ഇന്നു പൂന്താനദിനം.
ഭക്തകവിയും ഭക്തവത്സലനും ചേർന്നുനല്കുന്ന ആ സച്ചിദാനന്ദത്തെയെങ്ങനെ വർണ്ണിക്കാൻ?!
എങ്കിലും മോഹം കൊണ്ടെഴുതിയതാണീ വരികൾ...
ആനന്ദപ്പാന
കണ്ണനോടിക്കളിക്കുന്നുചുറ്റിലും
കണ്ടു നിർവൃതികൊണ്ടിരിക്കുന്നു ഞാൻ!
ഉണ്ണിയെക്കൊണ്ടുപോയതെന്തെന്നു ഞാൻ
ഗദ്ഗദം പൂണ്ടുചോദിച്ച വേളയിൽ
കള്ളനോട്ടമെറിഞ്ഞുകൊണ്ടോതുന്നു,
"ഉണ്ണിയായന്നുവന്നതും ഞാനഹോ!
എങ്ങുപോകുവാനങ്ങയെ വിട്ടുഞാൻ
നല്ല ജ്ഞാനപ്പാന സേവിച്ചിടുംവരെ?!
വെണ്ണയെക്കാളുമെന്നെക്കൊതിപ്പി ക്ക-
തങ്ങുതിർക്കുന്ന ഭക്തികാവ്യാമൃതം
തുള്ളിതുള്ളിയായിറ്റിയ്ക്കയങ്ങതെൻ
നല്ല വാണിയിരിക്കും രസനയിൽ.
ഭക്തിതൻ തേൻകഴമ്പു നുകർന്നു മാ-
ലോകർ മേവട്ടെയാനന്ദചിത്തരായ്.
ഉണ്ണിയായെന്നുമങ്ങേയ്ക്കു ചുറ്റിലും
എന്നുമോടിക്കളിച്ചിടാമിങ്ങനെ..."
കണ്ണനാമുണ്ണി കൊഞ്ചിപ്പറഞ്ഞതും
നല്ല പൂന്തേൻ കൊടുത്തു പൂന്താനവും
"കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർദ്ദനാ,
കൃഷ്ണഗോവിന്ദനാരായണാ ഹരേ! "