Followers

Sunday, July 5, 2015

വാക പറഞ്ഞത്




മരമന്നു ചൊല്ലിയെന്നോട് മെല്ലെ 
ഇലപോയൊരെൻ മേനി നോക്കിടല്ലേ 
ആകെത്തളിർത്തു ഞാൻ പൂത്ത് നിൽക്കാം 
നീ വരും നാളിതിലേ വരുമ്പോൾ 

ശിശിരത്തിലെന്നുടൽ കണ്ടിടുമ്പോൾ 
പിരിയുന്ന കൈവഴിയെന്നു തോന്നാം 
വേനലിൽ വരികെന്നരികത്തു നീ 
തീ പൂത്തു നിൽക്കുമെൻ ഭംഗി കാണാൻ 

വാനവും വീഥിയുമൊന്നടങ്കം 
ചെമ്പട്ടുടുത്തൊരാ ചേല് കാണാൻ
നീ വരും പാതയിലന്നു നിന്നെ 
കാത്തു  ഞാനഗ്നിയിൽ മുങ്ങി നിൽക്കാം 

കാലഭേദങ്ങളെയേറ്റു വാങ്ങും 
വാകയിലോർമ്മകൾ പൂത്തു നിൽക്കും 
ആർദ്രമാം ചിന്തകൾക്കാരു നൽകി 
വാകമരത്തണൽ  ചാരുഭംഗി !

സായന്തനച്ചോപ്പഴിഞ്ഞു വീഴ്കെ 
ഓരോ ദിനവും പിരിഞ്ഞു പോകെ 
സൂര്യനെ വെല്ലും ചുവപ്പു ചാർത്തി 
നിൽക്കുന്ന വാകയെയോർത്തു പോകും



ആലാപനം 
https://www.youtube.com/watch?v=rlJXlIpy7m8

കാലവൃക്ഷം


കാലവൃക്ഷത്തെയിറുകെപ്പുണരുന്നു-
യിപ്രപഞ്ചത്തിന്നടിവേരുകൾ 

കാലപ്പകർച്ചകൾ കണ്ടു നിന്നീടുന്നു
വേരുകൾ മൂടും മരക്കണ്ണുകൾ 

കാലം കണക്കെ  ഞാൻ   കാത്തു വയ്ക്കുന്നുവാ 
ഭൂതകാലത്തിന്റെ നേർചരിത്രം  

കത്തും വെയിലിലും ചീറും മഴയിലും 
കാലത്തിനൊപ്പം വളർന്നു ഞാനും  

പാടെ തളിർത്തതുമാകെപ്പൊഴിഞ്ഞതും  
പൂ മൂടി നിന്നതും കാറ്റിലുലഞ്ഞതും

കാലമെൻ ചുറ്റിലുമോടി നടന്നതും 
വേരു ചികഞ്ഞു ഞാനോർത്തെടുക്കാം 

 ഒരു കുഞ്ഞു വിത്തിൽ നിന്നിത്രയും 
നാൾ കടന്നിന്നിനെ ഞാൻ മുദാ നോക്കി നില്പൂ

വർഷവലയങ്ങളെത്രയെൻ വല്ക്ക-
ത്തിനുള്ളിൽ വൃത്തങ്ങൾ വരച്ചു തീർത്തു 

വിണ്ണിൻറെയൊപ്പം പടർന്നു, വിന്നെന്നില -
ച്ചാർത്തിൽ  പല കിളിക്കൂടൊരുക്കം 

മണ്ണിൻറെയുന്മാദ ഗന്ധം ശ്വസിച്ചെൻറെ 
വേരുകൾ  കീഴേയ്ക്ക് പാഞ്ഞിടുന്നു 

നീരൊഴുകും വഴി തേടിടുമെന്നുടെ  
തായ് വേരിനൊപ്പം വരിക  നീയും 

തായ് വേരും താതൻറെ വാക്കും തണലേകു- 
മിക്കാല വൃക്ഷവുമാലംബനം! 





Saturday, July 4, 2015

പഴഞ്ചൊല്‍പ്പെരുമ

[പുതുതായി ഒന്നുമില്ലെങ്കിലും ഓർമ്മ പുതുക്കുംതോറും പുതിയ വെളിച്ചം തരുന്ന നമ്മുടെ സ്വന്തം  പഴംചൊല്ലുകൾ. ആ നല്ല ചൊല്ലുകളിലൂടെ ഒരു യാത്ര...]

പതിരില്ലാപ്പഴംചൊല്ലിൻ 
നിറവാർന്ന കതിർ ചൂടി 
വിളയുന്ന വയലിന്‍റെ- 
യഴകൊത്ത മലയാളം! 

പഴംചൊല്ലിന്നകം പൊരു-
ളറിയുന്നോൻ വിനയത്താ-
ലൊരുനാളും തുളുമ്പിടാ -
നിറകുടമായ്ത്തീരും 

പലതുള്ളിപ്പെരുവെള്ളം 
നിറയുമൊരറിവിന്‍റെ 
പഴംചൊല്ലിന്നലകളെ 
പുൽകുവാനണയാമോ ?

ഒന്നെന്നാലടിയ്‌ക്കേണ -
മടക്കുവാനുലയ്ക്കയാൽ,
അടി മേലേയില്ലൊരൊടിയും 
നല്ലതായ് വളർന്നീടാൻ 

അതിയായി വിളഞ്ഞെന്നാ-
ലെടുത്തീടാ വിത്തിന്നും ,
കതിരിന്മേൽ വളം വച്ചാൽ 
നന്മ വിളയില്ലൊരുനാളും 

ചൊട്ടയിലെ ശീലമെല്ലാം 
ചുടലയോളം കൂട്ടുപോരും,
നായതൻറെ വാലിതുണ്ടോ 
കുഴലിലിട്ടാൽ നിവരുന്നു?!

മുളയിലറിയാമെത്രയളവതു 
വിളയുമെന്നതുകൊയ്ത്തുനാളിൽ ,
അഞ്ചിൽ വിളയുകയില്ലയെന്നാ-
ലമ്പതിലും വിളയുകില്ല 

മൂത്തവർതൻ വാക്കുകളോ 
ആദ്യമാദ്യം കയ്ക്കുമല്ലോ 
പിന്നെപ്പിന്നെ മധുരിയ്ക്കും 
നല്ല നെല്ലിക്കയെപോലെ!

ഉണ്ണിയെക്കണ്ടറിഞ്ഞീടാ -
മൂരിലുള്ള പഞ്ഞമെല്ലാം ,
മത്ത കുത്തുകിൽ മുളയ്ക്കുമോ 
കുമ്പളത്തിൻ വള്ളി മണ്ണിൽ !

അടയ്ക്കയോ മടയിൽ  വയ്ക്കാ-
മടയ്ക്കാമരമൊക്കുകില്ല ,
ചൊല്ലിക്കൊടു, നുള്ളിക്കൊടു,
തല്ലിക്കൊടു, തള്ളിക്കള 

മറന്നങ്ങു തുള്ളിയെന്നാൽ 
മറിഞ്ഞങ്ങു  വീണുപോകും ,
അടി തെറ്റിയൊരാനപോലും
നിലം പൊത്തിടുമതിവഗം  

അമൃതും വിഷമായീടു-
മധികം സേവിച്ചിടുകിൽ ,
തലമറന്നൊരു നാളുമെണ്ണ 
തേയ്ക്കരുതെന്നോർമ്മ വേണം 

താൻപാതി ദൈവം പാതി-
യോർക്കേണം,  മടി മൂലം
മലയൊന്നു ചുമന്നീടും 
മടിയന്മാർ തൻചുമലിൽ

ആശിയ്ക്കുകിലണ്ണാനോ 
ആനയാകില്ലെന്നാലും 
ആകുന്നതു ചെയ്തീടാൻ 
മതിയൊരണ്ണാൻകുഞ്ഞുപോലും! 

അക്കരെപ്പോയ് നിന്നുവെന്നാ-
ലിക്കരെയൊരു പച്ചതോന്നും 
ഇക്കരേയ്ക്കുടനണഞ്ഞീടിൽ 
അക്കരേയ്ക്കോ പച്ച പോകും!

മിന്നിടുന്ന വസ്തുവെല്ലാം 
പൊന്നതല്ലെന്നറിയേണം,  
മുറ്റത്തൊരു  മുല്ല പൂത്താ-
ലില്ല മണമതിനെന്നുതോന്നും 

പോയ ബുദ്ധി പോരുകില്ല
ആന വന്നുവലിച്ചാലും,
പയ്യെപ്പയ്യെ തിന്നുമെന്നാൽ 
പനപോലും തിന്നുതീർക്കാം! 

ഇരുന്നിട്ടു നീട്ടിടേണം 
കരുതലോടെ കാലുകളെ ,
ഒരുമിച്ചിരു വള്ളത്തിൽ 
കാലൂന്നരുതൊരുനാളും 

പഠിയുംമുമ്പു പണിയ്ക്കരാകാൻ 
നോക്കിയാലതു ദോഷമാകും ,
മുറിവൈദ്യൻ മുറിയറിവാ-
ലാളുകളെക്കൊന്നിടുംപോൽ 

അപായം വന്നണഞ്ഞെന്നാ -
ലുപായം തോന്നിടുമെങ്കിൽ, 
മലപോലെ വന്നതെല്ലാം 
മഞ്ഞുപോലെയുരുകീടും 

തീയിൽനിന്നു കുരുത്തതുണ്ടോ 
വെയിലത്തു വാടിടുന്നു ?,
മഞ്ഞു പെയ്താൽ കുതിരുമോ 
തലയുയർന്നൊരു മലനിരകൾ  ?

ഉർവശീശാപം ചിലപ്പോ-
ളുപകാരവുമായേക്കാം
നായ്ക്കുമുണ്ടൊരു നല്ലനാളെ-
ന്നുള്ള ചൊല്ലതു  കേട്ടതില്ലേ ?

...........
...........

എണ്ണിയാലുമൊടുങ്ങാത്ത 
നല്ല ചൊല്ലുകൾ പഠിച്ചീടിൽ 
നേർവഴിയ്ക്കു നയിക്കുന്നൊരു 
നല്ല മുത്തച്ഛന്നു സമം!

പതിരില്ലാപ്പഴംചൊല്ലി-
ന്നതിരില്ലാ  മലയാളം
മതിയാവോളം നുകർന്നാൽ 
മതിയുറയ്ക്കും   നിശ്ചയം!