Tuesday, March 14, 2017

പ്രശസ്തൻ



പ്രശസ്തനാകാനെന്തു  പോംവഴി?
നന്മ ചെയ്യുകയേറെക്കഷ്ടമല്ലേ !
വല്ലവനുമിട്ട് രണ്ട് തല്ലുകൊടുത്താ, -
ലല്ലേലമ്മയെത്തന്നങ്ങു തല്ലിയാലോ?!

രണ്ടു പക്ഷക്കാരുമെത്തുമുടൻ, പത്ര -
വാർത്തയും പിന്നെ വീഡിയോയും,
ഒക്കേതിലും കൂസ്സലന്യേ ചിരിച്ചൊരു -
 പത്രസമ്മേളനോമൊപ്പിക്കണം

ചിത്രമനവധി വാരിവിതറണ-
മെഫ്‌ബിയിലാരേം പഴിച്ചിടേണം
മേമ്പൊടിയ്ക്കിത്തിരിയശ്ലീലവും കൂടി
യൊപ്പിച്ചുവച്ചാലതികേമനാകാം

സന്ധ്യക്ക് ചർച്ചയിൽ നാൽക്കള്ളിവാർത്തയി-
ലൊന്നാമനായ്ത്തന്നെ വന്നിടേണം
നട്ടാൽക്കുരുക്കാനുണകൾ പറയുവാൻ
നന്നായി നാക്കു മിന്നിച്ചിടേണം

പറ്റുമെങ്കിൽ മുറ്റിനിൽക്കുന്ന രാഷ്ട്രീയ
കക്ഷിയെ ഡാവിൽ സ്തുതിച്ചിടേണം
പിന്നൊരുകാര്യമുണ്ടെത്ര നെറികേട്
തോന്നിലും, തോന്നരുതിറ്റു  നാണം

പത്തുനാളിങ്ങനെ കത്തിനിന്നീടുകിൽ
പിന്നെ ഞാനെന്നും പ്രശസ്തനല്ലോ!
പിന്നൊരു തട്ടുകേടും വരില്ലെന്നുടെ
യമ്മ തൻ പ്രാക്കൊഴിച്ചിഭ്ഭൂമിയിൽ!!

1 comment:

  1. നിശബ്ദനിസ്വാര്‍ത്ഥസേവനപ്രവര്‍ത്തനങ്ങളുടെ കാലംകഴിഞ്ഞു ടീച്ചര്‍.
    ഇന്ന് സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കായി ആളാവാന്‍ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളാണ്.മാധ്യമങ്ങളും അവരവരുടേതായ താല്പര്യങ്ങള്‍ക്കൊത്ത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു.
    ജനത്തെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ കഴിയുകയില്ല എന്നതാണ് യഥാര്‍ത്ഥ്യം!ഒടുവില്‍ സത്യം പുലരാതിരിക്കില്ല!!തീര്‍ച്ച!!!
    ആശംസകള്‍ ടീച്ചര്‍

    ReplyDelete