ചരിത്രം വിചിത്രമേതേതു സത്യമീ
തലമുറകൾക്കു പകർന്നു നൽകാൻ ?
പുസ്തകത്താൾ വരികൾക്കിടയിൽ
ശബ്ദമില്ലാതൊളിക്കുന്നുവോ ചരിത്രം?
ഒരു നാളിരുണ്ടു വെളുത്തിടും നേരം
പൊയ്യായിടാമറിഞ്ഞ ചരിത്രമെല്ലാം!
കർമ്മ പർവ്വമഴിഞ്ഞു കഥാവശേഷരായ്
ധർമ്മമറിഞ്ഞു വാണ കോടി മഹാരഥർ
പിന്നൊരു നാളിലോ കേൾപ്പൂ, പാപികൾ,
ഇവരല്ലോ പൈതൃക കുലം മുടിച്ചവർ !
ആരാരു യുദ്ധം ചെയ്തവരാർ ജയിച്ചവർ
വീറോടെ മണ്ണിനെ കാത്തു പിടിച്ചവർ ?
ചതിയാരു ചെയ്തവരാരിരയായവർ
കഥകളൊന്നൊന്നായ് നീ കഥയ കാലമേ!
കാലമെത്ര കളഞ്ഞുവിക്കാലമത്രയും
ഇക്കാണായ ചരിത്രമോർത്തു വക്കുവാൻ!
ഇക്കാലഗതിയൊന്നു പിന്നോട്ടു പായുകി-
ലറിഞ്ഞു വരാമതു സത്യമസത്യഭേദം !
ഇന്നീ നിമിഷമൊരു ചരിത്രമായിടും നാളെ,
പോരുമെത്ര പേരതിൽ പൊയ് കലക്കുവാൻ?
കളവു താൻ മുഖമുദ്രയിക്കാലഘട്ടത്തി-
ലറിയാ ചരിത്ര വഴികളേ നേർ നയിക്ക നീ
നിജമായുള്ള കഥയറിയുവാനുള്ള വ്യഥയി-
ലലയുമിനിയും ചരിത്രമെഴുതും ഭഗീരഥർ
നിജമായുള്ള കഥയറിയുവാനുള്ള വ്യഥയി-
ലലയുമിനിയും ചരിത്രമെഴുതും ഭഗീരഥർ
ആർ കുറിക്കുന്നുവാർ തിരുത്തുന്നൂ ചരിത്രം?
തൃക്കണ്ണേ! തൃകാല ജ്ഞാനിയാകാമിനി !