Followers

Monday, November 16, 2015

ധ്യാനം

വിശ്വമാകുമീ വെണ്ണക്കുടം  തന്നി-
ലുള്ള മായാനവനീതമൊക്കെയും 
നീ കവർന്നുവോ  ഇപ്രപഞ്ചത്തിനെ
ചൂഴ്ന്നുനിൽക്കും രഹസ്യങ്ങളൊക്കെയും !

വിണ്ടലം കണ്ടുയരുമെന്നാശകൾ 
കണ്ടു മാറിനിന്നൂറിച്ചിരിച്ചിടാ-
തൊന്നുവന്നെൻറെ കൂടെ നടക്കുക, 
നിൻറെ കൈവിരൽത്തുമ്പാൽ നടത്തുക! 

ഇന്ദ്രിയക്കരിംകാളിന്ദിയിൽ ഫണ-
മായിരം വിരിച്ചാടുന്ന കാളിയ-
സർപ്പമാകുമെന്നാഗ്രഹപാശത്തിൻ 
കെട്ടഴിച്ചെന്നെ മുക്തമാക്കീടുക!

അന്നു നീയുരൽ കെട്ടിവലിച്ച പോ-
ലിന്നു നീയെൻറെ ചഞ്ചലചിത്തത്തെ
എങ്ങുകെട്ടി വലിക്കുന്നു? ഞാനതിൻ 
പിൻപേയോടിക്കിതയ്ക്കുന്നിതെൻ കൃഷ്ണാ ! 

കുഞ്ഞുവായ്‌ തുറന്നന്നു യശോദയെ 
അത്ഭുതത്തിലാറാടിച്ച പോലെയി-
ന്നെന്നിലും  നിന്‍റെ വിശ്വരൂപം പകർ-
ന്നാടുകയെന്നെ  പാടെ മറയ്ക്കുക ! 

കണ്ണടച്ചു ഞാൻ ധ്യാനിച്ചിരിക്കയാ-
ണെന്നിൽ നീയൊളിക്കുന്നിടം കാണുവാൻ 
നീയിരിക്കുന്ന ശ്രീലകമാകുമെൻ 
ഹൃത്തിലേക്കുള്ള പാത തെളിയ്ക്കുക!  

ജീർണമാകുമെൻ ജീവിതത്തിന്നവൽ 
ക്കെട്ടിൽ നിൻ വിരൽത്തുമ്പു മുട്ടീടുകിൽ 
പൂർണമായിടുമെന്നുടെ ജീവിതം  
കൊണ്ടു ഞാൻ ചെയ്ത കർമ്മങ്ങളൊക്കെയും!  

8 comments:

  1. കവിത നന്നായിട്ടുണ്ട് ടീച്ചര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സർ.

      സുഖം തന്നെയെന്നു കരുതുന്നു

      Delete
  2. കൊള്ളാം ,, അവസാന നാല് വരികള്‍ ഏറെ ഇഷ്ടമായി .

    ReplyDelete
  3. കവിത നന്നായി.

    ReplyDelete
  4. വിണ്ഡലം അല്ലേ ടീച്ചറെ ?

    കുറെ നാള് കൂടി ഇങ്ങനെ ഒന്ന് വായിച്ചു - :) നന്നായി

    ReplyDelete
    Replies
    1. വളരെ സന്തോഷം ആർഷ , ഈ വരവിനും വായനയ്ക്കും. ആർഷയുടെ രചനകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.
      'വിണ്ടലം ' എന്നത് ശരിയല്ലേ എന്ന് ഒന്നുകൂടി ഞാൻ ശബ്ദതാരാവലിയിൽ പരിശോധിച്ചു. വിണ്ടലം = സ്വർഗ്ഗം , വിണ്‍ +തലം എന്നാണു അവിടെയും കാണുന്നത്. വിണ്ഡലം എന്നും പറയുമോ എന്ന് അറിയില്ല.

      അതെന്തായാലും ആർഷയുടെ വായന എനിക്ക് വിലപ്പെട്ടത്‌ തന്നെ, വീണ്ടും വരുമല്ലോ.

      Delete