കണ്ണനാമുണ്ണിക്കിടാവിന്നരയിലെ
കൊഞ്ചിക്കിലുങ്ങുന്ന പൊന്നരഞ്ഞാ
കണ്ണഞ്ചിടും മഞ്ഞമുത്തണിക്കൊന്നമേൽ
ഞാലുന്നു മേടമുറ്റം നിറഞ്ഞങ്ങനെ!
മഞ്ഞത്തുകിൽ ചുറ്റി നിൽക്കുന്ന കണ്ണനെ
ഉൾക്കണ്ണിലെന്നും കണി കണ്ടുണരുവാൻ
ഭാഗ്യമേകീടുന്ന പൊന്നിൻ വിഷുക്കണി
കണ്ടിന്നുണരുവാൻ കണ്ണേ തുണയ്ക്കണം!
മണ്ണിൽ കുളിർമണിത്തുള്ളികളായ് മഴ-
വന്നെത്തുവാൻ മനം വെമ്പുന്ന വേനലിൽ
പൊന്നുരുകും പവൻ മിന്നും കുലകൾ മെയ്
മൂടിയെങ്ങും കർണ്ണികാരം ഒരുങ്ങവേ
പീതാംബരം ചുറ്റി നിൽക്കുന്ന ഭൂമിയും
മഞ്ഞത്തുകിൽ ചാർത്തിടും മേഘവർണ്ണനും
ഒന്നിച്ചു നൃത്തമാടും വിഷുക്കാലമീ
മണ്ണിനും വിണ്ണിനുമേകുന്നു പൊൻകണി!
എങ്ങോ വിളഞ്ഞൊരു നെന്മണിയീ വിഷു-
സദ്യയ്‌ക്കമൃതായ് വിളമ്പുന്ന വേളയിൽ
നാടിനാകെയന്നമൂട്ടുവാൻ മണ്ണിതിൽ
വേലയെടുക്കുവോർക്കൊക്കെയും വന്ദനം!
വിത്തു വിതച്ചു വർഷം വരാൻ കാത്തിടും
കർഷകർക്കൊക്കെയും നേരുന്നു നന്മകൾ!
നിങ്ങൾക്കു പൊൻവിളക്കിൻ മുന്നിൽ നാക്കില-
യിട്ടു വിളമ്പുന്നുവെൻ വിഷുസദ്യ ഞാൻ...