Followers

Sunday, April 14, 2019

നിമജ്ജനം


2018 ആഗസ്റ്റിലെ 'ജലവിപ്ലവം' ഒലിപ്പിച്ചുകൊണ്ടുപോയ ഞങ്ങളുടെ കൃഷ്ണൻ...  ചെറുപ്പം മുതൽ ഞങ്ങൾ വളർന്ന വീട്ടിൽ ആർക്കു മുന്നിലാണോ അമ്മ വർഷം തോറും കണിയൊരുക്കിയിരുന്നത് ആ  കൃഷ്ണനെ ഓർക്കാതെ ഈ വിഷു കടന്നുപോകില്ല. ഉറങ്ങിയെഴുന്നേറ്റാൽ ആ  കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പിയ ശേഷം മാത്രം മറ്റു ദിനചര്യകളിലേയ്ക്ക് കിടന്നിരുന്ന ഞങ്ങൾക്ക് ഈ വിഷുവിന് കണി വയ്ക്കാൻ ഞങ്ങളോടൊപ്പം ആ കൃഷ്ണവിഗ്രഹമില്ല, ഒപ്പം അച്ഛനും. പകരം പുതിയ കൃഷ്ണവിഗ്രഹം വന്നു, അച്ഛൻറെ ഛായാചിത്രവും...എങ്കിലും എൻറെ കൃഷ്ണാ...




പണ്ടു ദ്വാരകയാഴിയിൽ
പൂണ്ടുപോയതു പോലെയോ
നാലു നാളുകൾ നീരിൽ നീ
ആണ്ടു പോയതു മൗനമായ്?!
ഇട്ടുപോയവരെത്തിര -
ഞ്ഞുറ്റു നോക്കിയിരുന്നുവോ?
മൃത്യു പോലെ തണുത്തുവോ 
തനു താങ്ങിനിന്നൊരു ഭിത്തികൾ? 
മഞ്ഞു പോലെ കുതിർന്നുവോ? 
നീ മെല്ലെമെല്ലെയലിഞ്ഞുവോ?

നീരു വറ്റിയ വേളയിൽ
ചേറു പൂണ്ട നിലത്തു നിൻ
പാദമറ്റു കിടന്നൊരാ
കാഴ്ചയെങ്ങനെ മാഞ്ഞിടും?
കണ്ണടച്ചു നിനച്ചിടും
നേരമെന്നുടെ മുന്നിൽ വ-
ന്നിന്നുമെന്നെ മയക്കിടും
നിൻറെ കള്ളമൃദുസ്മിതം!!

4 comments:

  1. ജലംകൊണ്ട് അങ്ങനെ എത്ര മുറിവുകൾ :-(

    ഇത് ഗുരുവായൂർ നിന്ന് വാങ്ങിയ കൃഷ്ണനാണെന്നു തോന്നുന്നു...

    ReplyDelete
    Replies
    1. മുറിവുകൾ അറിവുകളായെങ്കിൽ ഭാവിതലമുറകളെങ്കിലും രക്ഷപ്പെടും.
      കൃഷ്ണനെ വാങ്ങിയത് എവിടെനിന്നാണെന്ന് അമ്മയോട് ചോദിക്കണം. ഞങ്ങളുടെ ചെറുപ്പം തൊട്ടേ വീട്ടിലുണ്ടായിരുന്ന വിഗ്രഹമാണ്. ഇപ്പോൾ ഗുരുവായൂരമ്പലത്തിൻറെ മുന്നിലെ കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന പൾപ്പ് കൃഷ്ണവിഗ്രഹങ്ങളിലൊന്നും ഇത്ര ഐശ്വര്യമുള്ള മുഖം കാണുന്നില്ല. ചേരുംപടി ചേരാത്ത ദേഹവും കൈകാലുകളും ഒക്കെയായി ഒരേ അച്ചിൽ വാർത്ത ഒരേ മുഖമുള്ള വിഗ്രഹങ്ങളാണ് എല്ലാ കടകളിലും. മണ്ണിൻറെ വിഗ്രഹങ്ങൾ കാണാനേയില്ല. ലോഹവും തടിയും കൊണ്ടുള്ളവയും ഉണ്ട്. പക്ഷേ അവയ്ക്കു വലിയ വിലയാണ്. വായനയ്ക്കു നന്ദി മഹേഷ്. ഒരാളേ വായിക്കാൻ വന്നുള്ളുവെങ്കിലും ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴും സംതൃപ്തി.

      Delete
  2. Replies
    1. പ്രളയകാലം മറക്കില്ല.

      Delete