Followers

Tuesday, May 26, 2015

പെണ്ണിരകൾ

[ഇത് കഴിഞ്ഞ കഥകൾ... 




ഇനിയും എത്ര ജീവൻ പൊലിയണം നമ്മുടെ ബോധം നേരായ വഴിയ്ക്ക് വരാൻ? നമുക്ക് പ്രതികരണശേഷിയുണ്ടാവാൻ? കാലണയ്ക്ക്  ഗുണമില്ലാത്ത നമ്മുടെ
നിയമ വ്യവസ്ഥകളിൽ മാറ്റം വരാൻ ???]


പെണ്ണിരകൾ

പെണ്ണുടലൊന്നു പിടഞ്ഞു വീഴുന്നുണ്ട്‌ 
വണ്ടിയിൽ നിന്നും ചിതറിത്തെറിച്ചതാ 
ചിത്രം പകർത്തുവാൻ പാഞ്ഞടുത്തീടുന്നു
കണ്ടു നിന്നീടും ജനാവലിയൊക്കെയും 

പണ്ടിതു പോലൊരു സംഭവമുണ്ടായ 
നാളിവർക്കൊത്തില്ല  ചിത്രീകരിക്കുവാൻ 
ഭാഗ്യത്തിനാലിന്നു  കണ്‍മുന്നിലായിതാ 
വീണ്ടുമതേ പോലെ മറ്റൊരു പെണ്ണുടൽ !

ദീനാനുകമ്പയ്ക്കു നേരമില്ലൊട്ടുമേ
നോവിനാൽ പെണ്ണിര മണ്ണിലിഴയിലും
ചിത്രമെടുക്കണം  ദൈന്യത തോന്നണം 
നാളത്തെ പത്രത്തലക്കെട്ടിതാവണം  

ആളുകൾ വന്നു കൂടുന്നുണ്ട് ചുറ്റിലും 
മിന്നും വെളിച്ചങ്ങൾ തിന്നുന്നു പെണ്ണിനെ 
വ്യഗ്രതയാരിലുമില്ല പോൽ ലേശവും 
ജീവൻ വെടിയുന്ന പെണ്ണിനെ കാക്കുവാൻ 

പത്രധർമ്മത്തിനാൽ വീർപ്പു മുട്ടുന്നവർ, 
കാര്യമറിയുവാൻ തിക്കിത്തിരിച്ചവർ,
മുഖപുസ്തകച്ചുമർ മേലെ തറയ്ക്കുവാ-
നുള്ളൊരു ചിത്രമെടുത്തിടാൻ വന്നവർ... 

നാളത്തെ വാർത്തയിൽ നീയാണു  നായിക 
ജീവൻ പൊലിഞ്ഞാലുമെന്തിന്നു  സങ്കടം?
മാനത്തെയോർത്തു വിലപിച്ചിടേണ്ട നീ 
മേലിലോ  നീ വിലയേറും പൊതുമുതൽ !

തീ പാറും ചർച്ചയിൽ നീ കേന്ദ്രമായിടും 
നിൻ ചരിത്രമവർ  മാറ്റിക്കുറിച്ചിടും, 
കണ്ടവരൊക്കെക്കവിത രചിച്ചിടും 
കവിതക്കൊരായിരമിഷ്ടം ലഭിച്ചിടും 

കൈകളിൽ കത്തും മെഴുതിരിയേന്തി-
പ്പദയാത്രയൊട്ടു  നടത്തും പല ജനം  
സ്ത്രീവാദികൾ നിരയായിക്കൊടിയേന്തി  
യുച്ചഘോഷം മുഴക്കീടും  കുറച്ചു നാൾ 

പിന്നെ പ്പതിയെ മറവിയിലാണ്ടുപോം 
പുത്തനിരകൾ മുറ പോലെ വന്നിടും 
നിഷ്ക്രിയരായി പ്പതിവു പോൽ നിന്നിടും 
നീതി, നിയമവും ഞാനുമീ  നിങ്ങളും 

കുറ്റം നടന്നുവോവെന്നു തിരക്കുവാൻ 
കുറ്റത്തലപ്പത്തിരിപ്പവൻ വന്നിടും!
കണ്ടെത്തിടും, കൊടും കുറ്റവാളിക്കു മേൽ 
കുറ്റങ്ങൾ ചാർത്തുവാനില്ല തെളിവു പോൽ 

പാവം, പിഴയവൻ ചെയ്തില്ല, പിന്നെയോ 
ആണ്‍കുട്ടികൾ ചെറു തെറ്റുകൾ (!) ചെയ്തിടും 
ശബ്ദമുയർത്തിയ പെണ്ണു മരണ -
പ്പെടും മുൻപ് പ്രേരണാക്കുറ്റം ചുമത്തണം!

കാലന്റെ കോട്ടും നുണക്കഥക്കെട്ടുമായ് 
വാദിച്ചിടുന്നഭിഭാഷകനുച്ചത്തിൽ 
മാറ്റിക്കുറിക്കുന്നവൻ  നീതി തൻ പൊരുൾ 
ഏറും പണക്കിഴിത്തൂക്കത്തിനൊപ്പം 

കൊട്ടുവടി കൊണ്ടു പ്രജ്ഞ കെടും വരെ 
നീതിയെ താഢിച്ചിടുന്നു ന്യായാധിപർ  
ധർമബോധം വെടിഞ്ഞെത്ര നിർല്ലജ്ജമാ 
ന്യായപീഠം തന്നിലേറി ഞെളിഞ്ഞിവർ 

ഉണ്ണിക്കൊലയാളിയെപ്പരിപാലിച്ചു 
ശക്തനാക്കീടുവാനാജ്ഞയിറക്കുന്നു !
ശയ്യാവലംബിയാം പെണ്ണിരകൾക്കന്ത്യ-
ശ്വാസം വരെ ജീവപര്യന്തശിക്ഷതാൻ 

കണ്‍ കെട്ടി നിൽക്കുന്നു മറ്റൊരു പെണ്ണുടൽ
ജഡ്‌ജിയ്ക്കു  പിന്നിലായ്, കാലങ്ങളേറെയായ് 
തൂങ്ങും തുലാസിന്റെ തൂങ്ങാത്ത തട്ടിലായ് 
തോൽവിയടയുന്ന പെണ്‍മാനമേന്തിയോൾ!


കണ്‍കെട്ടഴിക്കുക, തൃക്കണ്‍ തുറന്നിട്ടു 
സംഹരിച്ചീടുകീ കാല ജന്മങ്ങളെ 
കരിനിണം തിങ്ങിടും മാറു പിളർന്നൊരീ  
കാട്ടുനീതിക്കു മേൽ കാർക്കിച്ചു തുപ്പുക
കാട്ടുനീതിക്കു മേൽ കാർക്കിച്ചു തുപ്പുക

Saturday, May 9, 2015

ഊർദ്ധ്വപർവ്വം

1

പൊട്ടിച്ചിരിക്കുന്നു കോപമടക്കിയുൾ - 
ക്കണ്ണിലൂറും സഹതാപമോടും 
താനിരിക്കും ചില്ല നേർക്കു തൻ വാളോങ്ങി 
നിൽക്കുന്ന മർത്ത്യനെ  നോക്കി വൃക്ഷം 

വൃക്ഷത്തണൽ കൊണ്ടു ചിത്രമെഴുതിയും 
ചിത്തങ്ങളിൽ കുളിർ നീർ നിറച്ചും 
സംവത്സരങ്ങളായ് ജീവൻ പകർന്നൊരാ
വൻനദി വറ്റി വരണ്ടിടുന്നു 

ജീവൻ വെടിയുന്നതിൻ മുൻപു മത്സ്യമാ 
വേവും കരളുമായ്‌ ചൊല്ലിടുന്നു,
വീഴ്ത്തരുതേ വിഷം ശേഷിച്ച നീറ്റിലെൻ 
കുഞ്ഞു മത്സ്യങ്ങൾ ശ്വസിച്ചിടട്ടെ 

വേരറ്റ മാമരക്കൊമ്പുകൾക്കുള്ളിലാ
കൂടും തകർന്നു കേഴുന്നു പക്ഷി, 
ഒരു ചില്ലയെങ്കിലും ബാക്കി വച്ചേക്കുകെൻ
മക്കൾക്കു സന്ധ്യയിൽ കൂടണയാൻ  

കാലമറിയിച്ചു വന്നുപോകും കാല-
വർഷം വരാതെയാകും വരും നാൾ 
തീക്കനൽ ചീറ്റും ചുഴലിക്കൊടുംകാറ്റി-
ലിറ്റു മരത്തണൽ നീ കൊതിക്കും 

കത്തുന്ന വേനലാൽ  വിണ്ടൊരീ  ഭൂമിയെൻ 
മേനിയാകെ നീറി നൊന്തിടുമ്പോൾ 
അച്ചുതണ്ടിൻ നില തെറ്റി ഞാൻ വേയ്ച്ചിടും, 
ഭൂദുരന്തം നിൻ കുലം മുടിക്കും  

ഊഴി തൻ മാറ് പിളർന്നു നീയെത്ര നാൾ 
നാട്ടും വിജയ കൊടിക്കൂറകൾ?
നിൻ ജഡം മൂടുവാൻ വൈകാതെ തന്നെയീ 
വെന്നിക്കൊടികൾ തുണയ്ക്കു പോരും ! 

അന്നു പക്ഷെ നിനക്കന്ത്യമായ് വായ്ക്കരി-
ക്കുണ്ടാകയില്ലൊരു  സന്തതിയും  
ഒരു തുണ്ടു ഭൂമിയും ബാക്കി വയ്ക്കാതെ നിൻ 
മക്കളെ നീ  കൊന്നൊടുക്കയല്ലോ 

2.

കൂട്ടമായ്‌ പോകുന്നതെങ്ങു മനുഷ്യനെ 
കൂടാതെയുള്ള ചരാചരങ്ങൾ?!
കണ്ടു തൻ സങ്കടം ചൊല്ലുവാൻ മണ്ടുന്നു 
ഈശ്വര സന്നിധാനമതിങ്കൽ 

ദൈവം തല തന്റെ കൈകളാൽ താങ്ങി 
കുനിഞ്ഞു കുമ്പിട്ടു പരിതപിപ്പൂ;
ഭാസ്മാസുരന്നു വരം കൊടുത്തന്നു കൈ 
പൊള്ളിയ പാഠം മറന്നു പോയ്‌ ഞാൻ !*

ഇപ്രപഞ്ചത്തിൻ നിറുകയിൽ നിന്നെ ഞാൻ 
മന്നനായ് വാഴിച്ചതെന്റെ പാപം 
മാപ്പു ചോദിക്കുന്നു ശേഷിച്ച ജീവ -
ജാലങ്ങളെ, പശ്ചാത്തപിക്കുന്നു ഞാൻ 

പ്രകൃതിയ്ക്കരിയായി  വാഴുന്നൊരു  ജന്തു 
മാത്രമേയെൻ സൃഷ്ടി തന്നിലുള്ളൂ.
സംഹരിച്ചീടുവാൻ നേരമായ് മർത്ത്യനെ  
പാരിൽ ജീവൻ നില നിന്നിടാനായ്  

മറ്റു വഴികളടച്ചുവെൻ മുന്നിൽ  നീ
നൃത്തമാടുന്നഹങ്കാരമോടെ
മർത്ത്യാ  കരുതിയിരുന്നുകൊൾകെൻ  കനൽ
കത്തുന്ന ചൂടിലുടൽ ദഹിക്കാൻ   

പണപ്പെട്ടി മേൽ  പട്ടുമെത്ത വിരിച്ചു  നിൻ 
പട്ടടയിൽ നീ കിടന്നിടുമ്പോൾ 
പ്രകൃതിയല്ലാതെ മറ്റൊന്നല്ലയീശ്വര-
നെന്ന സത്യം നീയറിഞ്ഞുകൊൾക .


*(ഭഗവാൻ ശിവനെ തപസ്സ് ചെയ്ത അസുരന്  തൊട്ടതെല്ലാം ഭസ്മമാക്കാനുള്ള വരം കൊടുത്തതും വരം ഫലിക്കുമോ എന്ന് അറിയാൻ  ഭഗവാന്റെ മേൽ  തന്നെ പരീക്ഷണത്തിന് ഒരുങ്ങുകയും ചെയ്ത ഭസ്മാസുരന്റെ പുരാണ കഥ ഓർക്കുക )