൻ്റ്റി റീലുകളിലൂടെ ബീഹാറിലേയും ആസ്സാമിലേയും ഉത്തർപ്രദേശിലേയുമെല്ലാം വെള്ളപ്പൊക്കത്തിൻ്റെ ദൃശ്യങ്ങളും വിവരണങ്ങളുമൊക്കെ കണ്ടും കേട്ടും അത്ഭുതം കൂറിയിരുന്ന മലയാളിയെക്കാണാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു, സഹായിക്കണം എന്നു കുറിച്ച ചെറിയ കടലാസുതുണ്ടുമായി വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനങ്ങളിൽനിന്നും മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച മുടിയിഴകളും ദൈന്യതയാർന്ന നോട്ടവുമായി എത്തിയിരുന്ന കുടുംബങ്ങൾക്ക് സഹായം ചെയ്തവരും ചെയ്യാഞ്ഞവരുമായ മലയാളികളെക്കാണാം. ആസ്സാമിലേയും ബീഹാറിലേയുമൊക്കെപ്പോലെ തങ്ങളുടെ നാട്ടിൽ വർഷംതോറും വെള്ളപ്പൊക്കം ഉണ്ടാകാൻ ഒരുകാലത്തും സാദ്ധ്യതയില്ലെന്നു മലയാളികൾ അന്നു ധരിച്ചിരുന്നു! അന്നും കേരളത്തിൽ വർഷക്കാലമുണ്ടായിരുന്നു. കള്ളക്കർക്കിടകവും തുലാവർഷവും ഇടവപ്പാതിയും ഇടിവെട്ടിപ്പെയ്ത്തുമുണ്ടായിരുന്നു. നാല്പത്തിനാലു പുഴകളുണ്ടായിരുന്നു, തോടുകളും അണക്കെട്ടുകളുമുണ്ടായിരുന്നു. അന്നു പക്ഷേ മലയാളിയിൽ അധർമ്മവും അത്യാർത്തിയും നെഗളിപ്പും നിന്ദയും ഇത്രത്തോളമുണ്ടായിരുന്നില്ല. വോട്ടുരാഷ്ട്രീയവും രാഷ്ട്രീയാന്ധതയും മതപ്രീണനവുംമൂലം ഏതഴിമതിയ്ക്കും കൂട്ടുനിൽക്കാൻ ഭരണാധികാരികൾക്ക് ഇന്നുള്ളത്ര ലജ്ജയില്ലായ്മയുണ്ടായിരുന്നില്ല. കാടും മലകളും പുഴകളും തോടുകളും നിർദ്ദാക്ഷിണ്യം കയ്യേറാൻ അനുവദിക്കാൻ അവർക്ക് അൽപ്പമെങ്കിലും മനഃസാക്ഷിക്കുത്തുണ്ടായിരുന്നു. സർവ്വോപരി, രാഷ്ട്രീയനാട്യങ്ങൾക്കിടയിൽപ്പോലും നാടിനോടും ജനങ്ങളോടും ഒരൽപം സ്നേഹവും കരുതലും പ്രതിബദ്ധതയും നേരായും അവർക്കുണ്ടായിരുന്നു! പൊതുജനങ്ങളിൽ ഭൂരിപക്ഷത്തിനും പൗരബോധവും ധർമ്മബോധവുമുണ്ടായിരുന്നു. ഇന്നു മലയാളിയും മലയാളിയുടെ കേരളവും വല്ലാതെ മാറിപ്പോയി. ആ മാറ്റം പ്രകൃതിയിലും കാണുമല്ലോ.
വർഷാവർഷം ഓണവും ക്രിസ്തുമസ്സും ബക്രീദുമൊക്കെ ആശംസിക്കുന്നതുപോലെ ഒരു സാധാരണ ചടങ്ങായിമാറിയിരിക്കുന്നു കേരളത്തിലിപ്പോൾ ഉരുൾപൊട്ടൽ കണ്ടു ഞെട്ടിത്തരിക്കലും അനുശോചനം രേഖപ്പെടുത്തലും.
പ്രകൃതിയ്ക്കു നിശ്ചയമായും ചില നിഷ്ഠകളുണ്ട്. സ്വാഭാവികമായ ചിട്ടവട്ടങ്ങളുണ്ട്. അഹങ്കാരവും അകനിന്ദയും മനുഷ്യനിർമ്മിതബുദ്ധിയും അധികരിക്കുമ്പോൾ അതെല്ലാം അശാസ്ത്രീയമാണെന്നും അന്ധവിശ്വാസമാണെന്നും തോന്നും. പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ ഭൗതികജ്ഞാനം മാത്രം മതിയെന്നുതോന്നും. ഇരിക്കുന്ന കൊമ്പുതന്നെ മുറിച്ചാലും കുഴപ്പമില്ലെന്നും തോന്നും. അങ്ങനെ ഇരിക്കുന്ന കൊമ്പു മുറിക്കാൻ കൂട്ടുനിൽക്കുകയാണ് അഭിനവമലയാളി.
Thursday, October 7, 2021
നവരാത്രീസ്തോത്രം
ശൈലപുത്രീ, ഹൈമവതീ, പ്രഥമേ,
ഘോരതപശ്ചര്യേ, നന്ദിവാഹനേ, സതീ,
ത്രിശൂലം തവദക്ഷിണഹസ്തേ,
നളിനം വാമഹസ്തേ, ഗിരിജേ,
ധർമ്മകാമാർത്ഥമോക്ഷദേ, ശുഭേ,
സകലചരാചരസംരക്ഷകേ, ശിവേ,
മൂലാധാരവസിതേ, സുപ്തേ,
നവരാത്ര്യാരംഭകേ നമസ്തേ!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രണ്ടാംദിവസം
ബ്രഹ്മചാരിണീസ്തുതി
സ്വാധിഷ്ഠാനനിലയേ, സ്ഥൈര്യേ
ശുഭ്രവസ്ത്രാവൃതേ, സദാശിവേ
കമണ്ഡലൂസഹിതവർത്തിതേ
ജപമാലാധരീ, കഠിനതാപസീ
നഗ്നപാദചരീ, ദൃഢമാനസേ
നിരാഹാരവ്രതേ, അപർണ്ണേ
താപത്രയസംഹാരിണീ നമസ്തേ !
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മൂന്നാംദിവസം
ചന്ദ്രഘണ്ടാസ്തുതി
തൃതീയേ ചന്ദ്രഘണ്ടേ, മാതേ,
ചന്ദ്രമൗലീവധൂത്തമേ,
ഘണ്ടചന്ദ്രക്കലാഫാലേ,
മണിപൂരകസ്ഥിതേ
വ്യാഘ്രാരൂഢേ, ഭയാപഹേ
ത്രിനേത്രേ, ദശകരോജ്ജ്വലേ,
ഹസ്തൈര്‍ പദ്മബാണധനുഷ്ഖഡ്ഗം,
ഗദാശൂലം ച കമണ്ഡലു
അധർമ്മസംഹാരികേ ചണ്ഡീ
അഭിവൃദ്ധിപ്രദായിനീ
ശാന്തശിവാനുഭവകാരിണീ
സ്തുതി, നിന്ദാവിരാഗിണീ
സമചിത്തമനോബുദ്ധി-
പ്രദേ, സമവിഭാവനേ,
ഇച്ഛാശക്തിപ്രദേ ഭദ്രേ
പരാശക്തീ നമോസ്തുതേ!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാലാംദിവസം
കൂശ്മാണ്ഡദേവീസ്തുതി
ചതുർത്ഥേ കൂശ്മാണ്ഡരൂപിണീ ദേവീ
ബ്രഹ്മാണ്ഡോത്പ്പന്നകാരിണീ
സുസ്മേരവദനേ സൂര്യമണ്ഡലവാസിനീ
അനാഹതസ്ഥിതൈരാദിസ്വരൂപിണീ
ഉമേ തേജോമയീ ശക്തീ
സകലലോകപ്രകാശിനീ
അഷ്ടഭുജേ സർവ്വസിദ്ധിപ്രദേ ലക്ഷ്മീ
നമസ്‌തേ ശരണാഗതവത്സലേ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഞ്ചാംദിവസം