ഗൂഗിൾ ചിത്രം |
പങ്കമാർന്ന ജലാശയം
അതിലപങ്കിലം മൃദുപങ്കജം
തലനീട്ടി നിന്നുചിരിക്കയായ്
കറയറ്റ ജീവിതചാരുത!
ചെളി തന്നിലാണ്ടൊരു വേരുകൾ
പകരുന്നതില്ലൊരു തുള്ളിയും
മാലിന്യമീ സുമറാണിയാം
ഏടലർദളരാജിയിൽ
ചുറ്റുമുള്ളൊരഴുക്കിലും
മന:ശുദ്ധി കാത്തുവയ്ക്കുന്നവൾ
മലരിട്ടു നില്പു ജലോപരി
പരിശുദ്ധിതൻ പര്യായമായ്
കണ്ടുകൊള്ളുക മാനവാ
ശുഭചിന്ത കൊള്ളണമേതിലും
സർവവും ശുഭമായതിൻ
ശേഷമെന്നു ശഠിച്ചിടാ!
ഉള്ളതെത്ര മനോഹരം
എന്നു തോന്നണമെപ്പൊഴും
ഉള്ളതെങ്ങിനെയെത്രമേൽ
ചന്തമാക്കാമെന്നതും!
ഗുണചിന്ത കൊണ്ടു ഗുണിക്കണം
ഗുണമുള്ളതിൻ ഗണമൊക്കെയും
ബാക്കിയൊക്കെ ഹരിക്കണം
ശുഭചിന്ത വന്നുപെരുക്കുവാൻ
ചുറ്റുമുള്ളവരൊക്കെയും
ചെയ്തുവെന്നൊരു ഹേതുവാൽ
തെറ്റിനെ ശരി വയ്ക്കണോ?
ശരി ചെയ്വതിന്നു ഭയക്കണോ?
ചുറ്റുമെത്രയിരുട്ടിലും
വഴി തെറ്റിടാതെ പറക്കുവാൻ
മിന്നാമിനുങ്ങിനു വേണമോ
മറ്റുവല്ല വെളിച്ചവും!
കണ്ണിൽ കാണുവതൊക്കെയും
കുറ്റമെന്നതു തോന്നുകിൽ
സുഖമുള്ള കാറ്റു തലോടിലും
കരിമുള്ളതെന്നു കലമ്പിടും
നല്ല ചിന്തയിൽ നിന്നുമേ
നല്ല വാക്കുകൾ പൊന്തിടൂ
നല്ല വാക്കുകൾ പിന്നെയോ
നല്ല കർമ്മവുമായിടും
ചരാചരങ്ങൾ വസിക്കുമീ
അഖിലാണ്ഡമണ്ഡലമാകെയും
ശുഭമായ ചിന്ത നിറയ്ക്കുവാൻ
അശുഭം കളഞ്ഞുകുളിക്കണം .
കേട്ടുകേട്ടു മടുത്തുവോ
ഗീർവാണമെന്നുമതിങ്ങനെ ?
എന്നെയൊന്നു നന്നാക്കുവാൻ
തന്നെയൊന്നു ശ്രമിപ്പു ഞാൻ!
കേട്ടുകേട്ടു മടുത്തുവോ
ഗീർവാണമെന്നുമതിങ്ങനെ ?
എന്നെയൊന്നു നന്നാക്കുവാൻ
തന്നെയൊന്നു ശ്രമിപ്പു ഞാൻ!