Followers

Wednesday, December 22, 2021

സുദാമാവ്

 ഇന്നു  കുചേലദിനം. 

ഭൗതികവും ശാരീരികവുമായ ജീർണ്ണതകൾക്കെല്ലാം പരിഹാരം ജീർണ്ണതയില്ലാത്ത ആത്‌മാവിനെ അറിയാൻ ശ്രമിക്കുകവഴി മനസ്സിനെ എല്ലാ ജീർണ്ണതകളിൽനിന്നും അകറ്റിനിർത്തുകയാണെന്ന   സന്ദേശമാണ് കുചേലദിനം നൽകുന്നത്. 

സുദാമാവ് എന്നാൽ കുചേലനെന്നും സമുദ്രമെന്നും അർത്ഥം.


സുദാമാവ് 





















നിത്യം മനസ്സാം കുചേലനീ സംസാര-
ജീർണ്ണത മുറ്റുമവൽപ്പൊതിക്കാഴ്ചയും 
പേറിപ്പരമാത്മമിത്രമാം ഗോപാല-
കൃഷ്ണനെത്തേടിപ്പുറപ്പെടുംനേരം
പിമ്പേ വരും വിട്ടുപോകാൻ വിടാതെയ-
ഞ്ചിന്ദ്രിയവാജികൾ, മോഹാനുഗാമികൾ,
"സമ്പന്നനാമാത്മമിത്രമുണ്ടാകിലു-
മെന്തുണ്ടു നേട്ട"മെന്നാരായുവാൻ സദാ.
സംശയം വന്നുഭവിപ്പിച്ചിടുന്നുവെൻ 
യാത്ര മുടക്കിക്കുതിക്കും കുതിരകൾ.
വീണ്ടുമീ മായാസമുദ്രത്തിലിങ്ങനെ
നീന്തുമ്പൊഴാത്മനെക്കാണുവാൻ തോന്നിടും.

ചോദിയ്ക്കവേണമിന്നെന്നുടെ ദാരിദ്ര്യ -
മൊക്കെയുമാറ്റി സമ്പന്നനാക്കീടുവാൻ...
കണ്ടാലറിയുമോ? മിണ്ടാൻ തുനിയുമോ?
കണ്ണനെ ഞാൻ കണ്ടതെന്നോ? മറന്നുപോയ്!
അത്യന്തമോഹപ്രലോഭനപീഢക -
ളൊക്കെയും താണ്ടിയിന്നെത്തിയീ ഗോപുരേ!
മാധവായെൻ ഭക്തവത്സലാ, നിന്നെയൊ-
ന്നുള്ളം നിറഞ്ഞിന്നു കാണണമെങ്ങു നീ?

ഓടിയണയുന്നിതാരെൻ സതീർത്ഥ്യനോ,
മിന്നുമീ ദ്വാരക വാഴുമധീശനോ !
ആനന്ദബാഷ്പം തുളുമ്പുന്നു, ശൗരിയാ
നേത്രങ്ങളെൻ നേർക്കുനീട്ടിത്തിരക്കുന്നു, 
" എന്തേ വരാനിത്ര വൈകി നീയെന്നോടു
ഗർവ്വിച്ചു പോരാൻ മടിച്ചതോ? ചൊല്ലു നീ..."


നെഞ്ചോടു ചേർത്തെന്നെയാരേ പുണർന്നി-
ടുന്നൊന്നുമേ ചൊല്ലുവാനാവാത്തതെന്തഹോ!
ഗദ്ഗദം തൊണ്ടയിൽ വന്നു കുടുങ്ങുന്നു,
ആരിതെൻ പാദങ്ങളയ്യോ! കഴുകുന്നു!
എൻ കയ്യിലെയവൽക്കെട്ടു തുറന്നു നീ-
യോരോ പിടി വാരി വായിലിടുമ്പൊഴു-
മെൻ ബന്ധനത്തിൻ്റെ കെട്ടുകൾ പൊട്ടി
ഞാൻ മുക്തനാകുന്നുവെൻ കൃഷ്ണാ! ഹരേ! ഹരേ!

മായാമുകന്ദ! നീ ജാലങ്ങളീ വിധം
കാട്ടിയെൻ ഹൃത്ത്ക്ഷുദ്രദാരിദ്ര്യമാറ്റി നി-
ന്നോടുള്ള  ഭക്തിയാകും സുദാമാവി-
ന്നടിത്തട്ടു പോൽ മനം സമ്പന്നമാക്കണം!
പ്രേയസ്സിൻ പിന്നാലെയോടിത്തളർത്തിടാ- 
തേകണം  ശ്രേയസ്സിൻ കാന്തിയും ശാന്തിയും !


പദാവലി 

സുദാമാവ് - കുചേലൻ, സമുദ്രം 
വാജി             - കുതിര 
മോഹാനുഗാമി - മോഹങ്ങൾക്കു പിമ്പേ പോകുന്നയാൾ 

സതീർത്ഥ്യൻ - സഹപാഠി, ആത്മമിത്രം 
ഹൃത്ത്ക്ഷുദ്രദാരിദ്ര്യം - ഹൃദയനൈർമ്മല്യത്തിനു  ഹാനി വരുത്തുന്ന                                                                       ചിന്തകൾ  
പ്രേയസ്സ്        - ഭൗതികതൃഷ്ണ കൊണ്ടു നേടാവുന്ന  താൽക്കാലികമായ                                                    നേട്ടങ്ങൾ 
ശ്രേയസ്സ്        - ആത്മീയമായ ജ്ഞാനവും തപസ്സും കൊണ്ടു നേടുന്ന  സമഗ്രവും                                ശാശ്വതമായ ഐശ്വര്യം 

Friday, December 3, 2021

----പ്രതിസമത----

 



ഇന്നു കാണുന്നൊരീ സന്ധ്യയോ സുന്ദരി

ഇന്നലെക്കണ്ടൊരു സിന്ദൂരസന്ധ്യയോ?! 


പൂർണ്ണമായൊന്നുപോലില്ലന്യസൃഷ്ടികൾ

പൂർണ്ണത്തിൽ നിന്നുള്ള പൂർണ്ണങ്ങളെന്നിയേ!


വൈവിദ്ധ്യപൂർണ്ണമാം പൂർണ്ണങ്ങളൊക്കെയും

ചേരും പരസ്പരപൂരകസൃഷ്ടികൾ.


ഏകമാമാ നാദവൈഭവംതന്നിൽനി-

ന്നുൽപ്പന്നമാം സഗുണാകാരസൗഷ്ടവം.  


ഏറ്റക്കുറച്ചിലിൻ ചിന്ത വിട്ടൊക്കെയും

ചേരുംപടി ചേർത്തുവച്ചാൽ മനോഹരം!


ഇപ്രപഞ്ചം കാക്കുമാനുരൂപ്യം വെടി -

ഞ്ഞീടാതിരിക്കുകിൽ സച്ചിദാനന്ദം!

Sunday, November 14, 2021

പതക്കപ്പേച്ചുകൾ








"വന്ദനം പതക്കമേയാരു നീ? "

"ഞാനൊരു ഭാഗ്യവാൻ,

രാഷ്ട്രസേവനത്തിൻ നെഞ്ചിൽ

നെഞ്ചുവിരിച്ചിരുപ്പവൻ.  നീയോ?"

"ഞാനുമൊരു പതക്കം,

ഹാ! വികൃതമെൻ ജന്മം...

രാഷ്ട്രവിദ്ധ്വംസനക്കൊടുംനഞ്ചിൻ  

നെഞ്ചിലിരിപ്പാൻ വിധിച്ചവൻ."

Sunday, November 7, 2021

#ദീപാവലി2021








ഭദ്രദീപങ്ങൾതന്നാവലീശോഭയാൽ  
പൗർണ്ണമിയാണിന്നമാവാസിനാളിലും   
ഒന്നിൽനിന്നൊന്നിലേക്കായ് ഭദ്രദീപങ്ങൾ 
മെല്ലെക്കൊളുത്തുന്നുവുൾച്ചിരാതിൻ  തിരി 
പുഞ്ചിരിയായ്ച്ചുണ്ടിലൂറുന്നു മേൽക്കുമേ-
ലാഹ്ളാദമീപ്പൂത്തിരിപ്പൂനിലാവുപോൽ! 

#ദീപാവലി2021
04-11-2021

പ്രപഞ്ചസായാഹ്നം






 പ്രതലമില്ലാതെഴുതുന്നു മായ്ക്കുന്നു

പ്രകൃതിയന്യാദൃശചിത്രങ്ങളനുക്ഷണം!

പ്രകടമാകും പ്രപഞ്ചമേയെൻമിഴി -

പ്പ്രതലമൊന്നിൽപ്പകർത്തട്ടെ നിന്നെ ഞാൻ!

പ്രകൃതഭേദപ്രകാരമെന്നുൾത്തലം

പ്രണയദ്വേഷങ്ങളിൽപ്പെട്ടുപോകിലും

പ്രളയകാലത്തു ഭേദങ്ങളൊക്കെയും

പ്രണവമൊന്നിൽ ലയിക്കട്ടെ ശാന്തമായ്! 


Saturday, October 23, 2021

പുനർവിചിന്തനം

 










പുഴകൾ പാലൂട്ടിയ പുണ്യനാടേ,നിൻ്റെ 

വിധിയീവിധമെന്തു  മാറിനാടേ?

പേമാരി തന്നുള്ളു കണ്ട നാടേ,യിന്നു 

ചെറുചാറ്റൽ കണ്ടാൽ ഭയപ്പതെന്തേ?

മലകളിൽ മാമരം കോച്ചിടുമ്പോഴെന്തു

സുഖനിദ്രപൂണ്ടിരുന്നന്നു നാടേ!

അരുതായ്കയെന്തു നാം ചെയ്തു നാടേ-

യിനി പഴയ ശാന്തിയ്ക്കെന്തു ചെയ്‌വൂ നാടേ?


ഏറും തലയെടുപ്പോടെയീ നാടിനെ-

ക്കാത്തൊരാ മാമലസേനയെ നാം

ദ്രോഹിച്ചു നാൾക്കുനാളേറും ദുരാഗ്രഹ- 

ത്താൽ മതികെട്ടു മദിച്ചനാളിൽ;

വാനിൽ നീന്തും ഹർഷനീരദങ്ങൾതൻ്റെ  

നെഞ്ചകം തൊട്ട ഗിരിനിരകൾ 

അപ്പാടെ മുണ്ഡനം ചെയ്തു നാം നൂതന- 

നാണ്യവിളകൾക്കു ഭൂമിയാക്കീ.  

യന്ത്രങ്ങൾ നിത്യവും മെയ് കാർന്നെടുക്കവേ  

നോവിൽത്തളരും മലനിരകൾ,

കന്മദം ചോരുന്ന പാറകൾ പൊട്ടി -

യടർന്നർദ്ധപ്രാണ,രസ്തശ്ശിരസ്ക്കർ, 

ഏറ്റുമുട്ടാൻ ശേഷി ചോർന്നു നിൽപ്പൂ

കൊടുങ്കാറ്റിനോടും കരിങ്കാറിനോടും,

കാലം പിഴച്ചുവീശും കടൽക്കാറ്റും 

കനൽകാറ്റുമേറ്റുടൽ വേച്ചുനിൽപ്പൂ.


 അക്ഷയപാത്രമാം പശ്ചിമഘട്ടവും  

ചൂഷണമേറ്റു ക്ഷയിച്ചുപോയീ...

നാണയത്തുട്ടുകൾ കൊയ്യുവാൻ കാടായ 

കാടുകൾ വെട്ടിത്തെളിച്ചു നമ്മൾ,

മണ്ണിട്ടുമൂടിയ കാട്ടുനീർച്ചോലകൾ-

തൻ പച്ചജീവൻ പിടഞ്ഞൊടുങ്ങീ, 

കാവും കുളവും പടിയിറങ്ങീ 

തറവാടും പൊളിച്ചുവിറ്റുണ്ടു നമ്മൾ,  

നമ്മൾക്കു നാകം പണിഞ്ഞവർതന്നുടെ 

ദീർഘമാം വീക്ഷണം കണ്ടിടാതെ  

പൊട്ടിച്ചിരിച്ചെന്തു പ്രാകൃതമെന്നുച്ച-

ഘോഷം പരിഹസിച്ചാർത്തു മോദം.


നല്ല നാല്പത്തിനാലാറുകൾ ചേർന്നന്നു 

നാടിന്നുയിർ തന്ന നല്ലകാലം

വിസ്മരിച്ചില്ലേ വികസനത്തിന്നുച്ച -

കാഹളത്തിൽ ലയിച്ചന്നു നമ്മൾ? 

തെന്നിത്തെറിച്ചു വെള്ളിക്കൊലുസിട്ടു 

നാടാകെയൊഴുകിയ പാൽപ്പുഴകൾ

ദേശമാകെ ദാഹനീരേറ്റി, വേരുകൾ-

ക്കൂർജ്ജം പകർന്നൊരമ്മപ്പുഴകൾ...

പെട്ടെന്നൊരിക്കൽ പകച്ചുനിന്നൂ ,

നമ്മളമ്മയെച്ചങ്ങലയ്ക്കിട്ട നാളിൽ!

ദാഹം പൊറാഞ്ഞെത്ര കൈവഴികൾ

വറ്റിയമ്മയെ കാത്തർദ്ധപ്രാണരായീ?

വറ്റിയ ചാലുകളൊക്കെയും തിങ്ങും  

മനുഷ്യാധിവാസങ്ങളെങ്ങുമെങ്ങും 

കാടിൻറെ മക്കളെ, കാട്ടുമൃഗങ്ങളെ- 

ക്കാടിറക്കീ,യടിവേരു വെട്ടീ...

വിസ്മരിച്ചേവരും കാടും  പുഴകളും 

കൈകോർത്തുനിന്നൊരാ പോയ കാലം!

ഇന്നൊരു മിന്നൽവെട്ടത്തിലും ഞെട്ടവേ-

യോർക്കുന്നുവോ പോയ നല്ല കാലം?


 ഒന്നല്ല രണ്ടല്ലിരുപതല്ലിന്നെങ്ങു-

മമ്മയെപ്പൂട്ടുമണക്കെട്ടുകൾ,  

ഭൂമിതൻ നാഡീഞെരമ്പുകളൊക്കെയും 

ബന്ധിച്ചുവന്ത്യലാഭക്കൊതിയാൽ. 

വിങ്ങിവിങ്ങിത്തടവിൽക്കിടന്നീടുന്നൊ-

രമ്മപ്പുഴകളൊന്നിച്ചുലഞ്ഞാൽ,

ഭൂമി തന്നുള്ളുരുകിപ്പരന്നൂരുകൾ

മായും, മറയും വികസനങ്ങൾ.

നന്നായ് നനഞ്ഞിടമെന്നു നിനച്ചാകെ-

യൂറ്റിയാലൂഴി തിരിച്ചടിക്കും!

തട്ടിപ്പറിച്ചതും വെട്ടിപ്പിടിച്ചതുമെല്ലാം 

പ്രപഞ്ചം തിരിച്ചെടുക്കും !!


താണുവണങ്ങിയനുവാദവും വാങ്ങി 

വേണ്ടത്ര മാത്രമെടുത്തുകൊള്ളാൻ 

ചൊന്നു, ദാനം തന്നു മണ്ണിൽ മറഞ്ഞവർ- 

തൻ വാക്കുകൾ തന്നെ ശാന്തിമന്ത്രം!

 പഞ്ചഭൂതങ്ങൾക്കുമുണ്ടവസ്ഥാന്തരം,

കണ്ടറിഞ്ഞാൽക്കൊണ്ടറിഞ്ഞിടേണ്ട!

Wednesday, October 20, 2021

വന്ദേ വാല്മീകി കോകിലം



 അശ്വിനമാസത്തിലെ പൗർണ്ണമിദിവസമായ ഇന്ന്  ഭാരതം ആദികവിയായ വാത്മീകിമഹർഷിയുടെ ജന്മദിനമായി കൊണ്ടാടുന്നു.   

എണ്ണിയാലൊടുങ്ങാത്തത്ര തർജ്ജമകളും വ്യാഖ്യാനങ്ങളും  വിവിധഭാഷകളിൽ ഉണ്ടായിട്ടുള്ള കൃതിയാണ്  ആദികാവ്യമായ വാല്മീകി രാമായണം. ശ്രീ തുഞ്ചത്തു രാമാനുജാചാര്യൻ  എഴുതിയ ഭക്തിനിർഭരമായ അദ്ധ്യാത്മരാമായണം ഉൾപ്പെടെ വാൽമീകിരാമായണത്തെ ആസ്പദമാക്കി  രചിക്കപ്പെട്ടിട്ടുള്ള   ഉപഗ്രന്ഥങ്ങളോടെല്ലാമുള്ള അതിയായ ബഹുമാനം  മനസ്സിൽ സൂക്ഷിക്കുമ്പോൾത്തന്നെ ആദികവി വാത്മീകിമഹർഷി എഴുതിയ ആ മൂലകൃതി വായിക്കാനും മനസ്സിലാക്കാനുമുള്ള ഭാഷാപരിജ്ഞാനം ഇല്ലാതെപോയതിൽ   മനസ്സ് പലപ്പോഴും ഖേദിച്ചിട്ടുണ്ട്.  എന്നാൽ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ നമുക്ക് അറിയുവാനാഗ്രഹമുള്ള കാര്യങ്ങൾ അറിയുവാനും  മനസ്സിലാക്കുവാനുമുള്ള മാർഗ്ഗങ്ങൾ നിരവധിയാണ്. അവയിൽ ആധികാരികമായവ കണ്ടെത്തി വായിച്ചുമനസ്സിലാക്കുവാൻ ഒരല്പം സമയം നിത്യവും നാം ചെലവാക്കിയാൽ അനേകകാലങ്ങളായി ഇതേക്കുറിച്ചൊക്കെ നമ്മുടെ മനസ്സിലുള്ള സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും മുൻവിധികൾക്കുമെല്ലാം  ഒരുവലിയ അളവുവരെ പരിഹാരമാകും.മൂലകൃതികളെ വേണ്ടതുപോലെ അറിയുവാൻ ശ്രമിക്കാതെ അവയുടെ  വ്യാഖ്യാനങ്ങളിലൂടെമാത്രം കടന്നുപോകുമ്പോൾ  വരുന്ന ആശയക്കുഴപ്പങ്ങൾ  തീർക്കാൻ  മൂലകൃതികളെത്തന്നെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്.  അതിനായി നമ്മിൽ അണയാത്ത ആഗ്രഹവും ഉത്സാഹവും ഉണ്ടാകുവാൻ ഗുരുപരമ്പരകൾ അനുഗ്രഹിക്കട്ടെ! 


ഓം ഗുരുഭ്യോ നമഃ 

ഓം വാത്മീക്യായ നമഃ 


Valmiki Ramayanam

https://www.valmiki.iitk.ac.in/


तपस्स्वाध्यायनिरतं तपस्वी वाग्विदां वरम् ।

नारदं परिपप्रच्छ वाल्मीकिर्मुनिपुङ्गवम् ।।1.1.1।।


कोन्वस्मिन्साम्प्रतं लोके गुणवान्कश्च वीर्यवान् ।

धर्मज्ञश्च कृतज्ञश्च सत्यवाक्यो दृढव्रत:।।1.1.2।।


चारित्रेण च को युक्तस्सर्वभूतेषु को हित: ।

विद्वान्क: कस्समर्थश्च कश्चैकप्रियदर्शन: ।।1.1.3।।


आत्मवान्को जितक्रोधो द्युतिमान्कोऽनसूयक: ।

कस्य बिभ्यति देवाश्च जातरोषस्य संयुगे ।।1.1.4।।


एतदिच्छाम्यहं श्रोतुं परं कौतूहलं हि मे ।

महर्षे त्वं समर्थोऽसि ज्ञातुमेवंविधं नरम् ।।1.1.5।।


श्रुत्वा चैतत्ित्रलोकज्ञो वाल्मीकेर्नारदो वच: ।

श्रूयतामिति चामन्त्त्र्य प्रहृष्टो वाक्यमब्रवीत् ।।1.1.6।।


बहवो दुर्लभाश्चैव ये त्वया कीर्तिता गुणा: ।

मुने वक्ष्याम्यहं बुद्ध्वा तैर्युक्तश्श्रूयतान्नर: ।।1.1.7।।


इक्ष्वाकुवंशप्रभवो रामो नाम जनैश्श्रुत: ।

नियतात्मा महावीर्यो द्युतिमान्धृतिमान् वशी ।।1.1.8।।


बुद्धिमान्नीतिमान्वाग्मी श्रीमान् शत्रुनिबर्हण: ।

विपुलांसो महाबाहु: कम्बुग्रीवो महाहनु: ।।1.1.9।।


महोरस्को महेष्वासो गूढजत्रुररिन्दमः ।

आजानुबाहुस्सुशिरास्सुललाटस्सुविक्रमः ।।1.1.10।।


समस्समविभक्ताङ्गस्स्निग्धवर्ण: प्रतापवान् ।

पीनवक्षा विशालाक्षो लक्ष्मीवान् शुभलक्षणः ।। 1.1.11।।


धर्मज्ञस्सत्यसन्धश्च प्रजानां च हिते रतः ।

यशस्वी ज्ञानसम्पन्नश्शुचिर्वश्यस्समाधिमान् ।।1.1.12।।


प्रजापतिसमश्श्रीमान् धाता रिपुनिषूदनः ।

रक्षिता जीवलोकस्य धर्मस्य परिरक्षिता ।।1.1.13।।


रक्षिता स्वस्य धर्मस्य स्वजनस्य च रक्षिता ।

वेदवेदाङ्गतत्त्वज्ञो धनुर्वेदे च निष्ठितः ।।1.1.14।।


सर्वशास्त्रार्थतत्त्वज्ञस्स्मृतिमान्प्रतिभानवान् ।

सर्वलोकप्रियस्साधुरदीनात्मा विचक्षणः ।।1.1.15।।


सर्वदाभिगतस्सद्भिस्समुद्र इव सिन्धुभिः ।

आर्यस्सर्वसमश्चैव सदैकप्रियदर्शनः ।।1.1.16।।


स च सर्वगुणोपेत: कौसल्यानन्दवर्धन: ।

समुद्र इव गाम्भीर्ये धैर्येण हिमवानिव ।।1.1.17।।


विष्णुना सदृशो वीर्ये सोमवत्प्रियदर्शनः ।

कालाग्निसदृशः क्रोधे क्षमया पृथिवीसमः ।।1.1.18।।


धनदेन समस्त्यागे सत्ये धर्म इवापरः ।

तमेवं गुणसम्पन्नं रामं सत्यपराक्रमम् ।।1.1.19।।


ज्येष्ठं श्रेष्ठगुणैर्युक्तं प्रियं दशरथस्सुतम् ।

प्रकृतीनां हितैर्युक्तं प्रकृतिप्रियकाम्यया ।।1.1.20।।


यौवराज्येन संयोक्तुमैच्छत्प्रीत्या महीपति: ।

तस्याभिषेकसम्भारान्दृष्ट्वा भार्याऽथ कैकयी ।।1.1.21।।


पूर्वं दत्तवरा देवी वरमेनमयाचत ।

विवासनं च रामस्य भरतस्याभिषेचनम् ।।1.1.22।।


स सत्यवचनाद्राजा धर्मपाशेन संयत: ।

विवासयामास सुतं रामं दशरथ: प्रियम् ।।1.1.23।।


स जगाम वनं वीर: प्रतिज्ञामनुपालयन्।

पितुर्वचननिर्देशात्कैकेय्या: प्रियकारणात् ।।1.1.24।।


तं व्रजन्तं प्रियो भ्राता लक्ष्मणोऽनुजगाम ह ।

स्नेहाद्विनयसम्पन्नस्सुमित्रानन्दवर्धन: ।।1.1.25।।

വിജയദശമി - സരസ്വതീസ്തുതി

 15/10/2021



ഓംകാരരൂപാ ഗണേശ്വരാ സദ്ക്കാര്യ-

വിഘ്നങ്ങൾ നീക്കിത്തുണച്ചിടേണം.

വാണീ സരസ്വതീ കാക്കണം, നാവിൻ്റെ

കേടുകളൊക്കെയും തീർത്തിടേണം.

നിന്നുടെയക്ഷരമാലാമണികളാൽ

ലോകത്തിന്നജ്ഞാനമാറ്റിടേണം. 

നിൻ ശുഭ്രവസത്രം കണക്കെയീ വിശ്വം

കല്മഷമറ്റു വിളങ്ങിടേണം.

നിൻ വീണതൻ ശ്രുതിശുദ്ധിയീ പാരിൻ്റെ

പാഴ്ശ്രുതിയെല്ലാമകറ്റിടേണം.

നിൻ വരവീണയിൽനിന്നും പിറക്കണം  

സദ്ക്കലാസാഹിത്യസർഗ്ഗലോകം

കച്ഛപം സ്വച്ഛന്ദമുൾവലിയും കണ-

ക്കിന്ദ്രിയശിക്ഷണം നൽകിടേണം.

വേദസ്വരൂപിണീ വേദപ്പൊരുളാകു-

മുൺമയെയുള്ളിൽത്തെളിച്ചിടേണം.

പുസ്തകപാണീ ജഗത്തിനു നിർമ്മല - 

ജ്ഞാനമാം നിൻ വരമേകിടേണം.

നന്മയും തിൻമയും വേറിട്ടറിയുവാൻ

നിന്നരയന്നം തുണച്ചിടേണം. 

സംസാരഭോഗമാം പങ്കത്തിൽ നിന്നു 

മറിവിൻ്റെ പദ്മം വിടർന്നിടേണം.  

ബധിരന്നു കർണ്ണമായ് മൂകന്നു നാദമായ് 

അന്ധന്നു കാഴ്ചയായ് വാഴുമമ്മേ,

നിൻ ചരണാന്തികേ വിദ്യാവരത്തിനായ്   

കൈനീട്ടിനിൽക്കുന്നു ഞങ്ങൾ നിത്യം. 

ദേവീ സരസ്വതീ മൂകാംബികേ 

നാദബ്രഹ്മാദ്മികേ സദാ കുമ്പിടുന്നേൻ !

Monday, October 18, 2021

ഈശ്വരാധീനം മറയുന്ന ദൈവത്തിൻ്റെ സ്വന്തം നാട്

 


കേരളത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലെ  അനധികൃതക്വാറികൾ ഇനിയും നിർബാധം പ്രവർത്തിക്കട്ടെ. കേരളത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് അവ അനിവാര്യമാണല്ലോ! ബുദ്ധിസാമർത്ഥ്യംകൊണ്ടും  അഭിമാനംകൊണ്ടും പ്രബുദ്ധതകൊണ്ടും വികസിച്ചുവികസിച്ചു പൂർവ്വാധികം ശക്തിയോടെയും പതിവായും  പൊട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സാധാരണജനജീവിതത്തിനു  യോഗ്യമല്ലാത്ത പ്രദേശങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതു നമുക്കു തൽകാലം കണ്ടില്ലെന്നു നടിക്കാം. 

ഉരുൾപൊട്ടി മണ്ണിനടിയിൽ പൂണ്ടുപോയാൽ ശ്വാസംമുട്ടി നരകിക്കാതെ പെട്ടന്നു ജീവൻ വെടിയാനെന്തെല്ലാം ചെയ്യണം എന്നതിനുള്ള പരിശീലനക്ലാസ്സുകളെങ്കിലും ശേഷിച്ച ജനങ്ങൾക്കായി നമ്മുടെ 'ദുരന്തനിർമ്മാണവകുപ്പിൻ്റെ' നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ജനകീയസർക്കാരിനു കനിവുണ്ടാകണം. കാരണം നിന്നനില്പിൽ ജീവനോടെ മണ്ണിനടിയിൽ ആണ്ടുപോകേണ്ടിവരുന്നത് ആർക്ക് എപ്പോഴാണെന്നറിയില്ലല്ലോ. 

പ്രകൃതിദുരന്തങ്ങൾ ഒരിക്കലും നൂറുശതമാനം ഇല്ലാതാക്കുവാൻ എത്ര സാങ്കേതികപുരോഗതിയാർജ്ജിച്ച നാടിനും കഴിയില്ലായെന്നതു വസ്തുതയാണ്. എന്നാൽ ആ വസ്തുതയെ മുൻനിർത്തി പ്രകൃതിയോടു പാലിക്കേണ്ട മര്യാദകൾ പാലിച്ചു വിവേകത്തോടെ മുന്നോട്ടുപോയാൽ ഒഴിവാക്കാൻ കഴിയുന്നതാണു ഭൂരിഭാഗം പ്രകൃതിദുരന്തങ്ങളും എന്നു മനസ്സിലാക്കാത്ത ഭരണാധികാരികളും അവരെ പിന്താങ്ങുന്ന ജനങ്ങളും ചേർന്നു സൃഷ്ടിക്കുന്ന അവസ്ഥയാണ് നാമിന്നു കേരളത്തിൽ കാണുന്നത്. സർവ്വചരാചരങ്ങൾക്കും അനുകൂലമായ മിതമായ കാലാവസ്ഥയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. വർഷക്കാലവും വേനൽക്കാലവും വേണ്ടയളവിൽ  അനുഗ്രഹിച്ചിരുന്ന സംസ്ഥാനം. അങ്ങനെയുണ്ടായിരുന്ന കേരളം ഇത്തരത്തിൽ തീവ്രകാലാവസ്ഥയിലേക്കു മാറിത്തുടങ്ങിയത് എന്നുമുതൽക്കാണ്? അനധികൃതനിർമ്മാണങ്ങൾക്കായി നിയമലംഘനവും പ്രകൃതികയ്യേറ്റവും കണ്ണടയ്ക്കുന്നതു പതിവായതുമുതൽക്കെന്ന ഉത്തരം ഏതൊരാൾക്കും  അറിയാം.

പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന പാറമട/കരിങ്കൽ ക്വാറി മുതലാളികളുടെ സ്ഥിരതാമസം എവിടെയൊക്കെയാണെന്നന്വേഷിച്ച് അവരുടെ പേരും വിലാസവും ജില്ലതിരിച്ച്,   വെള്ളം ചേർക്കാതെ പൊതുജനത്തിന്നറിയാനായി പ്രസിദ്ധപ്പെടുത്താൻ ഇവിടുത്തെ ഏതെങ്കിലും മാദ്ധ്യമത്തിനു ധൈര്യമോ ഉത്തരവാദിത്തമോ ഉണ്ടോ? ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കൊടുക്കേണ്ട നഷ്ടപരിഹാരത്തുക ഈ പാറമട മുതലാളിമാരിൽനിന്നും അവർക്ക് അനധികൃതമായി പ്രവർത്തിക്കാൻവേണ്ട ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ സ്വകാര്യസമ്പാദ്യത്തിൽനിന്നും  ഈടാക്കുന്നതിനു വേണ്ടതുചെയ്യാൻ ഇവിടുത്തെ കോടതികൾ സ്വമേധയാ മുന്നോട്ടുവന്നാൽ ഊർദ്ധ്വൻ വലിച്ചുതുടങ്ങിയ കേരളത്തിൻ്റെ ജീവൻ അല്പകാലം കൂടി പിടിച്ചുനിർത്താം. ഇല്ലെങ്കിൽ നമുക്കൊരുമിച്ച്  ചാനൽചർച്ചയും കഴിഞ്ഞ് പൊടിയുംതട്ടിപ്പോകുന്നവഴിയ്‌ക്ക് ഏതെങ്കിലും ഉരുൾപൊട്ടലിൽപ്പെട്ടൊടുങ്ങാം. ചർച്ച കഴിഞ്ഞിറങ്ങുന്നവരുടെ  കൈവശം മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പെങ്ങാനും ഉണ്ടെങ്കിൽ അതു മഴനനയാതെ അട്ടത്തുകയറ്റി സൂക്ഷിച്ചുവയ്ക്കാനപേക്ഷ! കേരളം ബാക്കിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക്  ഉപകരിച്ചാലോ! ഇതാണാ റിപ്പോർട്ട്. കേരളത്തിൽ വർഷാവർഷം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒരു പഴയ പരിസ്ഥിതിപഠനറിപ്പോർട്ട്. വായിക്കാത്തവരാരെങ്കിലും ബാക്കിയുണ്ടെങ്കിൽ  താല്പര്യമുണ്ടെങ്കിൽ വായിച്ചുനോക്കാം.  

https://ia800407.us.archive.org/16/items/ReportOfTheWesternGhatsEcologyExpertPanel/western-ghat-gadgil-12.pdf

ഒരു പത്തുനാല്പതു  വർഷങ്ങൾ പുറകോട്ടുപോയാൽ  കേരളത്തിലെ  സിനിമാതീയറ്ററുകളിൽ  സിനിമ തുടങ്ങുന്നതിനുമുമ്പ് പ്രദർശിപ്പിച്ചിരുന്ന ഡോക്യൂമെൻ്റ്റി റീലുകളിലൂടെ ബീഹാറിലേയും ആസ്സാമിലേയും ഉത്തർപ്രദേശിലേയുമെല്ലാം വെള്ളപ്പൊക്കത്തിൻ്റെ ദൃശ്യങ്ങളും വിവരണങ്ങളുമൊക്കെ കണ്ടും കേട്ടും അത്ഭുതം കൂറിയിരുന്ന മലയാളിയെക്കാണാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു, സഹായിക്കണം എന്നു കുറിച്ച  ചെറിയ കടലാസുതുണ്ടുമായി വെള്ളപ്പൊക്കം ബാധിച്ച  സംസ്ഥാനങ്ങളിൽനിന്നും മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച മുടിയിഴകളും ദൈന്യതയാർന്ന നോട്ടവുമായി എത്തിയിരുന്ന കുടുംബങ്ങൾക്ക് സഹായം ചെയ്തവരും ചെയ്യാഞ്ഞവരുമായ മലയാളികളെക്കാണാം. ആസ്സാമിലേയും ബീഹാറിലേയുമൊക്കെപ്പോലെ തങ്ങളുടെ നാട്ടിൽ വർഷംതോറും വെള്ളപ്പൊക്കം ഉണ്ടാകാൻ ഒരുകാലത്തും സാദ്ധ്യതയില്ലെന്നു മലയാളികൾ അന്നു  ധരിച്ചിരുന്നു!  അന്നും കേരളത്തിൽ വർഷക്കാലമുണ്ടായിരുന്നു. കള്ളക്കർക്കിടകവും തുലാവർഷവും ഇടവപ്പാതിയും ഇടിവെട്ടിപ്പെയ്ത്തുമുണ്ടായിരുന്നു. നാല്പത്തിനാലു പുഴകളുണ്ടായിരുന്നു, തോടുകളും അണക്കെട്ടുകളുമുണ്ടായിരുന്നു. അന്നു പക്ഷേ മലയാളിയിൽ അധർമ്മവും അത്യാർത്തിയും നെഗളിപ്പും നിന്ദയും  ഇത്രത്തോളമുണ്ടായിരുന്നില്ല.  വോട്ടുരാഷ്ട്രീയവും രാഷ്ട്രീയാന്ധതയും മതപ്രീണനവുംമൂലം ഏതഴിമതിയ്ക്കും കൂട്ടുനിൽക്കാൻ ഭരണാധികാരികൾക്ക് ഇന്നുള്ളത്ര ലജ്ജയില്ലായ്മയുണ്ടായിരുന്നില്ല. കാടും മലകളും പുഴകളും തോടുകളും  നിർദ്ദാക്ഷിണ്യം കയ്യേറാൻ അനുവദിക്കാൻ അവർക്ക് അൽപ്പമെങ്കിലും  മനഃസാക്ഷിക്കുത്തുണ്ടായിരുന്നു. സർവ്വോപരി, രാഷ്ട്രീയനാട്യങ്ങൾക്കിടയിൽപ്പോലും നാടിനോടും ജനങ്ങളോടും  ഒരൽപം സ്നേഹവും കരുതലും  പ്രതിബദ്ധതയും നേരായും  അവർക്കുണ്ടായിരുന്നു! പൊതുജനങ്ങളിൽ ഭൂരിപക്ഷത്തിനും പൗരബോധവും ധർമ്മബോധവുമുണ്ടായിരുന്നു. ഇന്നു മലയാളിയും മലയാളിയുടെ കേരളവും വല്ലാതെ മാറിപ്പോയി. ആ മാറ്റം പ്രകൃതിയിലും കാണുമല്ലോ.

വർഷാവർഷം ഓണവും ക്രിസ്തുമസ്സും ബക്രീദുമൊക്കെ ആശംസിക്കുന്നതുപോലെ ഒരു സാധാരണ ചടങ്ങായിമാറിയിരിക്കുന്നു കേരളത്തിലിപ്പോൾ ഉരുൾപൊട്ടൽ കണ്ടു ഞെട്ടിത്തരിക്കലും അനുശോചനം രേഖപ്പെടുത്തലും. 

പ്രകൃതിയ്ക്കു നിശ്ചയമായും ചില നിഷ്ഠകളുണ്ട്. സ്വാഭാവികമായ ചിട്ടവട്ടങ്ങളുണ്ട്. അഹങ്കാരവും അകനിന്ദയും മനുഷ്യനിർമ്മിതബുദ്ധിയും അധികരിക്കുമ്പോൾ അതെല്ലാം അശാസ്ത്രീയമാണെന്നും അന്ധവിശ്വാസമാണെന്നും തോന്നും. പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ ഭൗതികജ്ഞാനം  മാത്രം മതിയെന്നുതോന്നും.  ഇരിക്കുന്ന കൊമ്പുതന്നെ മുറിച്ചാലും കുഴപ്പമില്ലെന്നും തോന്നും. അങ്ങനെ ഇരിക്കുന്ന കൊമ്പു മുറിക്കാൻ കൂട്ടുനിൽക്കുകയാണ് അഭിനവമലയാളി. 



Thursday, October 7, 2021

നവരാത്രീസ്തോത്രം





ഒന്നാംദിവസം 

ശൈലപുത്രീവന്ദനം 












ശൈലപുത്രീ, ഹൈമവതീ, പ്രഥമേ,

ഘോരതപശ്ചര്യേ, നന്ദിവാഹനേ, സതീ,

ത്രിശൂലം തവദക്ഷിണഹസ്തേ, 

നളിനം വാമഹസ്തേ, ഗിരിജേ,

ധർമ്മകാമാർത്ഥമോക്ഷദേ, ശുഭേ, 

സകലചരാചരസംരക്ഷകേ, ശിവേ,

മൂലാധാരവസിതേ, സുപ്തേ, 

നവരാത്ര്യാരംഭകേ നമസ്തേ!

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


രണ്ടാംദിവസം

ബ്രഹ്മചാരിണീസ്തുതി


ദ്വിതീയേ, ബ്രഹ്മചാരിണീ, ദേവീ

സ്വാധിഷ്ഠാനനിലയേ, സ്ഥൈര്യേ

ശുഭ്രവസ്ത്രാവൃതേ, സദാശിവേ

കമണ്ഡലൂസഹിതവർത്തിതേ

ജപമാലാധരീ, കഠിനതാപസീ 

നഗ്നപാദചരീ, ദൃഢമാനസേ 

നിരാഹാരവ്രതേ, അപർണ്ണേ

താപത്രയസംഹാരിണീ നമസ്തേ !

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏



മൂന്നാംദിവസം

ചന്ദ്രഘണ്ടാസ്തുതി














തൃതീയേ  ചന്ദ്രഘണ്ടേ, മാതേ,

ചന്ദ്രമൗലീവധൂത്തമേ,  

ഘണ്ടചന്ദ്രക്കലാഫാലേ,

മണിപൂരകസ്ഥിതേ 

വ്യാഘ്രാരൂഢേ, ഭയാപഹേ 

 ത്രിനേത്രേ, ദശകരോജ്ജ്വലേ, 

ഹസ്തൈര്‍ പദ്മബാണധനുഷ്ഖഡ്ഗം,  

ഗദാശൂലം ച കമണ്ഡലു 

അധർമ്മസംഹാരികേ ചണ്ഡീ

അഭിവൃദ്ധിപ്രദായിനീ 

ശാന്തശിവാനുഭവകാരിണീ 

സ്തുതി, നിന്ദാവിരാഗിണീ

സമചിത്തമനോബുദ്ധി-

പ്രദേ, സമവിഭാവനേ, 

ഇച്ഛാശക്തിപ്രദേ ഭദ്രേ 

പരാശക്തീ നമോസ്തുതേ! 

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 നാലാംദിവസം

കൂശ്മാണ്ഡദേവീസ്തുതി 














ചതുർത്ഥേ കൂശ്മാണ്ഡരൂപിണീ ദേവീ

ബ്രഹ്മാണ്ഡോത്പ്പന്നകാരിണീ 

സുസ്മേരവദനേ സൂര്യമണ്ഡലവാസിനീ    

അനാഹതസ്ഥിതൈരാദിസ്വരൂപിണീ 

ഉമേ തേജോമയീ ശക്തീ 

സകലലോകപ്രകാശിനീ  

അഷ്ടഭുജേ സർവ്വസിദ്ധിപ്രദേ ലക്ഷ്മീ

നമസ്‌തേ  ശരണാഗതവത്സലേ 






🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അഞ്ചാംദിവസം 

സ്കന്ദമാതാസ്തുതി 























പൂജ്യന്തേ പഞ്ചമീദുർഗ്ഗേ   സ്കന്ദമാതേ ദയാനിധീ 
മാതൃവാത്സല്യസുധേയംബേ വിശാലഹൃദയേ ശിവേ 
അഭയമുദ്രാങ്കിതഹസ്തേ കാർത്തികേയസമന്വിതേ
വിശുദ്ധിചക്രനിലയേ സത്സന്താനപ്രദായിനീ    
മൃഗേന്ദ്രവാഹനം വന്ദേ ചതുർബാഹുവിരാജിതേ 
വന്ദേ ഷണ്മുഖജനയിത്രി ആദിമാതേ നമോസ്തുതേ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആറാംദിവസം 

കാത്ത്യായനീസ്തുതി 




ഷഷ്ഠം കാത്ത്യായനീ ദേവീ 
നമസ്തേ ഭുവനേശ്വരീ 
ചതുർഭുജേ വരാഭയമുദ്രേ 
ഖഡ്ഗപപദ്മാദിധാരിണീ   
ശിഷ്ടവത്സലേ  ദുഷ്ടനാശിനീ 
മഹിഷാസുരമർദ്ദിനീ 
യോഗമായേ  കൃഷ്ണസോദരീ 
ഭഗവതീ ദേവകീസുതേ  
വ്രജഗോപീവരദായിനീ 
കൃഷ്ണപ്രേമപ്രദായിനീ 
ആജ്ഞാചക്രനിവാസിതേ 
സർവ്വമംഗളേ നമോസ്തുതേ🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 ഏഴാംദിവസം 
കാലരാത്രീസ്തുതി 


സപ്തമം കാലരാത്രീ  കാളീ 
കാലസംഹാരകാരിണീ 
വിദ്യുത്തരംഗമാലാഭൂഷേ 
ജ്വലിതേ ഗോളത്രിലോചനേ 
ശ്വാസനിശ്വാസാഗ്നിവർഷിണീ  
ഗർദഭാരൂഢചപ്രകേശിനീ 
കരാളവദനേ  മേഘവർണ്ണേ ഘോരേ 
അഭയം ശത്രുഭയനിവാരിണീ 
അഗ്നിഭയസംഹാരികേ മാതേ 
ഭ്രമനാശിനീ  ഋണാന്തകീ   
ചതുർഭുജേ ഖഡ്ഗപാണേ രൗദ്രേ
ഭക്തവാത്സല്യശാലിനീ 
ശിഷ്ടജനപാലിനീ ശുഭങ്കരീ   
നമസ്തേ ദർപ്പനാശിനീ 
നമസ്തേ കുലരക്ഷിണീ ഭദ്രേ 
പാഹി പാഹി സദാശിവേ 

[കാലരാത്രീദേവിയുടെ ഈ ചിത്രവും വർണ്ണനയും ഉൾക്കൊള്ളാനാവാതെ കണ്ണുകൾ പിൻവലിക്കുന്നവർ കണ്ടേക്കാം. പക്ഷേ ബാഹ്യരൂപം എത്ര ദുസ്സഹമായാലും ഏവരിലും കുടികൊള്ളുന്നത് ശക്തിമത്തായ ഈശ്വരചൈതന്യമാണെന്നു കുഞ്ഞിലേ മനസ്സിനെ പരിശീലിപ്പിക്കുന്നതിൽ ദേവിയുടെ ഈ ഭാവവും രൂപവും വളരെയധികം സഹായകമാണെന്നാണ് സ്വാനുഭവം.
നാമോരോരുത്തരിലുമുണ്ട് അളവിൽ ഏറിയും കുറഞ്ഞും, മാറിമാറിവരുന്ന ഈ ഭാവങ്ങളോരോന്നും. അവയെ തിരിച്ചറിഞ്ഞ് ശരിയായ അളവിൽ ധാർമ്മികമായി ക്രമീകരിച്ചാൽ ജീവിതം ഭദ്രമാവുകയും ചെയ്യും. നമ്മിൽ മറഞ്ഞിരിക്കുന്ന ശക്തിചൈതന്യസ്രോതസ്സിനെ ശ്രദ്ധാപൂർവ്വം ഉദ്ദീപിപ്പിക്കൽകൂടിയാണ് നവരാത്രി ആഘോഷത്തിൻറെ ലക്‌ഷ്യം.🙏]

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 എട്ടാംദിവസം 
ദുർഗ്ഗാഷടമി 

മഹാഗൗരീസ്തുതി 



മഹാദുർഗ്ഗാഷ്ടമീദേവീ മഹാഗൗരീ മഹേശ്വരീ 
ഗംഗാസ്നാനവതീ ശുഭ്രേ ചതുർഭുജസമന്വിതേ 
വാമഹസ്തേ ത്രിശൂലം ച ഡമരൂ ദക്ഷിണകരേ 
വരദാഭയമുദ്രാങ്കിതപാണീ ധവളവർണ്ണിനീ  
ശ്വേതഋഷഭാരൂഢേ  മൃഗേന്ദ്രക്ഷുധ്ധ്വംസിനീ 
ശങ്കരപ്രണയഭാജനേ ഇഷ്ടമാംഗല്യദായിനീ
സോമചക്രപ്രചോദകേ സർവ്വസങ്കടമോചിനി 
പൂർവ്വസഞ്ചിതപാപഘ്നേ അന്നപൂർണ്ണേ നമോസ്തുതേ 
നമസ്തേ ശുഭദായിനീ മഹാദേവപ്രമോദിനീ 
നമസ്തേ ശിവശങ്കരീ ശങ്കരാർദ്ധശരീരിണീ 





🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


ഒമ്പതാംദിവസം 
മഹാനവമി 


സിദ്ധിദാത്രീസ്തുതി 
















































സിദ്ധിദാത്രീ സദ്‌ഗതീദാത്രീ  
മഹാനവമീസംപൂജിതേ 
ചതുർഭുജേ ശംഖുചക്ര-
ഗദാപദ്മേന സംസ്‌തുതേ 
മൃഗേന്ദ്രവാഹനേ രാജ്ഞീ  
മധുകൈടഭധ്വംസിനീ 
മനോദൗർബല്യശോഷിണീ 
ധൈര്യസ്ഥൈര്യപ്രദായിനീ 
അണിമാദിഗുണോദ്ദീപേ   
ആത്മനിർവാണദായിനീ 
സ്വർണ്ണവർണ്ണേ ത്രിലോചനേ 
കാര്യകാരണകാരിണീ 
ദേവാസുരയക്ഷഗന്ധർവ്വ 
സർവ്വസംപൂജ്യസേവിതാ 
പ്രഫുല്ലപദ്മസ്ഥിതേ സർവ്വ-
ശസ്ത്രശാസ്ത്രവിശാരദേ 
ശിവാർദ്ധാംഗിനീ ശക്തീ 
വേദസമ്പദ്പ്രദായിനീ
അംബായാം ചരണം വന്ദേ 
ജഗദംബേ നമോ നമഃ 

Monday, August 23, 2021

വൈപരീത്യം


ഒരു ജാതിയൊരുമതമൊരു ദൈവമെന്നുള്ള 
വേദമൊന്നേ  കാതിലോതീ സദാ ഗുരു, 
ജാതിയെച്ചൊല്ലികലഹിച്ചിടാതതിൻ 
ധർമ്മമനുഷ്ഠിക്കുവാൻ ചൊന്നു ശ്രീഗുരു; 
എങ്കിലോ നമ്മൾ ഗുരുദേവനെയൊരു 
ജാതിതൻ ദൈവമാക്കിച്ചുരുക്കിയോർ!

മദ്യം വിഷമതുണ്ടാക്കരു,താരും 
കുടിക്കരു,താർക്കും കൊടുക്കരുതെന്നു-
മെന്നെന്നും പ്രബോധനംചെയ്ത ഗുരുവിനെ 
ദൈവമായ്ക്കാണ്മവർക്കിന്നു നേതാവൊരു 
മദ്യവ്യാപാരിയായ്ത്തീർന്നതും വിപ്ലവം!

പൊള്ളയായുള്ളോരു വിപ്ലവങ്ങൾ പല 
മാരീചവേഷങ്ങളിൽ വന്നുപോകവേ-
യെല്ലാം നിരീക്ഷിച്ചിരിക്കുന്നു സദ്ഗുരു,- 
വെല്ലാം സദയം പൊറുക്കേണമെൻ ഗുരോ!



Tuesday, August 17, 2021

ചിങ്ങപ്പൊരുൾ

 




ചിങ്ങരാശിയിലിരുന്നരുളും ദിനകരൻ 
ചക്രവാളത്തിലാദ്യകിരണം തൊടുക്കവേ 
ശുഭശ്രാവണസുഖരശ്മികളതത്രയും 
കനിവൊടഖിലാണ്ഡമൊക്കെപ്പരക്കയായ്, 
ഹരിതവനനിബിഢനദീഫലലതാവലികളാ-
ലാവൃതമാകുമാ സുഭഗപ്രദേശവും 
തരളിതമൻപൊടു തിരിച്ചധിപന്നു നേർക്കുവ,-
ച്ചുഷസി,യതിസാദരം ധര നമസ്കരിക്കയായ്! 

"വരിക വരിക! ഭവതീ, ധരണീ, ഋതുവതീ,
സുദിനമി,തിന്നവിടെ ശ്രാവണമെത്തിയോ?
പറകയതു തവമനസ്സിലിന്നെന്തെന്നാശു നീ 
തരുവതിനതെനിക്കൊരമാന്തവുമില്ലെടോ!"

"പറയുവതെന്താവതിപ്പൊഴുതു ഞാൻ ബത! 
പകലിരവുമൊരുപോലെക്കറങ്ങീടവേ?
സുകൃതമൊടാ പ്രകൃതിയുമൊത്തിരുന്ന നാളുകൾ 
തിരികെത്തരികെനിക്കതേയൊരാഗ്രഹം...,
പല ഋതുക്കളിലതതുപ്രകാരമായ് വരും 
വിഹിതകർമ്മങ്ങളതാചരിക്കുവാൻ ചിരം 
തവപൊരുളിതെന്നലസരാം സുതർക്കു  നീ-
യലിവൊടരുളണം  സൗരയൂഥപ്രഭോ!
വിനയമൊടു വേണമിറുക്കുവതൊരു തളിരില-
യതു,മതിനൊരു വകതിരിവകമേ നിറയ്ക്കണം"

"തവഹിതമതനവരതമവിഘ്നമായ് 
തുടരുമതിനു മതി നടുവിലെഴുമഹമെടോ!"
അവനിയുമിതു ശ്രവിച്ചതികൃതാർത്ഥയായ്  
സ്വപഥഗതി തുടരുവനിതി സുഖമഖിലം ഭവിക്കുവാൻ!

സ്വധർമ്മവഴി നിസ്സംശയമഖിലരും ഗമിക്കുകിൽ 
പുനരുലകിന്നു സുഖമെന്തതിലും വിശേഷമായ്?! 


Thursday, July 29, 2021

പണ്ടാരപർവ്വം ആട്ടക്കഥ

 







പണ്ടൊരുനാളിൽ പട്ടണനടുവിൽ 
സചിവൻമാരുടെ സഭയുടെ നടുവിൽ 
പണ്ടാരത്തെച്ചൊല്ലിയൊരുഗ്രൻ 
ശണ്ഠ നടന്നമ്പമ്പോ ചൊല്ലാം! 

പണ്ടാരത്തിലെ ചെല്ലും ചെലവും
ചൊല്ലാൻ മന്ത്രിയണഞ്ഞൊരുനേരം
മുദ്രകൾ കാട്ടീ, മുഷ്ടി ചുരുട്ടീ,
എതിരാളികളുടനോടിയടുത്തൂ
  
പാണ്ടൻനായ്ക്കൾ കടിപിടികൂടും 
പോലെയുറക്കെക്കുരയും വിളിയും     
ഉന്തും തള്ളും പിടിയും വലിയും 
അംഗന തന്നുടെ കടിയും മാന്തും 

മുണ്ടു മടക്കിക്കുത്തിയ ചേട്ടൻ 
കണ്ണിൽക്കണ്ടവ തച്ചുതകർത്തൂ, 
സഭയുടെ നടുവിൽക്കെട്ടിയകൈവരി 
ചാടിക്കയറീ മർക്കടവീരർ  

അദ്ധ്യക്ഷന്നുടെ സിംഹാസനമതു 
പൊക്കിയെടുത്തുചുഴറ്റിയെറിഞ്ഞൂ, 
സങ്ഗണകത്തിൻ വയറും കുടലും 
'മുപ്പുരവൈരി'യറുത്തുമുറിച്ചൂ, 

മസ്തകസേതു ചവിട്ടി നടന്നവ-
നടി തെറ്റീറ്റുടനവനിയിൽ വീണൂ, 
യോദ്ധാവിന്നുടൽ  മഞ്ചലിലേറ്റി 
നടന്നുമറഞ്ഞൊരു സംഘം ശീഘ്രം, 

എല്ലാം കണ്ടു കസാലയിലന്നൊരു 
കല്ലായ് മുഖ്യനിരുന്നൂ  കോണിൽ...   
കഷ്ടം! കഷ്ടം! കുപ്പത്തൊട്ടിയിൽ 
വീണാലിതിലും ഭേദമതല്ലോ!  

പണ്ടാരത്തെച്ചൊല്ലിയുടക്കിയ 
പണ്ടാരികളെ മറക്കില്ലാരും.
കേമംതന്നെ ജനായത്തത്തിൻ 
ശ്രീകോവിലിലെക്കയ്യാങ്കളികൾ! 


ആഗ്യം കാട്ടിച്ചൊല്ലീ സ്പീക്കർ,
'കോഴാനാഥൻ' പത്രിക പൊക്കീ; 
കോലാഹലസഭനടുവിൽ വച്ചാ 
ബഡ്ജറ്റങ്ങനെ നിലവിൽ വന്നൂ!

നിത്യാഭ്യാസിയ്ക്കുണ്ടോ ബാലകർ 
തന്നുടെ ലീലകൾ കണ്ടാലിണ്ടൽ!
ഹർഷോന്മാദം കൊണ്ടനുയായികൾ 
ലഡ്ഡു കടിച്ചുനുണഞ്ഞൂ മധുരം... 

ഓർത്താലിനിയും മാനംകെട്ടൊരു 
വേഷംകെട്ടുകളനവധിയുണ്ടേ! 
വേലികൾ വിളവുകൾ തിന്നുമുടിപ്പൂ  
വെളവും കാട്ടി ഞെളിഞ്ഞുനടപ്പൂ. 

പൊതുമുതലിട്ടുചവിട്ടിമെതിച്ചവ-
രെല്ലാമിന്നു ഭരിക്കുന്നവരായ്,
കള്ളത്തരവും ചതിയും കൊലയും 
അധികാരത്തിനലങ്കാരവുമായ്. 

വർഷം പലതുകഴിഞ്ഞിട്ടിപ്പോൾ 
കോടതിമുമ്പിൽ പാവത്താന്മാർ 
താണുവണങ്ങിച്ചൊല്ലുന്നൊന്നും  
കേസാക്കരുതെന്നുടയമ്പ്രാനേ!

അന്നുണ്ടായോരു കയ്യാങ്കളിയുടെ 
കോപ്പികളനവധി  നാട്ടിൽ സുലഭം 
ആയതുകൊണ്ടൊരു  രക്ഷയുമില്ലീ 
മാലോകർക്കൊരു മറവിയുമില്ലേ? 

അസ്ഥാനത്തൊരു വടവൃക്ഷത്തെ- 
ത്തണലായ്‌കൊണ്ടു നടക്കുന്നരചൻ. 
പ്രജകൾക്കാരൊരു തണലെന്നോർക്കാൻ 
നമ്മൾക്കില്ലവകാശം തെല്ലും, 

നാടുഭരിക്കുന്നോർക്കു നറുക്കിടു-
മന്നോർക്കാതിന്നില്ലൊരു ഫലവും; 
ബോധംകെട്ട പ്രജയ്ക്കു ലഭിയ്ക്കും 
നാണംകെട്ടൊരു നായകവൃന്ദം. 

കിറ്റുതരുമ്പോളല്പം വിഷമാ 
കെട്ടിൽ വച്ചാലുത്തമമായീ 
ജീവിക്കാനൊരു വഴികാണാഞ്ഞാൽ 
പാഷാണം തിന്നന്ത്യം പൂകാം! 


അനുബന്ധം
***************** 
ഇന്നാ സചിവൻതന്നുടെ മകന-
ന്നപ്പനെയാട്ടിയ  പാർട്ടിയ്ക്കുള്ളിൽ!
ദോഷം ചൊല്ലരുതേതും, തമ്മിലെ 
സ്നേഹം കണ്ടാൽ കണ്ണീർ പൊടിയും!
രാഷ്ട്രീയത്തിലതുണ്ടോ ജനകൻ, 
ജനനിയതെന്നൊരു സങ്കല്പങ്ങൾ!  
അപ്പൻ, മകനെന്നില്ലപ്പപ്പോൾ 
കാണുന്നവരെല്ലാമപ്പന്മാർ!
********************************************************

പദാർത്ഥം 
  • പണ്ടാരം            -  ഭണ്ഡാരം, ഖജനാവ്
  • സചിവൻ          -  മന്ത്രി 
  • സങ്ഗണകം    - കമ്പ്യൂട്ടർ 
  • മുപ്പുരവൈരി -  ശിവൻ 
  • മസ്തകം               -  തലമണ്ട
  • സേതു                -  പാലം 
  • പണ്ടാരി             -  ഭണ്ഡാരം കാക്കുന്നവൻ, ഖജാന്‍ജി
  • ജനായത്തം      -  ജനാധിപത്യം 
  • കോഴാനാഥൻ -  കോഴയുടെ നാഥൻ
  • ഇണ്ടൽ               -  വിഷമം, വ്യാകുലത
  • പാഷാണം        -  വിഷം 


കേരളജനാധിപത്യത്തിലെ ചില നാണംകെട്ട ഓർമ്മകൾ 




Wednesday, July 28, 2021

ഉപരോധകാണ്ഡം
















ജീവിതത്തിൻ്റെ സമസ്തമേഖലകളിലും  സ്വയംപര്യാപ്തരും സംതൃപ്തരും ഒരുവിധത്തിലുള്ള 
അപകർഷതാബോധവും  അലട്ടാത്തവരും  ആയിരുന്ന  ഭാരതീയരുടെ സാമ്പത്തികഭദ്രതയും ആത്മവിശ്വാസവും  ഒരു നല്ല അളവോളം തകർത്തത് അടിയ്ക്കടിയുള്ള വിദേശാക്രമണങ്ങളും  പത്തുമുന്നൂറ്റിനാല്പതു കൊല്ലത്തോളം നിലനിന്ന ബ്രിട്ടീഷ് ആധിപത്യവുമാണ്. എന്നാൽ വിദേശികൾ നല്ലൊരു പങ്ക് കൊള്ളയടിച്ചുകൊണ്ടുപോയിട്ടും 
ഭാരതീയമായതെല്ലാം പ്രാകൃതമാണെന്നു  ഭാരതീയരെ മസ്തിഷ്ക്കപ്രക്ഷാളനം ചെയ്യാൻ ശ്രമിച്ചിട്ടും  ഇന്നും സനാതനഭാരതം ആത്മീയവും പ്രകൃതിദത്തവുമായ  എല്ലാ ഐശ്വര്യത്തോടുംകൂടിത്തന്നെ നിലനിൽക്കുന്നു.  തന്നെയുമല്ല, മന്ദഗതിയിലാണെങ്കിലും  ഭൗതികപുരോഗതിയിലും സാമ്പത്തികഭദ്രതയിലും ഭാരതം മറ്റു ലോകരാഷ്ട്രങ്ങൾക്കൊപ്പം  വീണ്ടും സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിദേശോപരോധങ്ങൾക്കുമുന്നിൽ സ്വതന്ത്രഭാരതം ഒരിക്കലും തല കുനിച്ചിട്ടില്ല. എതു വിഷമസന്ധിയിലും തൻ്റെ  രാജ്യം മറ്റുരാജ്യങ്ങളുടെ ഭീഷണിയ്ക്കും ഉപരോധത്തിനും മുന്നിൽ കീഴടങ്ങരുതെന്നുതന്നെയായിരിക്കും ഓരോ ദേശസ്നേഹിയുടെയും ഉള്ളിലെ വികാരം.   ഇപ്പോള്‍ ഇന്ത്യന്‍ യാത്രാവിമാനങ്ങൾക്കു നേരെ  വിവിധരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തിന്‍റെ കാര്യത്തിലും ഇതേ വികാരം തന്നെയാണുള്ളത്.  

പാൻഡെമിക്ക് നിയന്ത്രണങ്ങൾ എന്ന പേരിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി ഒരുവിധം എല്ലാ ലോകരാജ്യങ്ങളും പല ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾ അന്താരാഷ്ടതലത്തിൽ പലപ്പോഴും വിവേചനപരമായിട്ടാണ് അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളത്. ഭാരതം ഈ അന്താരാഷ്‌ട്രവിവേചനത്തിൻ്റെ ഒരു പ്രധാനപ്പെട്ട ഇരയാണ്.  വുഹാന്‍ ലാബില്‍ വൈറസിനെ ഉത്‌പ്പാദിപ്പിച്ച് ലോകമെമ്പാടും പടര്‍ത്തിയ രാജ്യം എന്നു ലോകം മുഴുവൻ വിശ്വസിക്കുന്ന ചൈനയുടെനേർക്കുപോലും  ഏര്‍പ്പെടുത്താത്ത ഉപരോധങ്ങളാണ് ലോകം കൈപ്പിടിയിലൊതുക്കണമെന്നാഗ്രഹിക്കുന്ന  പാശ്ചാത്യരാജ്യങ്ങളും അവരുടെ അടിമരാജ്യങ്ങളുംചേർന്ന് ഇന്ത്യയ്ക്കും സമാനമായി സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന   മറ്റുചില രാജ്യങ്ങൾക്കും  നേരെ ഏർപ്പെടുത്തുന്നത്. ലോകരക്ഷകരുടെ വേഷമണിഞ്ഞിട്ടുള്ള WHO ഉൾപ്പെടെയുള്ള അന്താരാഷ്ട്രസംഘടനകളും ഇക്കാര്യത്തിൽ മറിച്ചൊരു നിലപാടുള്ളവരല്ല. എന്നുതന്നെയല്ല അവർ സ്വന്തമായി നിലപാടേ ഉള്ളവരല്ലാതായിമാറിയിട്ടു കാലമേറെയായിരിക്കുന്നു. 

രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന പരമമായ  ലക്‌ഷ്യം വേണ്ടത്ര വിജയം കാണാത്തതിൽ ഈ അവിശുദ്ധകൂട്ടായ്മയ്ക്കുള്ള കുണ്ഠിതമാണ് ഇന്ത്യയ്‌ക്കെതിരെയുള്ള അനിശ്ചിതമായ  യാത്രാ ഉപരോധമായി ഇപ്പോഴും  നിലനിൽക്കുന്നത്. 
ഇന്ത്യ സ്വന്തമായി വാക്സിൻ വികസിപ്പിച്ചതും യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളുടെ വാക്സിൻ ഇറക്കുമതി ചെയ്യാത്തതുമാണ് ഇന്ത്യക്കെതിരെയുള്ള യാത്രാഉപരോധങ്ങളുടെ അടിസ്ഥാനം എന്ന് ഇക്കൂട്ടർ തുറന്നുസമ്മതിക്കില്ലെങ്കിലും പകൽപോലെ വ്യക്തമായ വസ്തുതയാണ്. ജനസംഖ്യയിൽ രണ്ടാംസ്ഥാനമുള്ള  ഇന്ത്യ എന്ന വളക്കൂറുള്ള വിപണിയിൽ തങ്ങളുടെ വാക്സിൻവിൽപ്പന എന്ന മോഹനസ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയാതെപോയതിൻ്റെ മോഹഭംഗം മാത്രമാണ് ഈ ഉപരോധത്തിനു  പിന്നിലുള്ളത് എന്നു മനസിലാക്കാൻ ഒരു ബുദ്ധിരാക്ഷസനാവണമെന്നൊന്നുമില്ല. 

ജന്മനാട്ടിലേക്കും തിരിച്ചു ജോലി ചെയ്യുന്ന നാട്ടിലേക്കും സുഗമമായി യാത്ര ചെയ്യാനാവാതെ ദുരിതത്തിലകപ്പെടുന്ന പ്രവാസികളെക്കൊണ്ട് ഇന്ത്യൻഭരണകൂടത്തിനെ ചീത്തവിളിപ്പിക്കുക എന്ന നിലവാരമില്ലാത്ത സമ്മർദ്ദതന്ത്രമാണ് ഇക്കൂട്ടർ ഇപ്പോൾ  ഇന്ത്യയ്ക്കുനേരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.  മറ്റൊരുവശത്താകട്ടെ അന്താരാഷ്ട്രമാഫിയകളും  മതതീവ്രവാദികളും ഇന്ത്യയെ ച്ഛിന്നഭിന്നമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു.  വിദേശീയര്‍ മാത്രമല്ല, തീവ്രവാദികളുടെയും അന്താരാഷ്ട്രലോബികളുടെയും പണിയാളുകളായി അവരുടെ പണവും പ്രശസ്തിപത്രങ്ങളും കൈപ്പറ്റി സ്വന്തം രാജ്യത്തെ ഒറ്റുന്ന Break India ഗ്യാങ്ങുകൾ  ഇന്ത്യയ്ക്കകത്തുതന്നെ ഉണ്ടെന്നതും എത്രയോവട്ടം തെളിഞ്ഞിരിക്കുന്നു.  
സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അന്താരാഷ്‌ട്രടെലിവിഷൻ - പത്രമാദ്ധ്യമങ്ങളിലൂടെയും ഇന്ത്യയെ തേജോവധം ചെയ്യുന്ന രീതിയിലുള്ള വ്യാജവാർത്തകളും ഹാഷ്ടാഗുകളുംമറ്റും ചമച്ചുവിടുന്നതുമെല്ലാം ഇതിൻ്റെ ഭാഗമായി നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. 

ഏതു മന്ത്രവാദി വന്നാലും  കിടക്കപ്പൊറുതിയില്ലാതാവുക കോഴിക്കായിരിക്കും എന്നൊരു പറച്ചിലുണ്ട്. അതുപോലെയാണ് ഇന്ത്യയുടെ അവസ്ഥ. ഏതു രാജ്യം എന്തു കൊള്ളരുതായ്ക കാണിച്ചാലും അതിൻ്റെ ഉത്തരവാദിത്തം എങ്ങനെയെങ്കിലും ചുറ്റിവളച്ചു ഭാരതത്തിന്‍റെയും ഭാരതീയസംസ്കാരത്തിൻ്റെയും മുതുകത്തുവച്ചുകെട്ടാൻ കുശലതയുള്ളവരുടെ ഒരു കൂട്ടായ്മ ഇന്ത്യക്കകത്തും പുറത്തും വളരെ സജീവമാണ്. ചൈന ലോകരാജ്യങ്ങളെ മുഴുവനും നശിപ്പിക്കുംവിധത്തിൽ ജൈവായുധം പ്രയോഗിച്ചാലും കാലാവസ്ഥാവ്യതിയാനം വരുത്തിയാലും  പകർച്ചവ്യാധി പരത്തുന്നവരെന്നും  അന്തരീക്ഷം  മലിനപ്പെടുത്തുന്നവരെന്നുമുള്ള  പഴി ഇന്ത്യയ്ക്ക്.  ഇസ്രായേലിൽ പാലസ്റ്റീൻ ബോംബിട്ടാലും  ഇസ്രായേലുമായി കാലങ്ങളായി  സൗഹൃദം സൂക്ഷിക്കുന്നു എന്നപേരില്‍  ഇന്ത്യയ്ക്കുള്ള  പഴി പാഴ്‌സലായി വരും.  അക്രമാവാസന രക്തത്തിൽ അലിഞ്ഞുചേർന്ന റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ അവരുടെ കയ്യിലിരുപ്പുമൂലം  ലോകരാജ്യങ്ങളെല്ലാം വിസമ്മതിക്കുമ്പോഴും  ഇന്ത്യയെങ്ങാൻ  വിസമ്മതം അറിയിച്ചാൽ  ഇന്ത്യയ്ക്കു മാത്രം പഴിയുടെ സ്പെഷ്യല്‍ ഓഫ്ഫര്‍.  നുഴഞ്ഞുകയറ്റക്കാരായ ബംഗ്ളാദേശികളെ യഥേഷ്ടം ഇന്ത്യയിൽ കയറിയിറങ്ങി അരാജകത്വം സൃഷ്ടിക്കാൻ അനുവദിക്കാതിരുന്നാൽ അയ്യോ! ദേ ഫാസിസ്റ്റ്  ഇന്ത്യയെന്ന പഴി. ലോകത്തു വിവിധതരം  രോഗാണുക്കൾ പരക്കുന്നുവെങ്കിൽ അതിനുമുഴുവൻ പഴി ഇന്ത്യയിലെ ഏതെങ്കിലും സനാതനമായ ആഘോഷത്തിനോ ആചാരത്തിനോ ആയിരിക്കുമെന്നത് നൂറുതരം! ഇതെല്ലാം നിമിഷാർദ്ധത്തിൽ  നോട്ടീസടിച്ചു ലോകം മുഴുവൻ വിതരണം ചെയ്യാൻ BBC, twitter എന്നുവേണ്ട സകല അന്താരാഷ്‌ട്രപരദൂഷണസംഘങ്ങളും വിളിപ്പുറത്ത്.  ഈ  ഞാഞ്ഞൂലുകളേയും   വിഷസർപ്പങ്ങളേയുമൊന്നും ഭയക്കാതെ ഭാരതം ധർമ്മവഴിയിൽ മുന്നോട്ടു പോകുന്നതു കാണുവാൻ തന്നെയാണ് എപ്പോഴും ആഗ്രഹം.   

ഇത്തരത്തിൽ ഇന്ത്യയെ പിന്നിൽനിന്നു കുത്തുന്ന വിമതരായ ഇന്ത്യക്കാരേയും അനധികൃതകുടിയേറ്റക്കാരേയും  പോറ്റിവളർത്തുന്നതിൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് ദൈവത്തിൻ്റെ സ്വന്തം നാടെന്നു വിളിപ്പേരുണ്ടായിരുന്ന എൻ്റെ സ്വന്തം സംസ്ഥാനമാണല്ലോ എന്ന കുണ്ഠിതവും ചെറുതല്ല.  

ഭാരതം വിദേശരാജ്യങ്ങളുടെ  ഉപരോധങ്ങൾ നേരിടാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ  പൗരന്മാർക്കും അവിടങ്ങളിൽനിന്നുള്ള ചരക്കുവിമാനങ്ങൾക്കും ഇന്ത്യയിലേയ്ക്കുള്ള  യാത്രാനുമതിയും  നിഷേധിച്ചുകൊണ്ട് ഒരു അനശ്ചിതകാലഉത്തരവിറക്കിയാൽ അവസാനിക്കാവുന്ന  തീവ്രതയേ ഇന്ത്യയിലെ ചൈനാനിർമ്മിതവൈറസിൻ്റെ പേരിലുള്ള ഈ ഉപരോധനാടകത്തിന്  ഉണ്ടാവാനിടയുള്ളൂ. ആമസോണ്‍ വഴിയും മറ്റു നൂറായിരം വിദേശ ഓൺലൈൻ ഷോപ്പുകൾവഴിയുംമറ്റും  ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനം ഒരു പ്രോട്ടോക്കോളിന്‍റെ പേരിൽ വേണ്ടെന്നുവയ്ക്കാൻ മാത്രം ആത്മാരാമന്മാരൊന്നുമല്ലല്ലോ  ഈ അത്യാഗ്രഹികളായ മേലാളരാഷ്ട്രങ്ങള്‍.
അതിനാൽ ഈ  യാത്രാവിലക്ക് എന്ന ഉപരോധഭീഷണിയ്ക്കു വഴങ്ങിക്കൊടുക്കാതെ  
നട്ടെല്ലു നിവർത്തിനിന്നുകൊണ്ടുതന്നെ  എൻ്റെ രാജ്യത്തിനു  ഞാനുൾപ്പെടുന്ന പ്രവാസികളുടെ  സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനാവട്ടെ 
എന്നാശംസിക്കുന്നു. വന്ദേ മാതരം.

Saturday, July 17, 2021

രാമായണായനം



17-07-2021 രാമായണമാസാരംഭം 































രാഘവാ രഘുനന്ദനാ
രാമ രാമ ഹരേ ഹരേ!
രാമസേന നയിച്ചൊരാ
വായുസൂനു! ഹരേ ഹരേ!

മിഥുനസൂര്യനിറങ്ങയായ് 
കർക്കടം വരവായിതാ
വീടുതോറുമുണർന്നിടും
തവനാമമീണമൊടിങ്ങിനി
രാവു മാഞ്ഞതിശോഭനം
സൂര്യബിംബമുയർന്നിടും
ആസുരാദികളൊക്കെയും
ഭയമോടെയോടിയൊളിച്ചിടും
കർക്കടക്കരികാർമുകിൽ
ആർത്തലച്ചുവരുമ്പൊഴും
ആധിവ്യാധിയകന്നുപോം
രാമ! നിങ്കലെ ഭക്തിയിൽ
രാമ! നിന്നയനം സദാ
ഓർക്കുകിൽ ഹൃദി സാദരം
ഈ ഭവാബ്ധി കടക്കുവാൻ
യത്നമെന്തു ജഗത്തിതിൽ?!

കലികാലവാരിധി താണ്ടുവാൻ
കീർത്തനാദികളുത്തമം
രാമജീവചരിത്രമാം
ധർമ്മശാസ്ത്രമിതദ്വിജം!
ഐതിഹാസികമാകുമീ
ആദികാവ്യപുരാകൃതം,
തന്നുപോയ ഋഷീശ്വരാ
വല്മീകസംഭവ! തേ നമഃ

ധർമ്മമിക്കലിയിൽ ഭുവി
ഏകപാദമൊടാമയം
ഏന്തിയേന്തി നടക്കവേ
തവഭക്തിമാത്രമൊരാശ്രയം
രാമ രാമ ഹരേ ഹരേ! 
കൃഷ്ണപൂർവ്വജ,വിഷ്ണു, നിൻ
നാമകീർത്തനമൊക്കെയും
പിഴ തീർത്തു നാവിൽ വിളങ്ങിടാൻ
വരവാണിതൻ ശുകമെന്നുടെ
വൈഖരീവലി കാക്കണേ!
രാമ രാമ നമോസ്തുതേ!
മരുതീസഹജം നമഃ

Thursday, June 24, 2021

പ്രച്ഛന്നബന്ധു

[ആധുനികതയോടു കലഹമില്ല. പക്ഷേ മനുഷ്യനേയും പ്രകൃതിയേയും തമ്മിലകറ്റിക്കൊണ്ടുള്ള ആധുനികതയോടാണു  കലഹം. പ്രകൃതിയിലെ ശാസ്ത്രീയതയെ അംഗീകരിക്കാത്ത  ആധുനികശാസ്ത്രത്തോടാണു കലഹം. കൃത്രിമബുദ്ധിയുടെ അധികാരപരിധി  എവിടംവരെയാകാമെന്നതാണു ചിന്ത.]
*******************
പ്രച്ഛന്നബന്ധു 
*******************
പേറ്റൻ്റു തിന്നുമുദരംഭരികൾ 
ഭരിച്ചിടും ഭാവിലോകം, 
ഒത്താശചെയ്യുവാനല്ലാതെതിർക്കുവാൻ 
രാജകർക്കൊക്കെ ഭയം. 
മാനവശാസ്ത്രം, കൃഷി, ഭിഷജ്യം, പഞ്ച-
ഭൂതാദി,യന്തരീക്ഷം... 
എല്ലാമടക്കിവാഴും ലോകപാലകർ, 
മാലോകർ കുമ്പിട്ടിടും!
വായു, ജലം, സൂര്യരശ്മികൾ, മണ്ണും 
തരും മരിക്കാത്തൊരൂർജ്ജം .
എന്നാലിനിമേലിലാരുമിവയുപ-
യോഗിക്കരുതു കേൾക്ക!
എല്ലാം തരാൻ ഞങ്ങളുണ്ടെന്നു 'കാരുണ്യ-
മൂർത്തികൾ' ചൊല്ലിടുന്നു! 
വായു ശ്വസിക്കരു,തന്നം ഭുജിക്കരു-
തയ്യോ! ജലമരുത്!!
കണ്ണിൽ വെളിച്ചം കയറുവാൻ  പാടില്ല, 
കണ്ണിലും മാസ്കു വേണം! 
എല്ലാമണുക്കൾ നിറഞ്ഞതാ,ണൊക്കെയും 
ശുദ്ധമായ് ഞങ്ങൾ തരാം!
പുത്തൻജനിതകം വച്ചോരു വിത്തുകൾ 
കുത്തിപ്പിടിപ്പിക്കണം, 
നാടനിനങ്ങളെങ്ങാനവശേഷിക്കി-
ലൊക്കെ നശിപ്പിക്കണം, 
വെള്ളവുമന്നവും പണ്ടേ കവറിലായ്,
മണ്ണുമോൺലൈനായ് വരും!
കാറ്റു വീശാതെയിരിക്കുവാൻ കാടുകൾ 
തീയിട്ടു കത്തിക്കണം, 
ആമസോൺ കാടുകൾ പോകും, പകര-
*'മിയാമസോൺ' വായു വരും! 
ലക്ഷണം കെട്ടൊരു പേരുപോലെത്തന്നെ 
'ക്രിപ്റ്റോ കറൻസി' വരും!
'ക്രിപ്റ്റോ'കളെക്കൊണ്ടു ലോകം നിറയ്‌ക്കണം 
സത്ത നശിച്ചുപോണം... 
പിന്നെയെളുപ്പമായ്, ചിപ്പുകൾക്കുള്ളിലെ 
കോഡുകൾ ചൊല്ലുമെല്ലാം.
എല്ലാം വിരൽത്തുമ്പിലാക്കികറക്കിടും  
'ക്രിപ്റ്റഞ്ജ'നോ  ചിരിപ്പൂ, 
പ്രച്ഛന്നവേഷമണിഞ്ഞുനിന്നാൽ ലോക-
ബന്ധുവെന്നേ തോന്നിടൂ!
എങ്കിലും ബോധമാം സൂക്ഷ്മകണത്തിലെ 
നേർത്തൊരു വിള്ളൽ പോരും 
കൃത്രിമബുദ്ധിയെ സൃഷ്ടിച്ച ബുദ്ധിയെ 
കല്ലായ് മരപ്പിക്കുവാൻ! 
മുള്ളെടുക്കാൻ മുള്ളുതന്നെയുചിത-
മെന്നല്ലൂ മൊഴികൾ ചൊല്ലൂ!!  

അത്ഭുതമില്ല, കലികാലമാണിതിൽ 
ധർമ്മക്ഷയം സഹജം, 
നാരായണായെന്നു നാമം ജപിച്ചുഞാൻ 
മാറിയിരുന്നു കാണ്മൂ!


*'ഇ ആമസോൺ '