Followers

Wednesday, May 29, 2019

രക്ഷ [അവലംബം - നീതിശതകം 9.2]



പൗരാണികഭാരതത്തിൽ ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതനും ദാർശനികചിന്തകനും ആയിരുന്നു ഭർത്തൃഹരി. വരരുചി, വിക്രമാദിത്യൻ, ഭട്ടി എന്നിവർക്കു സഹോദരനായ ഇദ്ദേഹം രചിച്ച ശതകത്രയം എന്ന കൃതി വളരെ  പ്രശസ്തമാണല്ലോ. ശൃംഗാരശതകം, വൈരാഗ്യശതകം, നീതിശതകം  എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ശതകത്രയത്തിൽ ഉള്ളത്. രചയിതാവ് തൻറെ ചതുരാശ്രമജീവിതാനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച ആഴമുള്ള ദർശനങ്ങൾ നിറഞ്ഞ, മൊഴിമുത്തുകൾ എന്നുതന്നെ പറയാവുന്ന അനേകം മുക്തകങ്ങൾ ശതകത്രയത്തിലുണ്ട്.  പ്രത്യേകിച്ചും നീതിശതകത്തിലും വൈരാഗ്യശതകത്തിലും. ഇവയിൽ നീതിശതകത്തിലെ വരികൾ കലികാലത്തിലെ ഭരണാധികാരികൾക്കും പ്രജകൾക്കും വേണ്ടിത്തന്നെ ചിട്ടപ്പെടുത്തിയതാണോ എന്നു തോന്നുംവിധം  ഇന്നും പ്രസക്തങ്ങളാണ്. ഇതിൽ ചില പദ്യശകലങ്ങൾ, പദാനുപദമല്ലെങ്കിലും അർത്ഥം ചോർന്നുപോകാത്തവിധം പുനഃസൃഷ്ടിക്കാൻ  ശ്രമിച്ചുനോക്കിയതിലൊന്ന്  ഇവിടെ  ചേർക്കുന്നു. 




നീതിശതകം-9.2]


"ഭഗ്നാശസ്യ കരണ്ഡപിണ്ഡിതതനോർ മ്ലാനേന്ദ്രിയസ്യ ക്ഷുധാ
കൃത്വാഖുർ വിവരം സ്വയം നിപതിതോ നക്തം മുഖേ ഭോഗിനഃ തൃപ്തസ്തത് പിശിതേന സത്വരമസൗ തേനൈവ യാതഃ പഥാസ്വസ്ഥാസ്തിഷ്ഠത ദൈവമേവ ഹി നൃണാം വൃദ്ധൗ ക്ഷയേ കാരണം " (മൂലകൃതി)
                                                                                                                                                        


പുനരാഖ്യാനം 
രക്ഷ 

മൂഷികനൊരു നാൾ കണ്ടൂ വൃക്ഷ-
ത്തടി കൊണ്ടുള്ളൊരു പെട്ടിയൊരെണ്ണം 
കൗതുകമായവനറിയാൻ പെട്ടി-
ക്കകമേയെന്തൊരു വസ്തുവിരിപ്പൂ?!   
യത്നിച്ചേറെ നേരമെടുത്തവ-
നതിനൊരു തുളയുണ്ടാക്കിയെടുത്തൂ 
അതിലൂടവനാ പെട്ടിയിലേറി ,
പിന്നെക്കണ്ടതു പറയാനുണ്ടോ!
പലനാളായാ പെട്ടിയ്ക്കകമേ 
പെട്ടുകിടന്നൊരു പന്നഗവീരൻ 
പഷ്ണികിടന്നുവലഞ്ഞതു മൂലം 
എലിയെത്തന്നുടെ ഭക്ഷണമാക്കീ... 
കുക്ഷി നിറഞ്ഞതിനൊപ്പം രക്ഷ-
പ്പെടുവാൻ തലയിൽ ബുദ്ധി തെളിഞ്ഞൂ 
മൂഷികനകമേ കേറിയ തുളയിൽ-
ക്കൂടെ സർപ്പമിറങ്ങീ വെളിയിൽ!
ജീവികളൊന്നു നിനപ്പൂ ഹൃത്തിൽ 
ആരുടെ കർമ്മമതാർക്കു ഫലിപ്പൂ !  
വിധിയുടെ വഴിയിൽ ചിറ കെട്ടാൻ പടു-
വേലയെടുക്കുന്നതിലും ഭേദം 
മനഃസുഖമായിട്ടന്തിയുറങ്ങാം 
സത്ക്കർമ്മങ്ങൾ നിത്യം ചെയ്താൽ 
എങ്കിൽ രക്ഷയ്‍ക്കെത്താമൊരുനാൾ 
പാഴില പോലും ഈശ്വരകൃപയാൽ!

Monday, May 20, 2019

പ്രകൃതിപൂരുഷം



വ്യോമാശ്ലേഷിതചന്ദ്രക്കലാധരമകുടം 
മതിബിംബചുംബിതമഹാശൃംഗസദൃശം 

ജടിലഘനകേശാവൃതശിരോമണ്ഡലം 
വടവേഷ്ടിതതരൂനിബിഢാരണ്യസദൃശം 

ഗംഗാഗുപ്തജടാശീർഷ,മുത്തമശേഖരം 
ജാഹ്നവീസരിത്ത്പ്രവാഹമേഖലാസദൃശം 

ഫാലാംബരമദ്ധ്യം ജ്ഞാനനേത്രഭാസം 
നഭോമണ്ഡലോജ്ജ്വലപ്രഭാകരസദൃശം 

ഫണിഹാരചുംബിതനീലകന്ധരപ്രദേശം    
കരിനീലസർപ്പഗൃഹവനവാത്മീകസദൃശം 

വാമാർദ്ധനാരീശുഭശക്തിപൂർണം 
പഞ്ചഭൂതകൃതമായാപ്രപഞ്ചസദൃശം 

ഭസ്മാവൃതാംഗപ്രത്യംഗലേപം  
സർവ്വമോഹശമശ്മാശാനസദൃശം  

ശിവരൂപസ്മൃതസത്ചിദാനന്ദമൂർത്തം 
കൈലാസശൃംഗബഹുമുഖഭുവഃസദൃശം!!! 

                                 

                                 *****