Followers

Tuesday, May 26, 2015

പെണ്ണിരകൾ

[ഇത് കഴിഞ്ഞ കഥകൾ... 
ഇനിയും എത്ര ജീവൻ പൊലിയണം നമ്മുടെ ബോധം നേരായ വഴിയ്ക്ക് വരാൻ? നമുക്ക് പ്രതികരണശേഷിയുണ്ടാവാൻ? കാലണയ്ക്ക്  ഗുണമില്ലാത്ത നമ്മുടെ
നിയമ വ്യവസ്ഥകളിൽ മാറ്റം വരാൻ ???]


പെണ്ണിരകൾ

പെണ്ണുടലൊന്നു പിടഞ്ഞു വീഴുന്നുണ്ട്‌ 
വണ്ടിയിൽ നിന്നും ചിതറിത്തെറിച്ചതാ 
ചിത്രം പകർത്തുവാൻ പാഞ്ഞടുത്തീടുന്നു
കണ്ടു നിന്നീടും ജനാവലിയൊക്കെയും 

പണ്ടിതു പോലൊരു സംഭവമുണ്ടായ 
നാളിവർക്കൊത്തില്ല  ചിത്രീകരിക്കുവാൻ 
ഭാഗ്യത്തിനാലിന്നു  കണ്‍മുന്നിലായിതാ 
വീണ്ടുമതേ പോലെ മറ്റൊരു പെണ്ണുടൽ !

ദീനാനുകമ്പയ്ക്കു നേരമില്ലൊട്ടുമേ
നോവിനാൽ പെണ്ണിര മണ്ണിലിഴയിലും
ചിത്രമെടുക്കണം  ദൈന്യത തോന്നണം 
നാളത്തെ പത്രത്തലക്കെട്ടിതാവണം  

ആളുകൾ വന്നു കൂടുന്നുണ്ട് ചുറ്റിലും 
മിന്നും വെളിച്ചങ്ങൾ തിന്നുന്നു പെണ്ണിനെ 
വ്യഗ്രതയാരിലുമില്ല പോൽ ലേശവും 
ജീവൻ വെടിയുന്ന പെണ്ണിനെ കാക്കുവാൻ 

പത്രധർമ്മത്തിനാൽ വീർപ്പു മുട്ടുന്നവർ, 
കാര്യമറിയുവാൻ തിക്കിത്തിരിച്ചവർ,
മുഖപുസ്തകച്ചുമർ മേലെ തറയ്ക്കുവാ-
നുള്ളൊരു ചിത്രമെടുത്തിടാൻ വന്നവർ... 

നാളത്തെ വാർത്തയിൽ നീയാണു  നായിക 
ജീവൻ പൊലിഞ്ഞാലുമെന്തിന്നു  സങ്കടം?
മാനത്തെയോർത്തു വിലപിച്ചിടേണ്ട നീ 
മേലിലോ  നീ വിലയേറും പൊതുമുതൽ !

തീ പാറും ചർച്ചയിൽ നീ കേന്ദ്രമായിടും 
നിൻ ചരിത്രമവർ  മാറ്റിക്കുറിച്ചിടും, 
കണ്ടവരൊക്കെക്കവിത രചിച്ചിടും 
കവിതക്കൊരായിരമിഷ്ടം ലഭിച്ചിടും 

കൈകളിൽ കത്തും മെഴുതിരിയേന്തി-
പ്പദയാത്രയൊട്ടു  നടത്തും പല ജനം  
സ്ത്രീവാദികൾ നിരയായിക്കൊടിയേന്തി  
യുച്ചഘോഷം മുഴക്കീടും  കുറച്ചു നാൾ 

പിന്നെ പ്പതിയെ മറവിയിലാണ്ടുപോം 
പുത്തനിരകൾ മുറ പോലെ വന്നിടും 
നിഷ്ക്രിയരായി പ്പതിവു പോൽ നിന്നിടും 
നീതി, നിയമവും ഞാനുമീ  നിങ്ങളും 

കുറ്റം നടന്നുവോവെന്നു തിരക്കുവാൻ 
കുറ്റത്തലപ്പത്തിരിപ്പവൻ വന്നിടും!
കണ്ടെത്തിടും, കൊടും കുറ്റവാളിക്കു മേൽ 
കുറ്റങ്ങൾ ചാർത്തുവാനില്ല തെളിവു പോൽ 

പാവം, പിഴയവൻ ചെയ്തില്ല, പിന്നെയോ 
ആണ്‍കുട്ടികൾ ചെറു തെറ്റുകൾ (!) ചെയ്തിടും 
ശബ്ദമുയർത്തിയ പെണ്ണു മരണ -
പ്പെടും മുൻപ് പ്രേരണാക്കുറ്റം ചുമത്തണം!

കാലന്റെ കോട്ടും നുണക്കഥക്കെട്ടുമായ് 
വാദിച്ചിടുന്നഭിഭാഷകനുച്ചത്തിൽ 
മാറ്റിക്കുറിക്കുന്നവൻ  നീതി തൻ പൊരുൾ 
ഏറും പണക്കിഴിത്തൂക്കത്തിനൊപ്പം 

കൊട്ടുവടി കൊണ്ടു പ്രജ്ഞ കെടും വരെ 
നീതിയെ താഢിച്ചിടുന്നു ന്യായാധിപർ  
ധർമബോധം വെടിഞ്ഞെത്ര നിർല്ലജ്ജമാ 
ന്യായപീഠം തന്നിലേറി ഞെളിഞ്ഞിവർ 

ഉണ്ണിക്കൊലയാളിയെപ്പരിപാലിച്ചു 
ശക്തനാക്കീടുവാനാജ്ഞയിറക്കുന്നു !
ശയ്യാവലംബിയാം പെണ്ണിരകൾക്കന്ത്യ-
ശ്വാസം വരെ ജീവപര്യന്തശിക്ഷതാൻ 

കണ്‍ കെട്ടി നിൽക്കുന്നു മറ്റൊരു പെണ്ണുടൽ
ജഡ്‌ജിയ്ക്കു  പിന്നിലായ്, കാലങ്ങളേറെയായ് 
തൂങ്ങും തുലാസിന്റെ തൂങ്ങാത്ത തട്ടിലായ് 
തോൽവിയടയുന്ന പെണ്‍മാനമേന്തിയോൾ!


കണ്‍കെട്ടഴിക്കുക, തൃക്കണ്‍ തുറന്നിട്ടു 
സംഹരിച്ചീടുകീ കാല ജന്മങ്ങളെ 
കരിനിണം തിങ്ങിടും മാറു പിളർന്നൊരീ  
കാട്ടുനീതിക്കു മേൽ കാർക്കിച്ചു തുപ്പുക
കാട്ടുനീതിക്കു മേൽ കാർക്കിച്ചു തുപ്പുക

10 comments:

 1. നീതി പുലരട്ടെ!
  സത്യം ഇരമ്പിവരുന്ന ശക്തമായ വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. നീതി പുലരുമെന്നു പ്രതീക്ഷിക്കാം

   Delete
 2. ഒരു പൊളിച്ചെഴുത്ത് ഉണ്ടായേ തീരൂ.. പക്ഷേ അതിനു മുൻപ് എത്ര ജീവിതങ്ങൾ കൂടി എന്ന ചോദ്യത്തിനു മുന്നിൽ വിറച്ചു പോകുന്നു.പ്രതിഷേധം മനസ്സിലുണ്ടെങ്കിലും,അത്തരമൊരു മാറ്റത്തിനായി ഇറങ്ങി പ്രവർത്തിച്ചില്ലല്ലോ എന്ന കുറ്റബോധത്തിൽ തല കുനിഞ്ഞുപോകുന്നു.

  ReplyDelete
 3. ഈ ലോകം അനീതി നിറഞ്ഞതാണ്. എന്റെ സങ്കല്പലോകത്തില്‍ അക്രമവും അതിക്രമവുമില്ല. എന്നാല്‍ അങ്ങനെയൊരു ലോകം സങ്കല്പങ്ങളില്‍ മാത്രം സ്ഥിതിചെയ്യുന്നു എന്നതാണ് പ്രശ്നം.

  കവിത ആശയങ്ങളാല്‍ ശക്തമാണ്

  ReplyDelete
 4. വാക്ക് കൊണ്ടും ആശയം കൊണ്ടും ശക്തമായ കവിത
  നീതി പുലരട്ടെ..
  ആശംസകൾ...

  ReplyDelete
  Replies
  1. നീതി പുലരുന്നില്ലല്ലോ. Thank you for reading Shihabuddeen.

   Delete
 5. ഭംഗിയുള്ള കവിത. ആശയങ്ങളെ ശക്തമായി വായനക്കാരന്റെ മനസ്സിൽ എത്തിയ്ക്കാൻ കഴിഞ്ഞ രചന. അതിലുപയോഗിച്ച ഭാഷയും അനുയോജ്യമായി.

  നിർലജ്ജവും നിസംഗവുമായ നോക്കി നിൽപ്പുകൾ ആണ് ഇത്തരം കൃത്യങ്ങൾക്ക് പ്രേരണ എന്ന് ഒരു തരത്തിൽ പറയാം. പക്ഷെ അത് പുറത്തു കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളെയും അത് പകർത്താൻ, ആസ്വദിയ്ക്കാൻ ഉള്ള വ്യഗ്രതയായി ചിത്രീകരിച്ചത് അത്ര ശരിയായോ എന്ന് സംശയം. അങ്ങിനെ പുറത്ത് വന്നത് കൊണ്ടാണ് ഇത്രയും എങ്കിലും ആക്രമണം കുറയുന്നത് എന്നത് ഒരു സത്യം.

  കവിത സ്വയം വായനക്കാരന്റെ മനസ്സിൽ കയറി സ്വയം പ്രവർത്തിയ്ക്കണം, പ്രത്യേകിച്ച് ആഹ്വാനം നൽകുന്നത് കവിതയുടെ ഭംഗി കുറയ്ക്കും. അവസാനത്തെ വരികൾ നൽകുന്ന ആഹ്വാനം ഒഴിവാക്കേണ്ടി ഇരുന്നു.

  നല്ല കവിത.

  ReplyDelete
  Replies
  1. മനസ്സിലുള്ള അമർഷം അപ്പാടേ പുറത്തു വന്നുപോയതാണ് ബിപിൻ സർ

   Delete