Followers

Tuesday, January 26, 2016

കർമ്മകാണ്ഡം



ഒരു വിത്തിൽ നിന്നൊരു പൂമരം പന്തലി-
ച്ചുലകിനു മേൽക്കുട തീർത്തിടുമ്പോൾ 
പദമൂന്നി നിൽക്കുന്ന ഭൂമി തൻ മാറിൽ നാം 
പടയോട്ടമല്ലോ നടത്തിടുന്നു 

പടയും പടക്കോപ്പുമില്ലാതെ ഭൂമിയി-
ലൊരു തണൽ തീർക്കുവാൻ മോഹമില്ലേ? 
പായുന്ന പാച്ചിലിൽ വേരിൽ തടയുന്ന 
നേരിന്റെ മൺ തരി കാത്തിടേണ്ടേ? 

ഇനി വരും വേരുകൾക്കിതിലേ പടരുവാൻ 
വരളാതെയീയിടം  കാത്തിടേണ്ടേ? 
എരിയുന്ന വേനലിലൊരു തുള്ളി നീർ  തരും 
അരുവിയായ് തീരുവാൻ ദാഹമില്ലേ? 

ഒരു വെട്ടമണയുന്നതിൻ മുൻപവനിയിൽ 
മറുവെട്ടമൊന്നു തെളിച്ചിടേണ്ടേ? 
പലരാൽ തെളിച്ചോരു തിരിവെട്ട ശോഭയിൽ 
പല നാൾകൾ നമ്മൾ രമിച്ചതല്ലേ! 

ചിതമോടെയോർക്കുവാനപരന്നു നൽകുവാൻ 
കുളിരുള്ളൊരോർമയും ബാക്കിയില്ലേ? 
ചതിയേതുമില്ലാതെ ചിരി തൂകി നിൽക്കുവാ-
നകമേയൊരാഗ്രഹം ബാക്കിയില്ലേ? 

മതി മതിയിനി മതി! നെറികെട്ട വാക്കുകൾ 
പിറവിയെടുക്കാതിരുന്നിടട്ടെ 
പറയുന്ന വാക്കുകൾ പലകുറി മാറവേ 
പതിരാകുമെന്നുമറിവതില്ലേ?

ഒരു കുറുജന്മമാമിടവേളയൊന്നിതി- 
ലതിഥികൾ, നാമതു മാത്രമല്ലേ! 
ഇപ്രപഞ്ചത്തിൻറെ ശ്വാസനിശ്വാസങ്ങ-
ളതിലൊന്ന്! നാമതു മാത്രമല്ലേ? 

പുഴുവരിച്ചീടുവാനുള്ളൊരു ദേഹവും 
പേറി നടക്കുന്നു നമ്മളെന്നും 
താങ്ങും തണലുമായ് തീരുവാനല്ലെങ്കി-
ലെന്തുള്ളു മറ്റൊരു ലക്ഷ്യമോർത്താൽ!! 

കാലം പലതില്ല, കാതലില്ലാതെയീ  
ജീവിതം ചിതലരിച്ചീടുമിപ്പോൾ
അതിനുള്ളിലൊരു നറും പരിമളം കൊണ്ടോരീ 
പാരിനെ മൂടുകിൽ പുണ്യമല്ലേ!

3 comments:

  1. അതുതന്നെ, എഴുപതോ ഏറിയാൽ എൺപതോ ആണ്ട് ആയുസ്സിൽ നറുപരിമളം പ്രസരിപ്പിക്കുന്ന ഒരു ജീവിതം

    ReplyDelete
  2. ചിന്താബന്‌ധുരമായ വരികള്‍!
    നന്മചെയ്യുമ്പോള്‍ മനസ്സില്‍ നിറഞ്ഞുകൂടുന്ന സന്തോഷത്തിന്‍റെയും,സംതൃപ്തിയുടേയും സുഗന്ധം അനുഭവിച്ചുതന്നെ അറിയണം!
    ആശംസകള്‍.ടീച്ചര്‍

    ReplyDelete
  3. എന്നിട്ടും അഹങ്കരിക്കുന്ന മനുഷ്യന്‍

    ReplyDelete